ADVERTISEMENT

സർക്കാരുകൾക്കു പിടിപ്പതു പണിയുണ്ടെന്നുള്ളതു സത്യം. അതുകൊണ്ട് അവരെ സഹായിച്ചു കളയാമെന്നു കരുതി, സർക്കാർ ഉത്തരവുകൾ സ്വന്തം നിലയ്ക്കുണ്ടാക്കി പ്രചരിപ്പിക്കുന്നവർ ധാരാളം. ‘കോവിഡുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ശിക്ഷ കിട്ടാവുന്ന കുറ്റമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു’ എന്നതാണ് ഇതിൽ ഏറ്റവും പുതിയത്. ഗവ. ഏജൻസികൾക്കു മാത്രമേ, കൊറോണയെക്കുറിച്ചു പോസ്റ്റ് ചെയ്യാനാകൂ എന്നും ഉത്തരവിലുണ്ടത്രേ. കേന്ദ്ര ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി രവി നായക്കിന്റെ പേരിലാണിതു പ്രചരിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി എന്ന തസ്തികയോ ഇങ്ങനെയൊരു വ്യക്തിയോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലില്ല.

ലോക്ഡൗൺ കാലത്ത് ഇന്റർനെറ്റും പൂട്ടിയിടുമെന്നു പ്രധാനമന്ത്രി പറഞ്ഞതായുള്ള വ്യാജനും പ്രചരിക്കുന്നുണ്ട്. ചില വിരുതന്മാർ വേറൊരു ഉത്തരവും ഇതുപോലെ സൃഷ്ടിച്ചു - ലോക്ഡൗൺ കാലത്ത് പോൺ സൈറ്റുകളുടെ നിരോധനം പിൻവലിക്കും! സംഗതി വ്യാജമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

സർക്കാരിനു വേണ്ടി മാത്രമല്ല, സ്വകാര്യ കമ്പനികൾക്കും തങ്ങളുടെ ‘സേവനം’ നൽകാൻ ഈ വിരുതന്മാർ തയാറാണ്. അങ്ങനെയാണ്, പല മൊബൈൽ കമ്പനികളും ഫ്രീയായി ചാർജ് ചെയ്തു തരുന്നു എന്നൊക്കെയുള്ള വാഗ്ദാനങ്ങൾ വരുന്നത്. സംശയിക്കേണ്ട, തട്ടിപ്പാണ്. ഇത്തരം മെസേജുകൾക്കൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ചതിക്കുഴികളിൽ വീഴാനും സാധ്യത.

സ്‌പെയിനുമല്ല,കോവിഡുമല്ല

സ്‌പെയിനിൽ റോഡിലിറങ്ങി നടക്കുന്നവരെ പൊലീസുകാർ കൈകാര്യം ചെയ്യുന്ന വിഡിയോ എല്ലാവർക്കും കിട്ടിക്കാണുമല്ലോ. ഇന്ത്യയിലെ പൊലീസൊക്കെ എത്ര ഭേദം എന്ന ആശ്വാസക്കുറിപ്പോടെയാണു സംഗതി പ്രചരിക്കുന്നത്. ഈ വിഡിയോയ്ക്ക് കോവിഡുമായോ സ്‌പെയിനുമായോ ഒരു ബന്ധവുമില്ല. 2019ൽ അസർബൈജാനിൽ പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ വിഡിയോ ആണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com