ADVERTISEMENT

കാഞ്ഞിരപ്പള്ളി സ്വദേശി ജെഫ് തോമസ് എന്ന ഏലം കർഷകൻ 2012ൽ സ്പൈസസ് ബോർഡിന് ഒരു പദ്ധതി സമർപ്പിച്ചു. ഇ – ലേലത്തിനൊപ്പം ഓൺലൈനായും ലേലം നടത്താം (ഇ – ലേലത്തിൽ പങ്കെടുക്കണമെങ്കിൽ ലേലകേന്ദ്രത്തിൽ പോകണം. ലേലകേന്ദ്രത്തിൽ പോകാതെ ലേലത്തിൽ പങ്കെടുക്കാമെന്നതാണ് ഓൺലൈൻ രീതിയുടെ മെച്ചം).

പ്രാരംഭ പ്രവർത്തനങ്ങൾക്കു പച്ചക്കൊടി കാണിച്ച സ്പൈസസ് ബോർഡ് പിന്നീടു പദ്ധതി ഉപേക്ഷിച്ചു. 8 വർഷങ്ങൾക്കു ശേഷം, ഇപ്പോൾ ലോക്ഡൗൺ മൂലം ഇ – ലേലം മുടങ്ങിയപ്പോൾ സ്പൈസസ് ബോർഡ് ഓൺലൈൻ ലേലം ആരംഭിക്കാൻ പോകുന്നു. 68 ദിവസം ലേലം മുടങ്ങിയിട്ട് ഇന്നലെയാണ് പുറ്റടിയിൽ ലേലം പുനരാരംഭിച്ചത്. ഈ കാലയളവിൽ കർഷകർക്കുണ്ടായതു കോടികളുടെ നഷ്ടം. ഒരാശയം ലഭിച്ചിട്ട് 8 വർഷം അതിന്മേൽ അടയിരിക്കുന്നവരെ ആരു രക്ഷിക്കാൻ?

ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും തലയുയർത്തി നിൽക്കുന്ന കേരള മോഡലിന് പക്ഷേ, കൃഷിമേഖലയിൽ മാതൃകയാകാൻ പറ്റുന്നില്ല. നവീന ആശയങ്ങളും സംരംഭങ്ങളും ഇല്ലെന്നല്ല. എന്നാൽ, സുസ്ഥിര സംവിധാനമായി കേരളം മുഴുവൻ വ്യാപിപ്പിച്ച് കർഷകനു പിന്തുണയേകുന്ന രീതിയിലേക്കു വളരാൻ അവയ്ക്കു കഴിഞ്ഞിട്ടില്ല. മാതൃകയാക്കാവുന്ന സംരംഭങ്ങൾ എത്രവേണമെങ്കിലും പ്രാദേശികമായി ചൂണ്ടിക്കാണിക്കാൻ കഴിയും. ഒപ്പം, ലോക്ഡൗൺ തുറന്നുവിട്ട ചില പുതിയ മുന്നേറ്റങ്ങളും പരീക്ഷണങ്ങളും.

 തടപ്പയറുണ്ട് വാട്സാപ്പിൽ!

തിരുമാറാടിയിൽ 50 കിലോ തടപ്പയർ ഉണ്ട്! തൊട്ടുപിറകെ കൃഷി ഓഫിസറുടെ സ്മാർട് ഫോണിൽ അടുത്ത മെസേജ് – തിരുവാണിയൂരിൽ 3 ടൺ പടവലം, പിറവത്ത് 50 കിലോ പാഷൻ ഫ്രൂട്ട്... ലോക്ഡൗൺ കാലത്തു കൂട്ടിലായിപ്പോയ കർഷകർക്ക് അവരുടെ ഉൽപന്നം വിറ്റഴിക്കാൻ കൃഷി ഓഫിസർമാർ കണ്ടെത്തിയ വഴിയാണിത്.

എറണാകുളം ജില്ലയിൽ 14 ബ്ലോക്കുകളിൽ കൃഷി ഓഫിസർമാർ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. ഇതിൽ കർഷകരെയും വിൽപനക്കാരെയും ഉൾപ്പെടുത്തി. തിരുവാണിയൂരിലെ പടവലം മുതൽ തിരുമാറാടിയിലെ പയർ വരെ ഇങ്ങനെ വാട്സാപ് ഗ്രൂപ്പുകളിൽ വിൽപനയ്ക്കെത്തി. വിൽപന മോശമായില്ലെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ ടി.ദിലീപ് കുമാർ. കൃഷി ഓഫിസർമാർ മാത്രമല്ല, പ്രാദേശികമായി ഒട്ടേറെ വാട്സാപ് ഗ്രൂപ്പുകൾ ഇത്തരത്തിൽ വിപണിയിൽ ഇടപെടുന്ന കാഴ്ച ലോക്ഡൗൺ കാട്ടിത്തന്നു.

 ഹോം ഡെലിവറി

ഉൽപന്നങ്ങൾ വിപണിയിൽനിന്നു നേരിട്ട് ആവശ്യക്കാരിലേക്ക്, ഇടനിലക്കാരില്ലാതെ. സ്വപ്നസമാനമായ ഈ പരീക്ഷണം ലോക്ഡൗൺ കാലത്തു പരിമിതമായെങ്കിലും നടന്നു. വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതികളിൽ നിന്നു നേരിട്ട് റസിഡന്റ്സ് അസോസിയേഷനുകൾ വഴിയാണ് കിറ്റായി പച്ചക്കറി വീടുകളിലെത്തിയത്. തിരുവനന്തപുരത്തും എറണാകുളത്തും സ്വിഗി, സൊമാറ്റൊ, കൂഹോയ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചും ആവശ്യക്കാരിലേക്ക് ഉൽപന്നമെത്തിച്ചു. കോട്ടയത്ത് വിപണികളിൽനിന്നു നേരിട്ടു റസിഡന്റ്സ് അസോസിയേഷനുകൾ വഴി കിറ്റ് വിതരണം നടത്തി. ഇതൊരു പരീക്ഷണമായിരുന്നെന്നും ആശാവഹമായ പ്രതികരണമാണു ലഭിച്ചതെന്നും വിഎഫ്പിസികെ സിഇഒ എ.കെ.ഷെരീഫ് പറയുന്നു.

 മയ്യിൽ ചാലഞ്ച് 

കാർഷിക കേരളം ഒരുപാടു ചർച്ച ചെയ്തതാണ് നെൽക്ക‍ൃഷിയിലെ കണ്ണൂർ ‘മയ്യിൽ മോഡൽ’. എന്നാൽ, ഇത് ഒരിക്കൽ സംഭവിക്കുന്ന പ്രതിഭാസം മാത്രമാണെന്നാണു പലരും കരുതുന്നത്. സംശയാലുക്കളെ കമ്പനി ചെയർമാൻ കെ.കെ.രാമചന്ദ്രനും മാനേജിങ് ഡയറക്ടർ പി.കെ.ബാലകൃഷ്ണനും വെല്ലുവിളിക്കുന്നു. തരിശുകിടക്കുന്ന ഭൂമി സംസ്ഥാനത്ത് എവിടെയുണ്ടെങ്കിലും അവിടെ കൃഷിയിറക്കാൻ കമ്പനി തയാർ! ഏക്കറിനു 30,000 രൂപ അടച്ചാൽ 1000 കിലോ നെല്ലും 200 കിലോ പച്ചരിയും ഭൂവുടമയ്ക്കു കമ്പനി തിരിച്ചുനൽകും. കൃഷിവകുപ്പ് നൽകുന്ന ഇൻസന്റീവ് ഭൂവുടമയ്ക്ക് എടുക്കാം.

കമ്പനി നിലവിൽ വന്നത് 2017 ജൂൺ 8ന്. ആദ്യ വർഷം മടിച്ചുനിന്നവരിൽ ആയിരത്തിലേറെപ്പേർ രണ്ടാം വർഷം കൃഷിയിറക്കാൻ തയാറായി. ഇപ്പോൾ 2108 കർഷകരാണു കമ്പനിയുടെ ഭാഗമായുള്ളത്. മിനി റൈസ് മിൽ, ഫ്ലോർ മിൽ തുടങ്ങിയവ നൽകി വീട്ടിൽനിന്നുതന്നെ നെല്ലുകുത്താനും മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനും കർഷകരെ പ്രാപ്തരാക്കുന്നു ഈ കൂട്ടായ്മ.

vegetable-market
ഫാർമർ ഫ്രഷ് സോണിന്റെ ഔട്‌ലെറ്റുകളിലൊന്ന്.

ഫാർമേഴ്സ് ഫ്രഷ് സോൺ

എത്ര വിലയിടിഞ്ഞാലും കർഷകർക്കു ന്യായവില ഉറപ്പാക്കുകയാണ് സ്റ്റാർട്ടപ് സംരംഭകനും തൃശൂർ മറ്റത്തൂർ സ്വദേശിയുമായ പി.എസ്.പ്രദീപ്. കേരള സ്റ്റാർട്ടപ് മിഷനു കീഴിലെ മലബാർ ഇന്നവേഷൻ ഒൻട്രപ്രനർഷിപ് സോണിലെ (Mizone) സ്റ്റാർട്ടപ്പുകളിലൊന്നാണിത്. വിത്തിടുന്നതിനു മുൻപേ ഉൽപന്നത്തിനു കിലോയ്ക്ക് എത്ര വില കിട്ടുമെന്നു കർഷകന് അറിയാമെന്നതാണു നേട്ടം. വിപണിയിലെ ചാഞ്ചാട്ടമൊന്നും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കി മനസ്സമാധാനത്തോടെ കൃഷി ചെയ്യാം. വിഷരഹിതമായിരിക്കണം വിളകൾ എന്നതാണ് ഏക നിബന്ധന. 1650 കർഷകരാണു പ്രദീപിനു വേണ്ടി കൃഷിചെയ്യുന്നത്. ഓൺലൈൻ വിപണിക്കു പുറമേ, എറണാകുളത്തു 3 വിപണന കേന്ദ്രങ്ങളും ഇവർക്കുണ്ട്. മിക്ക കർഷകരെയും ലോക്ഡൗൺ വലച്ച ഏപ്രിലിൽ മാത്രം ഫാർമേഴ്സ് ഫ്രഷ് സോൺ വഴി പ്രദീപ് വിറ്റത് 160 ടൺ വിളകൾ.

വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും കർഷകനും സ്മാർട്ടാകാൻ കുറുക്കുവഴികളില്ല. കൃഷിക്കാരന്റെ ആവശ്യം വളരെ ലളിതമാണ് –  ഉൽപന്നത്തിനു ന്യായവില ലഭിക്കുക. കർഷകനെ ഭയപ്പെടുത്തുന്നത് വിപണിയിലെ മത്സരം മാത്രമല്ല; വിലയിടിവും കീടരോഗബാധയും പ്രകൃതിക്ഷോഭം മൂലമുള്ള വിളനഷ്ടവുമാണ്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പഴം – പച്ചക്കറികൾക്ക് (നാടൻ) വിപണിയിൽ വൻ സ്വീകാര്യത ലഭിച്ച സമയമാണ് ലോക്ഡൗൺ കാലം. പടവലം, പാവയ്ക്ക, കുമ്പളങ്ങ, മത്തങ്ങ എന്നിവ കേരളത്തിന്റെ തനതു രുചിയാണ്. ഇതിനു മാർക്കറ്റ് തേടി നമ്മൾ എങ്ങും അലയേണ്ടതില്ല.

കൃഷി വ്യാപിപ്പിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികളാണു മുന്നോട്ടുവയ്ക്കുന്നത്. കർഷകനു മുന്നിൽ തുറന്നുവരുന്ന ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിലാണ് കാർഷിക കേരളത്തിന്റെ മിടുക്ക്.

സംഭരിക്കാം, പകുതിയിങ്ങു പോരട്ടെ!

‘ഈ കിടക്കുന്ന നെല്ലിനു നേർപകുതി താരയാണ് മില്ലുകാർ ചോദിച്ചത്’. പാടവരമ്പിൽ കൂട്ടിയിട്ട നെല്ലുകൂമ്പാരം ചൂണ്ടി കോട്ടയം കല്ലറ മനയ്ക്കത്താഴം പാടശേഖരത്തിന്റെ സെക്രട്ടറി കെ.കെ.ഷാജി പറഞ്ഞു. അതായത് 100 കിലോ നെല്ലു സംഭരിക്കുമ്പോൾ ഗുണനിലവാരം മോശമായതിന്റെ പേരിൽ 50 കിലോ മില്ലുകാരനു കൊടുക്കണം! ഒടുവിൽ 21 ദിവസം നെല്ലു പാടത്തിട്ടു തർക്കിച്ചതിനു ശേഷം, 12 കിലോ താര എന്നു തീരുമാനമായി. 2 മുതൽ 5 കിലോ വരെയാണ് സാധാരണയായി താര നൽകാറുള്ളത്. നെല്ല് എങ്ങനെ മോശമായി? കൊയ്ത്തുകാലത്താണു ലോക്ഡൗൺ വന്നത്. കൊയ്ത്തു പൂർത്തിയാക്കാൻ 15 ദിവസമെടുത്തു. ഇതിനിടെ പാടത്തു വെള്ളം കയറി, നെല്ലു മോശമായി. കർഷകൻ മില്ലുടമയുടെ ബന്ദിയായി.

സമയം തെറ്റിയുള്ള ഇടപെടൽ. കർഷകർക്കു സർക്കാർ സംവിധാനങ്ങളെപ്പറ്റിയുള്ള ഏറ്റവും വലിയ പരാതി ഇതാണ്. നെല്ലുകൊയ്ത്ത് കാൽഭാഗം പിന്നിടുമ്പോഴായിരിക്കും നെല്ലുസംഭരണത്തിന്റെ ചർച്ച ആരംഭിക്കുക. നെല്ലെടുക്കാൻ സർക്കാർ തയാറായി വരുമ്പോഴേക്കും പല കർഷകരും കിട്ടുന്ന വിലയ്ക്കു പ്രാദേശിക മില്ലുകാർക്കു വിറ്റ് ഒഴിവാക്കും. ഇല്ലെങ്കിൽ മഴ പെയ്ത്, കോട്ടയം കല്ലറയിൽ സംഭവിച്ചതു പോലെ നെല്ലു മോശമാവും.

വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് അടുത്ത പ്രശ്നം. നാട്ടിൽ കൊയ്ത്തോ കാപ്പിക്കുരു ശേഖരണമോ സജീവമാകുന്ന സമയത്താകും തൊഴിലുറപ്പു പദ്ധതി ക്രമീകരിക്കുക. അതോടെ കൊയ്ത്തിന് ആളില്ലാതാകും. ഞാറു നട്ട് വെള്ളം വേണ്ട സമയത്ത് കനാലിൽനിന്നു വെള്ളം കിട്ടില്ല. പഞ്ചായത്ത് തലത്തിലെ ഏകോപന സമിതികൾ സജീവമാക്കുകയാണു പരിഹാരം.

‘സ്മാർട്ടാകട്ടെ കൃഷികേരളം’ വെബ് ചർച്ച ഇന്ന്

കോവിഡിനു ശേഷം കേരളത്തിലെ കൃഷിമേഖലയെ എങ്ങനെ സ്മാർട്ടാക്കാം? ആശയങ്ങൾ തേടി മലയാള മനോരമയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10.30 മുതൽ 12 വരെ വെബിനാർ നടത്തും. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ചർച്ചയിൽ സംബന്ധിക്കും.  

സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ.എൻ.ഹരിലാൽ, റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക്, മുൻ റബർ പ്രൊഡക്‌ഷൻ കമ്മിഷണർ ഡോ. ജെ.തോമസ്, കോഴിക്കോട് ഐഐഎം അസോഷ്യേറ്റ് പ്രഫസർ ഡോ. സ്ഥാണു ആർ.നായർ, ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ജോർജ് തോട്ടുമാലിക്കൽ, ഫാർമേഴ്സ് ഫ്രഷ് സോൺ സിഇഒ പി.എസ്.പ്രദീപ്, മനോരമ കർഷകശ്രീ പുരസ്കാര ജേതാവ് കെ.കൃഷ്ണനുണ്ണി എന്നിവരും പങ്കെടുക്കുന്നുണ്ട്. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ മോഡറേറ്ററാകും. പ്രമുഖ ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡാണു മുഖ്യ പ്രായോജകർ.

ചർച്ച കാണാനും ചോദ്യങ്ങളും നിർദേശങ്ങളും അയയ്ക്കാനും

1) ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ ‘Cisco Webex Meetings’ എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. വെബെക്സ് അക്കൗണ്ട് സൈൻ അപ് ചെയ്യണമെന്നു നിർബന്ധമില്ല. സൈൻ അപ് ചെയ്യാതെയും വെബിനാറിൽ പങ്കെടുക്കാം.

2) 8589005678 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയാൽ വെബിനാറിന്റെ ലിങ്കും പാസ്‌വേഡും എസ്എംഎസ് ആയി ലഭിക്കും (ഇന്ത്യയിൽ മാത്രം)

3) ലിങ്ക് തുറന്നു പാസ്‌വേഡ് നൽകി വെബെക്സ് ആപ് വഴി വെബിനാറിൽ ‘Join’ ചെയ്യാം.

4) ലാപ്ടോപ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് വെബെക്സ് പ്ലാറ്റ്ഫോമിലെത്താം. 

കഞ്ഞിക്കുഴി എന്ന ബ്രാൻഡ്

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ മുൻകൈയോടെയാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിൽ പച്ചക്കറിക്കൃഷി വിപ്ലവം തുടങ്ങിയത്. 1996ൽ 60 വീടുകളിൽ തുടങ്ങി, ഇന്നു പഞ്ചായത്തിലെ ഏഴായിരത്തോളം വരുന്ന വീടുകളിൽ എല്ലാറ്റിലും തന്നെ പച്ചക്കറി കൃഷിചെയ്യുന്നു. കോഴിവളർത്തലും ആടു കൃഷിയുമായി അതു വളർന്നു. കഴിഞ്ഞവർഷം  ഉൽപാദിപ്പിച്ചത് 40,000 ടൺ പച്ചക്കറി.

സൊസൈറ്റി വീടുകളിലെത്തി പച്ചക്കറി വാങ്ങും. ദേശീയപാതയോരത്തെ വിൽപനകേന്ദ്രങ്ങളിലൂടെ വിൽക്കും. ഇൗ ഗ്രാമത്തിലെ ഉൽപാദനത്തിന് ഇന്നു ബ്രാൻഡ് ഉണ്ട്. കഞ്ഞിക്കുഴി പച്ചക്കറിയെന്ന പേരുമാത്രം മതി വിറ്റുപോകാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com