sections
MORE

കോൺഗ്രസിൽ ഉദിച്ചുയരുന്ന ‘വി ഗ്രൂപ്പ്’; പിണറായിക്ക് 'ചെക്ക്' വച്ചതും യുവനേതാക്കള്‍

youth-congress
SHARE

അതിഥിത്തൊഴിലാളികളെ മടക്കി അയയ്ക്കാനുളള കെപിസിസിയുടെ ശേഷിയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ചെക്കുകൾ ഹാജരാക്കി തിരിച്ചടിച്ചതു കോൺഗ്രസ് നേതൃത്വത്തിന്റെ സമീപകാലത്തെ അതിവേഗനീക്കമായിരുന്നു. അണിയറയിൽ അതിനു തിരക്കഥ തയാറാക്കിയത് ഒരു സംഘം യുവനേതാക്കളാണ്. രംഗത്തെത്തിയതു യുവാക്കളായ ഡിസിസി പ്രസിഡന്റുമാരും.

ഗ്രൂപ്പുകളുടെ ഭാഗമായി നിൽക്കുമ്പോൾ തന്നെ ആ വേലിക്കെട്ടുകളെ അപ്രസക്തമാക്കിയുള്ള യുവാക്കളുടെ കൂട്ടായ ആസൂത്രണവും ഒരുമിച്ചുള്ള നീക്കവും സംസ്ഥാന കോൺഗ്രസിലെ ക്രിയാത്മക കാൽവയ്പായി മാറുകയാണ്. അക്കാര്യത്തിൽ ‘എ’യോ ‘ഐ’ യോ അല്ല, ഞങ്ങൾ ഒരുമിച്ചാണ്; ‘വി ഗ്രൂപ്പാ’ണ് എന്നു പ്രഖ്യാപിക്കുകയാണ് ഈ സംഘം.

ആശീർവാദത്തോടെ നേതൃത്വം

പുതു തലമുറയുടെ ഈ പടനീക്കത്തിനു മുതിർന്നവരുടെ ആശീർവാദം ഉണ്ടെന്നു നേതൃത്വം രൂപീകരിച്ച ഒരു സമിതിയുടെ ഘടന വ്യക്തമാക്കുന്നു. സിപിഎം സൈബർ ആക്രമണം നേരിടാനും പ്രത്യാക്രമിക്കാനുമായി വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, വി.ടി. ബൽറാം, കെ.എസ്. ശബരീനാഥൻ‍ എന്നിവരെയാണു കോൺഗ്രസ് നിയോഗിച്ചത്. സതീശനും ശബരിയും ‘ഐ’ ഗ്രൂപ്പ്, ഷാഫി ‘എ’ വിഭാഗവും ബൽറാം 2 ഗ്രൂപ്പുകളുമില്ലാത്തയാളും. കോവിഡും സാമ്പത്തിക പ്രതിസന്ധിയും കൂട്ടിക്കുഴച്ചു ധനമന്ത്രി തടിയൂരുകയാണെന്ന വികാരവും എംഎൽഎമാരുടെ വിഡിയോ കോൺഫറൻസിൽ ഉയർന്നപ്പോൾ അതു തുറന്നുകാട്ടാനുള്ള ദൗത്യവും ഇതേ നാൽവർ സംഘത്തെ ഏൽപ്പിച്ചു.

നിയമസഭാംഗങ്ങളായ തങ്ങളുടെ പ്രവർത്തനത്തെ കെപിസിസിയുമായി യോജിപ്പിക്കാനായി ഒരു അഞ്ചാമനെ അവർ നിർദേശിച്ചപ്പോഴും ഗ്രൂപ്പ് പരിഗണന ഉണ്ടായില്ല: കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്.

ഈ 5 പേർ ‘വി ഗ്രൂപ്പിന്റെ’ മുന്നണിപ്പടയാളികളാണെങ്കിൽ ഹൈബി ഈഡൻ, റോജി എം.ജോൺ, അനിൽ അക്കര, അൻവർ സാദത്ത്, ടി.സിദ്ദിഖ്, രമ്യ ഹരിദാസ് തുടങ്ങിയവരെല്ലാം ആ സേനയിലുണ്ട്. പൊതുരാഷ്ട്രീയവിഷയങ്ങളിൽ മൗലിക സംഭാവന ചെയ്യാൻ കഴിയുന്ന യുഡിഎഫ് നേതാക്കളായ എം.കെ. മുനീർ, എൻ.കെ.പ്രേമചന്ദ്രൻ, സി.പി.ജോൺ എന്നിവർ രക്ഷാധികാരിപ്പട്ടികയിലുള്ളവരാണ്.

ലീഗിലെ കെ.എം. ഷാജിക്കെതിരെ കേസെടുത്തപ്പോൾ ഏതാനും കോൺഗ്രസ് എംഎൽഎമാർ സ്പീക്കറെ സമീപിച്ചത് ഇവരുടെ ഐക്യദാർഢ്യ പ്രകടനമായിരുന്നു. കോൺഗ്രസ് ജനപ്രതിനിധികളുടെ വാളയാ‍ർ‍ അതിർത്തി സന്ദർശനത്തെ സൈബർ സഖാക്കൾ വൻവിവാദമാക്കുമ്പോൾ ഒരുമിച്ചുനിന്ന് ഇവർ തിരിച്ചടിക്കുന്നു. തങ്ങളുടെ മണ്ഡലങ്ങളിലെ പ്രവാസികളെ മടക്കിയെത്തിക്കാനായി ടിക്കറ്റ് എടുത്തുകൊടുക്കുന്ന പദ്ധതി യുവ എംഎൽഎമാർ പ്രഖ്യാപിച്ചതും ഈ കൂട്ടായ സമ്പർക്കത്തിൽ നിന്നുയർന്നുവന്നതാണ്.

തുടക്കം സഭാസൗഹൃദത്തിൽ

നിയമസഭാ സമ്മേളന ദിനങ്ങളിൽ തലസ്ഥാനത്തു തങ്ങുന്ന യുവ എംഎൽഎമാർക്കിടയിൽ വളർന്ന വ്യക്തിപരമായ അടുപ്പം സംഘടനാതലത്തിലുള്ള സംഭാവനകളിലേക്കു വഴിമാറുകയായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ‘സ്പ്രിൻക്ലർ’ ഉയർത്തിയപ്പോൾ ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും ആ പടനീക്കത്തിനു മുന്നിൽനിന്നത് ഈ യുവസംഘമാണ്. ഒരുമിച്ചു നിന്നു പൊരുതിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന പൊതുവികാരം തന്നെയാണു പിന്നിൽ. മുൻപേ നടന്നവർ എത്തിപ്പിടിക്കാവുന്ന ഉയരങ്ങൾ തൊട്ടവരാണെന്നും 2021ൽ തിരിച്ചുവരാനായില്ലെങ്കിൽ വലിയ നഷ്ടം തങ്ങൾക്കാണെന്നും ഇവർക്കെല്ലാം അറിയാം.

വിശാലവും ജനാധിപത്യപരവുമായ ചർച്ചകളിലൂടെ തീരുമാനത്തിലെത്തുക എന്ന പുതിയ കാലത്തിന്റെ വാദഗതിക്കാരാണ് ഈ നേതാക്കൾ. നവ മാധ്യമങ്ങളും പുതു സങ്കേതങ്ങളും ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരെ ആകർഷിക്കാൻ പോന്ന രാഷ്ട്രീയധാരയ്ക്കു വേണ്ടിയാണ് ഇവർ നിലകൊള്ളുന്നത്. തങ്ങളുടെ ചെറുപ്പം പാർട്ടിക്ക് ഊർജസ്വലതയും വേഗവും നൽകുമെങ്കിൽ അതിനായി ശ്രമിക്കുക എന്ന ലക്ഷ്യമാണു സംഘത്തെ നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിലടക്കം ഈ മാറ്റം പ്രതിഫലിക്കണമെന്നും ഓരോ മണ്ഡലത്തിലും വിജയിക്കാൻ കഴിയുന്ന സ്ഥാനാർഥി എന്ന ഒരേ ഒരു ഊന്നലിലേക്കു നേതൃത്വം എത്തണമെന്നും ഇവർ പ്രത്യാശിക്കുന്നു.

‘‘സ്ഥാനമാനങ്ങൾക്കോ വ്യക്തികളെ മാറ്റാനോ വേണ്ടിയല്ല ഞങ്ങൾ ശ്രമിക്കുന്നത്. കോൺഗ്രസും യുഡിഎഫും തിരിച്ചുവരിക എന്നതു മാത്രമാണു ലക്ഷ്യം’’– വി.ഡി.സതീശൻ പറഞ്ഞു.

‘‘ മുതിർന്നവരുടെ അനുഭവസമ്പത്തിനോ കഠിനാധ്വാനത്തിനോ പകരം വയ്ക്കാൻ ഞങ്ങളാരുമല്ല. അവരുടെ പിന്നിൽ ഒരുമിച്ചു നിൽക്കാനാണു ശ്രമിക്കുന്നത്’’– പി.സി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.‘‘ഇക്കാര്യത്തിൽ അണിയറയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണു ഞങ്ങൾ. ഏതാനും പേരല്ല, പുതിയ തലമുറയിലെ എല്ലാവരും ഇതിന്റെ ഭാഗമാണ്’’– ഷാഫി പറമ്പിൽ.

വാരലുകളുടെയും മലർത്തിയടികളുടെയും പാർട്ടിയായ കോൺഗ്രസിൽ ഈ ദൗത്യം ഏകമനസോടെ കൊണ്ടുപോകാൻ കഴിയുമോ എന്നതിൽ ഇവർക്കെല്ലാം ഉത്കണ്ഠയുണ്ട്. അതുകൊണ്ടുതന്നെ ഓരോ ചുവടുവയ്പിലും നേതൃത്വത്തിന്റെ ആശിർവാദം ഉറപ്പാക്കാനുള്ള ജാഗ്രത സംഘം കൈമോശം വരുത്തുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA