ADVERTISEMENT
ഈ രോഗകാലത്തു കാസർകോടിനോളം ആശങ്കയും ബുദ്ധിമുട്ടും സങ്കടവും അനുഭവിക്കുന്ന ജില്ല കേരളത്തിലില്ലെന്നു തീർച്ച. കോവിഡ് രോഗത്തിന്റെ വ്യാപനത്തിനു പുറമേ, കർണാടക അതിർത്തി അടയ്ക്കൽ കൂടിയായപ്പോൾ സമാനതകളില്ലാത്ത ദുരന്തമാണ് ഈ നാടിനു നേരിടേണ്ടിവരുന്നത്. ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരാധീനതകളെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു.

ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് തലപ്പാടി ടോൾ ബൂത്തിനു സമീപം കർണാടക പൊലീസ് തടയാൻ തുടങ്ങിയത് ലോക്ഡൗൺ പ്രഖ്യാപിച്ച ദിവസമാണ്. തുടർന്ന്, കർണാടകയുമായി ബന്ധപ്പെടുന്ന സംസ്ഥാനാന്തര പാതകളും ഊടുവഴികളും വരെ മണ്ണിട്ടും മറ്റും പൂർണമായി അടയ്ക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ അടച്ച അതിർത്തി അടിയന്തര ചികിത്സ അടക്കമുള്ള ആവശ്യങ്ങൾക്കായി തുറക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും ഇതുവരെ തീരുമാനമായിട്ടില്ല. വിഷയം സുപ്രീം കോടതിയിലെത്തിക്കഴിഞ്ഞു.

ചികിത്സ അടക്കമുള്ള ആവശ്യങ്ങൾക്കായി കാസർകോടൻ ജനതയുടെ കാത്തിരിപ്പ് ഇന്ന്, പതിമൂന്നാം ദിവസത്തിലെത്തിനിൽക്കുന്നു. മൂന്നിടങ്ങളിലായി അതിർത്തികൾ അടച്ചപ്പോൾ കഴിഞ്ഞ ദിവസങ്ങളിലായി വിദഗ്ധ ചികിത്സയ്ക്കു മംഗളൂരുവിലേക്കു പോകാൻ സാധിക്കാതെ നമുക്കു നഷ്ടപ്പെട്ടതാകട്ടെ, വിലപ്പെട്ട ഏഴു ജീവനും.

കേരള സംസ്ഥാനം രൂപീകൃതമാകുന്നതിനു മുൻപ് ഇന്നത്തെ മഞ്ചേശ്വരം, കാസർകോട്, ഹോസ്ദുർഗ് പ്രദേശങ്ങൾ ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായിരുന്നു. അന്നുമുതൽ കാസർകോട് ജില്ലയിലെ ജനങ്ങൾ ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. സംസ്ഥാന രൂപീകരണത്തിനു ശേഷവും ഉത്തരകേരള ജനതയെ മംഗളൂരുവിനെ ആശ്രയിച്ചു കഴിയേണ്ട ഗതികേടിലാക്കിയതിന്റെ ഫലമാണ് കർണാടക അതിർത്തി അടച്ചപ്പോൾ അനുഭവിക്കേണ്ടിവരുന്നത്. ഈ പ്രദേശങ്ങളിൽ ചികിത്സാ, വിദ്യാഭ്യാസ രംഗങ്ങളിലടക്കം ആവശ്യമായ വികസനമെത്തിക്കുന്ന കാര്യം കേരളം പലപ്പോഴും മറന്നു. അതുകൊണ്ടുതന്നെ, ആതുരസേവനരംഗത്ത് വൻകിട ആശുപത്രികളും മെഡിക്കൽ കോളജുകളുമുള്ള മംഗളൂരുവിനെ കൂടുതലായി ആശ്രയിക്കേണ്ടിയുംവന്നു.

കാസർകോടിനെയും കണ്ണൂരിനെയും കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് മംഗളൂരുവിലെ വൻകിട ആശുപത്രികൾ പ്രവർത്തിക്കുന്നത്. കാസർകോട് ജില്ലയിലെ ബദിയടുക്കയിലുള്ള ഒരു അതിർത്തി പ്രദേശമായ ഉക്കിനടുക്കയിലാണ് ജില്ലയിലെ ഗവ.മെഡിക്കൽ കോളജിന്റെ നിർമാണം പുരോഗമിക്കുന്നത്. ഇവിടെനിന്നു 15 കിലോമീറ്റർ മാത്രമാണ് കർണാടകയിലെത്താനുള്ളത്. മെഡിക്കൽ കോളജ് വന്നാലും ജില്ലയിലെ തീരദേശ മേഖലകളിലുള്ളവർ ആശ്രയിക്കുക മംഗളൂരുവിലെ ആശുപത്രികളെത്തന്നെയാവും എന്നു കരുതുന്നവരുണ്ട്.

ജില്ലയിൽ തുടക്കം കുറിക്കാനിരിക്കുന്ന മെഡിക്കൽ കോളജിനെ ദിവസങ്ങൾക്കകം കോവിഡ് ആശുപത്രിയാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തുകഴിഞ്ഞു. കാസർകോട് ഗവ. മെഡിക്കൽ കോളജ് പൂർണസജ്ജമായി പ്രവർത്തനം തുടങ്ങിയാൽ എന്തിനും ഏതിനും കർണാടകയെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ മാറും. ആതുരസേവന മേഖലയിൽ ഉത്തര മലബാർ സ്വയം പ്രാപ്തമായാലേ ഭാവിയിലെങ്കിലും ഇപ്പോഴത്തെ പോലെയുള്ള സാഹചര്യങ്ങൾ ഉണ്ടാകാതെ നോക്കാനാവൂ. പക്ഷേ, അക്കാദമിക് ബ്ലോക്കിന്റെ പണിയും റോഡും വൈദ്യുതിയും മാത്രമേ ഗവ. മെഡിക്കൽ കോളജിനുവേണ്ടി ആയിട്ടുള്ളൂ. രോഗികളെ അഡ്മിറ്റ് ചെയ്ത്, ചികിത്സ നടത്താൻ ഇനിയുമേറെ കടമ്പകൾ ബാക്കിയുണ്ട്.

മറ്റു പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ, പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയോടു ചേർന്ന് മെഡിക്കൽ കോളജ് ആരംഭിക്കണമെന്ന ആവശ്യം, നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ശക്തമായ ഇടപെടൽ ഇല്ലാതിരുന്നതുകൊണ്ടു കൂടിയാണു നടക്കാതെ പോയത്. ഉക്കിനടുക്കയിലെ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റി സൗകര്യങ്ങളോടെ പ്രവർത്തനസജ്ജമാകാൻ ഇനിയും വൈകിക്കൂടാ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com