sections
MORE

കോവിഡ് അനന്തര കേരളത്തിനുവേണ്ടി

HIGHLIGHTS
  • മലയാള മനോരമ വെബിനാറുകൾ തുറക്കുന്ന ആശയവഴികൾ
SHARE

രണ്ടു തുടർപ്രളയങ്ങൾ ചവിട്ടിക്കുഴച്ചിട്ട മണ്ണിൽനിന്നു കേരളം നിവർന്നുനിന്നു തുടങ്ങുമ്പോഴാണു കോവിഡ് ബാധയും ലോക്ഡൗണുമുണ്ടായത്. അനുബന്ധമായി സമസ്തമേഖലകളും തളർച്ചയിലാണ്ടു. അതുകൊണ്ടുതന്നെ, വികസനം എന്ന വാക്കാവും ഇനിയങ്ങോട്ടു കേരളത്തിന്റെ ഗതിയും വിധിയും നിർണയിക്കുക. കോവിഡിനു ശേഷമുള്ള അതിജീവനവും വികസനവും ലക്ഷ്യമാക്കി മലയാള മനോരമ സംഘടിപ്പിച്ച അഞ്ചു വെബ് ചർച്ചകൾ ഈ ദിശയിലേക്കുള്ള വഴി കാണിക്കുന്നതായി.

കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള പുതുലോകം സൃഷ്ടിക്കുന്നതിൽ കേരളത്തിനു മാതൃകയാകാൻ കഴിയുമെന്ന് ഇന്ത്യയിൽ ടെലികോം വിപ്ലവത്തിനു നേതൃത്വം നൽകിയ സാങ്കേതിക വിദഗ്ധൻ സാം പിത്രോദ വെബിനാറിൽ പറഞ്ഞതിൽ നമുക്കുള്ള വലിയ പ്രതീക്ഷയുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം ജർമനിയും ജപ്പാനും പോലുള്ള രാജ്യങ്ങൾ ഉയിർത്തെഴുന്നേറ്റതു കോവിഡ് അനന്തര കേരളത്തിനു മാതൃകയാകണം. ഇതിനായി പക്ഷേ, നിലവിലുള്ള പല ചിട്ടവട്ടങ്ങളും മാറേണ്ടിവരും. സർക്കാർ സംവിധാനങ്ങളിലെ ചുവപ്പുനാടകൾ പൊട്ടിച്ചെറിയേണ്ടതുണ്ട്.

കോവിഡിനു ശേഷമുള്ള അതിജീവനത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി പ്രത്യേക മിഷനു രൂപം നൽകുക തന്നെയാണ് വെബിനാറുകളിലെ മുഖ്യ നിർദേശങ്ങളിലൊന്ന്. നിലവിലുള്ള ചുവപ്പുനാടക്കുരുക്കുകൾ മറികടക്കാൻ മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന രീതിയിലായിരിക്കണം മിഷന്റെ ഘടനയെന്നും കൃഷി – ഭക്ഷ്യസംസ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, വസ്ത്രനിർമാണം, സമുദ്രവിഭവം, പരിസ്ഥിതി – മാലിന്യസംസ്കരണം എന്നീ വിഭാഗങ്ങളിലായി സബ് മിഷനുകൾ രൂപവൽക്കരിക്കണമെന്നും ആശയക്കൂട്ടായ്മ നിർദേശിച്ചു. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത മേഖലകളിൽ വിദഗ്ധരായ 100 മലയാളികളുടെ ആശയങ്ങൾ സമാഹരിച്ച് മിഷന്റെ പ്രവർത്തനങ്ങൾക്കു രൂപരേഖ തയാറാക്കുകയും വേണം.

കേരളത്തിന്റെ സാമ്പത്തികവും തൊഴിൽപരവുമായ പുനരുജ്ജീവനത്തിനുള്ള പ്രായോഗികമായ പല മാർഗങ്ങളെക്കുറിച്ചും വിദഗ്ധർ ചർച്ച ചെയ്യുകയുണ്ടായി. ടൂറിസത്തിന്റെ വീണ്ടെടുപ്പിനും പുതിയ നിക്ഷേപങ്ങൾ വരാനും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്ന് എന്ന തരത്തിൽ കേരളത്തെ റീബ്രാൻഡ് ചെയ്യണമെന്നതു മുഖ്യ ആശയങ്ങളിലൊന്നായിത്തീർന്നു. കോവിഡ് പ്രതിരോധത്തിലെ മികവിലൂടെ കേരളത്തിലെ ആരോഗ്യമേഖല ലോകശ്രദ്ധയിലെത്തിയതു പ്രയോജനപ്പെടുത്തി ആരോഗ്യപരിചരണരംഗത്ത് ഗ്ലോബൽ ഹെൽത്ത് ഹബ്ബായി മാറാൻ കേരളത്തിനു കഴിയുമെന്ന ശുഭാപ്തിവിശ്വാസം ചർച്ചയിൽ പങ്കുവച്ചവരുണ്ട്. ആരോഗ്യ ഉപകരണങ്ങളുടെയും മരുന്ന് – വാക്സിൻ എന്നിവയുടെയും നിർമാണം നടത്തുന്ന ഫാർമസ്യൂട്ടിക്കൽ പാർക്കിനുതന്നെ രൂപം നൽകാവുന്നതാണ്.

ഐടി രംഗത്തെ പുതിയ കുതിപ്പുകൾക്ക് അരങ്ങൊരുക്കുന്ന ഐടി പാർക്കുകൾക്കും സാധ്യതയുണ്ട്. കേരളത്തിലെ സുരക്ഷിത സാഹചര്യങ്ങളും പ്രകൃതിയും രാജ്യാന്തര യാത്രാസൗകര്യങ്ങളും ഇതിൽ നമുക്ക് അനുകൂല ഘടകങ്ങളാണ്. ഡിആർഡിഒ, ഐഎസ്ആർഒ എന്നിവയുടെ സ്വകാര്യവൽക്കരണ, സ്വയംപര്യാപ്തതാ നയങ്ങൾ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള സാധ്യതയും പരിശോധിക്കേണ്ടതുണ്ട്. 1990ൽ ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ച കേരളത്തിന് ഇക്കാര്യങ്ങളിൽ പുതിയ തുടക്കമിടാനാവുമെന്നതു തീർച്ച. പുതിയ സംരംഭങ്ങൾക്ക് അനുമതിയും ആവശ്യമായ ലൈസൻസുകളും നൽകുന്ന സംവിധാനം സർക്കാരിൽനിന്നു മാറ്റി പ്രഫഷനൽ ഏജൻസിയെ ഏൽപിക്കണമെന്നതും വെബ് ചർച്ചയിലെ മുഖ്യനിർദേശങ്ങളിലൊന്നായി. പാസ്പോർട്ട് സേവനം ടിസിഎസിനെ ഏൽപിച്ച മാതൃക ഇതിനു സ്വീകരിക്കാവുന്നതാണ്.

സാമൂഹികവും ആരോഗ്യപരവുമായ സുരക്ഷയുള്ള മേഖല എന്ന നിലയിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിനുള്ള വലിയ സാധ്യതകൾ പ്രയോജനപ്പെടുത്താനും പുതിയ തലമുറയുടെ മികവു വർധിപ്പിക്കാനും തൊഴിൽ നൈപുണ്യവികസനത്തിൽ ഊന്നി പാഠ്യരീതി പരിഷ്കരിക്കേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യവസായമേഖലയുമായി ബന്ധിപ്പിക്കുകയും വേണം.

ഓരോ പ്രതിസന്ധിയും ഓരോ അവസരമാണെന്നിരിക്കെ, കോവിഡിനെ നേരിട്ടതിലൂടെ കേരളത്തിനു കിട്ടിയ രാജ്യാന്തര പ്രശസ്തി പ്രയോജനപ്പെടുത്തി മുന്നേറാൻ കളമൊരുക്കേണ്ട വേളയാണിത്. ലോകമെങ്ങുമുള്ള മലയാളികളുടെ കൂട്ടായ്മയിൽ, അവരുടെ ആശയങ്ങളുടെ ശക്തിയിൽ സംസ്ഥാനത്തിനു വികസനപാതയിൽ മുന്നേറാം. കോവിഡിനു കേരളത്തെ തളർത്താനാവില്ലെന്നു നാം തെളിയിക്കേണ്ടതുണ്ട്.

English Summary: Post covid kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA