ADVERTISEMENT

കോവിഡ് രോഗത്തിനെതിരായ പോരാട്ടത്തെത്തുടർന്നു തളർച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥയ്ക്കു കൈത്താങ്ങായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ച നടപടികൾ തികച്ചും സമയോചിതവും ആശ്വാസപ്രദവുമാണ്. 21 ദിവസത്തെ അടച്ചിടൽ കാരണം രാജ്യത്തു കഷ്ടപ്പെടുന്നവർക്കായി കേന്ദ്രസർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റിസർവ് ബാങ്കും ഈ നടപടികൾ കൊണ്ടുവന്നിരിക്കുന്നത്.

ലോകമെമ്പാടും സാമ്പത്തികമാന്ദ്യം അനുഭവപ്പെടുമെന്നും അതിൽനിന്ന് ഇന്ത്യയും മുക്തമല്ലെന്നും ഓർമിപ്പിച്ചു കൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഈ നടപടികൾ പ്രഖ്യാപിച്ചത്. എന്നാൽ, കോവിഡിന്റെ തീവ്രതയും വ്യാപനവും കാലാവധിയും ചെറുക്കുന്നതിൽ നമുക്ക് എത്രത്തോളം വിജയിക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി എന്നും അദ്ദേഹം ഓർമിപ്പിക്കുകയുണ്ടായി. സർക്കാർ നടപടികളോടു ജനങ്ങൾ പൂർണമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഇതും അടിവരയിടുന്നു. 

എല്ലാ വായ്പകൾക്കും മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതാണ് ആർബിഐ നടപടികളിൽ ഏറ്റവും മുഖ്യം.  ‌‌‌ബാങ്ക് വായ്പയും സ്വർണപ്പണയ വായ്പയും ക്രെഡിറ്റ് കാർഡ് ബില്ലും അടക്കമുള്ള തിരിച്ചടവുകൾക്കാണ് റിസർവ് ബാങ്ക് മൂന്നു മാസത്തെ സാവകാശം നൽകിയിരിക്കുന്നത്. സംരംഭങ്ങളുടെ പ്രവർത്തന മൂലധന വായ്പകൾക്കു പലിശ ഈടാക്കുന്നതും മൂന്നു മാസത്തേക്കു മാറ്റിവച്ചു. എന്നാൽ, ഈ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്നുള്ള ആശ്വാസത്തിനാണെന്നും ബാങ്കുകൾ ഇത് ഇടപാടുകാരുടെ തിരിച്ചടവുശേഷി കുറഞ്ഞെന്നു വ്യാഖ്യാനിച്ചു നടപടിയെടുക്കരുതെന്നും ആർബിെഎ നിർദേശിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ  നിർദേശങ്ങൾ ബാങ്കുകൾ കൃത്യമായി പാലിക്കുകയും ഇടപാടുകാരുടെ വായ്പഭാരത്തിൽ ഇളവു നൽകുകയും ചെയ്യും എന്നുതന്നെ പ്രതീക്ഷിക്കാം. 

റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ വരുത്തിയ കുറവും സ്വാഗതാർഹമാണ്. ബാങ്കുകൾക്ക് വായ്പ നൽകാൻ കൂടുതൽ പണം കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാകുന്നതിന്റെ മെച്ചവും സമ്പദ്‌വ്യവസ്ഥയിൽ പ്രതിഫലിക്കുമെന്നു പ്രതീക്ഷിക്കാം. ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിൽ ആർബിഐ ലക്ഷ്യമിടുന്നതും ജനങ്ങളുടെ കൈകളിലേക്കു കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ പണം എത്തിക്കുക എന്നതുതന്നെ. കാഷ് റിസർവ് റേഷ്യോ (സിആർആർ) മൂന്നു ശതമാനമായി കുറച്ചതും ബാങ്കുകളുടെ പണലഭ്യത കൂട്ടാനുള്ള ഉചിത നടപടിയാണ്. 1.37 ലക്ഷം കോടി രൂപ ഇങ്ങനെ ബാങ്കുകൾക്കു ലഭ്യമാക്കുമെന്നാണു റിസർവ് ബാങ്ക് പറയുന്നത്. 

കോവിഡ് കരുതൽകാലത്തു വിപണിയിൽ പണലഭ്യത ഉറപ്പാക്കാനും ധനകാര്യ വിനിമയം സുഗമമായി നടക്കാനും വിപണികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള നടപടികളാണ് റിസർവ് ബാങ്ക് കൈക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ തീരുമാനങ്ങളുടെ ഫലമായി വിപണിയിലുണ്ടാകുന്ന അധിക പണലഭ്യത 3.74 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് അനുമാനം. കോവിഡ് ബാധയെത്തുടർന്ന് ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം സെൻട്രൽ ബാങ്കുകൾ ഇതുപോലെ ധനകാര്യ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

കിട്ടാക്കട വായ്പകളുടെ പുനഃക്രമീകരണം ഉൾപ്പെടെ റിസർവ് ബാങ്ക് ഇടപെടൽ പല കാര്യങ്ങളിലും ഇനിയും ബാക്കിനിൽപുണ്ട്. എന്നാൽ, ഇങ്ങനെയൊരു പ്രതിസന്ധികാലത്ത് ഘട്ടംഘട്ടമായേ നടപടികൾ പ്രഖ്യാപിക്കാനാകൂ എന്ന യാഥാർഥ്യം കാണാതിരുന്നു കൂടാ. അടുത്ത വർഷത്തെ വളർച്ചാപ്രതീക്ഷ സംബന്ധിച്ചു കൃത്യമായ വിലയിരുത്തലിനു റിസർവ് ബാങ്ക് ഗവർണറും തയാറായിട്ടില്ല. ധനകാര്യ ഏജൻസിയായ മൂഡീസ് ആകട്ടെ, വളർച്ച 2.5 % മാത്രമായിരിക്കുമെന്നു വിലയിരുത്തുകയും ചെയ്യുന്നു. രാജ്യത്തിനും റിസർവ് ബാങ്കിനും മുന്നിലുള്ള വെല്ലുവിളി എത്ര വലുതാണെന്ന് ഇതിൽനിന്നുതന്നെ വ്യക്തം.

English Summary: Reserve bank extends helping hand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com