sections
MORE

കുതിക്കാൻ പുതുവഴികൾ

webinar-2
SHARE

കോവിഡ് പ്രതിസന്ധി അവസരമാക്കി മാറ്റി കേരളത്തിന്റെ കുതിപ്പിനു വഴിയൊരുക്കാമെന്ന പ്രതീക്ഷ പങ്കുവച്ച് 

മലയാള മനോരമ വെബിനാർ രണ്ടാം ദിവസം. വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച പമേല മാത്യു, വി.കെ.മാത്യൂസ്, 

തോമസ് ജോൺ മുത്തൂറ്റ്, അലക്സാണ്ടർ വർഗീസ്, ഡോ.ഷെരീഫ് സഹദുല്ല എന്നിവരാണ് ഇന്നലെ പുതിയ കാലത്തിന് യോജ്യമായ മാറ്റങ്ങളും പുതിയ ആശയങ്ങളും പങ്കുവച്ചത്...


വേണം, ‘വെർട്ടിക്കൽ ഇന്റഗ്രേഷൻ’

കൊച്ചിയിൽനിന്ന് പമേല മാത്യു

എല്ലാ ബിസിനസുകളും അതിൽ ഏർപ്പെട്ടിരിക്കുന്നവരും അനിവാര്യമായ മാറ്റങ്ങൾക്കു വിധേയമാകുന്ന കാലമാണിത്. ജീവനക്കാർ സ്വയം പുതിയ നൈപുണ്യങ്ങൾ നേടേണ്ടിയിരിക്കുന്നു. വ്യവസായങ്ങൾക്ക്, ഉൽപന്നങ്ങളിലും ഉൽപാദന പ്രക്രിയയിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഇത്തരം മാറ്റങ്ങൾക്ക് അനുവാദം കൊടുക്കുകയാണു ഗവൺമെന്റ് ചെയ്യേണ്ടത്. അതനുസരിച്ചു നിയമങ്ങളും ചട്ടങ്ങളും മാറ്റുകയും ഉദാരമാക്കുകയും വേണം.

കേരളത്തെ സംബന്ധിച്ചിടത്തോളം തൊഴിൽരംഗവും അടിസ്ഥാനസൗകര്യങ്ങളും സർക്കാർ നിയമങ്ങളും നിയന്ത്രണങ്ങളുമാണു ബിസിനസ് നടത്തിപ്പിൽ പ്രധാനം. കേരള മോഡലുമായി ബന്ധപ്പെട്ട തൊഴിൽരംഗത്തു കാര്യമായ മാറ്റം സാധ്യമാണെന്നു തോന്നുന്നില്ല. സപ്ലൈ ചെയിനുകൾ തകർന്നിരിക്കുന്നു. അസംസ്കൃത വസ്തുക്കളുടെയും ഉൽപന്നങ്ങളുടെയും നീക്കത്തിനു തടസ്സം നേരിട്ടിരിക്കുന്നു. ഇങ്ങനെയുള്ള ഒഴിവാക്കാനാവാത്ത പ്രതിബന്ധങ്ങൾ പരിഗണിച്ച് സർക്കാരും ഉദ്യോഗസ്ഥ സംവിധാനവും സഹകരിക്കുകയാണു വേണ്ടത്.

വ്യവസായങ്ങൾക്ക് 15 ഏക്കറിൽ കൂടുതൽ ഉടമസ്ഥത സാധ്യമല്ലെന്നും വ്യാവസായിക അടിസ്ഥാനത്തിൽ നടത്തുന്ന വലിയ തോട്ടങ്ങളിൽ മറ്റു കൃഷികൾ പാടില്ലെന്നും മറ്റുമുള്ള ചട്ടങ്ങൾ മാറ്റി, ഉപയോഗ നിയന്ത്രണങ്ങൾ നീക്കി ഭൂമിയെ സ്വതന്ത്രമാക്കുകയാണു വേണ്ടത്. ഏതു കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ചെയ്യാൻ അനുവദിക്കണം. ഒരു ഉൽപന്നം നിർമിക്കാൻ ലൈസൻസുള്ള വ്യവസായത്തെ മറ്റ് ഉൽപന്നങ്ങളിലേക്കു മാറാൻ അനുവദിക്കണം. ഓർഡറുകൾ ഇല്ലാതെ, ഉൽപാദനം മുടങ്ങി ജീവനക്കാർ വെറുതേയിരിക്കുന്ന സ്ഥിതി ഒഴിവാക്കാൻ ലെ ഓഫ് ചെയ്യാനുള്ള സ്വാതന്ത്ര്യം കമ്പനികൾക്കു നൽകണം.

പൊതുമേഖലയിലെ വിജയിച്ച സംരംഭമായ കെൽട്രോൺ എന്തുകൊണ്ട് പിന്നീടു പിന്നിലായിപ്പോയി? കാലം മാറിയതനുസരിച്ച് അവർ ബിസിനസ് പ്രോസസിലോ മാനേജ്മെന്റ് ശൈലിയിലോ തൊഴിൽ സംസ്കാരത്തിലോ യാതൊരു മാറ്റവും വരുത്തിയില്ല. ഭൂതകാലത്തെ മാറാപ്പുകളില്ലാതെ കെൽട്രോണിനെ വിജയകരമായി നടത്താൻ കഴിയുന്ന മാനേജ്മെന്റിനു കൈമാറുകയാണു വേണ്ടത്.

ഉൽപാദനവും വിതരണവും വിൽപനയുമെല്ലാം ഒരേ കമ്പനി നടത്തുന്ന ‘വെർട്ടിക്കൽ ഇന്റഗ്രേഷൻ’ രീതിയാണ് കേരളത്തിലെ സാഹചര്യത്തിൽ അനുയോജ്യം.

ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള മാലിന്യസംസ്കരണമാണ് കേരളത്തിന് അടിയന്തരമായി വേണ്ട മറ്റൊരു കാര്യം. ഇതും യാഥാർഥ്യമാക്കാൻ സർക്കാർ മുൻകൈ എടുക്കണം. കേരളത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനു വേണ്ട നിർദേശങ്ങൾ നൽകാൻ വിദഗ്ധരട‍ങ്ങിയ സമിതിയെ നിയോഗിക്കണം.

(ഒഇഎൻ ഇന്ത്യ ലിമിറ്റഡിന്റെ ചെയർപഴ്സനും എംഡിയും. 46 വർഷത്തെ പ്രവൃത്തിപരിചയം. കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ്, സിഐഐ കേരള ചെയർപഴ്സൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു)

അനുമതിക്ക് പ്രഫഷനൽ ഏജൻസി

ദുബായിൽനിന്ന് വി.കെ.മാത്യൂസ്

ചൈനയ്ക്കെതിരെ രാജ്യാന്തരതലത്തിൽ നീറിപ്പുകയുന്ന അസ്വസ്ഥത ചെറിയ അളവിലെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കു മുൻതൂക്കം നൽകിയേക്കും. ഇക്കാരണം കൊണ്ടു മാത്രം നമ്മൾ മെച്ചപ്പെടുമെന്നും കരുതരുത്. 

ആപ്പിൾ, ഗൂഗിൾ പോലെയുള്ള വമ്പൻ കമ്പനികളിൽ ജോലി ചെയ്യുന്ന നമ്മുടെ ആളുകൾ വഴി കേരളത്തിലേക്ക് സ്മാർട് മാനുഫാക്ചറിങ് സംവിധാനം കൊണ്ടുവരാനാകണം (ബിഗ് ഡേറ്റ പ്രോസസിങ്, ഇൻഡസ്ട്രിയൽ കണക്ടിവിറ്റി സംവിധാനങ്ങൾ, അഡ്വാൻസ്ഡ് റോബട്ടിക്സ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന കംപ്യൂട്ടർ അധിഷ്ഠിത വ്യവസായങ്ങളാണ് സ്മാർട് മാനുഫാക്ചറിങ്ങിന്റെ പരിധിയിൽ വരുന്നത്).

ഡിജിറ്റലാണ് ഇനിയുള്ള ഭാവി. കോവിഡ് വന്നപ്പോൾ ലോകം അതിവേഗം അതുമായി പൊരുത്തപ്പെട്ടതു കണ്ടില്ലേ? രാജ്യത്തെ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെ ആദ്യമായി ഒരു വെബിനാറിൽ മുഖം കാണിച്ചത് കഴിഞ്ഞ ആഴ്ചയാണ്. നിലവിലെ സേവനങ്ങൾ പലതും ഡിജിറ്റലാക്കാനുള്ള ശ്രമങ്ങൾ നടക്കുമെന്നതിനാൽ അത്തരം കമ്പനികൾക്കു മികച്ച അവസരമാണിത്.

സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും സർക്കാർതന്നെ നടത്തുന്നതിനു പകരം, പാസ്പോർട്ട് സംവിധാനത്തിൽ ടിസിഎസ് കമ്പനി പ്രവർത്തിക്കുന്നതു പോലെ ബിസിനസ് പ്രോസസ് മാനേജ്മെന്റ് രീതിയിലൂടെ പ്രഫഷനൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തണം. സർക്കാർ ഏജൻസികളുടെ മെല്ലെപ്പോക്ക് കേരളത്തെ വ്യവസായ സൗഹൃദമല്ലാതാക്കി മാറ്റുന്നുണ്ടെന്നു പറയാതെ വയ്യ.

ഇനിയുള്ള കാലം കമ്പനികൾ അവരുടെ പണത്തിന്റെ ഒഴുക്ക് (കാഷ് ഫ്ലോ) കൃത്യമായി നിരീക്ഷിച്ചില്ലെങ്കിൽ കുഴപ്പത്തിലാകും. പതിവില്ലാത്ത വിധം ഉപയോക്താക്കളുടെ ശബ്ദത്തിനു കാതോർക്കാനും കമ്പനികൾ നിർബന്ധിതരാകും. ജോലിരീതിയിൽ വന്ന മാറ്റങ്ങൾ, ബിസിനസിൽ വന്ന മാറ്റങ്ങൾ, ഇനിയുള്ള വെല്ലുവിളികൾ എന്നിവ കൃത്യമായി മനസ്സിലാക്കുകയും അതിനനുസരിച്ചു മാറുകയും വേണം.

പുതിയ സംരംഭങ്ങൾക്ക് അനുമതിയും ആവശ്യമായ ലൈസൻസുകളും നൽകുന്ന സംവിധാനം ഒരു പ്രഫഷനൽ ഏജൻസിക്ക് ഔട്സോഴ്സ് ചെയ്യുക. നിയമം ഉറപ്പാക്കേണ്ട ബാധ്യത മാത്രം സർക്കാർ ഏറ്റെടുത്താൽ കാര്യക്ഷമത വർധിക്കും. 

വിയറ്റ്നാമിനെപ്പോലെ, കേരളത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലമെന്ന തരത്തിൽ ബ്രാൻഡ് ചെയ്യുക. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെങ്കിലും കേന്ദ്രീകൃത മാലിന്യനിർമാർജന പ്ലാന്റുകൾ അനിവാര്യം.

(ഐടി പ്രോഡക്ട്സ് മേഖലയിലെ പ്രമുഖ കമ്പനിയായ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനും. ഐടി കമ്പനികളുടെ കൺസോർഷ്യമായ നാസ്കോമിന്റെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, സിഐഐ കേരള ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു)

വേണം, സാമൂഹികാഘാത ഫണ്ട്

തിരുവനന്തപുരത്തുനിന്ന് തോമസ് ജോൺ മുത്തൂറ്റ്

നോട്ട് നിരോധനം, ജിഎസ്ടി, രണ്ടു പ്രളയങ്ങൾ എന്നിവ കഴിഞ്ഞ് ഒടുവിൽ കോവിഡും. ഇവ കാരണം തകർന്നു തരിപ്പണമായി നിൽക്കുന്ന ടൂറിസം മേഖലയെയും സൂക്ഷ്മ ചെറുകിട സംരംഭങ്ങളെയും രക്ഷിക്കാൻ പണം നൽകുക എന്നതു തന്നെയാണ് സർക്കാർ ഇപ്പോൾ ചെയ്യേണ്ടത്. നേരിട്ടോ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെയോ ഒരു സാമൂഹികാഘാത ഫണ്ടിന് എത്രയും വേഗം തുടക്കമിടണം. മികച്ച ഒരു ഫണ്ട് ഹൗസിനെ ഇതിന്റെ നടത്തിപ്പു ചുമതല ഏൽപിക്കുകയും വേണം. തകർച്ച നേരിടുന്ന വ്യവസായങ്ങൾക്കു സാമ്പത്തിക സഹായം നൽകാൻ ഇൗ ഫണ്ട് ഉപയോഗിക്കാം. ഫണ്ടിലേക്കു നിക്ഷേപം നടത്തുന്നവർക്കു മാന്യമായ ലാഭവും ഉറപ്പാക്കാനാകും.

സംസ്ഥാനത്തെ 22 പ്രധാന വ്യവസായമേഖലകളിൽ, കോവിഡ് വ്യാപനം ഏറ്റവും ദോഷകരമായി ബാധിച്ചതു ടൂറിസം മേഖലയെയും സൂക്ഷ്മ ചെറുകിട സംരംഭങ്ങളെയുമാണ്. 15 ലക്ഷം പേർക്കു തൊഴിലും ജിഡിപിയിൽ 10% വിഹിതവും സംഭാവന ചെയ്യുന്ന ടൂറിസം മേഖല ആകെ തകർച്ചയിലാണ്. കോവിഡ് കാരണം ചെറുകിട റിസോർട്ടുകൾ മുതൽ നക്ഷത്രഹോട്ടലുകൾ വരെ അടച്ചുപൂട്ടുന്നു. 15 ലക്ഷം ജീവനക്കാരിൽ 75 ശതമാനത്തിനും തൊഴിലില്ലാതായി. പെട്ടെന്നു ടൂറിസം മേഖല ഉയിർത്തെഴുന്നേൽക്കുമെന്നു പ്രതീക്ഷിക്കാനുമാകില്ല. കുറെക്കാലമായി ഇൗ മേഖലയിൽ സ്വകാര്യ നിക്ഷേപവും കാര്യമായി നടക്കുന്നില്ല.

ഇപ്പോൾ സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജുകൾ എത്രമാത്രം സംരംഭകർക്കു ഗുണം ചെയ്യുമെന്നു കാത്തിരുന്നേ പറയാനാകൂ. ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുണ്ട്. കോവിഡിനു ശേഷമുള്ള കേരളത്തെ റീബ്രാൻഡ് ചെയ്തു ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇപ്പോൾ നമുക്കാകും. ഇതിനു സർക്കാർ മുൻകൈയെടുക്കണം. രാജ്യാന്തര ടൂറിസ്റ്റുകളെ ഉടനടി നമുക്കു പ്രതീക്ഷിക്കാനാകില്ല. പകരം, യൂറോപ്പിലെയും യുഎസിലെയും രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും മലയാളികളെ കേരളത്തിലേക്കു ക്ഷണിക്കാം. 

(കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള കൗൺസിൽ ചെയർമാൻ. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ‘യങ് ഹോട്ടൽ ഒൻട്രപ്രനർ’, ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ ബിസിനസ് മാൻ ഓഫ് ദി ഇയർ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു)

ഉണർവിന് മെഡിക്കൽ ടൂറിസം

ബഹ്റൈനിൽനിന്ന് ഡോ. ഷെരീഫ് സഹദുല്ല

ബ്യൂ റോക്രസി സൃഷ്ടിക്കുന്ന തടസ്സങ്ങളും അനാവശ്യ ഹർത്താലുകളും കേരള വികസനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. തിരുവനന്തപുരത്തു കിംസ് ആശുപത്രിയുടെ പുതിയ മന്ദിരനിർമാണത്തിനു പരിസ്ഥിതി അനുമതി ലഭിക്കാൻ 4 വർഷമെടുത്തു. എന്തുകൊണ്ടു വൈകി എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

നിപ്പയും പ്രളയങ്ങളും ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽനിന്നു തിരിച്ചുകയറാൻ കേരളത്തിനു കഴിഞ്ഞു. കോവിഡിനെയും നാം അതിജീവിക്കും. സാക്ഷരതയും ഉയർന്ന വിദ്യാഭ്യാസവും സാങ്കേതിക വിദ്യയിലെ മികവും കേരളത്തിനു വലിയ സാധ്യതകളാണു നൽകുന്നത്. ആരോഗ്യസേവന അധിഷ്ഠിതമായി പുതിയൊരു സമ്പദ്ഘടന വളർന്നുവരികയാണ്. ഫെറാറി പോലുള്ള ഓട്ടമൊബീൽ കമ്പനികൾ പോലും ആരോഗ്യരംഗത്തു നിക്ഷേപിച്ചു തുടങ്ങി. അതൊരു വലിയ മാറ്റമാണ്. കോവിഡിനു ശേഷം ആരോഗ്യരംഗത്തു സർക്കാരുകളും കൂടുതൽ ചെലവിടും. പൊതു,സ്വകാര്യ പങ്കാളിത്ത (പിപിപി) സാധ്യതകളും വർധിക്കുമെന്നാണു പ്രതീക്ഷ. ചെറിയ ആരോഗ്യപ്രശ്നങ്ങൾക്കു കമ്യൂണിറ്റി സെന്ററുകളും സങ്കീർണ ചികിത്സയ്ക്കു മാത്രം വലിയ ആശുപത്രികളും എന്ന രീതിയിലേക്കു നാം മാറിയേക്കാം.

കോവിഡ്കാലത്തു കേരളത്തിൽനിന്നുള്ള നഴ്സുമാർ ഉൾപ്പെടെയുള്ള ഹെൽത്ത് പ്രഫഷനലുകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. അവർക്കുള്ള സാധ്യതകൾ കൂടുകയേ ഉള്ളൂ. ആരോഗ്യവിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകണം. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് ചെറുകിട വ്യവസായമേഖലയ്ക്ക് ഉണർവു നൽകും. കേരളത്തിൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഏറെയുണ്ട്. വിവിധ മേഖലകളിൽ കേരളത്തിന്റെയും രാജ്യത്തിന്റെയും സ്വയംപര്യാപ്തതയ്ക്കു ചെറുകിട വ്യവസായ പുരോഗതി സഹായിക്കും.

കോവിഡ് ആരോഗ്യമേഖലയെ മാറ്റിമറിച്ച സാഹചര്യത്തിൽ ഡിജിറ്റൽ മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണമേഖലയിൽ കേരളം ശ്രദ്ധയൂന്നണം. സാങ്കേതിക വിദഗ്ധർ ധാരാളമുള്ള കേരളത്തിൽ ക്ലിനിക്കൽ എൻജിനീയറിങ്ങിനു സാധ്യതകളേറെ. വെന്റിലേറ്ററുകളും ഐസിയു ഡിജിറ്റൽ മോണിറ്ററുകളും ഡയാലിസിസ് മെഷീനുകളും വ്യക്തിസുരക്ഷാ (പിപിഇ) കിറ്റുകളുമൊക്കെ, ബഹുരാഷ്ട്ര ബ്രാൻഡഡ് കമ്പനികളുടേതിനെക്കാൾ വളരെ കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയും.

കോവിഡ് ചികിത്സയ്ക്കായി ഒട്ടേറെ വിദേശരാജ്യങ്ങളിലേക്കു ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റി അയച്ചത് ഇന്ത്യയാണ്. ഔഷധനിർമാണം വലിയ സാധ്യതയാണ്. കേരളവും ആ സാധ്യത ഉപയോഗിക്കണം.

മികച്ച ആരോഗ്യസേവന സംവിധാനങ്ങളുള്ള കേരളത്തെ, മെഡിക്കൽ ടൂറിസം കേന്ദ്രമാക്കി കൂടുതൽ കരുത്തോടെ വിപണനം ചെയ്യണം. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ മികച്ച പ്രവർത്തനങ്ങൾ നടത്തിയതും കേരളത്തിനു ഗുണകരമാകും.

(കിംസ് ഹെൽത്ത് ഗ്രൂപ്പ് സിഇഒ. ക്ലിനിക്കൽ മെഡിസിൻ, ഹോസ്പിറ്റൽ ഓപ്പറേഷൻസ് എന്നീ മേഖലയിൽ 20 വർഷത്തിലേറെ പ്രവൃത്തിപരിചയം. യുഎസിലെ പ്രശസ്ത ആശുപത്രികളിൽ ഉന്നത മാനേജ്മെന്റ് പദവികൾ വഹിച്ചിട്ടുണ്ട്. റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് (ലണ്ടൻ) ഫെലോ) 

ഭക്ഷ്യസുരക്ഷയ്ക്ക് ‘അഗ്രി ഹൈവേ’

തിരുവനന്തപുരത്തുനിന്ന് അലക്സാണ്ടർ വർഗീസ്

നെതർലൻഡ്സ് കൃഷിക്കു നൽകുന്ന പ്രാമുഖ്യം കേരളം മാതൃകയാക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി കർഷക സൗഹൃദ ഇടനാഴി അല്ലെങ്കിൽ ‘അഗ്രി–ഹൈവേ’ എന്ന ആശയം നടപ്പാക്കണം. ഗ്രാമങ്ങളിലേക്കു പണമെത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ, അതിജീവനം ഉറപ്പായെന്നു പറയാനാകൂ.

നെതർലൻഡ്സിനു സമാനമായ അവസ്ഥ കേരളത്തിൽ കൊണ്ടുവരാൻ കഴിയും. അവിടത്തേതുപോലെ അടുത്തടുത്തു കിടക്കുന്ന വലിയ കൃഷിസ്ഥലങ്ങളുണ്ടാകില്ലെങ്കിലും നിലവിലുള്ള കൃഷിസ്ഥലങ്ങളിലെ വിളവിന്യാസം ആഭ്യന്തര ഉപഭോഗം അനുസരിച്ചു ക്രമീകരിക്കാൻ കഴിയണം.ഗവേഷണവും ഓട്ടമേഷനും കൃഷിയുടെ ഭാഗമാകണം. 

സമീപകാലത്തു തന്നെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രികളിലോ ആരോഗ്യകേന്ദ്രങ്ങളിലോ പോകുന്ന പതിവുപേക്ഷിച്ച് ടെലിമെഡിസിനിലേക്കു മലയാളി മാറിയേക്കാം. ഇത്തരം മാറ്റങ്ങൾക്കായി ഏറ്റവും താഴെത്തട്ടിലുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കണം. ആരോഗ്യരംഗത്ത് ഡേറ്റ അനലിറ്റിക്സ് (വിവരവിശകലനം) ശാഖയ്ക്കു പതിവില്ലാത്ത വിധം ഉണർവുണ്ടാകുന്നതും നമുക്ക് അവസരമാണ്. സോഫ്റ്റ്‌വെയർ ബിസിനസിനു പുറമേ, ഹാർഡ്‌വെയർ വ്യവസായത്തിനും പറ്റിയ അന്തരീക്ഷമാണ് ഉയർന്നുവരുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), സെർവറുകൾ എന്നിവയിൽ കൂടിയാകും കേരളത്തിന്റെ സ്വന്തം ലാപ്ടോപ് കമ്പനിയായ കൊക്കോണിക്സ് ശ്രദ്ധ പതിപ്പിക്കുക. 

സംരംഭമേഖലയെ സഹായിക്കാനായി കേരള ഫണ്ട് എന്ന പേരിൽ ഒരു സ്ഥിരനിക്ഷേപ സംവിധാനം രൂപപ്പെടുത്തുക. സർക്കാർ നേരിട്ടു ബിസിനസുകൾ ഓടിക്കുന്നതിനു പകരം സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തി ഒരു റഗുലേറ്റിങ് അധികാരിയായി നിൽക്കുന്നതാകും ഉചിതം.

(പ്രമുഖ ഐടി സ്ഥാപനമായ യുഎസ്ടി ഗ്ലോബലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ. ടൈ കേരള, സിഐഐ സംസ്ഥാന കൗൺസിൽ എന്നിവയിൽ അംഗമാണ്. ഐസിടി അക്കാദമിയുടെ ഡയറക്ടർമാരിൽ ഒരാൾ)

vijayaraghavan
ജി.വിജയരാഘവൻ

ഭൂവിനിയോഗ നിയമങ്ങൾ മാറട്ടെ

ജി.വിജയരാഘവൻ മോഡറേറ്റർ

കോവിഡ് പ്രതിസന്ധിയിൽനിന്നുള്ള അതിജീവനത്തിന് സംസ്ഥാന സർക്കാർതന്നെ സുഭിക്ഷ എന്ന പേരിൽ കൃഷിവികസന പദ്ധതികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭൂവിനിയോഗ നിയമങ്ങളി‍ൽ അടിയന്തരമായ മാറ്റങ്ങൾ വരുത്തണം. ഭൂമിയിൽ ഏതു തരത്തിലുള്ള കൃഷിയും അനുവദിക്കണം. വിലയിടിവും കൂലിവർധനയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം തോട്ടം മേഖല ഉൾപ്പെടെ വലിയ പ്രതിസന്ധിയിലാണ്. ഭൂവിനിയോഗച്ചട്ടങ്ങളിൽ മാറ്റം വരുത്തിയാൽ അനുയോജ്യമായ കൃഷി നടത്താനും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിയൊരുങ്ങും.

മനസ്സുവച്ചാൽ മാറ്റം വരും

ഭരണാധികാരികൾ മനസ്സു വച്ചാൽ സർക്കാർ സംവിധാനങ്ങൾ നിമിഷങ്ങൾ കൊണ്ടു മാറ്റാൻ കഴിയുമെന്ന് ടെക്നോപാർക്കിലെ അനുഭവങ്ങൾ പങ്കിട്ട് ജി.വിജയരാഘവൻ. 

ടെക്നോപാർക്കിന്റെ ആദ്യ സമയത്തു കെട്ടിടം പണി തുടങ്ങാനിരിക്കേ പല പല വകുപ്പുകളിൽനിന്ന് അനുമതി വാങ്ങുന്നതു ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ അറിയിച്ചു. അദ്ദേഹം ബന്ധപ്പെട്ട വകുപ്പു മേധാവികളുടെ യോഗം വിളിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ഒഴികെയുള്ള അനുമതികളെല്ലാം ടെക്നോപാർക്ക് സിഇഒയ്ക്കു നൽകാൻ യോഗം തീരുമാനിച്ചു. 

തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ആശങ്ക ഉദ്യോഗസ്ഥർ ആവർത്തിച്ചപ്പോൾ കരുണാകരൻ പറഞ്ഞു – സർക്കാരിനുള്ള ഫീസ് നിങ്ങൾക്കു കിട്ടും. നിങ്ങളുദ്ദേശിക്കുന്ന ഫീസ് കിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA