ADVERTISEMENT

മദ്യാസക്തി ഉള്ളവർക്കു ഡോക്ടറുടെ കുറിപ്പടിപ്രകാരം മദ്യം നൽകാൻ എക്സൈസിന്റെ ഉത്തരവ് ഇറങ്ങി. മദ്യവിടുതൽ ലക്ഷണങ്ങൾക്കുള്ള ചികിത്സ മദ്യമാണോ എന്നതിൽ ഡോക്ടർമാർക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസം. എതിർത്തും അനുകൂലിച്ചുമുള്ള വാദങ്ങൾ ഇങ്ങനെ....

മദ്യപിക്കുന്നവർ കേരളത്തിൽ ഒന്നേകാൽ കോടിയോളം വരും. മദ്യത്തിന് അടിമയായി രോഗാവസ്ഥയിലുള്ളത് 6 ലക്ഷത്തോളം പേർ. മദ്യത്തിന് അടിമപ്പെട്ടവർക്കു പെട്ടെന്നു മദ്യം കിട്ടാതായാലുള്ള പ്രശ്നങ്ങൾ ചില്ലറയല്ല. സമൂഹം അവരെ കുറ്റവാളികളായിട്ടാകും കാണുക. കുടുംബബന്ധങ്ങളും സാമൂഹികബന്ധങ്ങളും അവർക്കു വളരെ ദുർബലമായിരിക്കും.

മദ്യം കിട്ടാതായാൽ എന്തെന്നില്ലാത്ത വെപ്രാളം അനുഭവപ്പെടും. വിറയൽ, ഛർദി, അപസ്മാരം എന്നിവ ഉണ്ടായേക്കാം. അപസ്മാരം ഉണ്ടായി മരണം സംഭവിക്കാനും സാധ്യതയുണ്ട്. വെപ്രാളം കൂടുമ്പോൾ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. മദ്യം കിട്ടാനായി അവർ എന്തും ചെയ്‌തേക്കും. തടയാൻ ശ്രമിക്കുന്നവരെ ആക്രമിച്ചെന്നിരിക്കും. ഒട്ടും കുറവല്ല, കുടുംബാംഗങ്ങളുടെ ദുരിതം. ഭാര്യയുടെയോ കുട്ടികളുടെയോ ജീവനും മനസ്സിനും എന്തൊരു ഭീഷണി ആയിരിക്കും ഈ ദിവസങ്ങളിൽ. മദ്യം കിട്ടാതാകുമ്പോഴാണ് കള്ളവാറ്റു കൂടുക എന്ന വിഷയവുമുണ്ട്.

ഇത്തരക്കാരെ ചികിത്സിക്കുന്നത് അത്ര എളുപ്പമല്ല. 2017ലെ മാനസികാരോഗ്യ ചികിത്സാ നിയമമനുസരിച്ചു രോഗിയുടെ സമ്മതമില്ലാതെ ചികിത്സ പാടില്ല. മദ്യം കിട്ടാതെ വിവേചനശക്തി നഷ്ടപ്പെട്ട വ്യക്തികളെ എങ്ങനെയാണ് അവരുടെ സമ്മതത്തോടെ ചികിത്സിക്കുക? വീട്ടിൽ വച്ചുള്ള ചികിത്സ ഫലപ്രദമാവാത്തവർക്കു ദീർഘകാലം കിടത്തിച്ചികിത്സ വേണ്ടി വരും. ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ചുരുക്കം. ആവശ്യമുള്ള 6 ലക്ഷം പേരിൽ 0.1 % പേർക്ക് ഈ ചികിത്സ കിട്ടിയെന്നിരിക്കും.

ഇപ്പോൾ കോവിഡ് വിഷമവൃത്തത്തിനകത്തു പെട്ടുനിൽക്കുന്ന ഡോക്ടർമാരെ ഈ വിഷയത്തിൽ വിദഗ്ധരാക്കി 6 ലക്ഷം ആളുകളുടെ പ്രശ്നം എങ്ങനെയാണു പെട്ടെന്നു പരിഹരിക്കാനാകുക ? ദുരിതം ഒഴിവാക്കുക എന്നതാണ് ഏതൊരു ആരോഗ്യപ്രവർത്തകന്റെയും അടിസ്ഥാനപരമായ കടമ. രോഗം മാറ്റാനാകുമ്പോൾ മാറ്റുക. സാധ്യമാകുമ്പോഴൊക്കെ സൗഖ്യം നൽകുക.

രണ്ടു സാധ്യതകളാണു നമുക്കു മുൻപിലുള്ളത്. ഒന്നുകിൽ 6 ലക്ഷം പേരുടെയും അവരുടെ വീടുകളിലെയും നരകം കണ്ടില്ലെന്നു നടിക്കാം. അല്ലെങ്കിൽ റജിസ്റ്റർ ചെയ്ത രോഗികൾക്കു മരുന്നായി ആവശ്യമുള്ള മദ്യം നൽകാം.

മദ്യത്തിന് അടിമയായവരുടെ സംസ്ഥാന വ്യാപക റജിസ്റ്റർ ഉണ്ടാക്കാനുള്ള അവസരം കൂടിയാണിത്. കോവിഡ് ഭീഷണി കഴിയുമ്പോൾ ഇക്കൂട്ടരുടെ പ്രശ്നം കണക്കിലെടുത്തു ഫലവത്തായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാം.

(‘പാലിയം ഇന്ത്യ’യുടെ സ്ഥാപക ചെയർമാനാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com