ADVERTISEMENT

ഇന്ന് ഏപ്രിൽ ഒന്ന്.

കോവിഡ് സാഹചര്യത്തിൽ ഇക്കൊല്ലം ഏപ്രിൽ ഫൂൾ സാംസ്കാരികോത്സവം ഉണ്ടാവില്ലെന്നായിരുന്നു അപ്പുക്കുട്ടനു കിട്ടിയ വിവരം.

എന്നാൽ, തോക്കിൽ കയറി വെടി വ്യവസ്ഥ പ്രകാരം ഒരാഴ്ച മുൻപേ ഏപ്രിൽ ഒന്ന് ആഘോഷിച്ചുകളഞ്ഞു, തിരുവനന്തപുരത്തെ ആരാധ്യനായ മേയറും കൗൺസിലർമാരും.

അതിന് അവർ തിരഞ്ഞെടുത്തതോ, പ്രധാനമന്ത്രി നല്ലിരിപ്പു പ്രഖ്യാപിച്ച ദിവസം.

ആയുർവേദത്തിൽ, ചികിത്സയുടെ മര്യാദ ഘടകമാണ് നല്ലിരിപ്പ്. ചികിത്സയുടെ ഫലപ്രാപ്തിയുടെ അവിഭാജ്യ ഘടകം.

ആ നല്ലിരിപ്പുകൂട്ടിയാണ് നഗരസഭാ ഭരണക്കാർ പ്രസംഗ വൈറസ് പുറത്തുവിട്ടത്.

നഗരസഭയിൽ ബജറ്റ് അവതരണം നടക്കുകയായിരുന്നു. ഡപ്യൂട്ടി മേയർക്കാണ് ബജറ്റ് അവതരണച്ചുമതല.

അവതരണത്തിനു മുൻപ് മേയർ അവർകൾ‌ ഒരു പ്രാരംഭ പ്രഭാഷണം നടത്താൻ തീരുമാനിച്ചു.

ബജറ്റിനു മുൻപ് പ്രാരംഭ പ്രഭാഷണം നടത്തിക്കൊള്ളണം എന്നു തദ്ദേശ സ്വയംഭരണ നിയമത്തിലുണ്ടോ എന്ന് അപ്പുക്കുട്ടനറിയില്ല.

ആമുഖ പ്രസംഗമില്ലാത്തതുകൊണ്ട് ഏതെങ്കിലും തദ്ദേശ സ്വയംഭരണത്തിൽ ബജറ്റിനു ക്ഷീണമുണ്ടായതായും കേട്ടിട്ടില്ല; മേയറും കേട്ടിട്ടുണ്ടാവില്ല.

പക്ഷേ, നീണ്ട ഒരു പ്രസംഗം വായിക്കാനാണ് മേയർ തീരുമാനിച്ചത്. പ്രസംഗം ഏറെയും കോവിഡിനെപ്പറ്റിയായിരുന്നു. 30 പേജായിരുന്നു പ്രസംഗം എന്നാണ് ഒരു പത്രത്തിൽ വായിച്ചത്.

മേയറുടെ മാതൃക മറ്റു കൗൺസിലർമാർ സ്വീകരിക്കുന്നതു ന്യായം. അവരും നീട്ടിനീട്ടി പ്രസംഗിച്ചു.

ബജറ്റ് കൂടി ചേർത്താൽ പ്രസംഗ കോവിഡ്–20ന്റെ ആക്രമണങ്ങൾക്കു മൊത്തം വേണ്ടിവന്നത് ഒരു മണിക്കൂർ 38 മിനിറ്റ്.

പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയത് എന്തു കാരണം കൊണ്ടായാലും അവർക്കു കോവിഡ് – 20 ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞു.

ഈ കോവിഡ് കാലത്തെങ്കിലും നല്ലിരിപ്പിന്റെ ഭാഗമായി പ്രസംഗാക്രമണങ്ങൾക്കൊരു സമയവ്യവസ്ഥ വയ്ക്കുന്നതു നന്നായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com