sections
MORE

ഗൾഫ് പ്രവാസികളുടെ മടക്കം സാധ്യതയാക്കാം

SHARE

കോവിഡ് പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽനിന്നു മടങ്ങുന്ന പ്രവാസികളെ നാടിന്റെ കരുതലിലേക്കു വരവേൽക്കേണ്ട സമയമാണിത്. രോഗഭീതിയിലും തൊഴിൽ നഷ്ടപ്പെട്ടതിന്റെ ആശങ്കയിലുമാണു പലരും വരുന്നത്. നാടിന്റെ പ്രതിസന്ധികാലത്തെല്ലാം സഹായത്തിന്റെ കരംനീട്ടിയ പ്രവാസികളെ ഈ സങ്കടകാലത്തു തിരിച്ചു സഹായിക്കേണ്ടതു നമ്മുടെ കടമതന്നെയാണ്.

നാട്ടിലേക്കു വരുന്നവർക്ക് ആദ്യം വേണ്ടതു മാനസിക പിന്തുണയാണെന്നതു മറന്നുകൂടാ. അതുകൊണ്ടുതന്നെ, തൊഴിൽനഷ്ടത്തിന്റെയും വെല്ലുവിളികളുടെയും മടക്കവഴിയിൽ അവരെ സ്വാഗതം ചെയ്യേണ്ടതും അവരിൽ ആത്മവിശ്വാസം പകരേണ്ടതും സർക്കാരിന്റെയും സമൂഹത്തിന്റെയും മുഖ്യചുമതലകളിലൊന്നാണ്. ക്വാറന്റീൻ കഴിഞ്ഞു സമൂഹത്തിനോടൊപ്പം ചേരുന്ന അവർക്കു തുടർജീവിതത്തിനു പിന്തുണ നൽകേണ്ട ഉത്തരവാദിത്തം കേരളം എങ്ങനെ നിറവേറ്റുന്നു എന്നതാണു പരമപ്രധാനം.

‌മടങ്ങിയെത്തുന്നവരിൽ വലിയൊരു വിഭാഗം വിദഗ്ധ തൊഴിലാളികളാണ്. ലോകനിലവാരത്തിലുള്ള തൊഴിൽവിപണിയിൽ മികവു തെളിയിച്ചവർക്കു നാട്ടിൽ ഉപജീവനമാർഗം കണ്ടെത്താനും സംരംഭങ്ങൾ തുടങ്ങാനും അവസരമുണ്ടാകണം. അതിനവർക്കു സാമ്പത്തികവും മാനസികവും സാങ്കേതികവുമായ പിന്തുണ ലഭിക്കുകയും വേണം. നാടിന്റെ വികസനത്തിന് അവർ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. അതു യാഥാർഥ്യമാക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണു കേരളം ചെയ്യേണ്ടത്.

സ്വന്തംനിലയ്ക്കും കൂട്ടായ്മയിലും സംരംഭങ്ങൾ തുടങ്ങി വിജയം കൈവരിച്ച ഒട്ടേറെ പ്രവാസികളുണ്ട്. ഇത്തരം മാതൃകകൾ അവതരിപ്പിക്കുകയും പുനരധിവാസ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്ത ‘മടക്കമല്ല, പുതിയ തുടക്കം’ മലയാള മനോരമ വാർത്താപരമ്പരയും തുടർന്ന്, വിദഗ്ധർ പങ്കെടുത്തു നടത്തിയ വെബ് ചർച്ചയും പ്രവാസികൾക്ക് ഉപയോഗപ്പെടുത്താവുന്ന അവസരങ്ങളുടെ സാധ്യതകളിലേക്കും അതിനു കേരളം സജ്ജമാകേണ്ടതിന്റെ ആവശ്യകതയിലേക്കും വാതിലുകൾ തുറക്കുകയുണ്ടായി. ഒട്ടേറെ നിർദേശങ്ങളാണു ചർച്ചയിൽ ഉയർന്നുവന്നത്.

നോർക്ക, കുടുംബശ്രീ, വ്യവസായ, കൃഷി, തൊഴിൽ വകുപ്പുകൾ എന്നിവയ്ക്കു പ്രവാസി പുനരധിവാസത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു വേണ്ടത് അതിനുള്ള പരിശീലനം, സംരംഭങ്ങളുടെ സാധ്യതാപഠനം, ബാങ്ക് വായ്പ, സർക്കാർ അനുമതികൾ, വിൽപനസൗകര്യം തുടങ്ങിയ കാര്യങ്ങളിലുള്ള സഹായമാണ്. വിപണിനിരീക്ഷണം, സംരംഭവികസനം തുടങ്ങിയവയിലൊക്കെ നിർദേശങ്ങൾ നൽകുകയും വേണം. സംരംഭങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ കൃത്യമായി അറിയാൻ സംവിധാനമൊരുക്കുകയും ഓഫിസുകൾ കയറിയിറങ്ങാതെ അനുമതികൾ ലഭ്യമാക്കുകയും വേണം. അനാവശ്യ തടസ്സങ്ങളുന്നയിച്ച് അവരുടെ മനസ്സു മടുക്കാനിടവരുത്തരുത്. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് മിഷൻ മാതൃകയിൽ, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഉന്നതാധികാര സംവിധാനമുണ്ടായാൽ ചുവപ്പുനാടയുടെ കുരുക്കുകളില്ലാതെ നടപടികൾ വേഗത്തിൽ നീക്കാം. വെബിനാറിലെ മുഖ്യ നിർദേശവും ഇതാണ്.

ജൈവകൃഷി, ഭക്ഷ്യസംസ്കരണം, മെഡിക്കൽ ടൂറിസം തുടങ്ങിയവയിൽ കേരളത്തിനുള്ള സാധ്യതകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അവയ്ക്കൊപ്പം, പ്രവാസികളുടെ സാങ്കേതിക മികവും അനുഭവസമ്പത്തും ഉപയോഗപ്പെടുത്താൻ കഴിയുന്ന സാങ്കേതിക സംരംഭങ്ങളും ഉയർന്നുവരണം. മടങ്ങിയെത്തുന്നവരുടെ തൊഴിൽ വൈദഗ്ധ്യം രേഖപ്പെടുത്തി പോർട്ടൽ തയാറാക്കുകയെന്നതും അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യമാണ്. ഇങ്ങനെയൊരാൾ നാട്ടിലുണ്ട് എന്ന വിവരം ലഭ്യമാക്കിയാൽത്തന്നെ ഒട്ടേറെ തൊഴിലവസരങ്ങൾ അവരെ തേടിയെത്തും. തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്താനാഗ്രഹിക്കുന്നവർക്ക്, പ്രായപരിധിയില്ലാതെ പരിശീലന സൗകര്യമൊരുക്കുകയും വേണം.

പ്രവാസികളുടെ അനുഭവസമ്പത്തും സംരംഭക മികവും കോവിഡ് അനന്തര കേരളത്തിനു പുതിയൊരു തൊഴിൽ സംസ്കാരം തന്നെ സമ്മാനിക്കാനുതകേണ്ടതാണ്. വിദേശത്തു ലഭിച്ചിരുന്നതിലും മോശമല്ലാത്ത വരുമാനം നാട്ടിൽ നേടാമെന്ന ബോധ്യമുള്ളവർ പോലും ഇവിടെ ജോലി ചെയ്യാൻ തയാറാകാതിരുന്നതിനു കാരണം, പല തൊഴിലിനും നാം കൽപിച്ചുനൽകിയ സാമൂഹിക പദവിയാണ്. ഏതു ജോലിക്കും മാന്യതയുണ്ടെന്നു സമൂഹം അംഗീകരിച്ചാൽ അനായാസം മാറുന്നതാണത്. ഏറെക്കാലം മറുനാട്ടിൽ വിയർപ്പൊഴുക്കിയവർ നാട്ടിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് രാഷ്ട്രീയപ്പാർട്ടികളുടെയടക്കം പൊതുസമൂഹത്തിന്റെ മുഴുവൻ പിന്തുണ ഉറപ്പാക്കാനുള്ള ബാധ്യതകൂടി നമുക്കുണ്ടെന്നതും മറക്കാതിരിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA