മുഖ്യമന്ത്രി പിണറായി വിജയന് മേയ് 24ന് 75 വയസ്സ്; വർഷങ്ങൾ പറയുന്നു, 75 ലാൽസലാം

pinarayi-vijayan-caa
പിണറായി വിജയൻ
SHARE

കോവിഡിനെയും കാർക്കശ്യത്തോടെ കൈകാര്യം ചെയ്തു ഭരണത്തിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നാളെ 75 വയസ്സു തികയുന്നു. മഹാരോഗത്തിന്റെ വ്യാപനത്തിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോഴും കുലുക്കമില്ലാത്ത ആ ശൈലി നാടിനു നൽകുന്നത് ആത്മധൈര്യം.

മഹാമാരിയുടെ പശ്ചാത്തലത്തിൽ പിണറായി ജന്മദിനം ആഘോഷിക്കാനിടയില്ല. തൊട്ടു പിറ്റേന്ന് സർക്കാരിന്റെ നാലാം വാർഷികദിനത്തിൽ ആഘോഷമുണ്ടാവില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിദിന വാർത്താ സമ്മേളനത്തിനിടെ മുഖത്തെ മാസ്ക്കൊന്നു താഴ്ത്തി കോവിഡ് കണക്കുകൾ മുഖ്യമന്ത്രി പറഞ്ഞു തുടങ്ങുമ്പോൾ കേരളമാകെ ടിവിയുടെ മുന്നിൽ. കൃത്യം ഒരു മണിക്കൂറാകുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നതിൽ വരെയുണ്ട് ആ ‘പിണറായി ടച്ച്’.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്കു തൊട്ടുപിന്നാലെയായിരുന്നു കഴിഞ്ഞ ജന്മദിനമെങ്കിൽ ഒരു വർഷത്തിനിടയിൽ രാഷ്ട്രീയം മാറിമറിഞ്ഞുവെന്ന ആത്മവിശ്വാസമാണ് ഇപ്പോൾ. നാലുവർഷം മുൻപ് മേയ് 25ന് അധികാരമേൽക്കുന്നതിനു തൊട്ടുതലേന്നാണ് തന്റെ യഥാർഥ ജനനത്തീയതി ഒരു സസ്പെൻസ് പോലെ മുഖ്യമന്ത്രി പുറത്തു പറഞ്ഞത്. അതുവരെ മാർച്ച് 24 എന്നായിരുന്നു അറിഞ്ഞിരുന്നത്. 

ഇതു കൊണ്ടൊക്കെ തന്നെയാണ് പിണറായി വിജയൻ പലർക്കും പലപ്പോഴും സമസ്യയാവുന്നതും. കാന്തസൂചി പോലെ ആകർഷിക്കുമെന്ന് ഇഷ്ടപ്പെടുന്നവരും കാട്ടാനയെപ്പോലെ കുഴിയിൽ വീഴ്ത്താൻ നോക്കുമെന്ന് എതിരാളികളും വിശേഷിപ്പിക്കുന്ന നേതാവ്. പുറത്തുള്ളവർക്കു യാഥാർഥ്യം മനസ്സിലാക്കാൻ സമയമെടുക്കുമെന്നും പാർട്ടിക്കു തെറ്റിദ്ധാരണ ഉണ്ടാകരുതെന്നേയുള്ളൂ എന്നുമാണ് ഇതെക്കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കൽ അദ്ദേഹം നൽകിയ മറുപടി.

15 വർഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോർഡിട്ട നേതാവ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ്. കോവിഡ് വിരുദ്ധ പോരാട്ടത്തിലൂടെ ലോകത്തിനു മുന്നിൽ ഇടതുപക്ഷം ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്ന ബ്രാൻഡും.

English Summary: Pinarayi Vijayan turns 75

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA