ADVERTISEMENT

ഓൺലൈൻ പഠനരീതിക്ക് ഒട്ടേറെ സാധ്യതകളുണ്ട്; ചില വെല്ലുവിളികളും. സ്കൂൾ, സർവകലാശാലാ തലങ്ങളിലെ ഓൺലൈൻ പഠനസാധ്യതകൾ, കേരളത്തിലെ നിലവിലെ സാഹചര്യം, കണക്കിലെടുക്കേണ്ട സാമൂഹിക ഘടകങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഭരണ, അക്കാദമിക തലങ്ങളിലെ അഞ്ചു പേരുടെ കാഴ്ചപ്പാടുകൾ...

രണ്ടു സ്കൂൾ കാഴ്ചകൾ. കോഴിക്കോട് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ 570 പത്താം ക്ലാസ് വിദ്യാർഥികൾ ലോക്ഡൗൺ കാലത്തും വെറുതേയിരിക്കുന്നില്ല. ഇനിയുള്ള പരീക്ഷകൾക്ക് ഓൺലൈനിൽ റിവിഷൻ ക്ലാസ്. വിഡിയോ കോൺഫറൻസിങ് വഴി കുട്ടികൾ സംശയം ചോദിക്കുന്നു; അധ്യാപകർ മറുപടി നൽകുന്നു. വീട്ടിൽ സഹായവുമായി രക്ഷിതാക്കളും.

ഇനി മറ്റൊരു സ്കൂൾ. പേരു പറയുന്നില്ല. കോവിഡ് അവധി കണക്കിലെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പു തയാറാക്കിയ ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ ഭാഗമായി ഒൻപതാം ക്ലാസ് അധ്യാപകൻ കുട്ടികൾക്കൊരു ടാസ്ക് കൊടുത്തു. ‘ലോക്ഡൗൺ കാലം വീട്ടിലെ സാമ്പത്തിക ശീലങ്ങളിൽ വരുത്തിയ മാറ്റം’ എന്ന വിഷയത്തിൽ അനുഭവക്കുറിപ്പ് എഴുതുക. 43 കുട്ടികളിൽ പലരും സാമ്പത്തികമായി പിന്നാക്കം. ചിലരുടെ രക്ഷിതാക്കളെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താൻ തന്നെ പാട്. 20 പേർ കൊടുത്ത ഫോൺ നമ്പരുകളിലേ വാട്സാപ് ഉള്ളൂ. അവരെ വച്ചു ഗ്രൂപ്പുണ്ടാക്കി. വിഷയം പറഞ്ഞതിനു പിന്നാലെ ആറു കുട്ടികൾ ‘ലെഫ്റ്റ്’. അവരെ വീണ്ടും വിളിച്ച് അനുനയിപ്പിച്ചു ഗ്രൂപ്പിൽ ചേർത്തെന്ന് അധ്യാപകൻ.

 ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണിത്. ആദ്യത്തേതു സാധ്യത; രണ്ടാമത്തേതു വെല്ലുവിളി. കോവിഡ് കാലം നമ്മെ പഠിപ്പിച്ച പല ബദലുകളിലൊന്നായ ഓൺലൈൻ പഠനവഴിയേ മുന്നോട്ടു പോകണമെങ്കിൽ ഇവ രണ്ടും അറിയണം, വിലയിരുത്തണം. 

a-shajan
എ.ഷാജഹാൻ

ഹൈടെക് ആക്കാം, പഠനവും പരീക്ഷയും

പാഠപുസ്തകങ്ങൾക്കു പകരം പ്രീ ലോഡഡ് കണ്ടന്റുമായി ടാബ് നൽകാനായാൽ സ്കൂൾ ബാഗ് ഭാരം പിന്നെയില്ല. പരീക്ഷ വരെ അതിലൂടെ നടത്താനാകും.

-എ.ഷാജഹാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി കേരളം ഇതിനകം കൈവരിച്ച നേട്ടങ്ങൾ ഓൺലൈൻ പഠനത്തിലേക്കുള്ള മാറ്റത്തിനു സഹായകരമാണ്. സാങ്കേതിക സംവിധാനങ്ങളെല്ലാം ‘കൈറ്റ്’ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) വഴി നമുക്കു ലഭ്യമാണെങ്കിലും എല്ലാ കുട്ടികളെയും ഇതിന്റെ ഭാഗമാക്കാൻ കഴിയുമ്പോഴേ നടപ്പാക്കാനാകൂ.

ആ ദിശയിലുള്ള ആലോചനകളാണു നടക്കുന്നത്. നിലവിൽ പാഠപുസ്തകങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിനുമപ്പുറം, പാഠപുസ്തകങ്ങളെല്ലാം പ്രീ ലോഡഡ് ആയ ടാബ് കുട്ടികൾക്കു ലഭ്യമാക്കാനായാൽ സ്കൂൾ ബാഗ് ഭാരം എന്ന പ്രശ്നത്തിനു കൂടിയാകും പരിഹാരമാകുക. എല്ലാ            വിഭാഗം രക്ഷിതാക്കൾക്കും താങ്ങാനാകുന്ന വിലയ്ക്ക് അതു ലഭ്യമാക്കേണ്ടി വരും. ഇത്തരമൊരു സംവിധാനം വന്നാൽ ഒബ്ജക്ടീവ് ചോദ്യങ്ങളുമായി പരീക്ഷാ നടത്തിപ്പ് പോലും ഓൺലൈനിലാക്കാനാകും. 

ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങൾ ഒഴിവാക്കേണ്ടിവരില്ല. അത് 20% മാർക്കിന്റെ ഇപ്പോഴത്തെ നിരന്തര മൂല്യനിർണയ പ്രക്രിയയുടെ (ഇന്റേണൽ അസസ്മെന്റ്) ഭാഗമാക്കി മാറ്റിയാൽ മതി. ഇപ്പോഴത്തേതു പോലെയുള്ള അടിയന്തര സാഹചര്യം വന്നാൽ പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും പ്രതിസന്ധിയാകില്ല. ഇതെല്ലാം വിശദ ചർച്ച വേണ്ട മേഖലകളാണ്. 

വീടുകളിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാൻ ഐടി വകുപ്പിനു പ്രത്യേക പദ്ധതി ഉണ്ടെന്നറിയുന്നു. ഇതു നടപ്പിലായാൽ ഓൺലൈൻ പഠനം സാർവത്രികമാക്കാൻ അതു സഹായകരമാകും. അധ്യാപക പരിശീലനം ഓൺലൈനായി നൽകാൻ KOOL (KITE’s Open Online Learning) എന്ന പ്ലാറ്റ്ഫോം തയാറാക്കിയിട്ടുണ്ട്. ‘സമഗ്ര’ പോർട്ടലിലും അധ്യാപക പരിശീലന സംവിധാനമായി.

dr-sabu-thomas
‍ഡോ. സാബു തോമസ്

ലഭിക്കുന്നത് രാജ്യാന്തര എക്സ്പോഷർ

ജോലിക്കു സ്കൈപ്പിലും മറ്റും ഇന്റർവ്യൂ നേരിടേണ്ടവരാണു നമ്മുടെ കുട്ടികൾ. ഇത്തരം പുതു സാങ്കേതികവിദ്യകളുമായി പരിചയിക്കാനുള്ള അവസരമാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്നത്.

-ഡോ. സാബു തോമസ്, വൈസ് ചാൻസലർ, എംജി സർവകലാശാല

ലോക്ഡൗണിൽ മാത്രമല്ല, അല്ലാത്ത കാലത്തും ഓൺലൈൻ പഠനത്തിനു പ്രസക്തിയുണ്ട്. എംജി സർവകലാശാലയിൽ സാധാരണ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും 70:30 അനുപാതത്തിൽ തുടരാനാണ് ആലോചന. നൊബേൽ ജേതാക്കൾ, എംഐടി, കാൽടെക് തുടങ്ങി മുൻനിര വിദേശ സ്ഥാപനങ്ങളിലെയും ഐഐടി, ഐഐഎസ്‌സി എന്നിവിടങ്ങളിലെയും അധ്യാപകർ തുടങ്ങിയവരുടെ പ്രത്യേക സെഷനുകൾ വരെ നമ്മുടെ വിദ്യാർഥികൾക്കു ലഭ്യമാക്കാം.

രാജ്യാന്തര എക്സ്പോഷറാണു കുട്ടികൾക്കു കിട്ടുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മികച്ച ആശയവിനിമയത്തിനും ഇടപെടലിനുമുള്ള ശേഷി വളർത്തിയെടുക്കാനുമാകും. അധ്യാപകർ കേരളത്തിനു പുറത്തോ വിദേശത്തോ പോകുമ്പോൾ പോലും ക്ലാസുകൾ മുടങ്ങില്ല. 

റിക്കോർഡ് ചെയ്യാമെന്നതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്ത വിദ്യാർഥികൾക്കു പോലും പിന്നീടതു കാണാം. ഫലത്തിൽ അധ്യാപകനും വിദ്യാർഥികളും എവിടെയാണെങ്കിലും പഠനത്തിനു തടസ്സമില്ല. വലിയ ക്ലാസുകളിൽ പരിമിതികളുണ്ടെങ്കിലും വിദ്യാർഥികളുടെ എണ്ണം കുറവുള്ള ഓൺലൈൻ ക്ലാസുകളിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള ആശയവിനിമയം വളരെ ഫലപ്രദമാണ്. ലോക്ഡൗണിനിടെ ഞാൻ നടത്തിയ അത്തരമൊരു ക്ലാസിൽ ക്വിസ് വരെ നടത്തി. 

ക്ലാസിലെ കുട്ടികളുടെ പ്രകടനം ഇന്റേണൽ അസസ്മെന്റിനു പരിഗണിക്കുമെന്നും ആദ്യമേ പറഞ്ഞിരുന്നു. പരിമിതികൾ ഇല്ലെന്നല്ല. നേർക്കുനേർ ആശയവിനിമയം സാധ്യമല്ലല്ലോ. പ്രാക്ടിക്കലുകൾ ഓൺലൈനിൽ പറ്റില്ലെന്ന വലിയ പ്രശ്നവുമുണ്ട്.

rajan-gurukkal
ഡോ.രാജൻ ഗുരുക്കൾ

ഉടൻ തുടങ്ങാം, മാറ്റത്തിനുള്ള ശ്രമം

കോഴ്സ്റ, എഡെക്സ്‌, സ്വയം, ഫ്യൂച്ചർലേൺ, ഉഡാസിറ്റി, കാൻവാസ് നെറ്റ്‌വർക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഓൺലൈൻ പഠനസാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇതു നല്ല അവസരമാണ്.’

–ഡോ.രാജൻ ഗുരുക്കൾ, വൈസ് ചെയർമാൻ, സംസ്ഥാന  ഉന്നതവിദ്യാഭ്യാസ കൗൺസിൽ

ക്യാംപസിലെ നേരിട്ടുള്ള പഠനം പ്രധാനം തന്നെ. എന്നാൽ, അതു മുടങ്ങിയ സാഹചര്യത്തിൽ നമ്മുടെ എല്ലാ സർവകലാശാലകളും പഠനം ഓൺലൈനിൽ ലഭ്യമാക്കാനുള്ള ശ്രമം ഉടൻ തുടങ്ങണം. അസാപ്പും ചില സ്ഥാപനങ്ങളും ഈ വഴിക്കു ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ കോഴ്സുകളോ ക്രെഡിറ്റുകളോ പുനഃക്രമീകരിക്കേണ്ട ആവശ്യം വരുന്നില്ല. സമൂഹത്തിൽ ഒരു വിഭാഗത്തിന് ഇത്തരം സൗകര്യങ്ങൾ പരിമിതമാണെന്ന യാഥാർഥ്യമുണ്ട്. ഉൾനാടുകളിൽ നിന്നുള്ള കുട്ടികൾക്കു പ്രയാസം നേരിടാം. അവരെക്കൂടി ഉൾച്ചേർത്ത് ഇതിനു പരിഹാരം കാണാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രമിക്കണം. 

ഒട്ടേറെ വിഷയങ്ങളിൽ ഇ-ബുക്കുകളുടെ ലിസ്റ്റും യുജിസി ‘സ്വയം’ പ്ലാറ്റ്ഫോമിലെ ഓൺലൈൻ കോഴ്സുകളുടെ ലിങ്കുകളും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വെബ്സൈറ്റിലുണ്ട്. ഇവ പ്രയോജനപ്പെടുത്താൻ കുട്ടികൾ തയാറാകണം. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയം മുടങ്ങിയ സാഹചര്യത്തിൽ അതിനും ഓൺലൈൻ പരിഹാരമാകാം. ബാർകോഡ് രേഖപ്പെടുത്തി സ്കാൻ ചെയ്ത ഉത്തരക്കടലാസ് എത്രയും വേഗം അധ്യാപകർക്ക് അയച്ചു മൂല്യനിർണയം നടത്തണം.

amrut-g-kumar
ഡോ. അമൃത് ജി.കുമാർ

ഉറപ്പാക്കണം ‌തുല്യനീതി

കരുതലോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് വിദ്യാഭ്യാസത്തിലെ ഡിജിറ്റൽവൽക്കരണം. ഇല്ലെങ്കിൽ സമൂഹത്തിൽ പുതു വിഭജനത്തിന്റെ വാതിലുകൾ തുറക്കപ്പെടും. 

–ഡോ. അമൃത് ജി.കുമാർ, പ്രഫസർ ആൻഡ് ഹെഡ്, സ്കൂൾ ഓഫ്  എജ്യുക്കേഷൻ, കേരള കേന്ദ്ര സർവകലാശാല

വലിയ തോതിൽ ഓൺലൈൻ പഠനരീതിയിലേക്കു മാറുന്നത് തുല്യനീതി നിഷേധത്തിനും ചൂഷണങ്ങൾക്കും കാരണമാകാമെന്നും ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്നും യുനെസ്കോയും യുനിസെഫും മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ അതിനുവേണ്ട പശ്ചാത്തല സൗകര്യങ്ങളും വേണം. ഉദാ: കണക്ടിവിറ്റി, ഇന്റർനെറ്റ് സ്പീഡ്, രക്ഷിതാക്കൾക്കു സാങ്കേതിക കാര്യങ്ങളിലുള്ള അറിവും പ്രാപ്തിയും. ചിലർക്ക് ഈ ഘടകങ്ങൾ കൂടുതൽ അനുകൂലമാണെന്നത് തുല്യനീതിയെ സംബന്ധിക്കുന്ന ചോദ്യങ്ങളുയർത്തുന്നു. എല്ലാ കുട്ടികൾക്കും ഒരേ ഡിജിറ്റൽ ഉപകരണങ്ങൾ, തുല്യ കണക്ടിവിറ്റി, ഡേറ്റാ പാക്കേജ്, സാങ്കേതിക പിന്തുണ എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. ഡിജിറ്റൽ പരീക്ഷകളെക്കുറിച്ച് ആലോചിക്കുമ്പോൾ ഇതു കൂടുതൽ പ്രധാനമാകുന്നു. 

നിലവിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠനം ഏറെക്കുറെ സൗജന്യമാണെങ്കിലും ഓൺലൈൻ പഠനസഹായികളും അവയ്ക്കു വേണ്ട സാങ്കേതിക സൗകര്യങ്ങളും ഉപയോഗിച്ചു തുടങ്ങുന്നതോടെ മാസം 300– 500 രൂപ രക്ഷിതാക്കൾ കണ്ടെത്തേണ്ടി വരാം. ഈ ചെലവു വഹിക്കുന്ന കാര്യം സർക്കാർ പരിഗണിക്കേണ്ടതാണ്. പഠനം ആയാസരഹിത പ്രവൃത്തിയാണെന്നും വേണ്ട ഉത്തരങ്ങളെല്ലാം ഇന്റർനെറ്റിലുണ്ടെന്നും വിദ്യാർഥികൾ കരുതുന്നതും അപകടം. വിവര ആധിക്യത്തിന്റെ വെല്ലുവിളി കണക്കിലെടുത്തുള്ള വിവര സാക്ഷരതാ പ്രസ്ഥാനം കൂടി നമുക്കിനി വേണം.

ഓൺലൈൻ കാലത്ത് അറിവ് എങ്ങനെ കണ്ടെത്തണം, എങ്ങനെ വിലയിരുത്തണം, എങ്ങനെ ശാസ്ത്രീയമായി ശേഖരിച്ചുവയ്ക്കണം എന്നിവയെക്കുറിച്ചെല്ലാം സാക്ഷരത വേണം. സാമ്പത്തികശേഷി എൻട്രൻസ് പഠനത്തിന് എത്രത്തോളം പ്രധാനമാണെന്നു നാം കാണുന്നുണ്ട്. ഓൺലൈൻ കാലം ഈ സ്ഥിതി കൂടുതൽ സങ്കീർണമാക്കും. എല്ലാവർക്കും പ്രാപ്യമായ കോച്ചിങ് പോർട്ടലുകളെക്കുറിച്ചു കൂടി അധികൃതർ ആലോചിക്കേണ്ടതുണ്ട്.

kc-nair
ഡോ. എം.കെ.സി.നായർ

വികസിപ്പിക്കാം, പുതിയ അധ്യയന മാർഗരേഖ

സിലബസിലില്ലാത്ത, വിദ്യാർഥികൾ അറിയാൻ ആഗ്രഹിക്കുന്ന പൊതുവിഷയങ്ങളിലും ഓൺലൈൻ ക്ലാസുകൾ സ്ഥിരമാക്കാം. ഇതിനായി നിശ്ചിത സമയം മാറ്റിവയ്ക്കേണ്ട കാര്യമേയുള്ളൂ.

–ഡോ. എം.കെ.സി.നായർ, മുൻ വൈസ് ചാൻസലർ, ആരോഗ്യ സർവകലാശാല

പഠനത്തിനു മാത്രമല്ല, കുട്ടികൾക്കു വ്യക്തിത്വ വികസനത്തിനു കൂടിയുള്ള ഇടമാണു സ്കൂളുകളും കോളജുകളും. ക്ലാസുകൾ മുടങ്ങുമ്പോൾ ഈ പ്രതിസന്ധി മറികടക്കാനുള്ള ഏറ്റവും നല്ല അവസരമാണു വെർച്വൽ പഠനം. ദൃശ്യപരമായ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താമെന്നതു പഠനം എളുപ്പമാക്കും. ലോക്ഡൗൺ കാലത്തെ ഓൺലൈൻ പഠനാനുഭവം മുൻനിർത്തി ഭാവിയിലേക്ക് ഏകീകൃത രൂപവും നിലവാരവുമുള്ള അധ്യയന മാർഗരേഖ വികസിപ്പിക്കാം.

ക്ലാസ് മുറി പഠനത്തിനുള്ള സങ്കേതങ്ങൾ പോരാ ഓൺലൈൻ പഠനത്തിന്. കൂടുതൽ ദൃശ്യപരമായ ഉള്ളടക്കവും പ്രായോഗിക ഉദാഹരണങ്ങളും വേണം. റിക്കോർഡ് ചെയ്യപ്പെടുമെന്നതിനാൽ ക്ലാസിലുയരുന്ന സംശയങ്ങൾക്ക് അപ്പപ്പോൾ മറുപടി നൽകണം. അല്ലെങ്കിൽ ക്ലാസിന്റെ വിഡിയോ കുട്ടികൾ പിന്നീടു കാണുമ്പോൾ ആശയക്കുഴപ്പമാകും. അതിനാൽ സാങ്കേതികവും അക്കാദമികവുമായ തയാറെടുപ്പ് കൃത്യമാകണം. 

ഓരോ കുട്ടിയുടെയും ആവശ്യമറിഞ്ഞു ക്ലാസെടുക്കുമ്പോഴേ അധ്യാപനം പൂർണമാകൂ. ഓൺലൈനിൽ ഇതത്ര സാധ്യമാവില്ല. വ്യക്തിഗത ശ്രദ്ധ വേണ്ടത്ര ലഭിക്കില്ല. കുട്ടികൾ കേൾവിക്കാരും കാഴ്ചക്കാരുമായി ചുരുങ്ങാൻ ഇടവന്നേക്കാമെന്ന കാര്യം കണക്കിലെടുക്കണം. ഗാർഹിക സംഘർഷം, ലൈംഗിക ചൂഷണം പോലുള്ള പ്രശ്നങ്ങൾ കുട്ടികൾ നേരിടുമ്പോൾ ഇപ്പോഴത്തേതുപോലെ അറിയാനും ഇടപെടാനും അധ്യാപകർക്കു കഴിഞ്ഞില്ലെന്നു വരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com