ADVERTISEMENT

യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സഹകരണത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച യൂറോപ്യൻ ഇക്കോണമി മാർക്കറ്റിൽ രണ്ടെണ്ണം എറണാകുളം ജില്ലയിലുണ്ട് – മരടിലും മൂവാറ്റുപുഴയിലും. രണ്ടിടത്തും പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കാൻ 20 ടണ്ണിന്റെ വീതം 2 ശീതീകരണികളും. ഇതിൽ മരടിലേത് പ്രവർത്തിക്കുന്നു. മൂവാറ്റുപുഴയിലേത് പ്രവർത്തിക്കാതായിട്ടു 4 വർഷമായി. മരടിൽ  40 മെട്രിക് ടണ്ണിനുള്ള സൗകര്യമുണ്ടെങ്കിലും 20 മെട്രിക് ടൺ ശേഷിയുള്ള കോൾഡ് സ്റ്റോറേജാണ് ഇപ്പോഴുള്ളത്. 1.40 കോടി ചെലവിൽ 5 സ്റ്റോറേജുകളായാണ് ഇതു നിർമിച്ചിരിക്കുന്നത്. ഇപ്പോഴത്തെ 5 സ്റ്റോറേജുകളും വാടകയ്ക്കു പോയി. പക്ഷേ, പച്ചക്കറിക്കർഷകനു ഗുണമില്ല. വാടകയ്ക്കെടുത്ത വൻകിട വ്യാപാരികൾ പുറത്തുനിന്നു കൊണ്ടുവരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണിയായാണ് ഇത് ഉപയോഗിക്കുന്നത്.

ഹോർട്ടികോർപ്പിന് ഇവിടെ പച്ചക്കറി സംഭരിക്കാമെങ്കിലും അതു ചെയ്യുന്നില്ല. ഇത്തവണ ടൺ കണക്കിനു പൈനാപ്പിൾ ചീഞ്ഞുപോയിട്ടും ഒരു ടൺ പോലും വാങ്ങി ഇവിടെ സംഭരിക്കാൻ ഹോർട്ടികോർപ് തയാറായില്ല. മൂവാറ്റുപുഴയിൽ ആഴ്ചച്ചന്ത പോലും നടക്കുന്നില്ല. ലേലഹാളും കടമുറികളും ശീതീകരണികളും വെറുതേ കിടക്കുന്നു. ഇപ്പോൾ അഗ്രോ സെന്റർ തുടങ്ങാനുള്ള ഒരുക്കമാണ്. ഇതിനിടെ, 30 ലക്ഷം രൂപമുടക്കി ഒരു വെയർഹൗസും നിർമിച്ചു. അതും വെറുതേ കിടക്കുന്നു. ഈ രണ്ടെണ്ണത്തിനു പുറമേ, കൃഷിവകുപ്പിനു കീഴിൽ ആനയറ, നെടുമങ്ങാട് (തിരുവനന്തപുരം), വേങ്ങേരി (കോഴിക്കോട്), ബത്തേരി (വയനാട്) എന്നിവിടങ്ങളിലും പരിമിതമായ രീതിയിൽ ശീതീകരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നു. 

ഹോർട്ടികോർപ്പിന് എല്ലാ ജില്ലകളിലും സംഭരണകേന്ദ്രങ്ങളുണ്ട്. ലോക്ഡൗൺ കാലത്തു സംഭരണം കൂടിയപ്പോൾ എല്ലാം നിറഞ്ഞു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ സംഭരണ‌ശാലകളെന്നു പറയുന്നത് അവരുടെ സ്വാശ്രയ കർഷക വിപണികളാണ്. കർഷകരുടെ ഉൽപന്നങ്ങൾ വ്യാപാരികൾ വാങ്ങാനെത്തുന്ന സമയം വരെ സൂക്ഷിക്കാനുള്ള താൽക്കാലിക സംവിധാനം. ലോക്ഡൗൺ പോലുള്ള സ്ഥിതി നേരിടാനുള്ള കെൽപില്ല അവയ്ക്ക്.

കാർഷിക ഉൽപന്നങ്ങൾ കെട്ടിക്കിടക്കുമ്പോൾ പിന്നെ കർഷകന് എന്തു രക്ഷ? സംസ്കരണവും മൂല്യാധിഷ്ഠിത ഉൽപന്നങ്ങളുമാണു മറുപടി.

കൂരാറ വയലിലെ കുമ്പളങ്ങ

കണ്ണൂർ മൊകേരി കൂരാറ വയലിൽ പാടശേഖര സമിതിയിലെ 77 കർഷകരാണു കുമ്പളം കൃഷി ചെയ്തത്. വിളവെടുക്കാൻ പാകമായപ്പോൾ ലോക്ഡൗൺ. പൊതുവിപണിക്കു പുറമേ, വിവാഹം മുതൽ ഉത്സവം വരെയുള്ള വിവിധ ആഘോഷങ്ങളും ഹോട്ടലുകളുമെല്ലാം ഇവരുടെ കുമ്പളം ചെലവഴിക്കാനുള്ള വഴികളായിരുന്നു. ലോക്ക് ഡൗൺ എല്ലാ വഴികളും അടച്ചതോടെ കർഷകർ പ്രതിസന്ധിയിലായി. ആറും ഏഴും കിലോ തൂക്കം വരുന്ന കുമ്പളങ്ങ; ഒരു വീട്ടിലേക്ക് ഒരെണ്ണം പോലും വേണ്ട. കോവിഡ് ഭീതി കാരണം മുറിച്ചു വാങ്ങാനും ആളില്ലാതായി. കൃഷിവകുപ്പിന്റെ മാർക്കറ്റിങ് വിഭാഗവും വിവിധ സന്നദ്ധ സംഘടനകളും ചേർന്നു 10 ടണ്ണോളം സംഭരിച്ചു. പാടത്തു കുമ്പളം പിന്നെയും ബാക്കി.

കൂരാറ ഒരു മോഡലാണ്; കൃഷി എങ്ങനെയാകരുത് എന്നതിന്റെ മോഡൽ! ഒരു പാടശേഖര സമിതിയിലെ 77 കർഷകർ ഒരു വിളതന്നെ കൃഷി ചെയ്തിട്ട് ലോക്‌ഡൗണിനെ പഴിച്ചിട്ടു കാര്യമില്ലല്ലോ? വിപണിയിൽ ആവശ്യക്കാരുള്ള പച്ചക്കറിയല്ല കേരളത്തിലെ മിക്ക കർഷകരും ഉൽപാദിപ്പിക്കുന്നത്. ചില ഇനങ്ങൾ തീ രെ ഉൽപാദിപ്പിക്കാത്തപ്പോൾ, ചിലതു വൻതോതിൽ കൃഷി ചെയ്യുന്നു. ഈ അന്തരം വളരെ വലുതായതു മൂലമാണ് വ്യാപകമായി ഉൽപാദിപ്പിക്കുന്ന ഇനങ്ങൾക്കു വില കിട്ടാതെ പോകുന്നത്. സംശയമുണ്ടെങ്കിൽ തൃശൂർ ജില്ലയിലെ പഴയന്നൂർ പൊട്ടൻകോട് കർഷക സമിതിയിൽ കഴിഞ്ഞ ഏപ്രിലിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ വിൽപനയ്ക്കെത്തിച്ച വിളവുകളുടെ അളവു നോക്കൂ:

പാവൽ, പടവലം, പയർ – ഇവയാണു കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന പച്ചക്കറികളിൽ മുന്നിൽ നിൽക്കുന്നത്. പാവൽ കിലോയ്ക്കു ശരാശരി 15 രൂപ എന്നു കണക്കാക്കാം. അതേസമയം, വെണ്ടയ്ക്കയ്ക്ക് 25 രൂപ കിട്ടുമെന്നു കരുതുക. എന്നാലും കർഷകനു ലാഭം പാവയ്ക്കാ കൃഷിയാണ്. കൃഷിച്ചെലവു കുറവു പാവയ്ക്കയ്ക്കാണ്. ഒറ്റപ്പന്തലിൽ പാവയ്ക്കയും പയറും പടവലവും കൃഷിചെയ്യാം. ഏപ്രിൽ അവസാനത്തോടെ പാവയ്ക്ക വിളവെടുക്കും. തൊട്ടു പിറകെ പയർ കുത്തും. ഓണത്തിനു പറിക്കാം. അതിനു പിന്നാലെ പടവലം നടും. ഒരു വർഷം, ഒരു പന്തൽ, മൂന്നു വിള. 2 മാസം വെറുതേയിടും. വീണ്ടും ഫെബ്രുവരിയോടെ പാവൽ... കേരളത്തിലെ പച്ചക്കറി വാണിജ്യ കൃഷിയുടെ സൈക്കിൾ ഇതാണ്.

കൃഷിയിടത്തിൽ പരമ്പരാഗതമായി ചെയ്തുവരുന്ന വിള മാറ്റി പുതിയതു പരീക്ഷിക്കാൻ എന്തുകൊണ്ടാണു കർഷകർ തയാറാകാത്തത്? വിലനഷ്ടമോ വിളനഷ്ടമോ ഉണ്ടായാൽ കൈത്താങ്ങാവാൻ സർക്കാർ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നതു തന്നെ കാരണം. ബഹുവിളക്കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ഇല്ലെന്നുതന്നെ പറയാം. ഉള്ളവ വിപണിയധിഷ്ഠിതവുമല്ല.

ഇനി അധികം വരുന്ന പച്ചക്കറി സംഭരിക്കാമെന്നു വച്ചാലോ? വിശ്വസനീയമായ ശീതീകരണ സംവിധാനമോ പച്ചക്കറികൾ ശീതീകരണ സംവിധാനമുള്ള വാഹനങ്ങളിൽ നിർദിഷ്ട സ്ഥലങ്ങളിൽ എത്തിക്കാനുള്ള മൊബൈൽ യൂണിറ്റുകളോ കോൾഡ് ചെയിൻ സംവിധാനമോ നമുക്കില്ല.

antony
ആന്റണി കണ്ടിരിക്കൽ

രക്ഷിച്ചത് പ്രാദേശിക വിപണി

ലോക്ഡൗണിൽ ഞങ്ങളെ രക്ഷിച്ചതു പ്രാദേശിക വിപണിയാണ്. വിപണനകേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ഉപഭോക്താക്കളുടെ വാട്സാപ് ഗ്രൂപ്പ് ആരംഭിച്ചു. ഓരോ ദിവസവും ശേഖരിക്കുന്ന ഉൽപന്നങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. ആവശ്യക്കാർ ഇതുകണ്ട് വേണ്ടത് എത്രയെന്ന് അറിയിക്കും.

തൊടുപുഴയിലും കൊച്ചിയിലുമാണു വിപണികൾ പ്രവർത്തിക്കുന്നത്. ഉൽപന്നങ്ങൾ ശേഖരിക്കാനും എത്തിക്കാനും ലോക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ പ്രയാസം നേരിട്ടു. ഉദ്യോഗസ്ഥതലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും പ്രായോഗികമാകാറില്ല. അവയാണു പരാജയപ്പെടുന്നത്. ഓരോ മേഖലയിലെയും കർഷകരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ അധികൃതർ തയാറാകണം.

-ആന്റണി കണ്ടിരിക്കൽ, പ്രസിഡന്റ്, കേരള അഗ്രികൾചറൽ സൊസൈറ്റി, തൊടുപുഴ

saji-gapo
സജി ഗോപിനാഥ്

ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് പോംവഴി

ഉൽപാദിപ്പിച്ച മുഴുവൻ വിളകളും കൃഷി ചെയ്യുന്ന പ്രദേശത്തുതന്നെ വിറ്റഴിക്കാൻ മിക്കപ്പോഴും സാധിക്കില്ല. എന്നാൽ, ഈ വിള ആവശ്യമുള്ള ഒട്ടേറെപ്പേർ തൊട്ടടുത്തുള്ള പ്രദേശങ്ങളിലുണ്ടാവും. വിളകളെക്കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നൽകിയാൽ ആവശ്യക്കാർക്കു ബന്ധപ്പെടാൻ എളുപ്പമായിരിക്കും. ഉൽപന്നത്തിന്റെ അളവ്, വില, പ്രത്യേകതകൾ, ഫോൺ നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങൾ ഷെയർ ചെയ്താൽ ഉൽപന്നങ്ങൾ വിറ്റുപോകും. കൃഷിവിളകൾക്കു വിപണി ഉറപ്പാക്കാൻ ഫാർമർ ഫ്രഷ് സോൺ, നിഞ്ച കാർട്ട് പോലുള്ള സ്റ്റാർട്ടപ് കമ്പനികളും സജീവമായി ഇടപെടുന്നുണ്ട്.

-സജി ഗോപിനാഥ്, സിഇഒ, കേരള സ്റ്റാർട്ടപ് മിഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com