sections
MORE

കണ്ടുനിൽക്കാനുള്ളതല്ല ഈ പലായനം

SHARE

ബിഹാറിലെ മുസാഫർപുർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ചേതനയറ്റു കിടക്കുന്ന അമ്മയെ ഉണർത്താൻ കൊച്ചുകുഞ്ഞ് ശ്രമിക്കുന്ന കാഴ്ച കഴിഞ്ഞ ദിവസം രാജ്യത്തെയാകെ സങ്കടപ്പെടുത്തുകയുണ്ടായി. നാലു ദിവസത്തെ ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും കിട്ടാതെയാണ് യുവതി മരിച്ചതെന്നും അതിഥിത്തൊഴിലാളികളുടെ പലായനത്തിന്റെ രക്തസാക്ഷിയാണ് ഈ പാവം വീട്ടമ്മയെന്നുമാണ് ആരോപണം. പൊലീസിന്റെ വിശദീകരണം മറ്റൊന്നാണെങ്കിലും കോവിഡ് വ്യാപനത്തിനൊപ്പംതന്നെ രൂപപ്പെട്ട അതിഥിത്തൊഴിലാളികളുടെ രൂക്ഷമായ പ്രതിസന്ധിയും പലായനത്തിന്റെ കഷ്ടപ്പാടുകളും ഈ കാഴ്ചയിൽനിന്നു കണ്ടെടുക്കാം.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ, കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്കു പോകാൻ താൽപര്യപ്പെട്ടു. ഉരുത്തിരിയുന്ന പ്രതിസന്ധിയോട് അടിയന്തരമായി പ്രതികരിക്കാൻ കേരളം തയാറായെങ്കിലും മറ്റു സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ആദ്യ ഘട്ടത്തിൽ അതിന് അർഹിക്കുന്ന ഗൗരവം കൽപിച്ചില്ലെന്നതാണു വാസ്തവം.

പ്രശ്നം അതിരൂക്ഷമായപ്പോൾ സുപ്രീം കോടതി ഇടപെട്ടിരിക്കുകയാണ്. അതിഥിത്തൊഴിലാളികളുടെ യാത്രച്ചെലവു വഹിക്കുന്നതു സംബന്ധിച്ച് പൊതുനയം വേണമെന്നും ട്രെയിനിലും ബസിലുമായി സംസ്ഥാനങ്ങൾ സൗജന്യയാത്ര ഉറപ്പാക്കണമെന്നും ട്രെയിനിൽ ഭക്ഷണവും വെള്ളവും റെയിൽവേ ലഭ്യമാക്കണമെന്നുമാണ് സുപ്രീം കോടതി നിർദേശം. ഇനിയും നാലു കോടി അതിഥിത്തൊഴിലാളികൾ സ്വന്തം നാടുകളിലെത്താനുണ്ടെന്നും ഇതിനു മൂന്നു മുതൽ ആറു വരെ മാസം എടുക്കുമെന്നുമാണ് ഇന്നലെ സുപ്രീം കോടതിയിൽ വ്യക്തമാക്കപ്പെട്ടത്.

പ്രശ്നം കൈവിട്ടുപോയശേഷം മാത്രം അതു പരിഹരിക്കാൻ ശ്രമിക്കുന്നതിന്റെ ആശയക്കുഴപ്പം ഇപ്പോഴത്തെ നടപടികളിൽ വ്യക്തമാണ്. മാർച്ച് 24നു ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ അതിഥിത്തൊഴിലാളികളുടെ പ്രശ്നം ഭരണാധികാരികളുടെ പരിഗണനയിലില്ലായിരുന്നു എന്നാണു വിലയിരുത്തേണ്ടത്. അല്ലെങ്കിൽ, ലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികൾ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുമായി തെരുവിലിറങ്ങുകയും കാൽനടയായി ആയിരക്കണക്കിനു കിലോമീറ്റർ യാത്ര ചെയ്ത് നാട്ടിലെത്താൻ ശ്രമിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവില്ലായിരുന്നു. ഇന്ത്യാവിഭജനക്കാലത്ത് അഭയാർഥികൾ നടത്തിയ പലായനത്തോടാണ് ഈ ദുരിതയാത്ര താരതമ്യം ചെയ്യപ്പെട്ടത്.

പല സംസ്ഥാനങ്ങളിലായി റോഡിലും റെയിൽപാളത്തിലുമായി ഇരുനൂറിലേറെ അതിഥിത്തൊഴിലാളികൾക്കാണ് നാട്ടിലേക്കുള്ള യാത്രയിൽ ജീവൻ നഷ്ടപ്പെട്ടത്. കോവിഡ്ബാധ ഭയന്നല്ല അതിഥിത്തൊഴിലാളികൾ തങ്ങളുടെ നാട്ടിലെത്താൻ താൽപര്യപ്പെട്ടതെന്നുകൂടി ഓർമിക്കാം; തൊഴിൽനഷ്ടത്തോടൊപ്പം സംഭവിച്ച അരക്ഷിതാവസ്ഥ കൊണ്ടുകൂടിയായിരുന്നു അവരുടെ പലായനം. തൊഴിലെടുത്തു ജീവിക്കാനും അതിനായി രാജ്യത്തിന്റെ ഏതതിരുവരെ പോകാനും തയാറായ അതിഥിത്തൊഴിലാളികൾക്ക് അതിനൊത്ത പരിഗണന ഭരണകൂടം നൽകാതിരുന്നപ്പോൾ, അന്തസ്സോടെ ജീവിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശംതന്നെ ലംഘിക്കപ്പെടുകയായിരുന്നു.

ഈ മാസം ഒന്നിനു മാത്രമാണ് അതിഥിത്തൊഴിലാളികളുടെ യാത്രയ്ക്ക് ട്രെയിൻ അനുവദിക്കാൻ കേന്ദ്രം തയാറായത്. അപ്പോഴേക്കും അവർ ദുരിതക്കയത്തിൽ കഴുത്തറ്റം മുങ്ങിക്കഴിഞ്ഞിരുന്നു എന്നതാണു വാസ്തവം. യാത്രയുടെ ചെലവും ക്രമീകരണവുമുൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും ഉണ്ടായ തർക്കവും അനാവശ്യ ആശയക്കുഴപ്പത്തിനു വഴിവച്ചു. തൊഴിലാളികൾ പോയാൽ തങ്ങളുടെ നിർമാണമേഖല സ്തംഭിക്കുമെന്നു ഭയന്ന ചില സംസ്ഥാനങ്ങൾ അവരുടെ മടക്കയാത്രയോട് മുഖംതിരിക്കുകയുമുണ്ടായി. അതിഥിത്തൊഴിലാളികൾ സ്വന്തം നാട്ടിലേക്കു മടങ്ങുന്നത് ഗ്രാമീണ മേഖലയിൽ കോവിഡ് വ്യാപിക്കാൻ ഇടയാക്കുമെന്ന വിലയിരുത്തലാണ് പ്രശ്നത്തിന്റെ ആദ്യഘട്ടത്തിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ അമാന്തത്തിനു കാരണമായി സൂചിപ്പിക്കപ്പെടുന്നത്.

ലോക്ഡൗൺ കഴിഞ്ഞ് തൊഴിൽ മേഖലകൾ സാധാരണഗതിയിലാകുമ്പോൾ തൊഴിലാളികളിൽ വലിയൊരു വിഭാഗം ജോലിസ്ഥലങ്ങളിലേക്കു മടക്കയാത്രയ്ക്കൊരുങ്ങും. അതുകൂടി മുന്നിൽക്കണ്ടുള്ള തയാറെടുപ്പുകളാണ് കേന്ദ്രവും സംസ്ഥാനങ്ങളും നടത്തേണ്ടത്. അതിഥിത്തൊഴിലാളികളും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയാണെന്ന തിരിച്ചറിവിന് ഈ പ്രതിസന്ധി സഹായകമായിട്ടുണ്ട്. അതിഥിത്തൊഴിലാളികളും രാജ്യത്തെ തുല്യാവകാശമുള്ള പൗരന്മാരാണെന്നും അവർക്കും അന്തസ്സോടെയുള്ള ജീവിതത്തിന് അവകാശമുണ്ടെന്നും അംഗീകരിച്ചുള്ള നയങ്ങളും നടപടികളുമാണ് ഇനിയെങ്കിലും ഉണ്ടാവേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA