ADVERTISEMENT

കോവിഡ് ബാധയ്ക്കു കാരണം കൊറോണ വൈറസല്ല, ചൈനയിലെ പരീക്ഷണശാലയിൽനിന്നു ലീക്കായ ജൈവായുധമാണ് എന്ന വെളിപ്പെടുത്തൽ ഇതിനകം പലയിടത്തുനിന്നും നമ്മൾ കേട്ടിട്ടുണ്ടാകുമല്ലോ. ചൈനയിലെ ഒരു വിമത ശാസ്ത്രജ്ഞൻ ഈ ജൈവായുധം രഹസ്യമായി അമേരിക്കയ്ക്കു വിൽക്കാൻ ശ്രമിച്ചപ്പോഴാണ് സംഗതി ‘ചാടി’ രക്ഷപ്പെട്ടതെന്നും വായിച്ചിട്ടുണ്ടാകും. ഈ അതീവ രഹസ്യ വിവരം പുറത്തുവിട്ടതാകട്ടെ, ചൈനയിലെ മറ്റൊരു വിമത ഉദ്യോഗസ്ഥൻ. ആ ഉദ്യോഗസ്ഥൻ പുറത്തുവിട്ട വിവരം ചുരുക്കത്തിൽ:

ചൈന പരീക്ഷണശാലയിൽ അതീവരഹസ്യമായി മാരക ജൈവായുധം തയാറാക്കി. അതെക്കുറിച്ച് യുഎസ് ചാരസംഘടനയായ സിഐഎയ്ക്കു വിവരം കിട്ടുന്നു. അവരതു സ്വന്തമാക്കാൻ ശ്രമിക്കുന്നു. വൻ തുക യുഎസ് വാഗ്ദാനം ചെയ്തിട്ടും നൽകാൻ ചൈന തയാറായില്ല.

എന്നാൽ, ഒരു വിമത ചൈനീസ് ശാസ്ത്രജ്ഞൻ യുഎസുമായി രഹസ്യധാരണയിലെത്തുന്നു. ജൈവായുധത്തിന്റെ സാംപിൾ അദ്ദേഹം യുഎസിനു കൈമാറുന്നതു സംബന്ധിച്ചു ചൈനീസ് അന്വേഷണ ഏജൻസികൾക്കു വിവരം ലഭിക്കുന്നു. വുഹാനിൽ ശാസ്ത്രജ്ഞനും യുഎസ് അധികൃതരും തമ്മിലുള്ള സംഗമം നടക്കുന്ന കേന്ദ്രം ചൈന അക്രമിക്കുന്നു. വെടിവയ്പിനിടെ യുഎസ് അധികൃതർ രക്ഷപ്പെട്ടു. പക്ഷേ, ചൈനീസ് ശാസ്ത്രജ്ഞൻ കരുതിയിരുന്ന സാംപിൾ ജൈവായുധം ചോർന്നു. അങ്ങനെയാണ് വുഹാനിലെ മത്സ്യ-മാംസ മാർക്കറ്റ് കോവിഡിന്റെ പ്രഭവകേന്ദ്രമായത്.

ഒരു ഹോളിവുഡ് ത്രില്ലർ സിനിമ പോലെയില്ലേ? എന്നാൽ, സത്യാവസ്ഥ ഇങ്ങനെ: ‘റെഡിറ്റ്’ എന്ന സമൂഹമാധ്യമത്തിലെ ഒരു ഫോറത്തിൽ വന്ന സാങ്കൽപിക കഥയാണിത്. സമകാലിക സംഭവങ്ങളെക്കുറിച്ച് ഇത്തരത്തിൽ സാങ്കൽപിക കഥകൾ ആളുകൾ പോസ്റ്റ് ചെയ്യുന്ന ഫോറമാണിത്.

മനുഷ്യവികാസത്തിന്റെ ഓരോ ചരിത്രഘട്ടത്തിലും ഇത്തരം ഗൂഢാലോചന കഥകൾ പതിവാണ്. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടേയില്ല എന്നു വാദിക്കുന്ന പുസ്തകങ്ങൾ തന്നെ എഴുതപ്പെട്ടിട്ടുണ്ട്.

കൊറോണ വൈറസിനെക്കുറിച്ചും ഇത്തരത്തിൽ ഒട്ടേറെ കഥകൾ ഇനിയും വരും. വിശ്വസിക്കാതിരിക്കുക. 

ലോകത്തു പല മാധ്യമങ്ങളും ജൈവായുധ കഥ വിശ്വസിക്കുകയും വാർത്തയാക്കുകയും ചെയ്തു. എന്നാൽ, അച്ചടിപ്പത്രങ്ങളിലൊന്നും നിങ്ങളീ സാങ്കൽപിക കഥ വായിച്ചിട്ടുണ്ടാകില്ല. ഇത്തരം ഘട്ടങ്ങളിൽ പത്രങ്ങളുടെ പ്രസക്തിക്ക് അടിവരയിടുന്നുണ്ട് അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com