ADVERTISEMENT

ലോക്ഡൗൺ നിയന്ത്രണങ്ങൾ കുറയ്ക്കുന്നതോടെ, രോഗം പടരുന്നതിന്റെ വേഗം വർധിച്ചേക്കാം. വയോധികരിലും മറ്റു രോഗങ്ങൾ ഉള്ളവരിലുമാണ് കോവിഡ് പടരാനും തീവ്രമാകാനും കൂടുതൽ സാധ്യത എന്നതിനാൽ, ‘റിവേഴ്സ് ക്വാറന്റീൻ’ നടപ്പാക്കേണ്ടിവരും. 

കൊടുംകാട്ടിൽ ഒരു തീപ്പൊരി വീഴുന്നതു പോലെയാണ് പകർച്ചവ്യാധികൾ. ചിലപ്പോൾ അതു കാടു മുഴുവൻ പടരാം. സാഹചര്യം അനുകൂലമല്ലെങ്കിൽ ചെറിയൊരു ഭാഗത്തു മാത്രം ഒതുങ്ങാം. സാഹചര്യങ്ങൾ അനുകൂലമല്ലാതാക്കുകയാണ് നമ്മുടെ ദൗത്യം. കോവിഡിനു കാരണമായ വൈറസ് നമ്മളിപ്പോൾ തിരിച്ചറിഞ്ഞ രോഗികളിൽ മാത്രമൊതുങ്ങുന്നുവെന്നു കരുതുന്നത് ശാസ്ത്രീയ സമീപനമല്ല. വൈറസ് പടർന്ന മറ്റുള്ളവരെ നമ്മൾ തിരിച്ചറിയാൻ വൈകുന്നുവെന്നാണു കരുതേണ്ടത്. രാജ്യവ്യാപകമായ ലോക്ഡൗൺ ആ തിരിച്ചറിയൽ കൂടുതൽ വൈകിപ്പിക്കുകയും ചെയ്യുന്നു. ഇതു തിരിച്ചറിവിന്റെ ഇടവേളയാകാം.

dr-anish
ഡോ. ടി.എസ്.അനീഷ്

കോവിഡ് തീപോലെ പടർന്നുപിടിച്ച ഇറ്റലിയിലെ സാഹചര്യം നോക്കുക – രോഗം ഏറ്റവും കൂടുതൽ ബാധിച്ചതു വയോധികരെയാണ്; 65 വയസ്സിനു മുകളിലുള്ളവരെ. അവിടത്തെ ജനസംഖ്യയിൽ വയോധികരുടെ എണ്ണം കൂടുതലാണ്. മാത്രമല്ല, അവരുടെ ‘ഇടപെടൽ സൂചകവും’ (ഇന്ററാക്‌ഷൻ നമ്പർ) കൂടുതലാണ്.

അതായത്, ഇറ്റലിയിൽ വയോധികനായ ഒരാൾ ഒരു ദിവസം ശരാശരി 9 പേരുമായി ഇടപെടുന്നുവെന്നു ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതാകാം, വൈറസ് അതിവേഗം പടരാൻ ഇടയാക്കിയത്. നമ്മുടെ സാഹചര്യങ്ങൾ അൽപം കൂടി വ്യത്യസ്തമാണ്. ഇന്ത്യയിൽ വയോധികർ ഒരുദിവസം ഇടപെടുന്നത് ശരാശരി അഞ്ചു പേരുമായി മാത്രമാണ്. കേരളത്തിൽ ഈ കണക്കിൽ അൽപംകൂടി വ്യത്യാസമുണ്ടായേക്കാം.

വ്യാപനവേഗം

കേരളത്തിൽ വിദേശരാജ്യങ്ങളിൽനിന്ന് എത്തിയവരിലൂടെ രോഗം പടർന്നവരുടെ കണക്കും സാഹചര്യങ്ങളും പരിശോധിച്ചാൽ, രോഗം പടരുന്നതിന്റെ വേഗം ഇതുവരെ കുറവാണെന്നു കാണാം. ഇറ്റലിയിൽനിന്നു പത്തനംതിട്ടയിലെത്തിയ കുടുംബം ഒട്ടേറെപ്പേരുമായി

 ഇടപെട്ടിരുന്നെങ്കിലും രോഗം പകർന്നത് 6 പേർക്കു മാത്രമാണ്. എന്നാൽ, അതിൽ വയോധികർ മൂന്നു പേരുണ്ട്. അടുത്തിടപഴകിയ മറ്റു പലർക്കും രോഗം പകർന്നിട്ടില്ലെന്നും കാണാം. മറ്റു പല രോഗികളിൽനിന്നുള്ള വ്യാപനം പരിശോധിച്ചാലും ഇതുപോലുള്ള പ്രത്യേകതകൾ കണ്ടെത്താം. ഇവ ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ട്.

കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ അപകടം വയോധികർക്കായിരിക്കുമെന്നത് ഇതിനകം തന്നെ മനസ്സിലായിട്ടുള്ള വസ്തുതയാണ്. സാക്ഷരസമൂഹം എന്ന നിലയിൽ രോഗത്തെക്കുറിച്ചുള്ള പൊതുധാരണയും സർക്കാർ നിർദേശങ്ങൾ ഏറെക്കുറെ പൂർണമായി പാലിക്കപ്പെടുന്നുണ്ട് എന്നതുമെല്ലാം രോഗവ്യാപനത്തിന്റെ വേഗം കുറച്ചിട്ടുണ്ടാകും എന്നതിൽ സംശയമില്ല.

നിലവിലെ വ്യാപനരീതികളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ, ഇറ്റലിയെപ്പോലെയോ യുഎസിനെപ്പോലെയോ രോഗം പകരാനുള്ള സാധ്യത കേരളത്തിൽ കുറവാണ്. പക്ഷേ, ലോക്ഡൗൺ കാലാവധി ഏപ്രിൽ 14നു തീർന്നാൽ, ആളുകൾ പുറത്തിറങ്ങിത്തുടങ്ങും. ഇതു വലിയ വെല്ലുവിളിയാണു സൃഷ്ടിക്കുക.

റിവേഴ്സ് ക്വാറന്റീൻ

നിയന്ത്രണങ്ങൾ കുറയ്ക്കുന്നതോടെ ജനങ്ങളുടെ ഇടപെടലുകൾ സ്വാഭാവികമായി വർധിക്കും. അപ്പോൾ, രോഗം പടരുന്നതിന്റെ വേഗവും വർധിച്ചേക്കാം. 

വയോധികരിലും മറ്റു രോഗങ്ങൾ ഉള്ളവരിലുമാണ് കോവിഡ് പടരാനും തീവ്രമാകാനും കൂടുതൽ സാധ്യത എന്നതിനാൽ, ‘റിവേഴ്സ് ക്വാറന്റീൻ’ നടപ്പാക്കേണ്ടിവരും. വയോധികരെയും രോഗികളെയും പൂർണമായി ക്വാറന്റീനിൽ ആക്കുകയും രോഗവ്യാപന സാധ്യത കുറവുള്ള, ആരോഗ്യമുള്ള യുവാക്കളെ പുറത്തിറക്കുകയും ചെയ്യുന്നതിനെയാണ് റിവേഴ്സ് ക്വാറന്റീൻ എന്നു വിളിക്കുന്നത്. 

ദൈനംദിന ജോലികളും ജനങ്ങളുടെ ജീവിതസാഹചര്യങ്ങളും മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുകയാണ് റിവേഴ്സ് ക്വാറന്റീൻ വഴി ലക്ഷ്യമിടുന്നത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് നമ്മുടെ സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ സമ്പൂർണ ലോക്ഡൗൺ അധികകാലം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇവിടെയാണ് റിവേഴ്സ് ക്വാറന്റീനിന്റെ പ്രസക്തി വർധിക്കുന്നത്.

(തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസറാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com