ADVERTISEMENT

2018 ഓഗസ്റ്റിൽ പെയ്ത ശരാശരി മഴ 821 മില്ലിമീറ്റർ. 2019 ഓഗസ്റ്റിൽ ശരാശരി 951 മില്ലിമീറ്റർ. ഈ കാലവർഷം 1000 മില്ലിമീറ്റർ പെയ്താലോ? തലയ്ക്കു മീതെ ജലബോംബുമായി ജീവിക്കുന്ന കേരളം എന്തു ചെയ്യും? 

കാവേരി നദിയിലൂടെ ഒരുവർഷം ഒഴുകുന്നത് ഏകദേശം 790  ടിഎംസി ജലം (ഒരു ടിഎംസി എന്നാൽ നൂറു കോടി ഘനയടി വെള്ളം). ഇടുക്കി അണക്കെട്ടിന്റെ ശേഷി 70 ടിഎംസി. 2018 ഓഗസ്റ്റിൽ സംസ്ഥാനത്തു പെയ്ത ശരാശരി മഴ 821 മില്ലിമീറ്റർ. കേരളത്തിന്റെ ആകെ വിസ്തൃതി 38863 ചതുരശ്ര കിലോമീറ്റർ. അങ്ങനെ നോക്കിയാൽ ഏകദേശം 1127 ടിഎംസി ജലം 2018ലെ പ്രളയകാലത്തു  പെയ്തിറങ്ങി. എന്നുവച്ചാൽ, ഏകദേശം 16 ഇടുക്കി ഡാമിൽ കൊള്ളുന്നത്ര വെള്ളം; ഒന്നര കാവേരി നദി. 2019 ഓഗസ്റ്റിൽ ഇതിലും കൂടുതലായിരുന്നു മഴ – ശരാശരി 951 മില്ലിമീറ്റർ. ഏകദേശം 1305 ടിഎംസി ജലം. ഇക്കുറി നാശമേറെയും വടക്കൻ കേരളത്തിലായിരുന്നു. 2018ൽ ഓഗസ്റ്റ് 14 മുതൽ ഏതാനും ദിവസത്തേക്കായിരുന്നു അതിതീവ്രമഴ. 2019ൽ ഓഗസ്റ്റ് മുഴുവനായും നീണ്ടുനിന്നായിരുന്നു പെയ്ത്ത്.  

ഈ വർഷവും പ്രളയം ഷട്ടർ തുറന്നെന്നു കരുതുക. 1000 മില്ലിമീറ്റർ പെയ്താലോ? കുഴപ്പമില്ല. തുറക്കാ‍ൻ ഒരുങ്ങിയിരിക്കുകയാണ് ഡാമുകൾ. എന്നാൽ, നാലോ അ‍‍ഞ്ചോ ദിവസം കൊണ്ടു പെയ്യുന്ന കനത്ത മഴയാണെങ്കിലോ? ഭയാനകമാവും സ്ഥിതി. 

‘ദേർ ഈസ് നോ റൂം ഫോർ റിവേഴ്സ് ഇൻ വയനാട്’ –  പ്രളയത്തെക്കുറിച്ചു പഠിക്കാൻ  വയനാട്ടിലെത്തിയ നെതർലൻഡ്സ് സംഘത്തിന്റെ റിപ്പോർട്ടിലെ വരികളാണിത്. പുഴയൊഴുകേണ്ട വഴികളെല്ലാം മൂടി. പാടങ്ങൾ ഇഷ്ടികച്ചൂളകളായി. വൻ കെട്ടിടങ്ങളും ഉയർന്നു. രണ്ടു ദിവസം മഴ പെയ്താൽ നിറഞ്ഞുകവിയുന്ന സ്ഥിതി. ഇതു കേരളത്തിന്റെയാകെ നേർച്ചിത്രം. 

chaliyar
ചാലിയാറിൽ മുണ്ടേരി ഇരുട്ടുകുത്തിക്കടവിനു സമീപം പ്രളയത്തിൽ വന്നടിഞ്ഞ മരങ്ങൾ ഇനിയും നീക്കം ചെയ്യാത്ത നിലയിൽ

ചാലിയാറിനോട് കൊടുംമഴച്ചതി

കഴിഞ്ഞ പ്രളയത്തിൽ തകർന്നടിഞ്ഞ ചാലിയാർ ഇപ്പോൾ എങ്ങനെ? കാര്യമായ മാറ്റമില്ല. ചാലിയാറിനെ സുരക്ഷിതമാക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. പുഴകളിൽ അടിഞ്ഞ കല്ലും മണ്ണും മരങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കംചെയ്യാമെന്നു സർക്കാർ ഉത്തരവിട്ടെങ്കിലും തുടക്കമിട്ടത് ഒരേയൊരു പഞ്ചായത്ത്. മാലിന്യം ഇപ്പോഴും പുഴയിൽത്തന്നെ. 

നീലഗിരി ഉൾപ്പെടെ ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിലെ അതിതീവ്ര മഴയാണ് നിലമ്പൂർ ടൗണിനെ മുക്കിയത്. ഓഗസ്റ്റ് 6 മുതൽ 10 വരെ നിലമ്പൂരിൽ പെയ്തത് 56 സെന്റീമീറ്റർ മഴ. ഓഗസ്റ്റിൽ പെയ്ത ആകെ മഴയുടെ നാലിലൊന്ന് 5 ദിവസം കൊണ്ടു പെയ്തു. നിലമ്പൂർ ടൗണിൽ പലയിടത്തും വൈദ്യുതലൈനിനു മുകളിലൂടെയാണു വെള്ളം ഒഴുകിയത്. 

ഏകദേശം 24,000 വീടുകളിൽ വെള്ളം കയറി, 1689 വീടുകൾ പൂർണമായി നശിച്ചു. പതിനായിരക്കണക്കിന് ഏക്കർ കൃഷിഭൂമി ഇല്ലാതായി.

കവളപ്പാറയിലെ 14 കുടുംബങ്ങൾ  ഇപ്പോഴും ക്യാംപിൽ 

59 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ നടന്ന് 9 മാസം കഴിയുമ്പോഴും കവളപ്പാറക്കാർ പെരുമഴയത്തുതന്നെ.വീടും സ്ഥലവും നശിച്ച 67 കുടുംബങ്ങൾക്കായി എടക്കര പോത്തുകല്ലിൽ ‘ഭൂദാനം നവകേരള ഗ്രാമം’ ഒരുക്കാനുള്ള മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്ക് സർക്കാർ ആദ്യം അനുമതി നൽകിയെങ്കിലും പിന്നീടു പിന്മാറി. മാർക്കറ്റ് വിലയെക്കാൾ കൂടിയ നിരക്കിലാണു ഭൂമി വാങ്ങുന്നതെന്നായിരുന്നു ആരോപണം. 

ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നടപടി എങ്ങുമെത്തിയിട്ടില്ല. ജില്ലാ ഭരണകൂടവും ജനപ്രതിനിധിയും തമ്മിലുള്ള ചേരിപ്പോരാണു പദ്ധതിക്കു വിലക്കിട്ടതെന്ന് ആക്ഷേപമുണ്ട്. കവളപ്പാറയിലെ 14 കുടുംബങ്ങളിലായി അൻപതോളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിലാണ്.

കരകയറാത്ത പദ്ധതികൾ

‘തെളിനീർ’ കലങ്ങി

വെള്ളപ്പൊക്കം ഒഴിവാക്കാൻ കൊല്ലം ജില്ലാ പഞ്ചായത്ത് തയാറാക്കിയ ‘തെളിനീർ’ പദ്ധതി കെട്ടിക്കിടക്കുന്നു.കല്ലട, ഇത്തിക്കര, പള്ളിക്കൽ ആറുകളുടെ തീരത്തുള്ള 35 പഞ്ചായത്തുകളിലെ ആറുകളുടെയും തോടുകളുടെയും നീരൊഴുക്കു സുഗമമാക്കാനുള്ള പദ്ധതിക്ക് അടങ്കൽ സമർപ്പിച്ചത് 2 പഞ്ചായത്തുകൾ. 

കഴിഞ്ഞ രണ്ടു കാലവർഷങ്ങളിലും കല്ലടയാർ കരകവിഞ്ഞ് പുനലൂരിൽ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. നഗരത്തിലെ വെട്ടിപ്പുഴത്തോട്ടിലെ കയ്യേറ്റമാണു മുഖ്യ പ്രശ്നം. തെന്മല പരപ്പാർ ഡാമിൽനിന്നു മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതും പ്രശ്നമായി.

തുടരുന്ന പൊഴി മുറിക്കൽ 

കൊല്ലം മുക്കം പൊഴി മുറിക്കുക എന്ന ‘കലാപരിപാടി’ തുടങ്ങിയിട്ടു കാലമേറെയായി. ഇത്തിക്കരയാറ്റിലെ വെള്ളം കായലിനു താങ്ങാനാകാതെ വരുമ്പോഴാണു മുക്കത്തെ പൊഴി മുറിയുന്നത്. സ്വാഭാവിക പൊഴി സംരക്ഷിക്കുക എന്ന പദ്ധതി നടപ്പിലായില്ല. പകരമെന്ന നിലയ്ക്കാണ് പൊഴിക്കരയിൽ ചീർപ്പു പാലം നിർമിച്ചത്. സ്വാഭാവിക പൊഴിയുടെ ഗുണം ലഭിച്ചിട്ടില്ല. തീരദേശ റോഡ് പൊളിച്ചു വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്ന ‘പ്രാകൃത രീതി’യാണു വർഷങ്ങളായി ഇവിടെ. സർക്കാരിനു നഷ്ടം ചില്ലറയല്ല.‍

പുഴകളുടെ തൽസ്ഥിതി

കല്ലായി

കല്ലായിപ്പുഴയുടെ തീരങ്ങളിലും വെള്ളം കയറും. ചാലിയാറിനെയും കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്ന ബികെ കനാൽ (ബേപ്പൂർ–കല്ലായി കനാൽ) വഴിയാണു കല്ലായിയുടെ തീരങ്ങളിൽ പ്രളയമെത്തുന്നത്. റഗുലേറ്റർ/ഫ്ലഡ് ലോക്ക് നിർമിക്കണമെന്നു ജലസേചനവകുപ്പും സിഡബ്ല്യുആർഡിഎമ്മും പലതവണ നിർദേശിച്ചു. നടപടിയില്ല.കല്ലായിപ്പുഴയുടെ ജലവാഹകശേഷി 40 വർഷത്തിനിടെ 40 മുതൽ 60% വരെ കുറഞ്ഞിട്ടുണ്ടെന്നു സിഡബ്ല്യുആർഡിഎം.

പൂനൂർ

മലബാർ വന്യജീവിസങ്കേതത്തിലെ അരിങ്കാക്കുന്നു മലയിൽനിന്ന് ഉദ്ഭവിച്ച് കോഴിക്കോട് നഗരത്തിലെത്തുന്ന പൂനൂർപുഴ മഴക്കാലത്ത് 5, 000 വീടുകളെ വെള്ളത്തിനടിയിലാക്കും. 

കോഴിക്കോട് – ബെംഗളൂരു ദേശീയപാതയിൽ 1.5 മീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങും. പ്രളയനീർത്തടം നിർമിക്കണമെന്ന നിർദേശം നടപ്പായിട്ടില്ല.

ഭാരതപ്പുഴയുടെ പ്രളയരോഷം!

രണ്ടു പ്രളയത്തിന്റെയും ഊറ്റമറിഞ്ഞവരാണ് പാലക്കാട്ടുകാർ. ഭാരതപ്പുഴ കരകവിഞ്ഞതോടെ വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിജിന്റെ ഷട്ടറുകൾ തുറക്കാൻ കഴിയാതായി. പട്ടാമ്പി, തൃത്താല മേഖലകൾ വെള്ളത്തിലായി. 

വെള്ളം പൊങ്ങി വരുന്നതിനനുസരിച്ച് ഷട്ടറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വെള്ളപ്പൊക്കമായി. മെട്രോ മാൻ ഇ.ശ്രീധരന്റെ ഇടപെടൽ മൂലം ഷട്ടറുകൾ തുറക്കാൻ നേവി പുറപ്പെടാൻ ഒരുങ്ങിയെങ്കിലും ജലവിഭവ വകുപ്പ് 27ൽ 24 ഷട്ടറുകൾ തുറന്നു. കുറച്ചു നേരത്തേ തുറന്നിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു. വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിജിന്റെ തകർന്ന ഏപ്രൺ നന്നാക്കാൻ 18.35 കോടിയുടെ ടെൻഡർ പുരോഗമിക്കുകയാണ്. മഴയ്ക്കു മുൻപു നടക്കില്ല.

മീനച്ചിലാർ– മീനന്തലയാർ–കൊടൂരാർ സംയോജനം

മീനച്ചിലാറിന്റെ കൈവഴികൾ അടഞ്ഞതോടെ കോട്ടയം നഗരത്തിന്റെ ‘ജലമിടിപ്പ്’ നിലച്ചു. അതിന്റെ സമ്മർദം അനുഭവിക്കുന്നത് കുമരകവും. മീനച്ചിലാർ, മീനന്തലയാർ, കൊടൂരാർ നദീപുനർസംയോജന സമിതി ഇതിന് ഉത്തരം തേടി. നദി, കൈവഴി, തോട് എന്നിവയിൽ ജലപ്രവാഹം ഉറപ്പാക്കി. ഇതുവരെ 1450 കിലോമീറ്റർ തടസ്സം നീക്കി. മഴയ്ക്കു മുൻപു 10 കിലോമീറ്റർ കൂടി പൂർത്തിയാക്കും. 

നേട്ടമാവുമോ, തോട്ടപ്പള്ളിയിലെ ഒരുക്കം?

ആലപ്പുഴ ദേശീയപാതയിൽ തോട്ടപ്പള്ളിപ്പാലം പ്രളയജലം പുറന്തള്ളാനായി കേരളത്തിൽ നിർമിച്ച ആദ്യ സ്പിൽവേ സംവിധാനങ്ങളിലൊന്ന്. പ്രളയത്തെ നേരിടാ‍ൻ തോട്ടപ്പള്ളി സ്പിൽവേയിൽ ഒരുക്കം തുടങ്ങി. വീയപുരം മുതൽ തോട്ടപ്പള്ളി വരെ 11 കിലോമീറ്റർ ലീഡിങ് ചാനലിലെയും സ്പിൽവേ കനാലിലെയും 3.12 ലക്ഷം ഘനയടി മണലാണു നീക്കുന്നത്. 

എങ്കിലും, തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടെയും കാര്യക്ഷമത ഇപ്പോഴും ചോദ്യചിഹ്നമാണ്. തിരമാലയിൽ മണൽത്തിട്ടയുണ്ടാവുക എന്നതു കടലിന്റെ സ്വഭാവമാണ്. മണൽത്തിട്ട ഉയർന്നുകഴിഞ്ഞാൽ വെള്ളം കടലിലേക്ക് ഒഴുകില്ല. ഓരോ മൺസൂൺ കാലത്തിനും മുൻപു പൊഴി മുറിക്കുക മാത്രം പോംവഴി. 

ചെറുതോടുകളായി മുറിഞ്ഞു പിണഞ്ഞാണു പമ്പാനദി കായലിലേക്ക് എത്തുന്നത്. എക്കൽ അടിഞ്ഞതോടെ തോടുകൾ നികന്നു. കയ്യേറ്റം മൂലം ആഴവും വീതിയും കുറഞ്ഞു. ചെറിയ പാലങ്ങൾക്കടിയിലൂടെ വെള്ളം ഒഴുകാൻ പ്രയാസം.

തോട്ടപ്പള്ളിയിൽ 2 മീറ്റർ വരെ ഉയരത്തിൽ കടൽ ക്ഷോഭിക്കാറുണ്ട്. ഇതിനെ പ്രതിരോധിച്ചു വെള്ളം കടലിലെത്തണമെങ്കിൽ സ്പിൽവേ ചാനല‍ിലൂടെ അതിനെക്കാൾ ഉയരത്തിൽ വെള്ളം ഒഴുകേണ്ടി വരും. 

ബാഹുബലി  ഉത്തരമോ? 

padmakumar
ഡോ. കെ.ജി.പത്മകുമാർ

കോൺക്രീറ്റ് വൊല്യൂട്ട് പമ്പുകൾ ഉപയോഗിച്ച് പ്രളയജലം കടലിലേക്ക് ഒഴുക്കി വിടുന്ന രീതി കുട്ടനാട്ടിലും പരീക്ഷിക്കാമെന്ന് ആർ ബ്ലോക്ക് കായൽ വികസനസമിതി. തെലങ്കാനയിലെ കലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ നല്ല ഉദാഹരണം. 400 അടി ഉയരമുള്ള ഡാമുകളിലേക്കാണ് കലേശ്വരത്തെ പമ്പിങ്. 

ഇവിടെയാണെങ്കിൽ, വേമ്പനാട്ടു കായലിൽനിന്നു  10 അടി ഉയരത്തിലേക്കു പമ്പ് ചെയ്താൽ മതി. 

∙ തോട്ടപ്പള്ളി സ്പിൽവേയെക്കാൾ ജലപ്രവാഹം ഇപ്പോൾ സ്പിൽവേയ്ക്കു കിഴക്കു ഭാഗത്തുകൂടി

കായംകുളത്തേക്ക് ഒഴുകുന്ന ടിഎസ് കനാലിനുണ്ട്. സ്പിൽവേയിലേക്കു വെള്ളം ഒഴുകുന്നതിനെക്കാൾ നാലിരട്ടി വേഗത്തിൽ കായംകുളം കായലിലേക്ക് ഈ കനാലിൽ കൂടി വെള്ളം ഒഴുകുന്നുണ്ട്.

– ഡോ. കെ.ജി.പത്മകുമാർ, രാജ്യാന്തര കായൽ, ഗവേഷണകേന്ദ്രം മേധാവി, ആലപ്പുഴ

∙ പലപ്പോഴും പ്രളയം ഒരൊറ്റ തീവ്രമഴയല്ല. പല തീവ്രമഴകൾ ചേർന്നുണ്ടായ സംയോജിത തീവ്രമഴകളാണ്. കാലാവസ്ഥാ പ്രവചനം ഇതനുസരിച്ചു മാറണം. മഴക്കണക്കിനപ്പുറം ജനങ്ങളെ എങ്ങനെ അതു സ്പർശിക്കുമെന്നു പറയാനാവണം. 

roxy
ഡോ. റോക്സി മാത്യു കോൾ

അണക്കെട്ടുനില, ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തസാധ്യത, കൃഷിനാശസാധ്യത തുടങ്ങിയവ മുന്നിൽക്കണ്ടുള്ള സംയോജിത കാലാവസ്ഥാ പ്രവചനമാണ് ഇനി വേണ്ടത്. 

–ഡോ. റോക്സി മാത്യു കോൾ, ശാസ്ത്രജ്ഞൻ, ഐഐടിഎം, പുണെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com