ADVERTISEMENT

പുതുക്കിയ മാർഗനിർദേശങ്ങളോടെ രാജ്യം ലോക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. കോവിഡ് ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ, ലോക്ഡൗൺ വ്യവസ്ഥകൾ മാനിക്കുന്നതിനോടൊപ്പം അതിശക്തവും കുറ്റമറ്റതുമായ ജാഗ്രതകൂടി പാലിക്കേണ്ടതുണ്ടെന്നു വീണ്ടുമോർമിക്കാം. ജാഗ്രതയിൽ വരുന്ന ഒരു ചെറുവീഴ്ചയ്ക്കുപോലും ജീവിതംകൊണ്ടു വലിയ വിലകൊടുക്കേണ്ടിവരും എന്നതു നമുക്കു കേട്ടുമറക്കാനോ വഴിയിൽ കളയാനോ ഉള്ള മുന്നറിയിപ്പല്ല.

കോവിഡ് പൂർണമായും ഒഴിഞ്ഞുവെന്ന് ഉറപ്പുള്ള ഒരു രാജ്യം പോലുമില്ലെന്നു മാത്രമല്ല, ഈ മഹാരോഗം പല രാജ്യങ്ങളിലും കൂടുതൽ മാരകമാകുകയുമാണ്. ഈ സാഹചര്യത്തിലും, കോവിഡ് തകർത്തെറിഞ്ഞ സാമ്പത്തികാരോഗ്യവും സാമൂഹികാന്തരീക്ഷവും തിരിച്ചുപിടിക്കാൻ ഓരോ രാജ്യവും ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ അടച്ചിടൽ ഇനിയും ദീർഘകാലം തുടർന്നാൽ അതിന്റെ പരിണതി സർവമേഖലകളുടെയും തകർച്ചയായിരിക്കുമെന്നും എല്ലാവരും മനസ്സിലാക്കുന്നുണ്ട്.

ലോക്ഡൗൺ നീക്കി ഒരു മാസത്തിനു ശേഷം ചൈനയിലെ വുഹാനിൽ പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതു മുന്നറിയിപ്പായിത്തന്നെ ലോകം കാണുന്നുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച്, സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ശ്രമിക്കുമ്പോഴും കോവിഡ് ബാധയുടെ രണ്ടാം വരവിനെ ഭയന്നിരിക്കുകയാണു പല രാജ്യങ്ങളും. അതുകൊണ്ടുതന്നെ, ചൈന മുതൽ വിവിധ യൂറോപ്യൻ രാജ്യങ്ങൾ വരെ നിയന്ത്രിതമായി ഫാക്ടറികളും കടകളും തുറന്നുവെങ്കിലും ജാഗ്രതയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ല.

കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇന്ത്യയിലും കോവിഡ് കുതിക്കുന്നുവെന്നത് ഇപ്പോഴത്തെ ഇളവുകൾക്കിടയിലും കാണാതെപോകരുത്. ഈ മാസം 15നു രാജ്യത്ത് 65,000 രോഗികളുണ്ടാകുമെന്നായിരുന്നു നിതി ആയോഗ് റിപ്പോർട്ടെങ്കിലും അതിനു നാലു ദിവസം മുൻപേ രോഗികൾ 67,152 ആയി ഉയർന്നിരുന്നു. ലോക്ഡൗൺ നിബന്ധനകളിലെ ഇളവുകളാണു രോഗികൾ വർധിക്കാൻ കാരണമെന്നാണു വിലയിരുത്തൽ. ഇതേ നിരക്കിൽ വർധിച്ചാൽ അടുത്ത 15 ദിവസംകൊണ്ട് ഒരു ലക്ഷം പുതിയ കേസുകൾ ഉണ്ടാകുമെന്നും വിദഗ്ധർ അന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ഓഗസ്റ്റ് പകുതിയോടെ രാജ്യത്തു 2.74 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നായിരുന്നു ഏപ്രിൽ 27ലെ നിതി ആയോഗ് റിപ്പോർട്ടെന്നതു കൂടി ഓർമിക്കാം.

മുംബൈയിൽ ധാരാവിക്കു പുറമേ മറ്റു ചേരികളിലും വലിയ തോതിൽ രോഗവ്യാപനമുണ്ടാവുന്നതും ചൈനയിൽ വുഹാൻ മാർക്കറ്റ് എന്ന പോലെ ചെന്നൈയിൽ കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി കോയമ്പേട് മാർക്കറ്റ് മാറിയതുമൊക്കെ വല്ലാതെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ലോകരാജ്യങ്ങളെക്കാൾ ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയതോടെ, കോവിഡ് പ്രതിരോധത്തിൽ മധ്യപ്രദേശിനു തലവേദനയായ ഉജ്ജയിൻ നഗരവും മുന്നറിയിപ്പിന്റെ മറ്റൊരു അടയാളമാണ്. ലോക്ഡൗൺ ചട്ടങ്ങളിൽ ഇളവു നിലവിൽവന്നതിനു പിന്നാലെ പല സംസ്ഥാനങ്ങളിലും പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.

ഇളവുകൾ ജനജീവിതവും സാമ്പത്തികക്രമങ്ങളും മുന്നോട്ടുപോകാനുള്ള അനിവാര്യതയായി തിരിച്ചറിയുമ്പോൾത്തന്നെ, കോവിഡ് കൂടുതൽ നാശോന്മുഖമായി അരികിലുണ്ടെന്ന ബോധ്യവും ഒപ്പമുണ്ടാകണം. ഓരോ ദിവസവും ഓരോ നിമിഷവും പുലർത്തേണ്ട ജാഗ്രതയുടെ മറ്റൊരു ഘട്ടം മാത്രമാണിതെന്നു മനസ്സിലാക്കി വേണം നാം വീടിനു പുറത്തേക്കിറങ്ങാൻ. ആശ്വാസത്തിന്റെ ഇടവേളയ്ക്കുശേഷം, ഇപ്പോൾ രോഗികൾ വീണ്ടും നൂറു കവിഞ്ഞെന്നതു കേരളത്തിലും ആശങ്കയുടെ പുതിയ വാതിലുകൾ തുറക്കുന്നുണ്ട്.

ജനജീവിതത്തിനു കൈവന്ന ഇളവുകൾ വിനാശകാരിയായ വൈറസിനു കൂടുതൽ ശക്തി പകരാതിരിക്കാൻ നാം അതിജാഗ്രത നിലനിർത്തിയേതീരൂ. മാസ്കും ശുചിത്വവും അകല വ്യവസ്ഥയും ആൾക്കൂട്ടം ഒഴിവാക്കാനുള്ള നടപടികളും നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി തുടരുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com