sections
MORE

ലോക്ഡൗണിലെ ബിൽ ഷോക്ക്

SHARE

ലോക്ഡൗൺ കാലത്തു ലഭിച്ച കനത്ത വൈദ്യുതി ബിൽ ഗാർഹിക ഉപയോക്താക്കൾക്കു വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. വൈദ്യുതി ഉപയോഗം കൂടിയപ്പോൾ സ്ലാബ് മാറിയതോടെ പലർക്കും ബിൽ തുകയിൽ വലിയ വർധനയാണുണ്ടായത്. അല്ലെങ്കിൽത്തന്നെ, അടച്ചിടൽകാലത്തിന്റെ സാമ്പത്തികക്ലേശങ്ങളിൽ വലയുന്ന നല്ലൊരു പങ്ക് ഉപയോക്താക്കളും വൻതുക എങ്ങനെ അടയ്ക്കണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ലോക്ഡൗൺ കാലത്ത് ആളുകൾ വീട്ടിലിരുന്നപ്പോൾ എസി, ഫാൻ, ടിവി, കംപ്യൂട്ടർ എന്നിവയുടെ ഉപയോഗം വർധിച്ചു. ഇതിനനുസരിച്ച് പലരും ഉയർന്ന സ്ലാബിൽ എത്തുകയും ചെയ്തു. സമ്പൂർണ ലോക്ഡൗൺ സമയത്തു വൈദ്യുതി ബിൽ പിഴ കൂടാതെ അടയ്ക്കുന്നതിനു സർക്കാർ സാവകാശം നൽകിയിരുന്നു. എന്നാൽ, ലോക്ഡൗണിൽ ഇളവ് അനുവദിച്ചതോടെ വൈദ്യുതി ബോർഡ് പണം സ്വീകരിച്ചുതുടങ്ങി. പണം അടച്ചില്ലെങ്കിൽ ഇപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെങ്കിലും പിന്നീടു പിഴ ഉൾപ്പെടെ അടയ്ക്കേണ്ടി വരും. തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരും ഈ ഘട്ടത്തിൽ കറന്റ് ചാർജിനായി വലിയ തുക കണ്ടെത്തേണ്ടിവരുന്നു.

വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ (എൽടി/എച്ച്ടി/ഇഎച്ച്ടി) വൈദ്യുതി കണക്‌ഷനുകളുടെ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഫിക്സ്ഡ് ചാർജ് ആറുമാസത്തേക്കു മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ, ഇത് എഴുതിത്തള്ളുന്നതിനു കേന്ദ്ര സഹായം വേണമെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. കേന്ദ്രം സബ്സിഡി അനുവദിച്ചില്ലെങ്കിൽ ഇതു പിന്നീടു നൽകേണ്ടി വരും. ഇത്തരം കാര്യങ്ങളിൽ അനിശ്ചിതത്വത്തിലാണ് ഉപയോക്താക്കൾ.

ശരാശരി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ബിൽ ലഭിച്ച ഗാർഹികേതര എൽടി ഉപയോക്താക്കൾ ഇത്തവണ ബിൽ തുകയുടെ 70% അടച്ചാൽ മതി. ലോക്ഡൗൺ മൂലം മാർച്ച് 24 മുതൽ ഏപ്രിൽ 20 വരെ ഗാർഹിക ഉപയോക്താക്കളുടെ മീറ്റർ റീഡിങ് എടുത്തിരുന്നില്ല. ഏപ്രിൽ 15 വരെ ശരാശരി ഉപയോഗം കണക്കാക്കിയാണു ബിൽ എസ്എംഎസ് ആയി നൽകിയത്. ഏപ്രിൽ 20 ന് മീറ്റർ റീഡിങ് പുനരാരംഭിച്ചു. ഏപ്രിൽ 16 മുതൽ റീഡിങ് എടുക്കേണ്ട പല ഉപയോക്താക്കളുടെയും റീഡിങ് ഏപ്രിൽ 20നോ അതിനടുത്ത ദിവസങ്ങളിലോ ആണ് എടുത്തത്. മീറ്റർ റീഡിങ് വൈകിയതു മൂലം ഉപയോഗത്തിൽ രേഖപ്പെടുത്തിയ വർധന വൈദ്യുതി ബോർഡ് തിരുത്തി നൽകിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, കൃത്യം 60 ദിവസത്തെ ഉപയോഗം കണക്കാക്കി കനത്ത വൈദ്യുതി ബിൽ ലഭിച്ചവർ അത് അടച്ചേ പറ്റൂ എന്നതാണു സ്ഥിതി.

അതേസമയം, ബിൽ തുക കൂടുതലാണെന്ന പരാതി എല്ലാ വേനൽക്കാലത്തും ഉണ്ടാകാറുണ്ടെന്നും ലോക്ഡൗൺ കാരണം കഴിഞ്ഞ ഒന്നര മാസമായി കുടുംബത്തിലെ അംഗങ്ങളെല്ലാം വീടിനുള്ളിൽ കഴിഞ്ഞപ്പോൾ വൈദ്യുതി ഉപയോഗം കൂടുകയും ബിൽ തുക വർധിക്കുകയും ചെയ്തതാണെന്നുമാണ് വൈദ്യുതിമന്ത്രി എം.എം.മണി പറയുന്നത്. എന്നാൽ, കഴിഞ്ഞ വൈദ്യുതിനിരക്കു വർധനയ്ക്കു ശേഷം നിരക്കു കണക്കാക്കുന്നതിൽ വന്ന കാര്യമായ മാറ്റമാണ് ഇപ്പോഴത്തെ വൻവർധനയ്ക്കു കാരണം. വൈദ്യുതി ഉപയോഗം കൂടുന്നതിന് അനുസരിച്ചു നിരക്കു കുത്തനെ കൂടുമെന്ന കാര്യം പലരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല.

ജനങ്ങൾ കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ഏതു തരത്തിൽ ആശ്വാസം നൽകാമെന്നാണ് ഒൗദ്യോഗിക സംവിധാനങ്ങൾ ആലോചിക്കേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA