പ്രഹരിക്കുമോ വീണ്ടും പ്രളയം

dam
ചെറുതോണി - ഇടുക്കി അണക്കെട്ടുകളുടെ ദൃശ്യം. 2343.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
SHARE

കേരളത്തെ  ദുരിതങ്ങളുടെ ആഴത്തിലേക്കെറിയുമോ, ഈ കാലവർഷവും.  പ്രളയം ആവർത്തിക്കാനുള്ള സാധ്യതയേറെയെന്ന് വിദഗ്ധർ. നമ്മുടെ ഡാമുകൾ എത്രത്തോളം സുരക്ഷിതം, സർക്കാർ വകുപ്പുകൾ നടത്തിയ ഒരുക്കമെന്ത്?ജലവിഭവ, റവന്യു വകുപ്പുകളും കെഎസ്ഇബിയും ദുരന്തനിവാരണ അതോറിറ്റിയും മാത്രം മുന്നൊരുക്കം  നടത്തിയാൽ മതിയോ?

കോവിഡ് കാലത്തും ജനമനസ്സിൽ ഉരുണ്ടുകൂടുന്ന ചോദ്യം. നാടിനെ വീണ്ടും പ്രളയം വിഴുങ്ങുമോ? കൃത്യമായ ഉത്തരം സാധ്യമല്ലാത്തവിധം സങ്കീർണമാണു മൺസൂൺ. കേരളം വലിയൊരു ജലാശയമാണെന്ന് 2018ലെയും 2019ലെയും മഴക്കാലം പഠിപ്പിച്ചു. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ ജലം പരന്നൊഴുകി. കേരളം വെള്ളത്തിന്റെ ഒറ്റപ്പാളിയായി. ശരാശരി കാലവർഷം പെയ്യുന്ന സമയങ്ങളിൽ പോലും ജാഗ്രത കാട്ടേണ്ട സംസ്ഥാനമാണു കേരളം. 2002 – 2015 വർഷങ്ങളിലെ മഴക്കുറവു കണ്ട് ഇനി പ്രളയമില്ലെന്ന ധാരണയിൽ നദീതീരവും മറ്റും കയ്യേറി നടത്തിയ നിർമാണമാണ് തുടർച്ചയായ പ്രളയദുരന്തം വിതച്ചതെന്നു വിദഗ്ധർ.

ദക്ഷിണ കേരളത്തിലും തമിഴ്നാട്ടിലും ഈ വർഷം കൂടുതൽ കാലവർഷം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഫോറത്തിന്റെ (സാസ്കോഫ്) പഠനമുണ്ട്. മൺസൂണിന്റെ ജാതകം നിശ്ചയിക്കുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ, ലാ നിന എന്നീ ഘടകങ്ങൾ ഇക്കുറി അനുകൂലമാണ്. ഇതു  തെക്കേ ഇന്ത്യയിൽ മഴ വർധിപ്പിക്കും. 104% വരെ അധികമഴ ലഭിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. 

ഡാമുകളിലെ സംഭരണനില ജലവർഷാവസാനത്തിനു മുൻപു ഗണ്യമായി കുറച്ചില്ലെങ്കിൽ ജൂൺ, ജൂലൈ മാസങ്ങളിൽ നല്ല മഴ ഉണ്ടായാൽ ഉടൻ നിറയുമെന്നാണ് പരിസ്ഥിതിസംഘടനകളുടെയും വിദഗ്ധരുടെയും അഭിപ്രായം. ഇടുക്കി ഡാമിൽ 43% വെള്ളമുണ്ട്. മൂലമറ്റം പവർഹൗസിൽ 8 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. ഇതു തുടർന്നാൽ മേയ് അവസാനം ഇടുക്കിയിൽ ശേഷിക്കുക 35% വെള്ളം. 

 ഓറഞ്ച് ബുക്ക് പുതുക്കി ദുരന്തനിവാരണ അതോറിറ്റി

പ്രളയമായാലും പനിയായാലും ദുരന്തനിവാരണ അതോറിറ്റിയാണ് സംസ്ഥാനത്തിന്റെ കാവലാൾ. മറ്റ് ഏജൻസികളുടെ സേവനം കൂടി പ്രയോജനപ്പെടുത്താൻ അതോറിറ്റി ഒരുങ്ങുന്നു. പുതുക്കിയ ഓറഞ്ച് ബുക്ക് പുറത്തിറക്കി. പ്രളയ ദുരിതാശ്വാസ ക്യാംപുകളിൽത്തന്നെ കോവിഡ് ക്വാറന്റീൻ എങ്ങനെ ഒരുക്കാമെന്ന വെല്ലുവിളിയാണ് ഇതിലുള്ളത്. നദികളിലെ എക്കൽ നീക്കാൻ 11.38 കോടി രൂപ അനുവദിച്ചു.

12 ഡാമുകൾക്ക് സുരക്ഷാപദ്ധതി

ജലസേചന വകുപ്പിനു 16 ഡാമുകളും 4 ബാരേജുകളുമുണ്ട്. ശേഷി 1570.99 ദശലക്ഷം ഘന മീറ്റർ. 40% നിറഞ്ഞുകിടക്കുന്നു. ജല കമ്മിഷൻ നിഷ്കർഷ പ്രകാരം നെയ്യാർ, മലങ്കര, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ചുള്ളിയാർ, മീങ്കര, വാളയാർ, കുറ്റ്യാടി, പഴശ്ശി എന്നീ 12 ഡാമുകളുടെ അടിയന്തര ആക്‌ഷൻ പ്ലാൻ തയാറാക്കി.

 പുതിയ റൂൾ കർവുമായി കെഎസ്ഇബി

കെഎസ്ഇബിയുടെ പുതിയ റൂൾ കർവ് അനുസരിച്ച് മഴവർഷം തുടങ്ങുന്ന ജൂൺ 1 മുതൽ നവംബർ 30 വരെ അണക്കെട്ടിൽ സംഭരിക്കേണ്ട വെള്ളത്തിന്റെ അളവു നിശ്ചയിച്ചു. ഈ അളവിൽ കൂടുതൽ വെള്ളം അണക്കെട്ടിൽ എത്തിയാൽ ജലനിരപ്പു ക്രമീകരിച്ച് പ്രളയസാധ്യത കുറയ്ക്കാനാണു നടപടി.

അണക്കെട്ടിലെ ജലനിരപ്പ് നവംബർ 30നു മാത്രമേ, 100 ശതമാനത്തിൽ എത്താവൂ എന്നാണ് പുതിയ ചട്ടത്തിലെ വ്യവസ്ഥ. നവംബർ 30നു തുലാവർഷവും അവസാനിക്കുന്നതോടെ ഡാമിലേക്കെത്തുന്ന ജലത്തിന്റെ അളവു കുറയും എന്ന കണക്കുകൂട്ടലിലാണ് ഇത്. 

കരുത്തോടെ കക്കയം, പെരുവണ്ണാമൂഴി

കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്ന് മോട്ടറുകൾ പരിശോധിച്ചു പ്രവർത്തനക്ഷമത ഉറപ്പാക്കി. ഷട്ടറുകൾ തുറക്കാൻ പരമാവധി സംഭരണശേഷി എത്തുന്നതുവരെ കാത്തിരിക്കില്ല. കക്കയം ഡാമിൽനിന്നു വൈദ്യുതോൽപാദനത്തിനു ശേഷമുള്ള വെള്ളം ഒഴുകിയെത്തുന്നത് പെരുവണ്ണാമൂഴി ഡാമിലേക്കായതിനാൽ മഴവെള്ളം സംഭരിച്ചു നിർത്തേണ്ട ആവശ്യമില്ല. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ഡാം 12 കോടി ചെലവഴിച്ചു നവീകരിച്ചു.

അണക്കെട്ടിന്റെ ചോർച്ച നിയന്ത്രിക്കാനായി 72 ഡ്രെയിനേജ് ഹോളുകൾ വൃത്തിയാക്കി. സുരക്ഷാപരിശോധന നടത്തി. എറണാകുളം ജില്ലയിലെ ഭൂതത്താൻ കെട്ട് ഡാമിൽ രണ്ടാം പ്രളയത്തിനു മുൻപ് ഈ ജോലികളെല്ലാം പൂർത്തിയായി. രണ്ടു ഡാമുകളിലും വാർഷിക അറ്റകുറ്റപ്പണികളും പരിശോധനകളും കൃത്യമായി നടക്കുന്നുണ്ട്.

അതിജീവനത്തിന് പമ്പ– ത്രിവേണി

പ്രളയം തകർത്ത ത്രിവേണിയുടെ നഷ്ടക്കണക്കിലാണ് ശബരിമലയെങ്കിലും പുനരുദ്ധാരണം പൂർത്തിയാകുന്നു. റോഡ് പൂർവസ്ഥിതിയിലാക്കി. 7 കോടി മുടക്കി ത്രിവേണി സ്നാനഘട്ടം പുനർനിർമിച്ചു. ത്രിവേണിയിൽ അടിഞ്ഞ മണ്ണിന്റെ കുറെ ഭാഗം നീക്കി. ബാക്കി നിരത്തി. വെള്ളപ്പൊക്കം വന്നാൽ ഇത് ഒലിച്ചുപോകും. നദിയുടെ ആഴംകൂട്ടി മണൽ നീക്കുന്നതിന്റെ  ഉദ്ഘാടനം ഇന്നലെയായിരുന്നു. കേരള ക്ലേസ് ആൻഡ് സിറാമിക്സാണ് ജോലി ഏറ്റെടുത്തത്. മണൽ കൊണ്ടുപോകാൻ വനം വകുപ്പിന്റെ അനുമതി വേണം. ഇതു  മാറ്റിയില്ലെങ്കിൽ വീണ്ടും വെള്ളം കയറും.

മഴയ്ക്കു മുൻപേ  പറന്ന് സിയാൽ

‌റൺവേ മുങ്ങി കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാൻ സിയാൽ സ്വീകരിച്ച നടപടികൾ:

∙ വിമാനത്താവളത്തിനു സമീപത്തെ ചെങ്ങൽത്തോടിന്റെ ആഴവും വീതിയും കൂട്ടി. ഒഴുക്കു തടസ്സപ്പെടുത്തിയിരുന്ന സോളർ പാനൽ തൂണുകൾ നീക്കി.

mm-mani
മന്ത്രി എം.എം. മണി

∙ വിമാനത്താവള കനാലുകളുടെ ആഴവും വീതിയും കൂട്ടി. 

∙ ചുറ്റുമതിൽ ബലപ്പെടുത്തി.

∙ പമ്പിങ് സംവിധാനം സ്ഥാപിച്ചു.

 പ്രളയത്തെ തോൽപിക്കാൻ

കൊച്ചിയിൽ ബ്രേക്ക് ത്രൂ

കൊച്ചിയുടെ പ്രളയത്തിനു പരിഹാരം കാണാനുള്ള ഊർജിത ശ്രമമാണ് 60 കോടിയുടെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ. ഇതിൽ 25 കോടിയുടെ പദ്ധതികൾക്ക് അനുമതിയായി. മെട്രോയുടേത് ഉൾപ്പെടെ നിർമാണ അവശിഷ്ടങ്ങളും മാലിന്യവും നിറഞ്ഞ് ഒഴുക്കു നിലച്ച തോടുകളുടെ ഒഴുക്കു സുഗമമാക്കുകയാണ് ലക്ഷ്യം. 

വയനാടിന്റെ ജലരക്ഷാസേന

കേരളത്തിൽ ആദ്യമായി ജില്ലാ പഞ്ചായത്ത് ദുരന്തനിവാരണസേന രൂപീകരിക്കുന്നതു വയനാട്ടിലാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കി. 4000 അംഗങ്ങളുള്ള സേനയിൽ 1200 പേർ സ്ത്രീകളാണ്. ടൗൺ പ്ലാനിങ് വിഭാഗവും കോഴിക്കോട് എൻഐടിയും ചേർന്ന് ജില്ലയ്ക്കു പ്രളയഭൂപടം തയാറാക്കി.

K Krishnankutty
മന്ത്രി കെ.കൃഷ്ണൻകുട്ടി

ഇടുക്കിയുടെ ജാഗ്രത 

മഴ ശക്തമായാൽ മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ പട്ടികയും ക്യാംപ് കെട്ടിടങ്ങളും തയാറായി. എല്ലാ പഞ്ചായത്തിലും എമർജൻസി റെസ്പോൺസ് ടീമിനു പരിശീലനം  ഉടൻ ആരംഭിക്കും. പെരിയാർ തീരത്തെ സ്കൂളുകളിൽ കോവിഡ് നിയന്ത്രണം പാലിച്ച് ക്യാംപുകൾ ഉടൻ സജ്ജമാക്കും. 

∙ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 30 അടി കൂടി ഉയർന്നാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് 2373 അടിയിലെത്തുമ്പോഴാണ് മുൻ കരുതലെന്ന നിലയിൽ വെള്ളം തുറന്നുവിടുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 അടി വെള്ളം ഇപ്പോൾ കൂടുതലുണ്ടെങ്കിലും ആശങ്ക വേണ്ട. മൂലമറ്റത്തു പൂർണതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കാനാകാത്തതാണ് ജലനിരപ്പു കൂടാൻ കാരണം. പ്രളയസാധ്യതയുള്ള പ്രദേശത്തെ ആളുകളെ മുന്നറിയിപ്പു നൽകി സുരക്ഷിതസ്ഥാനത്തേക്കു മാറ്റും. ആറുകളിലും മറ്റും നീരൊഴുക്കു സുഗമമാക്കുന്നതിനു മാലിന്യനീക്കം ആരംഭിച്ചു. 

മന്ത്രി എം.എം. മണി 

∙ ഡാമുകളിലെ ജലസംഭരണവും തുറന്നുവിടലും ക്രമീകരിക്കുന്നതിനു നദീതട അടിസ്ഥാനത്തിൽ നിരീക്ഷണസമിതികൾ രൂപീകരിക്കും. കല്ലട, പീച്ചി ഡാമുകളുടെ ജലനിരപ്പ് മഴക്കാലത്തിനു മുൻപായി ഉയരുകയാണെങ്കിൽ തുറന്നുവിടേണ്ടി വരും. ഇക്കാര്യം ജില്ലാ ഭരണകൂടവുമായി ചർച്ചചെയ്തു തീരുമാനിക്കാൻ ഡാം എൻജിനീയർമാരോടു നിർദേശിച്ചു. ഇവർക്ക് ഉപഗ്രഹ ഫോൺ ലഭ്യമാക്കി. ഡാമുകളിലെ അടിയന്തര പ്രവൃത്തികൾക്ക് 24 എക്‌സിക്യൂട്ടീവ് എൻജിനീയർമാർക്ക് 30 ലക്ഷം രൂപ വീതം അനുവദിക്കും.

മന്ത്രി കെ.കൃഷ്ണൻകുട്ടി

rajeevan
ഡോ. എം. രജീവൻ

∙ ലോകമെങ്ങും അതിതീവ്രമഴയുടെ തോതേറുകയാണ്. പ്രളയത്തിന്റെ തീവ്രതയും കൂടുന്നു. കഴിഞ്ഞ വർഷങ്ങളിലേതു പോലെ പ്രളയമുണ്ടാകുമെന്നു പറയാനാവില്ലെങ്കിലും കേരളം തയാറെടുക്കണം. അധികമഴ പെയ്തേക്കാം. അതെപ്പോഴെന്ന് ഇപ്പോൾ പറയാനാവില്ല. ഡാം മാനേജ്മെന്റ് പ്രവർത്തന രേഖ (എസ്ഒപി) തയാറാക്കണം. മഴയ്ക്കു മുൻപു കേരളത്തിനു കൃത്യമായി മുന്നറിയിപ്പു നൽകാൻ കാലാവസ്ഥാകേന്ദ്രത്തിനാകും. കേരളത്തിന് എല്ലാ പിന്തുണയും നൽകാൻ ഇന്ത്യൻ കാലാവസ്ഥാകേന്ദ്രവും ഭൗമമന്ത്രാലയവും ഒരുക്കമാണ്.  

ഡോ. എം. രജീവൻ, സെക്രട്ടറി, ഭൗമശാസ്ത്ര മന്ത്രാലയം, ന്യൂഡൽഹി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA