മുന്നിൽ വഴികളേറെ; ഇനി ഇറങ്ങണം

webinar..
SHARE

സർക്കാരിന്റെ കാഴ്ചപ്പാടിലും സമീപനങ്ങളിലും ക്രിയാത്മക മാറ്റമുണ്ടായാലേ കേരളത്തിന്റെ അതിജീവനം സാധ്യമാകൂ എന്ന് വിദഗ്ധർ. മലയാള മനോരമ ‘ജീവിതം തുടരുമ്പോൾ’ വെബിനാർ പരമ്പരയുടെ അവസാന ഭാഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സി. ബാലഗോപാൽ, ദീപക് രവീന്ദ്രൻ, ഷീല കൊച്ചൗസേപ്പ്, ശിവദാസ് മേനോൻ, അജിത് മൂപ്പൻ, രാജേഷ് നായർ, പ്രസാദ് പണിക്കർ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്. 3 വെബിനാറുകളും 3 വെബെക്സ് കോൺഫറൻസുകളുമായി നടന്ന പരമ്പരയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒട്ടേറെപ്പേർ പങ്കാളികളായി.

വെബിനാർ ചർച്ചകളിൽ ഉയർന്ന പ്രധാന ആശയങ്ങളും നിർദേശങ്ങളും

കേരളം 3.0 മിഷൻ

നിലവിലുള്ള സർക്കാർ സംവിധാനങ്ങൾ വഴി പുതിയ പദ്ധതികൾ നടപ്പാക്കുന്നതിന് പ്രായോഗികമായ പല തടസ്സങ്ങളുമുണ്ട്. ഇതിനെ മറികടക്കാൻ പ്രത്യേക അധികാരങ്ങളുള്ള മിഷന്റെ നേതൃത്വത്തിലായിരിക്കണം പദ്ധതികൾ. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളിൽ വിദഗ്ധരായ 100 മലയാളികളുടെ ആശയങ്ങൾ സമാഹരിച്ച് മിഷന്റെ പ്രവർത്തനങ്ങൾക്കു രൂപരേഖ തയാറാക്കണം. ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനും പുതിയ നിക്ഷേപങ്ങൾ വരാനും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്ന് എന്ന തരത്തിൽ കേരളത്തെ റീബ്രാൻഡ് ചെയ്യണം.

മിഷൻ മാതൃകയിൽ ഏറ്റെടുക്കേണ്ട പദ്ധതികൾ:
∙ കൃഷി, ഭക്ഷ്യസംസ്കരണം: കേരളത്തിന്റെ സാമ്പത്തികവും തൊഴിൽപരവുമായ പുനരുജ്ജീവനത്തിനുള്ള ഏറ്റവും പ്രായോഗികമായ മാർഗം. തനതുരീതികളും ജൈവകൃഷിയും ഇസ്രയേൽ മാതൃകയിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള രീതികളും ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കുകയും കേരള ബ്രാൻഡിൽ ലോക വിപണിയിലെത്തിക്കുകയും വേണം. കാർഷികവിഭവങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാൻ പ്രത്യേക ഊന്നൽ നൽകണം.
∙ വസ്ത്രം: പരമ്പരാഗത കൈത്തറി ഉൾപ്പെടെ കേരളത്തിന്റെ തനതായ വസ്ത്രശൈലിക്കു ലോകവിപണി കണ്ടെത്തണം. സ്കൂൾ യൂണിഫോം മുതൽ ലോകോത്തര ബ്രാൻഡുകൾ വരെ കാലത്തിനനുസരിച്ച മാറ്റങ്ങൾ കൊണ്ടുവരികയും ഗുണമേന്മ ഉറപ്പാക്കാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായം തേടുകയും വേണം.
∙ ആരോഗ്യം: കോവിഡ് പ്രതിരോധത്തിലെ മികവിലൂടെ കേരളത്തിലെ ആരോഗ്യമേഖല ലോകശ്രദ്ധയിലെത്തിക്കഴിഞ്ഞു. ഇതു പ്രയോജനപ്പെടുത്തി ആരോഗ്യപരിചരണ രംഗത്ത് ഗ്ലോബൽ ഹെൽത്ത് ഹബ് ആയി മാറാൻ കേരളത്തിനു കഴിയും. ആയുർവേദം ഉൾപ്പെടെയുള്ള സൗഖ്യചികിത്സാരംഗത്തും മെഡിക്കൽ ടൂറിസം രംഗത്തും വലിയ സാധ്യതകളുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ പിപിഇയും വെന്റിലേറ്ററുകളും ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണ ഹബ്ബായി കേരളത്തെ മാറ്റാൻ കഴിയും.
∙ കടൽ: കേരളത്തിന്റെ കുതിപ്പിനുള്ള ഇന്ധനം നമ്മുടെ കടലിലുണ്ട്. സമുദ്രവിഭവങ്ങൾ മാത്രമല്ല, തുറമുഖവികസനവും ഊർജോൽപാദനവും ടൂറിസവുമെല്ലാം കടലിനെ അടിസ്ഥാനപ്പെടുത്തി വളർത്തിയെടുക്കാം.
∙ വിദ്യാഭ്യാസം: ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റിയെടുക്കാനുള്ള ദൗത്യം.
∙ പരിസ്ഥിതി: പരിസ്ഥിതിസംരക്ഷണം, കാലാവസ്ഥാമാറ്റത്തിനെതിരെയുള്ള ബോധവൽക്കരണം, ദുരന്തനിവാരണം, മാലിന്യസംസ്കരണം എന്നിവയ്ക്ക് ഊന്നൽ നൽകണം.

മാറേണ്ട നയങ്ങൾ
∙ സ്വന്തം ഭൂമിയിൽ ഏതു കൃഷിയും ചെയ്യാനുള്ള അധികാരം കൃഷിക്കാർക്കു നൽകുന്ന രീതിയിൽ ഭൂവിനിയോഗ നയം മാറണം. ഇതു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
∙ പുതിയ സംരംഭങ്ങൾക്ക് അനുമതിയും ആവശ്യമായ ലൈസൻസുകളും നൽകുന്ന സംവിധാനം സർക്കാരിൽനിന്നു മാറ്റി പ്രഫഷനൽ ഏജൻസിയെ ഏൽപിക്കണം. പാസ്പോർട്ട് സേവനം ടിസിഎസിനെ ഏൽപിച്ച മാതൃക ഇതിനു സ്വീകരിക്കാം.
∙ ആരോഗ്യമേഖലയിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്ക് അനുമതി നൽകണം.
∙ സാമൂഹികവും ആരോഗ്യപരവുമായ സുരക്ഷയുള്ള മേഖല എന്ന നിലയിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിനു വലിയ സാധ്യതകളുണ്ട്. തൊഴിൽനൈപുണ്യ വികസനത്തിലൂന്നി പാഠ്യരീതി പരിഷ്കരിക്കണം. ഉന്നതവിദ്യാഭ്യാസമേഖലയെ വ്യവസായമേഖലയുമായി ബന്ധിപ്പിക്കണം. വിദേശഭാഷാപഠനം വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം. അവതരണ വൈദഗ്ധ്യവും ആശയവിനിമയവും ഉൾപ്പെടെ ചെറിയതലം മുതൽ പഠിപ്പിക്കണം.
വിദേശ സർവകലാശാലകളുടെയും സ്വകാര്യ സർവകലാശാലകളുടെയും ക്യാംപസ് തുടങ്ങാൻ സർക്കാർ അനുമതി നൽകണം.
∙ പൈനാപ്പിളും ജാതിക്കയും കശുമാങ്ങയും ഉൾപ്പെടെയുള്ള കേരളത്തിന്റെ സ്വന്തം കാർഷികോൽപന്നങ്ങളിൽ നിന്നു മദ്യം ഉൽപാദിപ്പിക്കാൻ നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തണം.
∙ ഹൈ സ്പീഡ് കണക്ടിവിറ്റി വർധിപ്പിക്കൽ സർക്കാരിന്റെ മുൻഗണനാ പദ്ധതിയാക്കണം.
∙ ഹൈഡ്രജൻ വാഹന ഇന്ധനമായി ഉപയോഗിക്കുന്നതു വ്യാപകമാക്കാനുള്ള പുതിയ നയത്തിനു രൂപം നൽകണം.

പുതിയ ആശയങ്ങൾ
∙ വിയറ്റ്നാം മാതൃക: അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള ഇക്കണോമിക് സോണുകൾ ഒരുക്കി വൻകിട കമ്പനികളെ ആകർഷിച്ചു. കർഷകത്തൊഴിലാളികളായ സ്ത്രീകൾക്കുൾപ്പെടെ ഇലക്ട്രോണിക് അസംബ്ലിങ് പരിശീലനത്തിലൂടെ ജോലി ലഭ്യമാക്കി. ഇപ്പോൾ ചൈനയിൽനിന്നു പിൻവാങ്ങുന്ന നിക്ഷേപകരുടെ പ്രധാന ലക്ഷ്യസ്ഥാനം. കുടുംബശ്രീയുടെ സഹകരണത്തോടെ കേരളത്തിനു ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന മാതൃക.
∙ സ്മാർട് ഡിസ്ട്രിബ്യൂട്ടഡ് മാനുഫാക്ചറിങ്: ആപ്പിൾ, ഗൂഗിൾ പോലെയുള്ള വമ്പൻ കമ്പനികളിൽ ജോലി ചെയ്യുന്ന നമ്മുടെ ആളുകൾ വഴി കേരളത്തിലേക്ക് സ്മാർട് മാനുഫാക്ച്ചറിങ് സംവിധാനം കൊണ്ടുവരണം. ബിഗ് ഡേറ്റ പ്രോസസിങ്, ഇൻഡസ്ട്രിയൽ കണക്ടിവിറ്റി സംവിധാനങ്ങൾ, അഡ്വാൻസ്ഡ് റോബട്ടിക്സ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന കംപ്യൂട്ടർ അധിഷ്ഠിത വ്യവസായങ്ങളാണ് സ്മാർട് മാനുഫാക്ചറിങ്ങിന്റെ പരിധിയിൽ വരുന്നത്.
∙ സാമൂഹികാഘാത ഫണ്ട്: തകർച്ച നേരിടുന്ന വ്യവസായങ്ങൾക്കു സാമ്പത്തിക സഹായം നൽകാൻ സർക്കാർ നേരിട്ടോ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെയോ സാമൂഹികാഘാത ഫണ്ട്.
∙ അഗ്രി ഹൈവേ: നെതർലൻഡ്സ് മാതൃകയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അഗ്രി ഹൈവേ പദ്ധതി.
∙ കേരള ഫണ്ട്: സംരംഭകരെ സഹായിക്കാനായി കേരള ഫണ്ട് എന്ന പേരിൽ സ്ഥിരനിക്ഷേപ സംവിധാനം.
∙ റിമോട്ട് സ്റ്റുഡിയോ: കോവിഡിനുശേഷം വികേന്ദ്രീകൃത ജോലി വ്യാപകമാകുന്ന സാഹചര്യത്തിൽ റിമോട്ട് വർക്കിങ് സ്റ്റുഡിയോകൾ തുടങ്ങണം.

∙∙∙

കേരളം ഹെൽത്ത് കെയർ ഹബ് ആകണം
സി. ബാലഗോപാൽ

ചെറുകിട സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ വ്യവസായമേഖലയുടെ ശക്തി. ഉൽപാദനമേഖലയെ കൂടുതൽ വികേന്ദ്രീകരിച്ചാൽ ഇത്തരം മഹാമാരികളിൽപെട്ട് ഒരു മേഖലയാകെ താൽക്കാലികമായെങ്കിലും തകരുന്ന അവസ്ഥ ഒഴിവാക്കാം. കുടുംബശ്രീ സ്വയംസഹായ സംഘങ്ങളെ ഇത്തരം ഉൽപാദന യൂണിറ്റുകളിൽ ഉപയോഗപ്പെടുത്താം.
സംസ്ഥാനത്തെ മുഴുവൻ പേരുടെയും ആരോഗ്യവിവരങ്ങൾ ഉൾപ്പെടുത്തിയ ഡേറ്റാബേസ് സർക്കാർ തയാറാക്കുകയും ആരോഗ്യരംഗത്തെ കൂടുതൽ ഡിജിറ്റലാക്കുകയും വേണം. ആരോഗ്യരംഗം ഏതൊക്കെ മേഖലയിൽ ശ്രദ്ധപതിപ്പിക്കണമെന്ന വിലപ്പെട്ട വിവരമാണ് ഇൗ ഡേറ്റ വിശകലനം ചെയ്യുമ്പോൾ ലഭിക്കുക. ടെലിമെഡിസിൻ സൗകര്യമടക്കം ഇതിലൂടെ സാധിക്കും. ഭാവിയിൽ ലോക്ഡൗൺ പോലും ഇതുവഴി ഒഴിവാക്കാം.
കേരളത്തെ മികച്ച ഹെൽത്ത് കെയർ ഡെസ്റ്റിനേഷനാക്കി മാറ്റാനാകും. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. ഇതു ചികിത്സയ്ക്കായുള്ള ലക്ഷ്യസ്ഥാനമാക്കി കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഉപകരിക്കും. സംസ്ഥാനത്തെ മുഴുവൻ പേരുടെയും ആരോഗ്യവിവരങ്ങൾ പരിശോധിച്ച് ഇമ്യൂണിറ്റി പാസ്പോർട്ട് പോലും തയാറാക്കാൻ കഴിയും.

(തെർമോപെൻപോൾ എംഡി. 1977ൽ ഐഎഎസ് ലഭിച്ചെങ്കിലും ആറു വർഷങ്ങൾക്കു ശേഷം ഉപേക്ഷിച്ചു സംരംഭകത്വത്തിലേക്കു കടന്നു. ടൈ കേരളയുടെ ആദ്യ പ്രസിഡന്റ്.)

ഗാർമെന്റ് ക്ലസ്റ്ററുകൾ തുടങ്ങണം
ഷീല കൊച്ചൗസേപ്പ്

ബിസിനസ് ചെയ്യുകയല്ല സർക്കാരിന്റെ ചുമതല. ബിസിനസ് ജനങ്ങൾക്കു വിട്ടുകൊടുക്കണം. മുൻപു പാസ്പോർട്ട് കിട്ടാൻ മാസങ്ങളെടുക്കുമായിരുന്നു. ഇപ്പോൾ ദിവസങ്ങൾ മതി. ടിസിഎസ് ആണു പാസ്പോർട്ട് സേവനങ്ങൾ ചെയ്യുന്നത്. ഇതുപോലെ പല സർക്കാർ സേവനങ്ങളും സ്വകാര്യ‌സംരംഭകരുമായി സഹകരിച്ചു നടപ്പാക്കണം.

വരുമാനത്തെക്കാൾ കൂടുതൽ ചെലവഴിക്കേണ്ട സ്ഥിതിയിലാണു സർക്കാർ. എങ്ങനെ മുന്നോട്ടുപോകും?
പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്കു തലവേദനയേറെയാണ്. വിവിധ അനുമതികൾക്കായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങാൻ തന്നെ രണ്ടുപേർ വേണ്ടിവരും. ഇന്നു ചെല്ലുമ്പോൾ നാളെ വരാൻ പറയും. എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്. ബിസിനസ് ചെയ്യാനുള്ള തുക ബാങ്കിൽ നിക്ഷേപിക്കുന്നതല്ലേ ഭേദമെന്നു പല സംരംഭകരും ചിന്തിച്ചു പോകും.
സർക്കാർ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിത്തരികയാണു ചെയ്യേണ്ടത്. ബാക്കിയെല്ലാം പിന്നാലെ വരും.
ചെറിയ ഗാർമെന്റ് യൂണിറ്റുകൾ കേരളത്തിലുണ്ട്. ബഹുനില കെട്ടിടങ്ങളിൽ ഇത്തരം യൂണിറ്റുകൾക്കായി ക്ലസ്റ്ററുകൾ ആരംഭിക്കണം. തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചെത്തുന്ന വിദേശമലയാളികൾക്കും ഇത്തരം യൂണിറ്റുകൾ ആരംഭിക്കാം. കേരള കസവിന്റെ സാധ്യതകൾ ഉപയോഗിക്കണം.
സിഐഐയും ടൈ കേരളയുമൊക്കെ കരകൗശല വികസന സ്ഥാപനങ്ങളുമായി ചേർന്ന് വ്യത്യസ്ത ഉൽപന്നങ്ങൾ നിർമിക്കാൻ പരിശീലനം നൽകുന്ന നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കണം.

(വി സ്റ്റാർ ക്രിയേഷൻസിന്റെ സ്ഥാപകയും എംഡിയും. ടൈ കേരളയുടെ വിമൻ ഒൻട്രപ്രനർ പുരസ്കാരം നേടിയിട്ടുണ്ട്.)

ഉയിർത്തെഴുന്നേൽക്കട്ടെ ടൂറിസം
രാജേഷ് നായർ

കേരളം ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനും വളർച്ചയ്ക്കും ശ്രദ്ധ ചെലുത്തുകയാണു വേണ്ടത്. ഊബർ സ്ഥാപകൻ ട്രവിസ് കലനിക് വർക്കലയിൽ വന്നാണ് ഊബറിന്റെ അടിസ്ഥാന സോഫ്റ്റ്‌വെയറിനു രൂപം കൊടുക്കുന്നത്. മാത്രമല്ല, ടൂറിസം രംഗത്തു മുടക്കുന്ന ഓരോ രൂപയ്ക്കുമുള്ള മൾട്ടിപ്ലയർ പ്രയോജനം മറ്റൊരു രംഗത്തിനുമില്ല. അനേകം വിഭാഗങ്ങളിലേക്ക് ആ പണമെത്തുന്നു. 

ഏഷ്യയിൽ ടൂറിസം വരുമാനത്തിന്റെ 40% അതതു സമൂഹങ്ങളിൽത്തന്നെ എത്തുന്നു. കേരളത്തിലും ഇതേ സ്ഥിതിയുണ്ട്. പ്രളയം കഴിഞ്ഞ് ടൂറിസം മടങ്ങിവന്ന പോലെ കോവിഡ് കഴിഞ്ഞും മടങ്ങിവരും.
തിരിച്ചെത്തുന്ന പ്രവാസികളിൽ അനേകർ അവിടെ ബിസിനസ് ചെയ്തു പരിചയിച്ചവരാണ്. അവർക്ക് ഇവിടെയും സംരംഭകരാകാൻ കഴിയും. അതിനായി പാർക്കുകളിൽ സ്ഥലം മാത്രമല്ല, പൊതു സൗകര്യങ്ങളും നൽകണം. ലാബ്, ഗവേഷണവികസനം, വിപണനം തുടങ്ങിയ പൊതു സൗകര്യങ്ങൾ നൽകുന്ന ക്ലസ്റ്ററുകൾ ഉണ്ടാവണം.
ഉന്നതവിദ്യാഭ്യാസവും നൈപുണ്യങ്ങളും നേടിയവരും തിരികെ വരുന്നവരിലുണ്ടാകും. അവരുടെ ആഗോള അനുഭവ പരിചയവും ബൗദ്ധിക മൂലധനവും ചെറുകിട സംരംഭങ്ങൾക്കു പ്രയോജനപ്പെടും. ഭാവി ഡിജിറ്റലിന്റേതാണെന്നും മനസ്സിലാക്കണം. ഏൺസ്റ്റ് ആൻഡ് യങ്ങിന് കേരളത്തിലുള്ള 7000 ജീവനക്കാരും ഇപ്പോൾ വീട്ടിലിരുന്നാണു ജോലി ചെയ്യുന്നത്.

(ഏൺസ്റ്റ് ആൻഡ് യങ് ബിസിനസ് ലീഡർ‌. ടൈ കേരള ചാപ്റ്ററിന്റെ മുൻ പ്രസിഡന്റ്. കേരള മാനേജ്മെന്റ് അസോസിയേഷന്റെ മാനേജർ ഓഫ് ദി ഇയർ അവാർഡ് നേടിയിട്ടുണ്ട്.)

കൃഷിയിൽ ഇസ്രയേൽ മാതൃക
ശിവദാസ് മേനോൻ

ദിവസേന 5500 ടൺ പച്ചക്കറിക്ക് ഇപ്പോഴും നമ്മൾ മറ്റു സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കൃഷി ഓഫിസർമാർക്കു കൃഷിക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ സമയം കിട്ടുന്നില്ല. മേലുദ്യോഗസ്ഥർക്കു വിവരങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നതു മാത്രമായി അവരുടെ തൊഴിൽ മാറി. ഇവർക്കു കൃഷിക്കാരുമായി കൂടുതൽ ഇടപഴകാൻ സമയം നൽകണം. 

കർഷകരെയും ഗവേഷണ സ്ഥാപനങ്ങളെയും വ്യവസായ സ്ഥാപനങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടാണ് കൃഷിരംഗത്ത് ഇസ്രയേൽ വിപ്ലവം സൃഷ്ടിച്ചത്. എന്നാൽ, നമ്മുടെ സർവകലാശാലയിലെ ഗവേഷണങ്ങളും പഠനങ്ങളും കടലാസിൽ മാത്രം അവശേഷിക്കുന്നു.
സ്വകാര്യഭൂമിയിൽ ഇഷ്ടമുള്ള വിളകൾ കൃഷിചെയ്യാൻ അനുവദിക്കുന്നതിനൊപ്പം സർക്കാർഭൂമിയിൽ സ്വകാര്യ വ്യക്തികൾക്കു കൃഷിയിറക്കാൻ സൗകര്യമൊരുക്കുകയും വേണം. വ്യവസായ സ്ഥാപനങ്ങളെ പിന്തുണയ്ക്കാൻ കെഎസ്ഐഡിസി ഉള്ളതുപോലെ കൃഷിമേഖലയ്ക്കായി കേരള സ്റ്റേറ്റ് അഗ്രികൾച്ചറൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്എഡിസി) സ്ഥാപിക്കണം. 10 ലക്ഷം വീടുകളിലെങ്കിലും ഏതെങ്കിലും തരത്തിലെ കൃഷി നടപ്പാക്കാൻ കഴിയണം. കുട്ടികൾക്ക് ചെറിയ ക്ലാസ് മുതൽ തന്നെ കൃഷിയിൽ അറിവു പകരണം.

(‌സ്റ്റേർലിങ് ഫാംസ് റിസർച് ആൻഡ് സർവീസസ് എംഡി. ടൈ പ്രസിഡന്റ്, സിഐഐ (സതേൺ റീജൻ) ചെയർമാൻ എന്നീ നിലകളിൽ
പ്രവർത്തിച്ചു.)

പഴയ രീതിയിൽ തുടരാനാവില്ല
അജിത് മൂപ്പൻ

കാർഷിക, വ്യാവസായിക ഉൽപാദനത്തിൽ നമുക്കു സ്വാശ്രയത്വം ഇല്ലാതിരുന്നിട്ടും കുഴപ്പമില്ലാതിരുന്ന കാലം പോയി. പ്രവാസിപ്പണത്തിന്റെ ബലത്തിൽ ഇനി തുടരാനാവില്ല. പുതിയ രീതികളിലേക്കു മാറാതെ കോവിഡ് അനന്തര കാലത്തു രക്ഷയില്ല. ടൂറിസത്തിൽപോലും നമ്മൾ പുതിയ രീതികൾ ആവിഷ്കരിക്കണം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതരം ആയുർവേദ ചികിത്സകൾക്കു പ്രാധാന്യം വർധിക്കും. ആ ലൈനിലേക്കു തിരിയണം.

വെന്റിലേറ്ററുകളും പിപിഇകളും പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ഹബ്ബാക്കി മാറ്റുക എന്നതു പ്രായോഗികമായ മറ്റൊരു നിർദേശമാണ്. കേരളത്തെ ഒരു ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കാം. വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ തുടങ്ങാം. പ്രവാസികൾ മടങ്ങുമ്പോൾ അവർക്കു പുതിയതരം നൈപുണ്യങ്ങൾ വേണ്ടിവരും. അതിനു പരിശീലനം കൊടുക്കുന്ന കേന്ദ്രങ്ങൾ വരണം.
ഹൈടെക് ഇലക്ട്രോണിക് വ്യവസായങ്ങൾക്കു കേരളം പറ്റിയ സ്ഥലമാണ്; ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എയ്റോ സ്പേസ് വ്യവസായങ്ങൾക്കും. മറുവശത്ത് കപ്പയും കശുവണ്ടിയും മറ്റും സംസ്കരിച്ചു വിപണനം നടത്തുന്ന ഭക്ഷ്യസംസ്കരണ വ്യവസായം വളരണം. വാണിജ്യാടിസ്ഥാനത്തിൽ ഹോർട്ടികൾച്ചർ ഉൽപന്നങ്ങൾ വിപണനം ചെയ്യാനുള്ള നിർദേശവും കേരളത്തിനു ചേർന്നതാണ്. വെറും 20–30 സെന്റ് സ്ഥലത്തുപോലും ഇത്തരം കൃഷി സ്വയംസംരംഭമായി ചെയ്യാൻ കഴിയും.

(ടൈ കേരള പ്രസിഡന്റ്. മാനുഫാക്ചറിങ്, പ്ലാന്റേഷൻ, റീട്ടെയ്ൽ മേഖലകളിൽ പ്രവർത്തിക്കുന്ന എംഎൻ ഹോൾഡിങ്സിന്റെ ചെയർമാൻ.)

സർക്കാർ പദ്ധതികളിൽ സ്റ്റാർട്ടപ് പങ്കാളിത്തം
ദീപക് രവീന്ദ്രൻ

കേരളം സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമാണെങ്കിലും ബെംഗളൂരുവിലും മുംബൈയിലുമുള്ള മികച്ച ഫണ്ടിങ് സാധ്യതകൾ ഇവിടെ ഇനിയുമായിട്ടില്ല. ഇക്കാരണത്താലാണ് പലരും അവരുടെ സംരംഭങ്ങൾ കേരളത്തിനു പുറത്തേക്കു കൊണ്ടുപോകുന്നത്. മികച്ച വിജയം നേടിയ മലയാളി സംരംഭകർ തിരികെ സ്വന്തം നാട്ടിലെ സംരംഭങ്ങളിൽ നിക്ഷേപിക്കുന്ന ട്രെൻഡ് ശക്തമായാൽ കേരളത്തെയും സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റാം. 

2008ലെ മാന്ദ്യകാലത്തിനു ശേഷം സേവന കമ്പനികൾ പ്രതിസന്ധി നേരിട്ടപ്പോഴും വിജയം കൊയ്തത് പ്രോഡക്ട് കമ്പനികളാണ്. അതേ സാധ്യത ഇത്തവണയുമുണ്ടാകും. സ്റ്റാർട്ടപ്പുകൾക്കു കൈത്താങ്ങാകുന്ന വൈ കോംബിനേറ്റർ പോലെയുള്ള ആക്സിലറേറ്ററുകൾ ഇത്തവണ വെർച്വൽ നിക്ഷേപമായിരിക്കും നടത്തുകയെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. മുൻപ് യുഎസിൽ പോയി താമസിക്കുക ഉൾപ്പടെയുള്ള നിബന്ധനകൾ പാലിച്ചു മാത്രമേ ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളു. ഇത്തവണ അത്തരം മെന്ററിങ് ക്ലാസുകളെല്ലാം വെർച്വലാകുകയാണ്. ഈ നീക്കം കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കു ശുഭസൂചനയാണ്.
ഗ്രാന്റ്, ഫണ്ടിങ് എന്നിവ നൽകുന്നതിനു പകരം സർക്കാർ പ്രോജക്ടുകളിൽ സ്റ്റാർ‌ട്ടപ്പുകൾക്ക് പങ്കാളിത്തം വർധിപ്പിക്കണം. തിരികെയെത്തുന്ന പ്രവാസികളുടെ അനുഭവപരിചയം കേരളത്തിലെ സംരംഭകമേഖലയിൽ മെന്റർഷിപ് രൂപത്തിൽ പ്രയോജനപ്പെടുത്തണം.

(സ്റ്റാർട്ടപ് ഇൻകുബേറ്ററായ പൈറേറ്റ് ഫണ്ടിന്റെ സ്ഥാപകൻ. ഇന്നോസ്, ക്വസ്റ്റ്, ലുക്അപ് എന്നീ മെസേജിങ് കമ്പനികളും സ്ഥാപിച്ചിട്ടുണ്ട്.)

ഹൈഡ്രജൻ നാളത്തെ ഇന്ധനം
പ്രസാദ് പണിക്കർ

ക്രൂഡ് ഓയിൽ വില കുറഞ്ഞുനിൽക്കുമെന്നതിനാൽ ഗൾഫ് രാജ്യങ്ങൾ കുറച്ചുനാളത്തേക്ക് അത്ര ആകർഷണീയമായിരിക്കില്ല. എന്നാൽ, ഒന്നു രണ്ടു വർഷത്തിനുള്ളിൽ സ്ഥിതി മെച്ചപ്പെടും. അപ്പോൾ അവിടെ ജോലി ചെയ്യാൻ നമ്മുടെ ആളുകൾക്ക് ഇപ്പോഴുള്ള തൊഴിൽ നൈപുണ്യം പോരാതെ വരും. കോവിഡിനു ശേഷം ബിസിനസ് മോഡലുകൾ പലതും ഡിജിറ്റലാകും. പുതിയ മേഖലകളിൽ നമുക്കുള്ള കഴിവുകൾ വർധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ ലഭിക്കാനിരിക്കുന്ന നേട്ടം നമുക്കു നഷ്ടമായേക്കാം. ഇതിനായി സർക്കാർ പല കാലത്തായി നിർമിച്ചിട്ടിരിക്കുന്ന നൈപുണ്യ വികസനകേന്ദ്രങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. ആരോഗ്യരംഗത്തു കേരളത്തിന്റെ മികവുകൊണ്ട് മെച്ചപ്പെട്ട സാമൂഹിക മൂലധനം ബ്രാൻഡ് ചെയ്ത് കേരളത്തെ നിക്ഷേപസൗഹൃദമാക്കണം. പെട്രോകെമിക്കൽ അസംസ്കൃത വസ്തുക്കൾ ഏറെയുണ്ടായിട്ടും ഫുട്‍വെയർ, പെയിന്റ് ഉൽപന്നങ്ങൾ കേരളത്തിനു പുറത്തുനിന്നാണു വരുന്നത്. ഇത്തരം വിടവുകൾ നികത്തണം. കോവിഡ് കാലത്തിനു ശേഷം ഗതാഗതമേഖല പൊളിച്ചെഴുതുമ്പോൾ ഹൈഡ്രജൻ ഇന്ധനത്തിനു പ്രാമുഖ്യം നൽകണം.

(നയര എനർജി റിഫൈനറി ഡയറക്ടർ. മുൻപ് ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA