ADVERTISEMENT

മദ്യത്തിന് അടിമപ്പെട്ടവർക്കു മദ്യം നൽകി രോഗശമനം തേടാനുള്ള തീരുമാനം കണ്ടപ്പോൾ അമ്പരപ്പാണുണ്ടായത്. 5 പതിറ്റാണ്ടിലേറെ ആധുനിക വൈദ്യശാസ്ത്രം പ്രയോഗിക്കുന്ന ചികിത്സകനായും 40 കൊല്ലം മാനസികരോഗ ചികിത്സകനായും പ്രവർത്തിച്ച പശ്ചാത്തലത്തിലാണ് ഈ അമ്പരപ്പ്.

മദ്യാസക്തി (Alcohol Dependence) സങ്കീർണമായ വൈദ്യശാസ്ത്ര പ്രതിഭാസമെന്നതുപോലെ പെരുമാറ്റ വൈകല്യവുമാണ്. ചികിത്സാവഴികളിലും അധ്യാപന വഴികളിലും ശീലിച്ചതും പാലിച്ചതുമായ ധാരണകൾക്കും നിഷ്ഠകൾക്കും എതിരാണു മദ്യം കൊണ്ടുള്ള മദ്യവിടുതൽ ചികിത്സ.

വിടുതൽലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കു മദ്യം കൊടുത്താൽ ആ ലക്ഷണങ്ങൾക്ക് അയവു വരുമെന്നതിൽ സംശയമില്ല. എന്നാൽ ആ ഫലം ഹ്രസ്വമായിരിക്കും. ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷമാവുകയും ഉടൻ കൂടുതൽ അളവ് മദ്യം വയറിലെത്തുകയും വേണം. ‘വറചട്ടിയിൽ എണ്ണ ഒഴിക്കുക’ എന്ന ശൈലി അന്വർഥമാക്കുന്ന ചികിത്സ. ഏതാനും ദിവസം പിന്നിടുമ്പോൾ പതിവ് അളവിനൊപ്പം രോഗി എത്തും. അതു കൊണ്ടാണു മദ്യമല്ല ഒൗഷധം എന്നു വൈദ്യശാസ്ത്രം കരുതുന്നത്.

പകരം മദ്യത്തിന്റെ അതേ പ്രവർത്തനം മസ്തിഷ്കത്തിൽ നിർവഹിക്കുന്ന ഔഷധങ്ങൾ ഉപയോഗിക്കണം. ക്ലോർഡയസെപ്പോക്സൈഡ് (chlordiasepoxide), ഓക്സസെപ്പം (Oxazepam), ലോറാസെപ്പം (Lorazepam), ഹെമിനെവ്റിൻ (Heminevrin) തുടങ്ങിയവ ഉപയോഗിക്കാം. കരളിന്റെയും വൃക്കയുടെയും പ്രവർത്തനം, രക്തത്തിലെ ലവണനില (Electrolytes), ഹൃദയത്തിന്റെ ആരോഗ്യം എന്നിവ അടിസ്ഥാനമാക്കി മരുന്നും ഡോസും നിശ്ചയിക്കണം. ഈ മരുന്നുകൾ അനിശ്ചിതകാലം വേണ്ട, 7 – 10 ദിവസം മതി.

മദ്യവിടുതൽ അല്ല യഥാർഥ രോഗമെന്നും മസ്തിഷ്കം, കരൾ, ഹൃദയം തുടങ്ങിയവയെ തകർക്കുന്ന മദ്യാസക്തിയാണ് അതെന്നും തിരിച്ചറിയണം. ബഹുഭൂരിപക്ഷം പേരിലും അതു മൂന്നോ നാലോ ദിവസം നീണ്ടു നിൽക്കുന്ന അസ്വസ്ഥതയായിരിക്കും. 10% പേർക്ക് വൈദ്യചികിത്സ വേണ്ടി വരും. സാമാന്യം ഗുരുതര രോഗാവസ്ഥയിലെത്തുന്ന 2 % പേർക്കു വിദഗ്ധ ചികിത്സയും വേണം.

മദ്യവിടുതൽ ലക്ഷണങ്ങൾ അനുഭവിക്കുന്നവരിൽ 10% പേർ കുറച്ചു കാലത്തേക്കെങ്കിലും മദ്യാസക്തിയിൽ നിന്നു മോചനം നേടും. മദ്യാസക്തിക്കുള്ള ചികിത്സ തുടർന്നു നൽകിയാൽ 30– 40 % പേർ ഇങ്ങനെ മോചനം നേടും.

(തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ സൈക്യാട്രി പ്രഫസറും ഇന്ത്യൻ സൈക്യാട്രി സൊസൈറ്റി പ്രസിഡന്റും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com