ADVERTISEMENT

കോവിഡ് തളർത്തിയ സമ്പദ്‍വ്യവസ്ഥയെ വളർച്ചയുടെ പാതയിൽ തിരിച്ചെത്തിക്കാൻ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഉത്തേജന പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ധനമന്ത്രി വിശദാംശങ്ങളും നൽകി. ‘സ്വാശ്രയ ഭാരതം’ ലക്ഷ്യമിട്ടുള്ള 20 ലക്ഷം കോടി രൂപയുടെ പാക്കേജാണിത്. നമ്മുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 10% വരുന്ന ഈ പാക്കേജ് അമേരിക്കയുടെ ആദ്യ ഉത്തേജന പാക്കേജിന്റെ അത്രവരും. അവിടെ ഫെഡറൽ റിസർവും സമാന പാക്കേജ് ലഭ്യമാക്കിയിട്ടുണ്ട്. 

കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച പാക്കേജ് ഇതിലുൾപ്പെടുമെന്ന് പ്രധാനമന്ത്രി തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. റിവേഴ്സ് റീപ്പോ നടപടികൾ, ദീർഘകാല പരിഷ്കാരങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾക്ക് അധിക മൂലധനം, മ്യൂച്വൽ ഫണ്ടുകൾക്കു പണലഭ്യത എന്നീ നടപടികളിലൂടെ ഏപ്രിലിൽ 6.9 ലക്ഷം കോടി രൂപയുടെ പാക്കേജ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന’യിലൂടെ പാവങ്ങളെ സഹായിക്കാനായി ധനമന്ത്രി 1.7 ലക്ഷം കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചു. ഈ മാസം 11 മുതൽ സെപ്റ്റംബർ 30 വരെ സർക്കാർ 4.2 ലക്ഷം കോടി രൂപ കടമെടുക്കുമെന്നും അറിയിച്ചു. 2020–21 ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന 7.8 ലക്ഷം കോടി രൂപയുടെ കടമെടുപ്പിനു പുറമേയാണിത്. ഇവയെല്ലാം ചേർന്നതാണ് 20 ലക്ഷം കോടിയുടെ പാക്കേജ്. 

ഈ പ്രഖ്യാപനങ്ങൾ നിലവിലെ സ്ഥിതിയിൽ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ സഹായകമാകുമോ എന്നാണ് ഇനി പരിശോധിക്കേണ്ടത്. വാങ്ങാനാളില്ലാതെ വിഷമിക്കുന്ന സമ്പദ്‍രംഗത്തെ ഉണർത്താൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളൊന്നും തന്നെ സഹായിക്കില്ല. വായ്പകൾക്ക് ആവശ്യക്കാരില്ലാതെ വിഷമിച്ച കഴിഞ്ഞ മാസങ്ങളിലെല്ലാം സർക്കാർ സാമ്പത്തികനയം ഭദ്രമാക്കുന്നതിലാണ് ശ്രദ്ധ ചെലുത്തിയത്. സമ്പദ്‍രംഗം കീഴ്മേൽ മറിഞ്ഞപ്പോഴും രക്ഷാപദ്ധതികളൊന്നും ഉണ്ടായില്ല. വിപണിയിൽ ഡിമാൻഡ് വർധിപ്പിച്ചു സമ്പദ്‍രംഗത്തെ ഉണർത്താനുള്ള ശ്രമങ്ങൾക്കാണു വികസിത രാജ്യങ്ങളിലെ സർക്കാരുകൾ ശ്രദ്ധിക്കുന്നത്. അതായത്, റിസർവ് ബാങ്ക് പ്രഖ്യാപനങ്ങളിലൂടെയല്ല, ധനമന്ത്രാലയത്തിന്റെ നടപടികളിലൂടെയേ അതുസാധ്യമാകൂ. 

ധനമന്ത്രി മാർച്ചിൽ പ്രഖ്യാപിച്ച പാക്കേജിലെ മിക്കതും 2020–21 ബജറ്റിൽ പറഞ്ഞിരുന്നവയാണ്. അതായത്, ഈ 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ, പുതുതായി വായ്പയെടുക്കുന്ന 4.2 ലക്ഷം കോടി രൂപയുടെ (ജിഡിപിയുടെ 2%) ഉത്തേജനമേ ഉടൻ ലഭ്യമാകുകയുള്ളൂ എന്നു വ്യക്തം. 

ധനമന്ത്രി വെളിപ്പെടുത്തിയ പാക്കേജിന്റെ വിശദാംശങ്ങളിലും ആശയക്കുഴപ്പമുണ്ട്. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് (എംഎസ്എംഇ) 3 ലക്ഷം കോടി രൂപയുടെ സഹായമാണു പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്കു കടാശ്വാസവും പ്രവർത്തനം തുടങ്ങാനുള്ള മൂലധനവും ലഭ്യമാക്കുന്ന ഈ നടപടി ശരിയായ ദിശയിലുള്ളതും ഒട്ടേറെപ്പേർക്കു തൊഴിൽ നൽകുന്നതുമാണ്. 50,000 കോടി രൂപയുടെ എംഎസ്എംഇ ഫണ്ടിലൂടെ ഇത്തരം സ്ഥാപനങ്ങൾക്ക് ഓഹരി മൂലധനം ലഭ്യമാക്കിയിട്ടുണ്ട്. 20,000 കോടി രൂപ കട സമാശ്വാസ ഫണ്ടും പ്രഖ്യാപിച്ചു. എന്നാൽ, ഇവയുടെ ഗുണം ഈ വിഭാഗത്തിൽ ഏറ്റവും ആവശ്യമായ മൈക്രോ സംരംഭങ്ങൾക്ക് ഉറപ്പാക്കാനുള്ള നടപടിയില്ലാത്തതു പോരായ്മയാണ്. വിലപേശൽ ശേഷിയുള്ള വലിയ സംരംഭങ്ങൾ ഇതു കയ്യടക്കാനാണു സാധ്യത. 

ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, പ്രത്യേകിച്ച് കൃഷിമേഖലയാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ രൂക്ഷ ഫലം അനുഭവിക്കുന്നത്. വിളവെടുപ്പു സീസണിലെ ലോക്ഡൗൺ എല്ലാം താളം തെറ്റിച്ചു. ഗതാഗതം നിലച്ചതോടെ വിളകൾ വിപണിയിൽ എത്തിക്കാനാകാതെ നശിച്ചു. കൃഷിമേഖലയിൽ എങ്ങും സജീവമായിരുന്ന അതിഥിത്തൊഴിലാളികളുടെ മടക്കം എല്ലാം തകിടം മറിച്ചു. മടങ്ങിയവർ ഇനി തിരിച്ചെത്തുന്ന കാര്യവും സംശയമാണ്. 

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ പരിഗണിച്ചല്ല ധനമന്ത്രി ഈ മേഖലയ്ക്കായി പാക്കേജ് തയാറാക്കിയിരിക്കുന്നത്. വായ്പയെടുക്കാൻ ആളില്ലാത്ത സാഹചര്യത്തിൽ കൃഷിവായ്പ വിപുലമാക്കുമെന്നു പറയുന്നതിൽ അർഥമില്ല. മറ്റു പ്രഖ്യാപനങ്ങളാവട്ടെ, ഉടനെങ്ങും യാഥാർഥ്യമാകുന്നവയോ കർഷകർക്ക് ഉടൻ ഗുണം ലഭിക്കുന്നവയോ അല്ല. അതായത്, കൃഷിമേഖലയുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരമാകുന്നവയൊന്നും പാക്കേജിലില്ല. 

തകർച്ചയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഒട്ടേറെ നയതീരുമാനങ്ങളുടെ പ്രഖ്യാപനമാണു ധനമന്ത്രി നടത്തിയിട്ടുള്ളത്. അതിൽത്തന്നെ പ്രധാനമെന്നു വിശേഷിപ്പിക്കപ്പെട്ട, പ്രതിരോധ വ്യവസായത്തിലെ 74% വിദേശനിക്ഷേപം പ്രധാനമന്ത്രി ഊന്നൽ നൽകിയ ‘സ്വാശ്രയ’ (ആത്മനിർഭരത) ഭാരത സങ്കൽപത്തിനു വിപരീതമാണുതാനും. വികസിത രാജ്യങ്ങൾ ചെലവു ക്രമീകരിച്ചു കൂടുതൽ പണം ഉത്തേജനത്തിനു ലഭ്യമാക്കുമ്പോൾ, ഇന്ത്യ വിദേശനിക്ഷേപം ആകർഷിച്ച് ഉത്തേജനമേകുമെന്നു പറയുന്നു. വിദേശ നിക്ഷേപത്തിലൂടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാമെന്നത് അമിതപ്രതീക്ഷയാണ്. പ്രതിരോധ മേഖലയിൽ ഇത് ഏറെക്കുറെ അസാധ്യവും. 

(ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിൽ പ്രഫസറാണു ലേഖകൻ).

English Summary: Covid and economic package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com