ADVERTISEMENT

‘വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ’ എന്നു ബെർതോൾട് ബ്രെഹ്ത് പണ്ടു പറഞ്ഞതായി ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ, ചരിത്രത്തിൽ ഇതുവരെ ആരും പുസ്തകം തിന്നു വിശപ്പു ശമിപ്പിച്ചതായി രേഖയില്ല. പുസ്തകനിർമാണത്തിന്റെ അനിവാര്യഘടകമായ കടലാസിലുള്ള സെല്ലുലോസ് ദഹിപ്പിക്കാനുള്ള കഴിവ് ചിതലിനു മാത്രമേയുള്ളൂ എന്നാണു ശാസ്ത്രവിജ്ഞാനികൾ പറയുന്നത്.

എന്തായാലും, പുസ്തകം തിന്നാൽ വിശപ്പു മാറ്റാമെന്നു മാത്രമല്ല, കൊറോണ വൈറസിനെ അകറ്റാനും കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും. അതുകൊണ്ടാണ് വിദേശത്തു നിന്നെത്തി തണ്ണീർമുക്കത്തെ കെടിഡിസിയുടെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവർ സ്വന്തം കൃതികൾ എത്തിച്ചു കൊടുത്തത്.

പ്രവാസികൾക്ക് അത്യാവശ്യമുള്ള സാധനങ്ങളെല്ലാം ഗ്രാമ പഞ്ചായത്ത് അധികൃതർ ഹോട്ടലിൽ എത്തിച്ചു കൊടുത്തിരുന്നു. സോപ്പ്, ചീപ്പ്, കണ്ണാടി മുതലുള്ള സാധനങ്ങൾ പഞ്ചായത്ത് കിറ്റിൽ ഉണ്ടായിരുന്നു. കിറ്റിൽ ഇല്ലാത്ത അവശ്യസാധനങ്ങൾ ഏതാണെന്നു മന്ത്രിമാർ അന്വേഷിച്ചപ്പോൾ സിയാച്ചിനിലോ സൈബീരിയയിലോ പോലും സർവൈവ് ചെയ്യാനുള്ള അനുസാരികളെല്ലാം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

കിറ്റിൽ എന്തെല്ലാം വാരിക്കോരി നിറച്ചാലും എന്തെങ്കിലും വിട്ടുപോകാതിരിക്കില്ലെന്നു തീർച്ചയുള്ള മന്ത്രിമാർ അനുചരന്മാരെ വിട്ട് കിറ്റ് നേരിൽ പരിശോധിപ്പിച്ചു. അപ്പോഴാണ് വിട്ടുപോയ സാധനങ്ങൾ കണ്ടെത്തിയത് – ഐസക് മന്ത്രിയുടെ സാമ്പത്തികകാര്യ ലേഖനങ്ങളും സുധാകരമന്ത്രിയുടെ കവിതാസമാഹാരവും. അരിയും പരിപ്പുമില്ലെങ്കിലും ഒരുവിധത്തിൽ നാളു തള്ളിനീക്കാം. പക്ഷേ, ദിവസം മൂന്നുനേരം ഈ മന്ത്രിമാരുടെ ലേഖനവും കവിതയും വായിച്ചു മനഃപാഠമാക്കിയില്ലെങ്കിൽ കൊറോണ ക്വാറന്റീൻ വിജയകരമായി പൂർത്തിയാക്കാൻ കഴിയില്ല.

ഇക്കാര്യം ശ്രദ്ധയിൽപെടേണ്ട താമസം, മന്ത്രിമാർ പുസ്തകങ്ങൾ പഞ്ചായത്തുകാർക്ക് എത്തിച്ചു. സുധാകരന്റെ ‘അനന്തം, അജ്ഞാതം’, ‘അഴിമുഖത്ത് ഞാൻ’ തുടങ്ങിയ കവിതാസമാഹാരങ്ങളാണ് എത്തിച്ചത്. എല്ലാം ഔട്ട് ഓഫ് പ്രിന്റ് ആയതിനാൽ പുസ്തകങ്ങൾ കിട്ടാൻ കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പുകാരെയും ആശ്രയിക്കേണ്ടി വന്നു. ഏതായാലും ഐസക് സഖാവിന്റെ പുസ്തകം കിട്ടാൻ അത്രയ്ക്കു പ്രയാസപ്പെടേണ്ടി വന്നില്ലെന്നാണു കേട്ടത്. വിഷയം സാമ്പത്തികം ആയതുകൊണ്ടായിരിക്കാം.

പ്രവാസികൾക്കിടയിൽ വായന മരിക്കുന്നില്ലെന്നു തെളിയിക്കാൻ മന്ത്രിമാരുടെ തക്കസമയത്തുള്ള ഇടപെടൽ സഹായിക്കുമെന്നു കരുതാം. ഏതായാലും ക്വാറന്റീൻ കഴിയുമ്പോഴേക്കും തണ്ണീർമുക്കത്തു തമ്പടിച്ചിട്ടുള്ള പ്രവാസികൾ കാവ്യാസ്വാദനത്തിന്റെയും സാമ്പത്തിക ജ്ഞാനത്തിന്റെയും കാര്യത്തിൽ ബഹുദൂരം പുരോഗമിക്കുമെന്നു തീർച്ച. ‘ചതിപെട്ടാൽ പുനരെന്തരുതാത്തത്/ ഗതികെട്ടാൽ പുലി പുല്ലു തിന്നും’ എന്നു പറയുന്നത് ഇതിനെക്കുറിച്ചാണ്.

ഒരു പരോപകാരം, അത്രേയുള്ളൂ 

കേരളത്തിലെ പൊലീസുകാരുടെ ശാരീരിക വ്യായാമത്തിന് ഇത്രയും കാലം ധാരാളം അവസരങ്ങളുണ്ടായിരുന്നു. ആഴ്ചയിൽ 2 സെക്രട്ടേറിയറ്റ് ഉപരോധം, 2 ഏജീസ് ഓഫിസ് മാർച്ച്, 2 കലക്ടറേറ്റ് വളയൽ എന്നിവ ഉണ്ടായിരുന്ന കാലത്ത് വ്യായാമത്തിനു വേണ്ടതിലേറെ മാർഗങ്ങളുണ്ടായിരുന്നു. ലാത്തി വീശിയും വേണ്ടിവന്നാൽ കണ്ണീർവാതകം പ്രയോഗിച്ചുമെല്ലാം വ്യായാമം നടത്താം. അത്യാവശ്യം വേണ്ടിവന്നാൽ ലോക്കപ്പിലിട്ട് ചെറിയ തോതിൽ ഉരുട്ടിയാലും ആരും അറിയാൻ പോകുന്നില്ല.

എന്നാൽ, കോവിഡ് വന്നതോടെ സംഗതി ആകെ മാറി. ഉപരോധവും മാർച്ചും വളയലുമൊന്നുമില്ല. ആരെയെങ്കിലും ലാത്തി കൊണ്ടു തല്ലാമെന്നു വച്ചാൽത്തന്നെ, അതിനു സാമൂഹിക അകലം പാലിക്കണം. അകലം പാലിച്ചാൽ ലാത്തി കഷ്ടിച്ചേ ഇരയുടെ ദേഹത്ത് എത്തൂ. ഇത്തരം മൈനർ സെറ്റ് പ്രയോഗങ്ങളൊന്നും വ്യായാമത്തിനു പകരമാവില്ല. കൊറോണ ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്ക് രാപകലില്ലാത്ത കഠ‌ിനാധ്വാനത്തിനിടയിൽ ഇതൊന്നും ചിന്തിച്ചു ബേജാറാകാൻ സമയവുമില്ല.

എന്നാൽ, കൊറോണ ഡ്യൂട്ടിയൊന്നുമില്ലാത്ത ചുരുക്കം ചിലരുടെ കാര്യം അതല്ല. മറ്റൊന്നും ചെയ്യാനില്ലെന്നു വന്നാൽ, ജോലിയില്ലാ പൊലീസുകാരുടെ മനസ്സിൽ ചെകുത്താൻ കൂടുകൂട്ടിത്തുടങ്ങും. കള്ളവാറ്റ്, മദ്യക്കടത്ത് തുടങ്ങിയ ഹോബികളിലേക്ക് അവരുടെ ശ്രദ്ധ തിരിയും. ബാറും ബവ്റിജസും പൂട്ടിയതോടെ നട്ടംതിരിയുന്ന മദ്യപർക്കു മുന്നിൽ ഇരുകൈകളിലും കുപ്പികളുമായി ദൈവരൂപത്തിൽ അവതരിക്കുകയായിരുന്നു കൊച്ചിയിലെ ചില പൊലീസുകാർ. ലീറ്ററിന് 520 രൂപയ്ക്കു കിട്ടുന്ന മദ്യം 3500 രൂപയ്ക്കാണത്രെ അവർ വിറ്റിരുന്നത്.

ഇതിൽ തെറ്റു പറയാനാവില്ല. റേഷൻകടയിലോ മാവേലി സ്റ്റോറിലോ മെഡിക്കൽ ഷോപ്പിലോ കിട്ടാത്ത സാധനമല്ലേ? അൽപസ്വൽപം വില കൂടുതൽ നൽകേണ്ടി വരും. ആപത്തിനെ അവസരമാക്കണമെന്നാണ് അടുത്ത കാലത്തായി ഉയർന്നുകേൾക്കുന്ന മുദ്രാവാക്യം. അതു പ്രാവർത്തികമാക്കുക മാത്രമായിരുന്നു കൊച്ചിയിലെ മിടുക്കന്മാർ. അതിന്റെ പേരിൽ അവർക്കെതിരെ കേസും പൊല്ലാപ്പും ഉണ്ടാക്കുന്നതു മാപ്പർഹിക്കാത്ത കുറ്റമാണ്. സത്യത്തിൽ മദ്യവും ഒരു മരുന്നല്ലേ? അത്യാവശ്യക്കാർക്ക് അത് എത്തിച്ചുകൊടുക്കുന്നവരെ കേസിൽ കുടുക്കുന്നതു ന്യായമാണോ?

കടുവയ്ക്കു വച്ചത്...

കടുവയെ പിടിക്കാൻ പറ്റിയില്ലെങ്കിലും പന്നിയെ അടിയറവു പറയിച്ചതിന്റെ ആഹ്ലാദത്തിലാണ് പത്തനംതിട്ടയിലെ വനം വകുപ്പുകാർ. കടുവയെ വെടിവയ്ക്കണമെങ്കിൽ തീർത്തും എളുപ്പമാണ്. ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ കടലാസുണ്ടെങ്കിൽ എല്ലാം ഭദ്രം. കടുവയെ കെണിവച്ചോ വെടിവച്ചോ പിടികൂടാൻ ഈ കടലാസു തന്നെ ധാരാളം.

എന്നാൽ, പന്നിയുടെ കാര്യം ഇതുവരെ അങ്ങനെയായിരുന്നില്ല. പന്നിയെ വെടിവയ്ക്കണമെങ്കിൽ ആദ്യം അതു ഗർഭിണിയല്ലെന്ന് ഉറപ്പുവരുത്തണം. അതിനു മൂത്രവുമായി ലാബിലേക്കോടുന്ന കർഷകന്റെ ഗതികേട് ഓർത്തു നോക്കണം. ഗർഭിണിയല്ലെന്നു തെളിഞ്ഞാലും തരമില്ല. അതു മുലയൂട്ടുന്ന പന്നിയല്ലെന്നും തെളിയിക്കണം. പന്നിയെ വെടിവയ്ക്കുന്ന നേരത്ത് അതു കാട്ടിൽനിന്നു കൃഷിയിടത്തിലേക്കു വരികയായിരുന്നുവെന്ന് വടക്കുനോക്കിയന്ത്രത്തിന്റെ സഹായത്തോടെ തെളിയിക്കണമെന്നും പഴയ നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. പന്നി വെടിയേറ്റു വീണാൽ അത് അനാമത്തു ചെലവുകളുടെ തുടക്കം മാത്രമേ ആകുന്നുള്ളൂ. പന്നിയുടെ ശവദാഹം നാലുപേർ കേട്ടാൽ നിരക്കുന്ന രീതിയിൽത്തന്നെ വേണം നടത്താൻ. മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചുവേണം ചിതയൊരുക്കാൻ.

ചന്ദനവും രാമച്ചവുമെന്നായിരുന്നു ആദ്യ ഉത്തരവിൽ. അത്രയ്ക്കു ഡെക്കറേഷനും ഇല്യൂമിനേഷനുമൊന്നും വേണ്ടെന്നു പന്നികൾതന്നെ കൂട്ടത്തോടെ വനം വകുപ്പ് ആസ്ഥാനത്തു ചെന്ന് ആവശ്യപ്പെട്ട പ്രകാരമാണ് ആ വ്യവസ്ഥ ഭേദഗതി ചെയ്തത്. ഏതായാലും ഭേദഗതി ചെയ്ത ഉത്തരവിന്റെ ബലത്തിൽ കോന്നിയിലെ വനംവകുപ്പുകാരാണു സംസ്ഥാനത്ത് ആദ്യമായി കാട്ടുപന്നിയെ വെടിവച്ചു റെക്കോർഡ് സൃഷ്ടിച്ചത്. ഇവർക്കു വീരാളിപ്പട്ട്, വള, കരമൊഴിവായി ഭൂമി തുടങ്ങിയവ നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

കടുവയിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണു പന്നിയുടെ ആസൂത്രിത കൊലപാതകമെന്നു ചിലർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. യുഡിഎഫ് നേതാക്കളുടെ ഫെയ്സ്ബുക് പോസ്റ്റുകൾ വായിച്ച് അതിന്റെ സ്വാധീനത്തിനു കീഴ്പ്പെട്ടവരാണിവർ.

സ്റ്റോപ് പ്രസ്: എങ്ങനെ പൊറോട്ട ഉണ്ടാക്കണമെന്ന് നോർക്ക വൈസ് ചെയർമാന്റെ ഫെയ്സ്ബുക് പോസ്റ്റ്.

തുടർന്നും ഫെയ്സ്ബുക്കിൽ ഉണ്ടാക്കുന്നതാണു നല്ലത്. ആരുടെയും വയർ ചീത്തയാവില്ലല്ലോ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com