ADVERTISEMENT

രോഗകാലം ആശങ്കാഭരിതവും അനിശ്ചിതവുമായി നീളുമ്പോൾ ആധി കൂടുന്നതു സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുമാണ്. ജൂണിൽ സ്കൂളുകൾ തുറക്കാനായില്ലെങ്കിൽ അധ്യയനം മുടങ്ങാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റൽ മാർഗങ്ങൾ തേടുന്നത് ഉചിതംതന്നെ. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി കേരളം ഇതിനകം കൈവരിച്ച നേട്ടങ്ങൾ ഓൺലൈൻ പഠനത്തിലേക്കുള്ള മാറ്റത്തിനു സഹായകരമാണെങ്കിലും നിർധന കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്ക് ഇതെത്രത്തോളം പ്രാപ്യമാണെന്ന ആശങ്ക നിലനിൽക്കുന്നു.

ഓൺലൈൻ വിദ്യാഭ്യാസം മുൻപ് സാങ്കേതികവിദ്യാ മാറ്റത്തിന്റെ ഭാഗമായി മാത്രമാണ് ചർച്ചയായിരുന്നതെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. ഈ രോഗകാലത്തെ ആരോഗ്യസുരക്ഷാ മുൻകരുതലുകൾ പാലിച്ച് പഠനം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ഓൺലൈൻ സാധ്യതകൾ തേടിയേ തീരൂ എന്നതാണ് അവസ്ഥ. പഠനത്തിന് ഓൺലൈൻ മാർഗങ്ങൾ കേരളം മുൻപേ തേടിത്തുടങ്ങിയതാണ്. അക്കാര്യത്തിലെ വലിയ ചുവടുവയ്പായിരുന്നു സ്മാർട് ക്ലാസ് റൂമുകൾ. എന്നാൽ, സ്കൂളുകളിൽ ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പാക്കിയതുകൊണ്ടു മാത്രം കാര്യമില്ലെന്നാണ് ഈ രോഗകാലം നമ്മെ പഠിപ്പിച്ചത്. കുട്ടികൾക്കു വീടുകളിൽത്തന്നെ ഡെസ്ക്ടോപ് കംപ്യൂട്ടറോ ലാപ്ടോപ്പോ ടാബ്‌ലറ്റോ, കുറഞ്ഞപക്ഷം സ്മാർട് ഫോണോ എങ്കിലും വേണം. മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റിയും വേണം.

എന്നാൽ, സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം വിദ്യാർഥികൾക്കു വീട്ടിൽ ടിവി, ഇന്റർനെറ്റ്, സ്മാർട് ഫോൺ സൗകര്യങ്ങളില്ലെന്നാണ് ഇതുസംബന്ധിച്ച് കേരള സർക്കാരിനു വേണ്ടി നടത്തിയ ‘സമഗ്ര ശിക്ഷ കേരള’ സർവേയിൽ വ്യക്തമായത്. യാഥാർഥ്യം ഈ കണക്കിനെക്കാൾ ആശങ്കാജനകമാണെന്നു വേണം കരുതാൻ. ഒരു സ്മാർട് ഫോൺ മാത്രമുള്ള വീട്ടിൽ രണ്ടു കുട്ടികളുടെ പഠനം എങ്ങനെ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകും? കുട്ടികൾക്ക് ഉപയോഗിക്കാൻ മാത്രമായി ഡിജിറ്റൽ ഉപകരണങ്ങളുള്ള എത്ര വീടുകൾ നമുക്കിടയിലുണ്ട്? കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പരാധീനതകൾക്കിടയിൽ ഇത്തരം ചെലവുകൾ പുതുതായി താങ്ങാനാകുമോ എന്ന ചോദ്യവും ഉയരുന്നു.

സാമ്പത്തികശേഷിയുള്ള ചെറിയ വിഭാഗം കുട്ടികൾ പുതിയ സാഹചര്യവുമായി വേഗം പൊരുത്തപ്പെടുമ്പോൾ, തുല്യ അവസരം ലഭിക്കാതെ പിന്തള്ളപ്പെട്ടുപോകാനിടയുള്ള വലിയ ഭൂരിപക്ഷം കുട്ടികളുടെ ഭാവിയെക്കുറിച്ച് നാം ഇപ്പോഴേ ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. ഈ ലോക്ഡൗൺ കാലത്തു കുറച്ചു കുട്ടികളെങ്കിലും ഓൺലൈനിലൂടെ അനൗപചാരിക തലത്തിൽ പഠനം മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും ഓർക്കുക. സാങ്കേതികവിദ്യാ സൗകര്യങ്ങളിലെ അന്തരം മൂലമുള്ള ‘ഡിജിറ്റൽ ഡിവൈഡ്’ നേരത്തേ തന്നെ ചർച്ചകളിലുണ്ട്. അതിന്റെ പ്രത്യാഘാതം പതിന്മടങ്ങ് രൂക്ഷമാകാനുള്ള സാധ്യത തിരിച്ചറി‍ഞ്ഞുള്ള പരിഹാര നടപടികളാണ് നമുക്ക് ഇപ്പോൾ വേണ്ടത്.

സംസ്ഥാനത്തെ കോളജുകളിൽ ജൂൺ ഒന്നിനു തന്നെ അധ്യയനം തുടങ്ങാനാണു തീരുമാനം. ക്ലാസുകൾ ഓൺലൈൻ വഴി ആയതിനാൽ കോളജിൽ എത്തേണ്ടതില്ല. ഡിജിറ്റൽ ഉപകരണ ലഭ്യതയും കണക്ടിവിറ്റിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ വെല്ലുവിളിയാകാൻ പോകുന്നതും കോളജുകളിലും സർവകലാശാലകളിലുമാണ്. സ്കൂൾ വിദ്യാർഥികളുടെ കാര്യത്തിലെന്ന പോലെ കൃത്യമായ കണക്കെടുപ്പും അതിനനുസരിച്ചുള്ള ഒരുക്കവും ഉന്നതവിദ്യാഭ്യാസ മേഖലയിലും ആവശ്യമാണ്. പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിൽ ‘ഡിജിറ്റൽ ശേഷി’ കൂടിയുള്ള വിദ്യാർഥികളെ കോളജ്– സർവകലാശാലാ തലത്തിൽ വാർത്തെടുക്കാൻ കേരളത്തിനു കഴിയണം. പരീക്ഷ പോലും മാറ്റിവയ്ക്കേണ്ടി വന്ന ഇപ്പോഴത്തെ സാഹചര്യം പുതിയ മൂല്യനിർണയ സമ്പ്രദായങ്ങളെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യകതകൂടി നമ്മെ ബോധ്യപ്പെടുത്തുന്നു.

സ്മാർട് ക്ലാസ്റൂമിന്റെ തുടർച്ചയായി ‘സ്മാർട്’ വിദ്യാർഥികളുടെ കേരളം സൃഷ്ടിക്കാൻ ഭാവനാപൂർണമായ പുതിയൊരു ചുവടുവയ്പ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുക എന്നതാണ് ആവശ്യം. ഡിജിറ്റൽ ഉപകരണം, ഡേറ്റ ലഭ്യത എന്നിവ പഠനത്തിനുള്ള അടിസ്ഥാന ആവശ്യങ്ങളായി തിരിച്ചറിഞ്ഞ് അവയ്ക്കു വേണ്ടിയുള്ള വിദ്യാഭ്യാസ മുതൽമുടക്കിനു വഴി കണ്ടെത്താൻ സർക്കാരിനു കഴിയണം. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ആ വെല്ലുവിളി സ്കൂൾ, കോളജ് അധ്യാപകർ ഏറ്റെടുക്കുകയും പൊതുസമൂഹം അതിൽ പങ്കാളിയാകുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com