ADVERTISEMENT

കോവിഡ് സൃഷ്ടിക്കുന്നതു ഗുരുതര പ്രതിസന്ധിയാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിലുമുണ്ടായത്ര മോശം സ്ഥിതിയിലല്ല ഇന്ത്യ. സിംഗപ്പുർ, ദക്ഷിണ കൊറിയ, ജർമനി തുടങ്ങിയ രാജ്യങ്ങൾ നടപ്പാക്കിയ നല്ല മാതൃകകൾ നമ്മൾ പകർത്തണം.

രോഗവ്യാപനം തടയുന്നതിനൊപ്പം സാമ്പത്തിക മാന്ദ്യത്തിനെതിരെയുള്ള നടപടികളും വേണം. കുറച്ചു കാലത്തേക്കെങ്കിലും സ്തംഭനാവസ്ഥയുണ്ടാകുമെന്ന സൂചനകളാണുള്ളത്. ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങളെയും ദിവസ വരുമാനക്കാരെയും സംരക്ഷിക്കണം. നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കാത്തവർ അവഗണിക്കപ്പെടരുത്. ബാങ്ക് അക്കൗണ്ടിലൂടെ വ്യക്തികൾക്കു നേരിട്ടു പണമെത്തിക്കാനുള്ള നടപടിക്ക് ഒന്നൊന്നര മാസമെങ്കിലും വേണ്ടിവരും. അതുവരെ അവർക്കു ഭക്ഷണം ഉറപ്പാക്കണം. വീട്ടുജോലിക്കാരുടെയും പത്രവിതരണക്കാരുടെയും ഉൾപ്പെടെ അസംഘടിത മേഖലയിലെ തൊഴിൽ എങ്ങനെ സംരക്ഷിക്കാമെന്നും ആലോചിക്കണം.

സമൂഹവ്യാപനം തടയാൻ

ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മുന്നണി പോരാളികൾക്കു വേണ്ടത്ര സുരക്ഷാ വസ്ത്രങ്ങളുണ്ടെന്ന് ഉറപ്പാക്കണം. രോഗബാധിതരെ മാറ്റിപ്പാർപ്പിക്കാൻ കുറ്റമറ്റ സംവിധാനം വേണം. വലിയ തോതിൽ പരിശോധനാ സൗകര്യമൊരുക്കുകയാണു രോഗവ്യാപനം തടഞ്ഞ പല രാജ്യങ്ങളും ചെയ്തത്. വേഗത്തിൽ പരിശോധന നടത്താനുള്ള കിറ്റുകൾ രാജ്യത്തെ സ്വകാര്യ കമ്പനികളും വികസിപ്പിക്കുന്നുണ്ട്. പുറമേ ലക്ഷണം കാണിക്കാത്തവരെയും പരിശോധിക്കേണ്ടതുണ്ട്.

നിലവിലെ സർക്കാർ സംവിധാനം കൊണ്ടു പ്രതിസന്ധി പരിഹരിക്കാൻ കഴിയുമോ

സൈന്യത്തിന്റെ സേവനം കൂടി വിനിയോഗിക്കണം. വിതരണ ശൃംഖലകൾ ശക്തമാക്കാനും രോഗികളെ മാറ്റാനും ജനങ്ങൾക്ക് അവശ്യയാത്രയ്ക്കു സൗകര്യമൊരുക്കാനും അവർക്കു സാധിക്കും. 200 – 300 കിടക്കകളുള്ള ആശുപത്രികൾ വേഗത്തിൽ തയാറാക്കാൻ അവർക്കു കഴിയും. ശ്വസന സഹായികളും വെന്റിലേറ്ററുകളും അവർക്കുണ്ട്. കേരളം, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്താനാവും.

പ്രതിരോധ ചികിത്സയും വാക്സിനും

ഒൗഷധ നിർമാണ സ്ഥാപനങ്ങളുടെ ഉൽപാദനശേഷി വർധിപ്പിക്കാൻ നടപടിയുണ്ടാകണം. ക്ലോറോക്വിൻ ഉൽപാദനം വർധിപ്പിക്കേണ്ടതുണ്ട്. എന്നാൽ ക്ലോറോക്വിനിന്റെ അമിത ഉപയോഗം ദോഷഫലമുണ്ടാക്കുമെന്നതു മറക്കരുത്. വൈറസിന്റെ ഘടനയെക്കുറിച്ചു നമുക്കു വേണ്ടത്ര വിവരങ്ങളുണ്ട്. എത്രയും വേഗം വാക്സിനുണ്ടാവണം. കമ്പനികൾ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ നൽകുക. ഗവേഷണത്തിനു സർക്കാരിന്റെ പിന്തുണ വേണം.

നടപടികളും ബോധവൽകരണവും ഫലപ്രദമാക്കാൻ

രാജ്യം മുഴുവൻ ലോക്ഡൗൺ എന്നതു ശക്തമായ നടപടിയാണ്. അതിനൊപ്പം ആരോഗ്യ മേഖലയിൽ നിന്നു വിരമിച്ച വിദഗ്ധരെയുൾപ്പെടെ മടക്കികൊണ്ടുവരേണ്ടതുണ്ട്. ആരോഗ്യ, സുരക്ഷാ നടപടികളെക്കുറിച്ചു ജനത്തിനു കൃത്യമായ വിവരം കൈമാറുന്നതും സുപ്രധാനമാണ്. ജനങ്ങളെ അമിതമായി പരിഭ്രാന്തിയിലാക്കുന്നതു വിപരീത ഫലമുണ്ടാക്കും. അപ്പോൾ പലരും വിവരങ്ങൾ മറച്ചുവയ്ക്കുന്ന സ്ഥിതിയുണ്ടാവും.

വീട്ടിൽ കഴിയുന്നവർക്ക് ഭക്ഷണം മാത്രം മതിയോ

ഭക്ഷണം മാത്രം പോര, പോഷകാഹാര വിതരണത്തിനും പ്രതിരോധ കുത്തിവയ്പിനുമുൾപ്പെടെ നിലവിലുള്ള പദ്ധതികൾക്കു തടസ്സമുണ്ടാകരുത്. സ്കൂൾ അടച്ചതിനാൽ ഉച്ചഭക്ഷണം മുടങ്ങിയ കുട്ടികളുടെയും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയുമൊക്കെ കാര്യത്തിൽ പൗരസംഘടനകളും താൽപര്യമെടുക്കണം. ഭക്ഷണം ഉറപ്പാക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരം എല്ലാവരിലും എത്തേണ്ടതുണ്ട്.

കോവിഡിനിടെ വിട്ടുപോകരുതാത്തത്

കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ ബാധിച്ചവരെ വിട്ടുപോകരുത്. അതിനുള്ള നടപടികൾക്കു സ്വകാര്യ ആശുപത്രികൾക്കുൾപ്പെടെ സാമ്പത്തിക പാക്കേജ് നൽകണം. ആവശ്യമായവർക്കു സൗജന്യ ചികിത്സ ഉറപ്പാക്കണം. അവശ്യമരുന്നുകൾ ലഭിക്കുന്നതിനു തടസ്സമുണ്ടാകരുത്.

തയാറാക്കിയത്: ജോമി തോമസ്

English Summary: Elaborate covid checkup facilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com