ADVERTISEMENT

പേരുകേട്ട ചിത്രകാരനോട് ഒരു സ്ത്രീ ചോദിച്ചു: എന്റെ ചിത്രം വരച്ചു തരുമോ? അദ്ദേഹം മൂന്നു മിനിറ്റ് കൊണ്ടു ചിത്രം വരച്ചു നൽകി. അവൾ ചോദിച്ചു: ഇതിന് എന്താണു വില? ചിത്രകാരൻ പറഞ്ഞു: മൂന്നു ലക്ഷം രൂപ. അവൾ അതിശയിച്ചു: മൂന്നു മിനിറ്റ് കൊണ്ടു വരച്ച ചിത്രത്തിന് ഇതു വളരെക്കൂടുതലാണ്. ചിത്രകാരൻ പറഞ്ഞു: വരച്ച മൂന്നു മിനിറ്റിന്റെ തുകയല്ല അത്; ഞാനിങ്ങനെ ആയിത്തീരാൻ എടുത്ത 30 വർഷത്തിന്റെ വിലയാണ്! 

നിരന്തരം എന്ന വാക്ക് വൈശിഷ്ട്യത്തിന്റെ പര്യായമായിത്തന്നെ ഉപയോഗിക്കണം. എത്രനാൾ തുടരുന്നു എന്നതാണ് എത്ര മികവോടെ നിലനിൽക്കുന്നു എന്നതിന്റെ അടിസ്ഥാനം. പ്രാഗല്ഭ്യമുള്ള എല്ലാവരും പ്രഗല്ഭരാകില്ല. നിരന്തരം പരിശീലിക്കുന്നവരും സാമർഥ്യത്തിന്റെ പരകോടിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമാണ് എക്കാലത്തെയും ശ്രേഷ്ഠ മാതൃകകളാകുക. 

‌എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ, ‘ഇനിയും വളരാം’ എന്ന ചിന്ത പലപ്പോഴും മറക്കും. മതിമറന്നു നിൽക്കുന്നതിനിടെ സംഭവിക്കുന്ന മതിഭ്രമമാണത്. ആഗ്രഹിച്ച ബിരുദമോ ജോലിയോ കരസ്ഥമാക്കിയ ശേഷം ഇനിയൊന്നും നേടാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം, ഒരാളുടെ കഴിവിന്റെയും പോരാട്ടത്തിന്റെയും അന്ത്യവിശ്രമം തന്നെയാണ്. ഒരിക്കലൊരു വിജയകിരീടം അണിയുന്നതിലല്ല, എന്നും ആ കിരീടത്തിനുള്ള അർഹത നിലനിർത്തുന്നതിലാണു കാര്യം. 

ഒരുതവണ വിജയിക്കാൻ നൂറു തവണ പരാജയപ്പെട്ടിട്ടുണ്ടാകും. ഒരു ശരിയിലേക്കെത്താൻ ആയിരം തെറ്റുകൾ വരുത്തിയിട്ടുണ്ടാകും. അവസാനത്തെ ഒരു ശരി കാണാനും അഭിനന്ദിക്കാനും വിലയിടാനും പലരും ഉണ്ടായേക്കാം. എന്നാൽ, അതിനു മുൻപ് ആരുമറിയാതെ നീന്തിക്കയറിയ സങ്കടക്കടലുകൾ, ഏകാന്തവാസങ്ങൾ, നേരിട്ട പരിഹാസങ്ങൾ... ഇവയ്ക്കൊന്നും വിലയിടാൻ കാഴ്ചക്കാരനു കഴിയില്ല. 

എത്തിയ ഉയരത്തിൽ തുടരാൻ കഴിയണമെങ്കിൽ, അവിടെയെത്താൻ എടുത്തതിനെക്കാൾ പരിശ്രമവും ഇച്ഛാശക്തിയും വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com