ADVERTISEMENT

കോവിഡ് ഭീഷണിക്കും ലോക്ഡൗണിനും അനുബന്ധമായി ഉയരുന്ന ആശങ്കകളിൽ പ്രധാനം, അവശ്യസാധനങ്ങൾ ലഭ്യമാകാതിരിക്കുമോ എന്നതുതന്നെ. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുനീക്കം തടസ്സപ്പെടില്ലെന്നു സർക്കാർ ഉറപ്പിച്ചു പറയുമ്പോഴും പച്ചക്കറി അടക്കമുള്ള സാധനങ്ങൾ എത്തുന്നതിൽ കുറവു വരുന്നുണ്ടെന്നതും അതു വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നതും യാഥാർഥ്യമാണ്.

അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി നീക്കം കുറഞ്ഞതോടെ പല കടകളും തുറക്കുന്നില്ല; വിലയും കുതിച്ചുയരുന്നുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള വരവു കുറഞ്ഞതോടെ പഴങ്ങളുടെ വിപണിയും നിർജീവമായി. ഇപ്പോഴത്തെ കഠിനസാഹചര്യം വിലക്കയറ്റത്തിനു പുറമേ, പലചരക്കു സാധനങ്ങളുടെ പൂഴ്ത്തിവയ്പിലേക്കും കരിഞ്ചന്തയിലേക്കും എത്തിച്ചേക്കുമോ എന്ന ആശങ്കയും കനക്കുന്നു. വർധിച്ച വില താഴ്ത്താൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

ഇതിനിടെ, സപ്ലൈകോയുടെ പല ചില്ലറവിൽപനശാലകളിലും ക്ഷാമവും തിരക്കും രൂക്ഷമായിട്ടുണ്ട്. അവശ്യസാധനങ്ങൾ പലയിടത്തും കുറഞ്ഞുതുടങ്ങി. കേരളത്തിലേക്കു സാധനങ്ങളുമായി വരാൻ ലോറി ഡ്രൈവർമാർ മടിക്കുന്നതും ക്ഷാമത്തിനു കാരണമാണ്. ലോറികൾ പലതും ചെക്പോസ്റ്റുകളിൽ കിടക്കുകയാണ്. പരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന് അരി വിതരണക്കാർതന്നെ ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചിട്ടുണ്ട്. 

ഭക്ഷ്യവസ്തുക്കൾക്കായി അയൽസംസ്ഥാനങ്ങളെ, പ്രത്യേകിച്ചു തമിഴ്നാടിനെ, പലതരത്തിലും ആശ്രയിക്കുന്നവരാണു നാം. അതുകൊണ്ടുതന്നെ, അവിടെനിന്നു പച്ചക്കറിയടക്കമുള്ളവ കേരളത്തിലെത്തിക്കാനുള്ള വഴികളടഞ്ഞുകൂടാ. ചരക്കുനീക്കം പൂർണമായും തടസ്സപ്പെട്ടാൽ അതു കേരളത്തെ സാരമായി ബാധിക്കും. തമിഴ്നാട്ടിലെ പച്ചക്കറി ഉൽപാദനകേന്ദ്രങ്ങളിലും മറ്റും നമ്മുടെ സർക്കാർ ഏജൻസികൾ നേരിട്ടുപോയി, ചരക്കുനീക്കം സുഗമമാക്കാനുള്ള മാർഗങ്ങൾ അടിയന്തരമായി കണ്ടെത്തുകതന്നെ വേണം. കേരളത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ഇപ്പോഴത്തെ സാഹചര്യത്തിൽ വിറ്റഴിക്കാനാവാതെ കിടക്കുന്നുണ്ടെന്നതും നിർഭാഗ്യകരമാണ്. ഇക്കാര്യത്തിലും എത്രയും വേഗം പരിഹാരം കാണേണ്ടതുണ്ട്.

ഇതിനിടെ, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മൊബൈൽ ആപ്പുമായി പൊലീസ് സൈബർ ഡോം മുന്നോട്ടുവരുന്നത് ആശ്വാസം നൽകുന്നു. ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ ഈ ആപ് ഉപയോഗിച്ചു കടകളിൽനിന്ന് ഓർഡർ ചെയ്യാം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഡെലിവറി സംവിധാനമുള്ള കടകൾ, താൽക്കാലികമായി ഡെലിവറി സംവിധാനം ഉറപ്പുവരുത്താൻ കഴിയുന്ന കടകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് ആപ് സൗജന്യമായി ഉപയോഗിക്കാം. കടകളിൽനിന്നു സാധനങ്ങൾ എത്തിച്ചുകൊടുക്കാനാകുന്ന സന്നദ്ധ പ്രവർത്തകർക്കായും പ്രത്യേകം ആപ് പുറത്തിറക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങൾ സംസ്ഥാനം മുഴുവൻ ലഭ്യമാക്കേണ്ടതുണ്ട്.

ചില അതിർത്തിപാതകൾ കർണാടക സർക്കാർ അടച്ചതോടെ ചരക്കുനീക്കം മാത്രമല്ല, ആശുപത്രിയാത്രകളും മുടങ്ങിയത് ഇപ്പോഴത്തെ സാഹചര്യത്തെ കൂടുതൽ ദുഷ്കരമാക്കുന്നു. അതിർത്തിജില്ലയായ കാസർകോട്ടു താമസിക്കുന്നവരാണ് മംഗളൂരുവിലെ ആശുപത്രികളിൽ പോകാനാകാതെ വലയുന്നത്. പൊലീസ് കർണാടക അതിർത്തിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് വയോധിക വിദഗ്ധചികിത്സ കിട്ടാതെ മരിച്ച സംഭവവുമുണ്ടായി.

കേന്ദ്ര നിർദേശത്തിന്റെ വിരുദ്ധമാണ് കർണാടകയുടെ ഈ നടപടിയെന്നാണു കേരളത്തിന്റെ പരാതി. അടിയന്തരാവശ്യമുള്ളവരോട് ആ സംസ്ഥാനം ചെയ്യുന്നതു ക്രൂരതയാണെന്നും ഇക്കാര്യത്തിൽ ഏറ്റവും വേഗം പരിഹാരമുണ്ടാക്കണമെന്നുമാണ് ആവശ്യം. മംഗളൂരു വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടാൽ അതു കേരളത്തിലെ പാചകവാതക ലഭ്യതയെ വരെ ബാധിച്ചേക്കാം.

ലോക്ഡൗണിനെത്തുടർന്ന് വീടുകളിൽ കഴിയുന്നവർ അവശ്യവസ്തുക്കളുടെ ദൗർലഭ്യം കൊണ്ടുകൂടി ബുദ്ധിമുട്ടാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഗൗരവശ്രദ്ധ പുലർത്തുകതന്നെ വേണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ സർക്കാർ പ്രത്യേക ചുമതലക്കാരെ ഏർപ്പെടുത്തുന്നതും പൈനാപ്പിൾ, പച്ചക്കറി വിളവെടുപ്പിനു പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതും വലിയ ആശ്വാസം തരുന്നുണ്ട്. പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നിരന്തരജാഗ്രതയും ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com