ADVERTISEMENT

രാജാവ് പൂന്തോട്ടത്തിലെത്തിപ്പോൾ ചെടികളും മരങ്ങളുമെല്ലാം വാടിക്കരിഞ്ഞു നിൽക്കുന്നു. അദ്ദേഹം ഓരോന്നിനോടും കാരണം തിരക്കി. ഓക്കുമരം പറഞ്ഞു – എനിക്കു പൈൻമരത്തിന്റെ അത്രയും ആകാരഭംഗി ഇല്ലാത്തതു കൊണ്ടാണു ഞാൻ മുരടിച്ചത്. പൈൻമരം പറഞ്ഞു – റോസച്ചെടികളിലെ മനോഹരപുഷ്പങ്ങൾ എനിക്കില്ലാത്തതാണ് ഞാൻ ഉണങ്ങിയതിനു കാരണം. രാജാവു മുല്ലയുടെ അടുത്തെത്തി. അതുമാത്രം പൂത്തുലഞ്ഞു നിൽക്കുന്നു. രാജാവു ചോദിച്ചു. നീ മാത്രം എങ്ങനെ പുഷ്പിച്ചു? മുല്ല പറഞ്ഞു – അങ്ങു നട്ടപ്പോൾത്തന്നെ എനിക്കറിയാമായിരുന്നു, ഞാനൊരു മുല്ലയാണെന്ന്. അതുകൊണ്ട് ഒരു മുല്ലയായിത്തന്നെ ജീവിക്കാനും തീരുമാനിച്ചു! 

എല്ലാവരും ഒരേ ചിന്തകളും സവിശേഷതകളുമുള്ളവരായി സൃഷ്ടിക്കപ്പെടാത്തതിനു കാരണം, ആരും പകരക്കാരല്ല എന്നതാണ്. ബാഹ്യരൂപം കൊണ്ടു സാദൃശ്യമുള്ളവ പോലും തനതു പ്രത്യേകതകൾ ഉള്ളവയാണ്. സൃഷ്ടിയുടെ നിയോഗം തിരിച്ചറിയാത്ത ഒരാളും തനതുദൗത്യം പൂർത്തിയാക്കില്ല. അവർക്കു തനിമയെക്കാൾ താരതമ്യങ്ങളാണു പ്രധാനം. 

ഓരോ സൃഷ്ടിയിലും സ്രഷ്ടാവ് തന്റെ അനന്യതയുടെ കയ്യൊപ്പു ചാർത്തിയിട്ടുണ്ട്. വിരലടയാളം മാത്രമല്ല, വികാരവും വിചാരവും വിനിമയശേഷിയും വ്യത്യസ്തമാണ്. മനുഷ്യനു മനസ്സിലാക്കാൻ പറ്റാത്ത നിയോഗങ്ങളാണ് ഓരോ സൃഷ്ടിക്കു പിന്നിലും. അവനവൻ ജീവിക്കുന്ന കാലഘട്ടം ആവശ്യപ്പെടുന്ന, സ്വന്തം സവിശേഷതകൾ പുനരുജ്ജീവിപ്പിക്കാനുതകുന്ന കർമങ്ങളാണ് ഓരോരുത്തരുടെയും ജീവിതനിയോഗം. മുല്ലയാകാൻ കൊതിക്കുന്ന മുന്തിരിയും മധുരമാകാൻ ശ്രമിക്കുന്ന കയ്പുനീരും പാഴ്‌വസ്തുക്കളായി ശേഷിക്കുകയേയുള്ളൂ. 

താനാരാണെന്നു സ്വയമറിയുന്ന നിമിഷം മുതലാണ് ഒരാളുടെ വളർച്ച ആരംഭിക്കുന്നത്. ചിലർ ചെറുപ്പത്തിൽത്തന്നെ വ്യക്തിത്വം കണ്ടെത്തും; ചിലർ വൈകും. ജീവിതത്തിലെ ഏറ്റവും ശക്തവും ദുഷ്കരവുമായ തീരുമാനം അവനവനാകുക എന്നുള്ളതാണ്. മറ്റുള്ളവരെപ്പോലെ ആയിത്തീരണമെന്നുള്ള പ്രലോഭനത്തെ അതിജീവിക്കാൻ അസാധാരണമായ മനക്കരുത്തും തീവ്രയത്നവും വേണം. ഞാൻ ഞാനാണ്; എനിക്കു ഞാനാകാനേ കഴിയൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com