sections
MORE

സുഭിക്ഷകേരള രാഷ്ട്രീയം

kerleeyam
SHARE

ഇതോടൊപ്പമുള്ള ചിത്രത്തിൽ വലത്തേയറ്റത്തു കാണുന്നയാളെ തൂവെള്ള ഷർട്ടും മുണ്ടും ധരിച്ചാണു മലയാളികൾക്കു പരിചയം. പക്ഷേ, കൈലി മടക്കിക്കുത്തി തൂമ്പയുമായി, മുൻ മന്ത്രിയും മുൻ സ്പീക്കറുമായ കെ.രാധാകൃഷ്ണൻ എന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം പഴയതുപോലെ മണ്ണിലേക്കിറങ്ങിയിരിക്കുന്നു. ചങ്ങാതിമാരുമൊത്ത് ചേലക്കര തൊണ്ണൂർക്കര നരിമടപ്പറമ്പിലെ ഒരേക്കർ തരിശുഭൂമി ഉഴുതുമറിച്ചു. പുതുപ്രതീക്ഷകളുടെ നാമ്പുകൾ അവിടെ മൊട്ടിട്ടു. ആ നാടാകെ അതിന്റെ ആവേശം ഏറ്റെടുത്തു.

ഈ ലോക്ഡൗൺ കാലത്തു കമ്മിറ്റികളില്ല, കവലയോഗങ്ങളില്ല. പകരം, നേതാക്കൾ കൃഷിയിടങ്ങളിലേക്കിറങ്ങി. മണ്ണിൽ പൊന്നു വിളയിക്കാനുള്ള രാഷ്ട്രീയപ്രവർത്തനമാണ് ഇടതുമുന്നണി നടത്തുന്നത്. ഭക്ഷ്യസ്വയംപര്യാപ്തത എൽഡിഎഫ് രാഷ്ട്രീയ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നു.
സിപിഎമ്മാണോ സർക്കാരാണോ ഈ സംയോജിത കാർഷികപദ്ധതിക്കു തുടക്കമിട്ടതെന്നു ചോദിച്ചാൽ രണ്ടു കൂട്ടരും ഒരുമിച്ച് എന്ന ‘തന്ത്രപരമായ’ ഉത്തരമാണു നേതാക്കൾ നൽകുന്നത്. കോവിഡ് ക്രമേണ ഭക്ഷ്യക്ഷാമത്തിലേക്കു കൂടി നയിക്കുമെന്ന വിശകലനമാണു പ്രേരണ.

ലോക ഭൗമദിനത്തിൽ സിപിഎമ്മിന്റെ മുഴുവൻ അംഗങ്ങളുടെയും വീടുകളിൽ പച്ചക്കറിത്തൈകൾ നട്ടുകൊണ്ടു ശുഭാരംഭം. സിപിഐയും അറച്ചുനിന്നില്ല. പിന്നാലെ ‘സുഭിക്ഷ കേരളം’ എന്ന പേരു സ്വയം നിർദേശിച്ച് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പദ്ധതിയെ നട്ടുനനച്ചു വളർത്താൻ തുടങ്ങി. ‘സർ‍ക്കാരിന്റെ ദൗത്യം ഇടതുമുന്നണി ഏറ്റെടുത്തിരിക്കുന്നു. ഇനി പ്രതിപക്ഷത്തിന്റെ ഊഴമാണ്’– എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.

∙ ഒരു മുഴം മുന്നേ എറിഞ്ഞ് ‘ജീവനി’

തെറ്റായ ഭക്ഷ്യശീലങ്ങളിൽനിന്നു മലയാളിയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ജീവനി’ എന്ന പദ്ധതിക്കു ജനുവരിയിൽത്തന്നെ കൃഷിവകുപ്പു തുടക്കമിട്ടിരുന്നു. സ്വന്തം ചുറ്റുവട്ടത്തുനിന്നു മലയാളിക്ക് ഇണങ്ങുന്ന സമീകൃത ആഹാരമടങ്ങുന്ന ഏഴു ‘മാതൃകാ പ്ലേറ്റുകൾ’ ഇതിനായി ആരോഗ്യവകുപ്പ് തയാറാക്കി.

ആ വിഭവങ്ങളുടെ ഉൽപാദനം ഉന്നമിട്ട ‘ജീവനി’, ഇപ്പോൾ ‘സുഭിക്ഷ കേരള’ത്തിൽ ലയിപ്പിച്ചപ്പോൾ ആദ്യ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിലനിൽക്കുന്നുവെന്നു മന്ത്രി സുനിൽകുമാർ പറഞ്ഞു. ‘സ്വന്തം ഭൂമിയിൽ കൃഷി ചെയ്യാനും അതിനു പ്രേരിപ്പിക്കാനുമാണ് ഇതുവരെ സർക്കാരുകൾ ശ്രമിച്ചിരുന്നത്.

എന്നാൽ, കേരളത്തിൽ ഒരു തുണ്ടു ഭൂമി പോലും തരിശായി ശേഷിക്കരുതെന്ന വലിയ ലക്ഷ്യമാണു സുഭിക്ഷ കേരളത്തിന്റേത്.’ തന്റെ പുരയിടത്തിൽ കൃഷി ചെയ്യാൻ സാധിക്കാത്തവർക്ക് താൽപര്യമുള്ള ഗ്രൂപ്പുകൾക്കു കൈമാറാമെന്നതാണു വലിയ പ്രത്യേകത. വരുമാനത്തിന്റെ 10% ഉടമസ്ഥനു നൽകണമെന്ന വ്യവസ്ഥയിൽ കുറഞ്ഞതു രണ്ടു വർഷത്തേക്കു കരാർ ഉണ്ടാക്കണം.

25,000 ഹെക്ടറിൽ കൂടി ഈ സീസണിൽത്തന്നെ കൃഷി വ്യാപിപ്പിക്കുകയാണു ലക്ഷ്യം. പ്രതിവർഷ പച്ചക്കറി ഉൽപാദനം 12.4 ലക്ഷം ടണ്ണിൽനിന്ന് 20 ലക്ഷം ടൺ ആക്കുക എന്നതാണു സ്വപ്നം.

തദ്ദേശ തിരഞ്ഞെടുപ്പു വരാനിരിക്കെ, ഇതെല്ലാം ഇടതുരാഷ്ട്രീയത്തിനു വെള്ളവും വളവും നൽകാൻ കൂടിയല്ലേ എന്ന ചോദ്യം ശക്തം. ‘പ്രതിപക്ഷം അങ്ങനെ വിചാരിക്കുന്നിടത്താണ് അവരുടെ കുഴപ്പം. നാടിന് ഒഴിച്ചുകൂടാനാവാത്ത ദൗത്യമാണിത്’– കർഷകസംഘം സംസ്ഥാന സെക്രട്ടറി കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ.ബാലഗോപാൽ.

‘കുറച്ചു മരച്ചീനിക്കമ്പ് കിട്ടാനുണ്ടോയെന്നു ചോദിച്ച് ഓടിവന്ന ചെറുപ്പക്കാരെ കണ്ടു. കേരളം കൃഷിയിലേക്കു മടങ്ങുന്നതിന്റെ ലക്ഷണങ്ങൾ വ്യക്തം’ – കിസാൻ സഭ ദേശീയ സെക്രട്ടറി കൂടിയായ സിപിഐ അസി.സെക്രട്ടറി സത്യൻ മൊകേരി പറയുന്നു.

50 ലക്ഷം വിത്തുകൾ വിതരണം ചെയ്തതിന്റെ പിന്നാലെ 75 ലക്ഷം കൂടി സജ്ജമാക്കുകയാണു കൃഷിവകുപ്പ്. പരിസ്ഥിതി ദിനമായ ജൂൺ 5ന് ബിജെപിയുടെ കർഷകമോർച്ച 10 ലക്ഷം ഫലവൃക്ഷത്തൈകൾ വീടുകളിലെത്തി വച്ചുപിടിപ്പിച്ചു കൊടുക്കുന്ന ‘സുഫല കേരളം’ പ്രഖ്യാപിച്ചിരിക്കുന്നു. കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി 5000 പാക്കറ്റ് വിത്തുകൾ ആവശ്യപ്പെട്ടു സർക്കാരിനെ സമീപിച്ചിരിക്കുന്നു.
ഒരു മഹാമാരി, രാഷ്ട്രീയപ്രവർത്തശൈലികളെയും മുൻഗണനകളെയും അപ്പാടെ ഉഴുതുമറിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA