sections
MORE

കേരളത്തിനു വേണ്ടത് പുത്തൻ അതിജീവന മാതൃക

malampuzha
സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഡാമായ മലമ്പുഴ. കഴിഞ്ഞ പ്രളയത്തിൽ ഡാം നിറഞ്ഞു, ഷട്ടറുകൾ തുറക്കേണ്ടി വന്നു. പാലക്കാട് നഗരം മുങ്ങി. മലമ്പുഴ ഉദ്യാനം ഒരു മാസമാണ് അടച്ചിടേണ്ടി വന്നത്.
SHARE

ബഹുമുഖ ദുരന്തങ്ങളാണ് ഇന്നു ലോകമെങ്ങും. കേരളവും ത്രിമാന ദുരന്ത സാധ്യതയുടെ പടിവാതിലിലാണ്. മൺസൂൺ, കോവിഡ്, മഴക്കാല രോഗങ്ങൾ എന്നിവയാണ് ഒരേസമയം വെല്ലുവിളിയാകുന്നത്. തീവ്രത കൂട്ടാൻ ചുഴലിക്കാറ്റുകളും കാലാവസ്ഥാമാറ്റവും. ദുരന്തങ്ങൾ ഒന്നിന്റെയും അവസാനമല്ല. സാമൂഹികമായ കെട്ടുറപ്പും ഇച്ഛാശക്തിയുമുള്ള കേരളത്തിന് ഇതിനെ മറികടക്കാനാവും. അതിജീവനത്തിന്റെ പുതിയൊരു കേരള മോഡൽ ദുരന്തനിവാരണ മാതൃകയാണു വേണ്ടത്.

നിലവിൽ പിഴവുകളേറെയുണ്ട്. നദി – പരിസ്ഥിതി പാലനത്തിനായി നീക്കിവയ്ക്കേണ്ട റിവർ മാനേജ്മെന്റ് ഫണ്ട് സംസ്ഥാനം വകമാറ്റി. പഞ്ചായത്തുതല ജൈവവൈവിധ്യ ബോർഡുകൾ മിക്കയിടത്തും നിർജീവം. 

തുറന്നുവിടുന്നതു സംബന്ധിച്ച മുന്നറിയിപ്പിനായി ഓരോ അണക്കെട്ടിനും ജലനിരപ്പു നിശ്ചയിച്ചിട്ടുണ്ട്. അതുമാത്രം പോരാ. ഒന്നിൽ കൂടുതൽ അണക്കെട്ടുകളുള്ള നദികളിൽ സംയോജിത പദ്ധതി വേണമെന്നു വിദഗ്ധർ പറയുന്നു. പെരിയാറിൽ ഭൂതത്താൻകെട്ട് അണക്കെട്ട് എപ്പോൾ എത്രത്തോളം തുറക്കാമെന്നതിനെ അടിസ്ഥാനമാക്കി വേണം ഇടുക്കി, ഇടമലയാർ ഡാമുകൾ തുറക്കുന്നതു തീരുമാനിക്കാൻ. പ്രളയനിയന്ത്രണ ക്രമീകരണങ്ങൾ പ്രദേശവാസികളെ കൃത്യമായി അറിയിക്കണം. വീട്ടിൽ വെള്ളം കയറുമ്പോഴാണ് പലരും ഡാം തുറന്ന കാര്യം അറിയുന്നത്. ആ സ്ഥിതി ഒഴിവാക്കണമെന്നു പരിസ്ഥിതി പ്രവർത്തകർ ഓർമിപ്പിക്കുന്നു.

ചെളിയടിയുന്ന പദ്ധതികൾ

പാലക്കാട്ട് ജലവിഭവ വകുപ്പിനു കീഴിലെ മംഗലം ഡാമിൽനിന്നു 2.95 ദശലക്ഷം ഘനമീറ്റർ ചെളിമണ്ണു വാരാൻ ആഗോള ടെൻഡർ വിളിച്ചെങ്കിലും പദ്ധതി അനന്തമായി നീളുന്നു. മണ്ണെടുപ്പു നടത്തിയാൽ റിസർവോയറിന്റെ ശേഷി പുനഃസ്ഥാപിച്ച് ശുദ്ധജലത്തിനും കൃഷിക്കും കൂടുതൽ വെള്ളം ലഭ്യമാകും. വരൾച്ചയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷനേടാം.

മലമ്പുഴയിലെ നോക്കുകൂലി

മലമ്പുഴ അണക്കെട്ടിലെ മണൽ വിൽപനയ്ക്കുള്ള സർക്കാർ പദ്ധതി അഴിമതിയിൽ മുങ്ങിയാണു നിലച്ചത്. 2010, ഇടതുസർക്കാരിന്റെ കാലം. എതിർപ്പുകളെ അവഗണിച്ചു മണലെടുപ്പു മുന്നോട്ടുപോയി. ‘മലമ്പുഴ മണൽ’ ബ്രാൻഡായി. എടുത്ത മണലിന്റെ കണക്കിലെ കള്ളത്തരമാണ് ആദ്യം കണ്ടെത്തിയത്. കണക്കിലെ മണലും സംഭരിച്ച മണലും തമ്മിലുള്ള അന്തരം അമ്പരപ്പിക്കുന്നതായി. അഞ്ചു ലക്ഷം ഘനമീറ്റർ എടുത്തെന്നു കമ്പനി. എന്നാൽ, കോർ കമ്മിറ്റിയുടെ പരിശോധനയിൽ വലിയ വ്യത്യാസം കണ്ടെത്തി. മിനറൽ ഡവലപ്മെന്റ് കോർപറേഷന്റെ മുൻപരിചയമില്ലായ്മയും വെളിച്ചത്തു വന്നു. യന്ത്രങ്ങൾ മണലെടുക്കുമ്പോൾ ചുമട്ടുതൊഴിലാളികൾക്കു നോക്കുകൂലി നൽകിയതും വിവാദമായി.

കസേരമാറ്റം പോരാ

ഒരു ജില്ലാ ഭരണകേന്ദ്രത്തിൽ കോവിഡ് പ്രതിരോധയോഗം നടക്കുകയാണ്. അൽപം കഴിഞ്ഞപ്പോൾ അംഗങ്ങൾ എഴുന്നേറ്റു കസേര മാറിയിരുന്നു. അതോടെ അതു പ്രളയ ദുരന്തനിവാരണ സമിതി യോഗമായി. മിക്കവാറും ജില്ലകളിലെ സ്ഥിതി ഇതാണ്. ദുരന്തം കോവിഡോ പ്രളയമോ പകർച്ചവ്യാധിയോ ആകട്ടെ, പ്രതിരോധ പ്രവർത്തനങ്ങൾക്കു സ്വഭാവം ഒന്നുതന്നെ. കോവിഡ് പ്രതിരോധസംഘം തന്നെ പ്രളയവും നേരിടണം. 

മാസങ്ങൾ നീണ്ട കോവിഡ് പോരാട്ടം മൂലം പൊലീസും അഗ്നിരക്ഷാസേനയും ക്ഷീണിതർ. ഏതു ദുരന്തം വന്നാലും നേരിടേണ്ടതും ഇവർ തന്നെ. 

വനമേഖലയിലെ ഇടിച്ചിൽ

പത്തനംതിട്ട ആനത്തോട് അണക്കെട്ടു തുറന്നുവിട്ടതോടെ ഗവി ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ നിത്യഹരിത മഴക്കാടുകൾക്കേറ്റ ആഘാതം പഠനവിധേയമായിട്ടില്ല. കക്കി – ആനത്തോട് അണക്കെട്ടുകൾ തുറന്നു വിട്ടപ്പോൾ വെള്ളത്തിന്റെ ശക്തിയിൽ ഹെക്ടർ കണക്കിനു മലകളുടെ ചുവടറ്റു.  

നൂറുകണക്കിനു വൻമരങ്ങൾ കടപുഴകി. ആനത്തോട് അണക്കെട്ടു മുതൽ പമ്പ ത്രിവേണി വരെ വനത്തിലൂടെ വരുന്ന ആറിന്റെ ഇരുകരകളും മീറ്റർ കണക്കിനു ദൂരത്തിൽ ഇടിഞ്ഞുതാണു. ഈ മണ്ണാണ് കുട്ടനാടു വരെ ഒഴുകിയത്. മണ്ണിന്റെ ഉറപ്പിന് ഇളക്കം തട്ടി. ഇത് അണക്കെട്ടുകളുടെ സുരക്ഷയെ ബാധിച്ചോ? പഠനം അനിവാര്യം.

കോവിഡ് കാലത്ത് ദുരിതാശ്വാസ ക്യാംപ്

∙ ക്യാംപ് ചുമതല വില്ലേജ് ഓഫിസർക്ക്. പഞ്ചായത്ത് ഉദ്യോഗസ്ഥസഹായം. 

∙ മുൻകൂട്ടി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിലേക്കു മാറാൻ പ്രേരിപ്പിക്കും.  

∙ ഓരോ പഞ്ചായത്തിലും 4 തരം ക്യാംപ്. പൊതുവായ ക്യാംപ്, 60 വയസ്സിനു മുകളിലുള്ളവർ, രോഗലക്ഷണം ഉള്ളവർ, രോഗബാധിതർ. 

∙ ക്യാംപിൽ ദിവസവും ആരോഗ്യവകുപ്പിന്റെ പരിശോധന. കോവിഡ് ലക്ഷണങ്ങൾ നോക്കണം. ഹോം ക്വാറന്റീനിലുള്ളവരെ രക്ഷിക്കാൻ പോകുന്ന സംഘത്തിൽ ആരോഗ്യപ്രവർത്തകനും. 

∙ കുടുംബമായി വരുന്നവരെ ഒരുമിച്ചു താമസിപ്പിക്കുക. 

∙ മാസ്ക്, കൈകഴുകാൻ സൗകര്യം. തുണി അണുവിമുക്തമാക്കാൻ സൗകര്യം, പത്രമാധ്യമങ്ങൾ, വ്യായാമം, മൊബൈൽ റീചാർജിങ്, വൈദ്യുതി എന്നിവ ക്യാംപിൽ ഉറപ്പാക്കുക.

∙ 30 പേർക്ക് ഒരു ശുചിമുറി. സോപ്പുലായനി വേണം. ദിവസം നാലുവട്ടം ഇവ ഉണ്ടെന്ന് ഉറപ്പാക്കണം. ശുചിമുറി രണ്ടു വട്ടം കഴുകുക. ബയോ ശുചിമുറി ഒരുക്കുക.

∙ ഭക്ഷണം നൽകാൻ ക്യൂവിൽ 20 പേർ ഒരു സമയം. ശാരീരിക അകലം പാലിക്കുക. സന്ദർശകരെ ഒഴിവാക്കുക. 

∙ ‘പ്രളയനിയന്ത്രണത്തിനു നിലവിലുള്ള നടപടികൾ പര്യാപ്തമോ എന്നു സംശയം. റൂൾ കർവ്, ഡാം തുറക്കു ന്നതിനുള്ള എസ്ഒപി (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യേഴ്സ്) എന്നിവ ഉദ്യോഗസ്ഥ തലത്തിൽ തയാറാക്കിയതാണ്. പ്രളയകാലത്ത് അവ ഫലപ്രദമാകുമെന്ന് ഉറപ്പില്ല. ഈ പദ്ധതികൾ പ്രളയബാധിത പ്രദേശങ്ങളിലെ നാട്ടുകാർ, വിദഗ്ധർ, പൊതുപ്രവർത്തകർ തുടങ്ങിയവരുടെ അഭിപ്രായം ശേഖരിച്ചുവേണം തയാറാക്കാൻ. തിരുത്തലുകൾക്കു സർക്കാർ തയാറാകണം.’ – എസ്.പി.രവി (സെക്രട്ടറി, ചാലക്കുടി പുഴസംരക്ഷണ സമിതി)

English Summary: River management and kerala survival

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA