ADVERTISEMENT

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മുൻപു തീരുമാനിച്ചതുപോലെ ഈ മാസം 26 മുതൽ 30 വരെ തന്നെ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പലതരത്തിലുള്ള ആശങ്കകളാണു നൽകിയിരിക്കുന്നത്. ആരോഗ്യസുരക്ഷാകാര്യങ്ങളിലെല്ലാം കുറ്റമറ്റവിധം ജാഗ്രത പുലർത്തുമെന്ന സർക്കാരിന്റെ ഉറപ്പു യാഥാർഥ്യമാകേണ്ടതിനൊപ്പം, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയും അധികാരികളുടെ മുന്തിയ പരിഗണന അർഹിക്കുന്നു. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നാണു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്വന്തമായി ബസുകളില്ലാത്ത സ്കൂളുകളിലേക്ക് 26 മുതൽ പ്രത്യേക കെഎസ്ആർടിസി സർവീസ് നടത്തണമെന്നും സർക്കാർ നിർദേശമുണ്ട്.

വിദ്യാർഥികൾക്കായി പ്രത്യേക ബസ് ഉൾപ്പെടെ അഞ്ചു വ്യവസ്ഥകളാണു പരീക്ഷാനടത്തിപ്പിനു കേന്ദ്രം മുന്നോട്ടുവച്ചത്. സ്വന്തമായി വാഹനമില്ലാത്തവർ മക്കളെ എങ്ങനെ യഥാസമയം പരീക്ഷാകേന്ദ്രത്തിൽ എത്തിക്കുമെന്നതു തന്നെയാണു പ്രധാന ആശങ്കകളിലൊന്ന്. പതിമൂന്നു ലക്ഷത്തോളം വിദ്യാർഥികളിൽ വലിയൊരു പങ്കിനും പൊതുഗതാഗത സംവിധാനത്തെയോ സ്കൂളുകളോ സർക്കാരോ ഏർപ്പെടുത്തുന്ന പ്രത്യേക വാഹനങ്ങളെയോ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. വാഹനങ്ങളിൽ അകലവ്യവസ്ഥ പാലിക്കണമെന്നിരിക്കെ എത്രത്തോളം കുട്ടികൾക്കു യാത്ര ഉറപ്പുവരുത്താനാവുമെന്നതു വലിയൊരു പ്രശ്നംതന്നെ. ജില്ലാ അതിർത്തിയിലുള്ള വിദ്യാർഥികൾക്ക് അയൽ ജില്ലയിലാണു പരീക്ഷയെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കെഎസ്ആർടിസി സൗകര്യം ലഭിക്കുകയുമില്ല.

അല്ലെങ്കിൽത്തന്നെ, ഇപ്പോഴത്തെ സാഹചര്യത്തിൽ പലതരത്തിലുള്ള സമ്മർദങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾ പരീക്ഷാകേന്ദ്രങ്ങളിലെത്തുന്ന കാര്യം സുഗമവും സുരക്ഷിതവുമാക്കാൻ സർക്കാരിന്റെ നിരന്തരശ്രദ്ധ ഉണ്ടാകണം. ജില്ലയ്ക്കു പുറത്തും സംസ്ഥാനത്തിനു പുറത്തുമുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണു താനും. ഗൾഫിലെ പരീക്ഷാനടത്തിപ്പും പ്രതിസന്ധി സൃഷ്ടിക്കുന്നു.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഇത്തവണ കുട്ടികളെയും രക്ഷിതാക്കളെയും തുടർച്ചയായി വലച്ചതു നിർഭാഗ്യകരമാണ്. രോഗഭീതിയും ലോക്ഡൗണുമൊക്കെ കാരണം കുട്ടികളുടെ പരീക്ഷാതയാറെടുപ്പുതന്നെ കൂടുതൽ സമ്മർദത്തിലായ വേളയിൽ ഇതുണ്ടാവാൻ പാടില്ലായിരുന്നു. പ്രഖ്യാപിച്ച തീയതി പ്രകാരം പരീക്ഷ നടത്തുമെന്നും ഇല്ലെന്നുമൊക്കെയുള്ള ആശയക്കുഴപ്പത്തിനൊടുവിലാണ് ഇപ്പോഴത്തെ തീരുമാനം. ഇത്രയും നിർണായകമായൊരു തീരുമാനം കൃത്യമായ സമയത്ത് എടുക്കാൻ സാധിക്കാത്തതു സർക്കാരിന്റെ കഴിവുകേടായി വിമർശിക്കുന്നവരുണ്ട്.

പരീക്ഷാതീരുമാനത്തിന്റെ കാര്യത്തിൽ വൈകിയെങ്കിലും, സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ച്, വീഴ്ചകളൊന്നുമില്ലാതെ അതു നടത്താനുള്ള നിർവഹണശേഷിയാണ് ഇനി സർക്കാർ പ്രകടിപ്പിക്കേണ്ടത്. അകലം പാലിച്ചു കുട്ടികളെ ഇരുത്തുമെന്നും പനിയോ മറ്റോ ഉണ്ടോയെന്നു പരിശോധിക്കുമെന്നും വേണ്ട ഗതാഗത സൗകര്യവും മുൻകരുതലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. അകലം കൃത്യമായി പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം, കണ്ടെയ്ൻമെന്റ് സോണുകളിൽ (ഹോട്സ്പോട്ട്) പരീക്ഷാകേന്ദ്രങ്ങൾ പാടില്ല, എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തെർമൽ സ്ക്രീനിങ് വേണം, വിവിധ ബോർഡുകളുടെ പരീക്ഷകൾ തമ്മിൽ കൂടിക്കലരാത്ത വിധമാകണം ഷെഡ്യൂൾ തുടങ്ങി കേന്ദ്ര മാർഗരേഖയിൽ പറയുന്ന കാര്യങ്ങളിലൊന്നും വിട്ടുവീഴ്ചയുണ്ടായിക്കൂടാ.

സങ്കീർണവും സവിശേഷവുമാണ് ഇപ്പോഴത്തെ പരീക്ഷാസാഹചര്യമെന്നു തിരിച്ചറിഞ്ഞുള്ള തയാറെടുപ്പുകളാണ് ഉണ്ടാവേണ്ടത്. സംസ്ഥാനത്തിന്റെ പരീക്ഷാചരിത്രത്തിലെ ആദ്യത്തെ ഈ സങ്കീർണാനുഭവം മാതൃകാപരമായി പൂർത്തിയാകാൻ വിദ്യാഭ്യാസ വകുപ്പിനോടൊപ്പം എല്ലാ സർക്കാർസംവിധാനങ്ങളും സജീവമാകണം. പ്രവാസികളുടെ മടക്കംപോലെ ഒരു ബൃഹദ്‍ദൗത്യംതന്നെയായി ഇതിനെ കണ്ട് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും മനസ്സിലെ ആധി കെടുത്താൻ അടിയന്തരമായി സർക്കാർ സർവസജ്ജമായേ തീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com