ADVERTISEMENT

കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള പുതുലോകം സൃഷ്ടിക്കുന്നതിൽ കേരളത്തിനു മാതൃകയാകാൻ കഴിയുമെന്ന് ഇന്ത്യയിൽ ടെലികോം വിപ്ലവത്തിനു നേതൃത്വം നൽകിയ സാങ്കേതിക വിദഗ്ധൻ സാം പിത്രോദ. കേരളത്തിന്റെ തനതു വിഭവങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിനു മുന്നിലെത്തിക്കാൻ പ്രത്യേക ദൗത്യം നടപ്പാക്കണം. മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദഗ്ധരായ മലയാളികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കോവിഡിനു ശേഷമുള്ള കേരള‌വികസനത്തിനു വഴി കാട്ടാനുള്ള മലയാള മനോരമ വെബിനാർ പരമ്പരയ്ക്കു മുന്നോടിയായി നടത്തിയ ചർച്ചയിലാണ് സാം പിത്രോദ നൂതന ചിന്തകളും ആശയങ്ങളും പങ്കുവച്ചത്. 

നമ്മളിപ്പോൾ മൂന്നാം ലോകയുദ്ധത്തിനു നടുവിലാണ്. കോവിഡിനെതിരെയുള്ള ലോകയുദ്ധം. ഒന്നും രണ്ടും ലോകയുദ്ധങ്ങൾ വളരെ ചുരുക്കം രാജ്യങ്ങൾ തമ്മിലായിരുന്നെങ്കിൽ ലോകത്തെല്ലാ രാജ്യങ്ങളും ഈ പോരാട്ടത്തിലുണ്ട്. അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും താൽപര്യത്തിനനുസരിച്ചാണ് രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം ഡിസൈൻ ചെയ്യപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടനയും ലോകബാങ്കും ഒക്കെ അങ്ങനെയുണ്ടായതാണ്. അതിനു ശേഷം ലോകനന്മയ്ക്കായി ഒരു സ്ഥാപനവും ഉയർന്നുവന്നില്ല. കോവിഡ് ലോകത്തെ റീഡിസൈൻ ചെയ്യാനുള്ള അവസരമാണ്. പഴയ ലോകക്രമം വേണോ പുതിയ ലോകം സാധ്യമാക്കണോ എന്നതാണു ചോദ്യം. അതിനു സാമ്പ്രദായിക ചിന്തകൾ മതിയാകില്ല. അസാധ്യമായത് ഒന്നുമില്ലെന്ന ആത്മവിശ്വാസം വേണം. 

sam pitroda
സാം പിത്രോദ

പുതിയ ലോകം 

ഇനി പുതിയ തുടക്കമാണ്. ഏതു തരത്തിലുള്ള ലോകമാണു വേണ്ടതെന്നു നാം ചിന്തിക്കണം. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും പാർപ്പിടവും എല്ലാവർക്കും ലഭ്യമാക്കാനാണ് ആദ്യ പരിഗണന നൽകേണ്ടത്. മഹാത്മാഗാന്ധിയുടെ വഴിയാകണം നമ്മുടെ മാതൃക. 

പ്രകൃതിയെ ചൂഷണം ചെയ്യുന്ന രീതികളാണോ പ്രകൃതി സംരക്ഷിക്കുന്ന രീതികളാണോ വേണ്ടത്?  ചെലവു കുറഞ്ഞ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽമേഖലകൾ രൂപം കൊള്ളണം. അതിനുള്ള ഏറ്റവും വലിയ ആയുധമാണ് ഇപ്പോൾ നമ്മുടെ കൈവശമുള്ളത് – കണക്ടിവിറ്റി. ഭാഷ കണ്ടെത്തിയ ശേഷമുള്ള മനുഷ്യരാശിയുടെ ഏറ്റവും വലിയ മുന്നേറ്റമാണ് കണക്ടിവിറ്റി. ഒരുപക്ഷേ, തീയുടെ കണ്ടെത്തലിനോളം പ്രാധാന്യമുള്ളത്. ലോകത്തെ ഒന്നാകെ കൂട്ടിയിണക്കാൻ ഭാഷയ്ക്കു പോലും കഴിയാത്തിടത്ത് കണക്ടിവിറ്റി വിജയിക്കുന്നു.  

കേരളം വഴികാട്ടും 

കേരളത്തിനു ലോകപരിണാമത്തിന്റെ കേന്ദ്രബിന്ദുവായി മാറാനുള്ള ശേഷിയുണ്ട്. ചിന്താശേഷിയും വൈദഗ്ധ്യവുമുള്ള സമൂഹമാണു മലയാളികൾ. കേരളത്തിന്റെ ജൈവവൈവിധ്യവും കാലാവസ്ഥയും പ്രകൃതിവിഭവങ്ങളും മനുഷ്യശേഷിയും അമൂല്യമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം ലോകത്തിനു വഴികാട്ടിയായി മാറാൻ കേരളത്തിനു കഴിയും. പക്ഷേ, അതിന് ആദ്യം മനഃസ്ഥിതി മാറണം. നമുക്കതിനു കഴിയില്ലെന്ന ആത്മവിശ്വാസക്കുറവു മാറ്റിവയ്ക്കണം. കാര്യങ്ങളെ പ്രതീക്ഷയോടെയും ക്രിയാത്മകവുമായി കാണണം. 

box

കേരളീയത്വം അല്ലെങ്കിൽ മലയാളിത്തമാണ് മലയാളികളുടെ ഏറ്റവും വലിയ കരുത്ത്. അതിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബട്ടിക്സും ബിഗ് ഡേറ്റ അനാലിസിസും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിയണം. 

കേരളത്തിന്റെ കുതിപ്പിനു പ്രധാനമായും 5 മാർഗങ്ങളാണ് എനിക്ക് നിർദേശിക്കാനുള്ളത്:

1. വസ്ത്രം: പരമ്പരാഗത കൈത്തറി ഉൾപ്പെടെ കേരളത്തിന്റെ തനതായ വസ്ത്രശൈലിക്കു ലോകവിപണി കണ്ടെത്താൻ ഒരു പ്രയാസവുമില്ല. കാലത്തിനനുസരിച്ച മാറ്റങ്ങൾ കൊണ്ടുവരികയും ഗുണമേന്മ ഉറപ്പാക്കാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായം തേടുകയും വേണം. പാവപ്പെട്ടവർക്കും പണക്കാർക്കുമുള്ള വസ്ത്രങ്ങൾ ലഭ്യമാക്കാൻ കഴിയണം. 

2. ഭക്ഷണം: കേരളത്തിൽനിന്നുള്ള തേങ്ങയോ മാങ്ങയോ പഴമോ ഉൾപ്പെടെ എന്തു ഭക്ഷ്യവിഭവങ്ങളും ലോകത്തിനു മുന്നിൽ വിജയകരമായി അവതരിപ്പിക്കാൻ കഴിയും. നമ്മുടെ തനതു കൃഷിരീതികൾ അടിസ്ഥാനപ്പെടുത്തിയാകണം കൃഷി. ജൈവകൃഷി, സീറോ കോസ്റ്റ് ഫാമിങ് ഉൾപ്പെടെയുള്ളവയും പ്രയോജനപ്പെടുത്തണം. 

3. ആരോഗ്യം: കേരളത്തിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യവിദഗ്ധരുടെ കഴിവും സേവനമികവും ലോകപ്രശസ്തമാണ്. അത് ആരോഗ്യമേഖലയിൽ കുതിപ്പിനുള്ള വലിയ അവസരം കൂടിയാണ്. ആയുർവേദം ഉൾപ്പെടെയുള്ള സൗഖ്യചികിത്സാരംഗത്തും വലിയ സാധ്യതകളുണ്ട്. 

4. വിദ്യാഭ്യാസം: രാജ്യാന്തര വിദ്യാഭ്യാസ ഹബ് ആയി കേരളത്തെ മാറ്റാനാകും. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെലവു കുറഞ്ഞ വിദ്യാഭ്യാസരീതികൾ ലോകത്തിനു പരിചയപ്പെടുത്തുകയും വേണം. 

5. കടൽ: കേരളം ഇനിയും തിരിച്ചറിയാത്ത സാധ്യതയാണു കടൽ; മറ്റു പലർക്കുമില്ലാത്ത സാധ്യത. സമുദ്രവിഭവങ്ങൾ മാത്രമല്ല, തുറമുഖവികസനവും ഊർജോൽപാദനവുമെല്ലാം കടലിനെ അടിസ്ഥാനപ്പെടുത്തി വളർത്തിയെടുക്കാം. 

പരിസ്ഥിതിസംരക്ഷണം, മാലിന്യസംസ്കരണം, ഭവനനിർമാണം തുടങ്ങിയ മേഖലകളിലും കേരളത്തിനു കുതിപ്പിനുള്ള അവസരങ്ങളുണ്ട്. 

വേണം, കേരളം 3.0 മിഷൻ 

പുതിയ ആശയങ്ങൾ മുന്നിലുണ്ടെങ്കിലും അതു നടപ്പാക്കാൻ പണമെവിടെ എന്ന ചോദ്യം സ്വാഭാവികമാണ്. നൂതന പ്രായോഗിക മാതൃകകളാണു നാം സൃഷ്ടിക്കേണ്ടത്. പരമ്പരാഗത ചിന്തകളുമായി പോയാൽ ഒന്നും നടക്കില്ല. 

കേരളത്തിനു ലോകവിപണിയിൽ ഇടമുണ്ട് എന്ന ബോധ്യമാണു പ്രധാനം. നിലവിലുള്ള പല ചിട്ടവട്ടങ്ങളും മാറേണ്ടിവരും. സർക്കാർ സംവിധാനങ്ങളിലെ ചുവപ്പുനാടകൾ പൊട്ടിച്ചെറിയണം. മന്ത്രാലയങ്ങളിലെ താഴേത്തട്ടുമുതൽ മുകൾത്തട്ടുവരെയുള്ള ഉദ്യോഗസ്ഥ സംവിധാനം പുതിയ കാലത്തു പ്രായോഗികമല്ല. പകരം, ഒരേ തലത്തിലുള്ള നടത്തിപ്പു സംവിധാനമാണു വേണ്ടത്. ഇപ്പോഴത്തെ രീതികൾ ഒറ്റയടിക്കു മാറ്റാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പൂർണാധികാരങ്ങളുള്ള മിഷൻ മാതൃക സ്വീകരിക്കണം. 

സാങ്കേതികരംഗത്തു ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യ കുതിപ്പുനടത്തിയത് മിഷൻ മാതൃകയിലുള്ള പ്രവർത്തനത്തിലൂടെയാണ്. ഇന്ത്യൻ ടെക്നോളജി മിഷനെക്കുറിച്ച് പണ്ട് ഐക്യരാഷ്ട്ര സംഘടന രാജ്യാന്തരസമിതിയെ വച്ചു പഠനം വരെ നടത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്തു നടത്തിയ പോളിയോ വാക്സിൻ പദ്ധതി മറ്റൊരു ഉദാഹരണം. അതുവരെ നമ്മൾ വാക്സിൻ നിർമിച്ചിരുന്നില്ല. ഒട്ടേറെ കടമ്പകളുണ്ടായിരുന്നു മുന്നിൽ. രാജീവ് ഗാന്ധി ഞങ്ങളെ വിശ്വാസത്തിലെടുത്തു. അതിനുള്ള ധൈര്യം അദ്ദേഹം കാണിച്ചു. ഇപ്പോൾ ലോകത്ത് പോളിയോ വാക്സിൻ നിർമാണരംഗത്ത് ഒന്നാം സ്ഥാനത്താണു നമ്മൾ. 

ഞാൻ പറഞ്ഞുവന്നത്, സംസ്ഥാന സർക്കാരിനുതന്നെ കേരളം 3.0 എന്ന മിഷൻ ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകാനാകും. അതിനു കഴിവുള്ള ഭരണാധികാരികളും വിദഗ്ധരും സമൂഹവും കേരളത്തിലുണ്ട്. 

ഭക്ഷ്യസംസ്കരണരംഗത്തെ ഒരു സാധ്യതയെക്കുറിച്ചു പറയാം – നൂറുകണക്കിനു കോടി രൂപയുടെ തക്കാളി സോസ് ആണ് ഇന്ത്യ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. നാട്ടിലെ തക്കാളിക്കർഷകർ കിലോയ്ക്കു 10 രൂപ പോലും വില കിട്ടാതെ ആത്മഹത്യ ചെയ്യുന്നു. നമുക്കില്ലാത്തത് നമ്മുടെ തനതുവിഭവങ്ങളിൽനിന്നു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള പദ്ധതികളാണ്.  

കൂടെയുണ്ട്, ലോകകേരളം 

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന മലയാളികളാണ് കേരളത്തിന്റെ മറ്റൊരു കരുത്ത്. ഇതിൽ ലോകരാജ്യങ്ങളിൽ സുപ്രധാന തസ്തികകൾ കൈകാര്യം ചെയ്യുന്നവർ വരെയുണ്ട്. ഇവരുടെ വൈദഗ്ധ്യം സംസ്ഥാനത്തിന്റെ വികസനത്തിന് എങ്ങനെ ഉപയോഗിക്കാമെന്ന് ആലോചിക്കണം. 

അവരിൽ 100 പേരെ കണ്ടെത്തൂ. 10 മേഖലകളിലെ വികസനത്തിന് അവരുടെ ആശയങ്ങൾ ചർച്ച ചെയ്യൂ. അതു കേരള 3.0 ദൗത്യത്തിനുള്ള രൂപരേഖയായി  മാറും. മലയാള മനോരമ അതിനുള്ള പ്ലാറ്റ്ഫോം ഒരുക്കണം. കേരളത്തിന്റെ ആരാധകനാണു ഞാൻ. ഞാനും നിങ്ങൾക്കൊപ്പമുണ്ട്. പുതിയ ലോകത്തിന്റെ രൂപഘടന നിശ്ചയിക്കാനുള്ള ലബോറട്ടറിയായി കേരളത്തെ മാറ്റാം. 

ലോക്ഡൗൺ ആഘോഷം! 

ലോക്ഡൗൺ, കണക്ടിവിറ്റിയുടെ പുതിയ സാധ്യതകൾ തുറന്നതായി സാം പിത്രോദ. 15 ആഴ്ചകളായി യുഎസിലെ വീട്ടിൽനിന്നു പുറത്തിറങ്ങിയിട്ടില്ല. കോട്ടും സ്യൂട്ടുമിട്ടിട്ടില്ല. കാറിൽ പെട്രോളടിക്കണമെന്നോ ഷോപ്പിങ്ങിനു പോകണമെന്നോ ഉള്ള ആലോചനകളില്ല. പക്ഷേ, വിഡിയോ മീറ്റിങ്ങുകൾ വഴി ഇന്ത്യയിലെ കൃഷിക്കാരുമായും ഉദ്യോഗസ്ഥരുമായും ലോകത്തിന്റെ പല ഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധരുമായും സുഹൃത്തുക്കളുമായും ചർച്ചകൾ നടത്തുന്നുണ്ട്. രാവിലെ പാരിസിലും ഉച്ചയ്ക്കു ഡൽഹിയിലും വൈകിട്ടു ന്യൂയോർക്കിലും നടക്കുന്ന മീറ്റിങ്ങുകളിൽ ഒരു ചെലവുമില്ലാതെ പങ്കെടുക്കാൻ കഴിയുന്നുണ്ടെന്നും പിത്രോദ പറഞ്ഞു.  

(ടെലികോം വിദഗ്ധൻ, സംരംഭകൻ, വിവിധ വികസന നയങ്ങളുടെ ഉപജ്ഞാതാവ് എന്നീ നിലകളിൽ പ്രശസ്തൻ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവായിരുന്നു. രാജ്യത്തിന്റെ പ്രഥമ ടെലികോം കമ്മിഷന്റെ ചെയർമാനായി പ്രവർത്തിച്ച സാം പിത്രോദ, 2005–2009 കാലഘട്ടത്തിൽ ദേശീയ നോളജ് കമ്മിഷന്റെ മേധാവിയുമായിരുന്നു)

English Summary: Sam Pitroda on Kerala model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com