ADVERTISEMENT

ലോക്ഡൗൺ ഒരുമാസം പിന്നിടുന്നു. കേരളം മാത്രമല്ല, ലോകമെങ്ങും മിക്കവാറും പ്രദേശങ്ങൾ വീട്ടിൽ അടച്ചുപൂട്ടിയിരിക്കുകയാണ്. പല പല കാര്യങ്ങൾ ചെയ്തുകൊണ്ട് ആൾക്കാർ അതിജീവനത്തിനു ശ്രമിക്കുന്നു. ചിലരാകട്ടെ, വ്യാജവാർത്തകൾ മെനഞ്ഞു പ്രചരിപ്പിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെട്ട കാലമായി കണക്കാക്കാം, കഴിഞ്ഞ 2 മാസങ്ങളെ. ഇവയെ നേരിടാൻ സർക്കാരുകളും മാധ്യമങ്ങളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും പലതരത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വാട്സാപ്പിലെ ഫോർവേഡ് മെസേജ് ഓപ്ഷനിലെ നിയന്ത്രണമൊക്കെ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. എന്നിട്ടും കുറവില്ലാതെ വ്യാജൻ പ്രചരിക്കുന്നു.

? കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എത്തിയ ചില വ്യാജവിവരങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ:

ഇറ്റലിയിൽ കോവിഡ് ബാധിച്ചു മരണാസന്നയായ യുവതിയുടെ അന്ത്യാഭിലാഷ പ്രകാരം അവരുടെ കുഞ്ഞിനെമാറത്തു വച്ചുകൊട‌ുക്കുന്ന കരളലിയിക്കുന്ന ചിത്രം കണ്ടല്ലോ

ചിത്രം കരളലയിക്കുന്നതു തന്നെ. പക്ഷേ, അത് 1985ൽ യുഎസിലെ സിയാറ്റിലിലെ ആശുപത്രിയിൽ കുഞ്ഞിന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു മുൻപത്തെ ചിത്രമാണിത്. പ്രശസ്ത ന്യൂസ് ഫൊട്ടോഗ്രഫർ ബർട് ഗ്ലിൻ എടുത്ത ചിത്രമാണിത്.

? മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ്, ഓസ്‌ട്രേലിയയിലെ മെൽബണിലെ ഒരു കെട്ടിടത്തിൽ ബാനർ ഉയർത്തിയല്ലോ

ആ ചിത്രം വ്യാജമല്ല. എന്നാൽ, മെൽബണിലെ ഒരു സ്വകാര്യ മൊബൈൽ കമ്പനി ഏർപ്പെടുത്തിയ സേവനം മാത്രമാണത്. അവരുടെ നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ ആരുടെ പേരും ഇതുപോലെ പ്രദർശിപ്പിക്കുകയും അതിന്റെ ചിത്രം അയച്ചുതരികയും ചെയ്യും. ഓസ്ട്രേലിയയിലെ ഔദ്യോഗിക സംവിധാനമല്ല ഇത്.

? ചില രാജ്യങ്ങൾ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കടലിൽ എറിഞ്ഞതിന്റെ വിഡിയോ കണ്ടല്ലോ

ശരിയല്ല. 2014 ൽ ലിബിയൻ തീരത്ത് അഭയാർഥികളുടെ ബോട്ട് മറിഞ്ഞു മരിച്ചവരുടെ മൃതദേഹങ്ങൾ തീരത്തടിഞ്ഞതിന്റെ വിഡിയോ ആണത്.

? ന്യൂയോർക്കിൽ, അമിത ജോലിഭാരം മൂലം തളർന്നുകിടന്ന് ഉറങ്ങുകയായിരുന്ന ശ്മശാന ജീവനക്കാരനെ സഹപ്രവർത്തകൻ അബദ്ധത്തിൽ സംസ്‌കരിച്ചുവെന്ന് ഒരു വെബ്‌സൈറ്റിൽ വാർത്ത കണ്ടല്ലോ

വാർത്ത ഒരു അമേരിക്കൻ വെബ്‌സൈറ്റിൽ വന്നുവെന്നതു ശരിയാണ്. എന്നാൽ, സംഭവം ശരിയല്ല. സാങ്കൽപിക വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒരു ആക്ഷേപഹാസ്യ വെബ്‌സൈറ്റാണത്. അതിലെ വാർത്തകൾ വസ്തുതയല്ല.

? മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹുമാനാർഥം ശ്രീലങ്ക സ്റ്റാംപ് പുറത്തിറക്കി എന്നതു ശരിയാണോ

അല്ല. ഇതു സംബന്ധിച്ചു പ്രചരിക്കുന്ന ചിത്രം യഥാർഥമല്ല. ഫോട്ടോഷോപ്പിൽ തയാറാക്കിയ വ്യാജനാണ്.

English Summary: Lockdown vireal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com