sections
MORE

ഈ കണ്ടുപിടിത്തത്തിന് ഒരു നൊബേൽ!

azhchakkurippukal
SHARE

അടുത്ത നൊബേൽ സമ്മാനങ്ങളിൽ ഒന്ന് കേരളത്തിനുറപ്പാണ്. മദ്യവിൽപനയ്ക്കായുള്ള ബവ്ക്യൂ ആപ് കണ്ടുപിടിച്ചതിനായിരിക്കും അതെന്ന് തീരുമാനമായിട്ടുണ്ട്. ഫെയർകോഡ് എന്ന സ്റ്റാർട്ടപ്പിന്റെ പേരാണു നൊബേൽ സമിതി പ്രധാനമായും പരിഗണിക്കുന്നത്. പുരസ്കാരം ഏതു വിഷയത്തിനു വേണമെന്നതിലാണു തർക്കം. സത്യത്തിൽ ഏതു വിഷയത്തിനും പരിഗണിക്കാവുന്ന സ്ഥാനാർഥിയാണു ഫെയർകോഡും അതിന്റെ സാരഥികളും.

അതു സത്യത്തിൽ ഏതെങ്കിലും ഒരു വിഷയത്തിന്റെ 4 വേലികളിൽ ഒതുങ്ങി നിൽക്കുന്നതല്ല. ഉളിയന്നൂർ പെരുന്തച്ചന്റെ കുളം മാത്രമേ ചരിത്രത്തിൽ ഇതിനു തുല്യമായുള്ളൂ. ഒരിടത്തു നിന്നു നോക്കിയാൽ വട്ടത്തിൽ, മറ്റൊരിടത്തു നിന്നു നോക്കിയാൽ ചതുരത്തിൽ. മൂന്നാമത്തെ സ്പോട്ടിൽ നിന്നു നോക്കിയാൽ ത്രികോണത്തിലെന്ന് ഐതിഹ്യമാലയിൽ പറഞ്ഞിട്ടില്ലെന്നേയുള്ളൂ. 

െഫയർകോഡിന്റെ ആപ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടി രൂപകൽപന ചെയ്തതാകയാൽ അതിനെ ഒരു ധനതത്വശാസ്ത്ര കണ്ടെത്തലായി പരിഗണിക്കാമെന്നാണു പേരെടുത്ത സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നത്. മാസങ്ങളായി മദ്യം ലഭിക്കാതെ വലഞ്ഞു ശാരീരികമായും മാനസികമായും വലയുന്ന ലക്ഷക്കണക്കിനു മനുഷ്യർക്കായി കണ്ടെത്തിയ സിദ്ധൗഷധമാണു ബവ്കോ ആപ് എന്നാണു വൈദ്യശാസ്ത്ര വിദഗ്ധർ വാദിക്കുന്നത്. പെനിസിലിന്റെ കണ്ടുപിടിത്തത്തോടാണ് ഇക്കൂട്ടർ ആപ്പിനെ ഉപമിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അലക്സാണ്ടർ ഫ്ലെമിങ്ങും ഫെയർകോഡിന്റെ സിഇഒയും തുല്യർ.

ഫിസിക്സിനോ കെമിസ്ട്രിക്കോ ഉള്ള പുരസ്കാരം ഈ ആപ്പിനു നൽകിയാലും ആരും കുറ്റപ്പെടുത്തില്ല. എന്നാൽ സമാധാനത്തിനുള്ള പുരസ്കാരം നൽകുന്നതാണ് ഏറ്റവും ഉചിതമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. കേരളത്തിൽ കലാപം പൊട്ടിപ്പുറപ്പെടാതെ സമാധാനം ഉറപ്പാക്കുന്നതിൽ ആപ് വഹിച്ച പങ്കു കണക്കിലെടുത്താണിത്. 

പിന്നെ ഏതു കണ്ടുപിടിത്തത്തിനും അതിന്റേതായ ന്യൂനതകൾ ഉണ്ടാകുമെന്നു തീർച്ചയാണ്. എല്ലാ കണ്ടുപിടിത്തങ്ങളും സദാസത്യവാക്യമായി മാറുന്നത് ഐഡിയൽ കണ്ടീഷനിൽ ആണ്. പെനിസിലിനും പാർശ്വഫലം ഉണ്ടാകാറില്ലേ? ഇതൊന്നുമറിയാത്തവരാണ് ഫെയർകോഡിനെ അൺഫെയർകോഡ് ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. 

 (അ)സാധാരണ നയം

അസാധാരണമായ കാലങ്ങളിൽ അസാധാരണമായ നടപടികൾ അനിവാര്യമായി വരും, അസാധാരണ പ്രതികരണങ്ങൾ സാധാരണമാകും. ഷൊർണൂർ എംഎൽഎ പി.കെ.ശശിയുടെയും പീരുമേട്ടിലെ സിപിഎം നേതാക്കളുടെയും നടപടികളും പ്രതികരണങ്ങളും ഇത്തരത്തിൽ കണ്ടാൽ തീരാവുന്നതേയുള്ളൂ പ്രശ്നം. 

കോവിഡ് കാലമായതിനാൽ ജാഥയില്ല, ധർണയില്ല, പൊതുയോഗമില്ല. ഇതൊക്കെയുള്ളതു കൊണ്ടാണു നേതാക്കളുടെ കൈത്തരിപ്പ് ഒരു കണക്കിൽ തീർന്നിരുന്നത്. എന്നാൽ നാലുപേരിൽ കൂടുതൽ കൂട്ടംകൂടരുതെന്നും അങ്ങനെ കൂടുന്നവർ മുഖംമൂടി വയ്ക്കണമെന്നുമെല്ലാം വ്യവസ്ഥ വന്നാൽ കൈത്തരിപ്പു തീരാൻ മറ്റെന്തെങ്കിലും വഴി കാണിച്ചു കൊടുക്കാൻ ഏതു ജനാധിപത്യ സർക്കാരിനും ബാധ്യതയുണ്ട്. ഇല്ലെങ്കിൽ ശ്രീകൃഷ്ണപുരവും പീരുമേടുമെല്ലാം ആവർത്തിക്കും. 

ശ്രീകൃഷ്ണപുരത്തെ കരിമ്പുഴയിൽ ഏതാനും മുസ്‌ലിം ലീഗുകാർ സിപിഎമ്മിലേക്കു വന്നത് ആഘോഷിക്കേണ്ട കാര്യം തന്നെ. അല്ലെങ്കിലും സിപിഎമ്മിലേക്കു വരുന്ന മുസ്‌ലിം ലീഗുകാർക്കും ബിജെപിക്കാർക്കും ഒന്നാംകെട്ടിലെ പരിഗണനയാണു നൽകുന്നത്. ലീഗുകാരുടെ സ്വീകരണത്തിൽ എംഎൽഎ പ്രസംഗിച്ചപ്പോൾ കൂട്ടത്തിൽ പാർട്ടിയിലേക്കു വരുന്നവർക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്ന അതിക്രമം മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ. ഈ ആരോപണം കേട്ടാൽ തോന്നുക, പാർട്ടിയിലേക്കു വരുന്നവരെ ഇടിച്ചു ചമ്മന്തിയാക്കാൻ എതിരാളികൾക്കു വിട്ടുകൊടുക്കണമെന്ന് എംഎൽഎ പറയണമായിരുന്നു എന്നാണ്. 

പിന്നെ ഇതു പാർട്ടി നയമാണെന്ന് എംഎൽഎ പറഞ്ഞതാണു മാപ്പർഹിക്കാത്ത മറ്റൊരു കുറ്റം. പാർട്ടി നയവും പരിപാടിയുമൊന്നും പഠിച്ചിട്ടല്ല ശശി സഖാവ് എംഎൽഎയായത്. പറഞ്ഞ കാര്യം പാർട്ടി പരിപാടിയിലും നയത്തിലും ഇല്ലെന്ന് അതെല്ലാം പഠിച്ചു പാസായവർ പറഞ്ഞപ്പോൾ അതു തിരുത്താൻ അദ്ദേഹം അരനിമിഷം പോലും മടിച്ചില്ലെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. ‍ഗർഭസ്ഥശിശുവിനും ജഡത്തിനും മാത്രമേ തെറ്റുപറ്റാതെയുള്ളൂ എന്ന് ആചാര്യൻ പറഞ്ഞ ആപ്തവാക്യം സഖാവ് അതേപടി പാലിച്ചു. തെറ്റ് ഏറ്റുപറയാൻ തരിമ്പും സംശയിച്ചില്ല. ഇതാണ് ബിഎസ്ഐ മുദ്രയുള്ള കമ്യൂണിസ്റ്റ്.

പീരുമേട്ടിലെ സഖാക്കളുടെ കാര്യവും വ്യത്യസ്തമല്ല. അവിടെ ഏതാനും സഖാക്കളുടെ സുഖയാത്രയ്ക്കു ഭംഗം വരുത്തിയ പൊലീസുകാരെ ഒന്നു ഗുണദോഷിക്കുക മാത്രമേ അവർ ചെയ്തുള്ളൂ. പീരുമേടിനു സമുദ്രനിരപ്പിൽ നിന്ന് അൽപം ഉയരക്കൂടുതലാണ്. അത്തരം പ്രദേശങ്ങളിൽ രക്തസമ്മർദത്തിൽ വലിയ മാറ്റമുണ്ടാകാം. അതിനാൽ തന്നെ മനുഷ്യർ എങ്ങനെ പെരുമാറുമെന്നു പ്രവചിക്കാനാവില്ല. മാർക്സിസം–ലെനിനിസം രക്തത്തിൽ കലർന്നവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. വീട്ടിൽ കയറി കാലുവെട്ടുമെന്നെല്ലാം നേതാക്കൾ പറഞ്ഞതു ചുമ്മാതാണെന്നു കരുതിയാൽ മതി. നേതാക്കളാകണമെങ്കിൽ അത്തരം ചില പ്രയോഗങ്ങൾ വേണ്ടിവരും. 

ഏതായാലും പാർട്ടി ഇക്കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്നാണു കേട്ടത്. വേണ്ടിവന്നാൽ നേതാക്കൾക്കു വായും മൂക്കും മൂടുന്ന മാസ്കിനു പുറമെ നാക്കു സ്തംഭിപ്പിക്കാനുള്ള യന്ത്രം കൂടി ഘടിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിച്ചു വരുന്നുണ്ട്.

 വെർച്വൽ വോക്കൗട്ട്

വെർച്വൽ നിയമസഭ ചേരുന്ന കാര്യം സ്പീക്കർ പരിഗണിക്കുന്നുണ്ടെന്ന വാർത്തയ്ക്കിടയിൽ അദ്ദേഹത്തിനു നിയമപ്രകാരമുള്ള ചില മുന്നറിയിപ്പുകൾ നൽകാതിരിക്കുന്നതു ന്യായമല്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ഓഫിസുകളിലും എംഎൽഎമാർ ജില്ലാ കേന്ദ്രങ്ങളിലും ഇരുന്നു സഭാ സമ്മേളനം നടത്തുമ്പോൾ എംഎൽഎമാർക്കു വേണ്ടി ചില അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സ്പീക്കർക്കു ബാധ്യതയുണ്ട്.

വോക്കൗട്ട് എന്നതു പ്രതിപക്ഷത്തിന്റെ ജന്മാവകാശമാണ് എന്നിരിക്കെ അതിനുള്ള സംവിധാനം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കണം. നടുത്തളത്തിൽ ഇറങ്ങലും അവരുടെ മൗലികാവകാശങ്ങളിൽ പെടും. അതിനായി എല്ലാ കലക്ടറേറ്റുകളിലും നടുത്തളം നിർമിക്കണം.

സ്പീക്കറുടെ വേദിയിലേക്കു വലിഞ്ഞുകയറൽ ചില എംഎൽഎമാരുടെ തനതു കലാരൂപമായതിനാൽ അവർക്ക് അതിനുള്ള സൗകര്യം ഉപേക്ഷ വരുത്താതെ ലഭ്യമാക്കണം. വേണ്ടി വന്നാൽ കയറി നൃത്തം ചവിട്ടാനുള്ള ഡെസ്കുകളും നിർമിക്കണം. ഇതിനെല്ലാം വക കണ്ടെത്തിയ ശേഷം മതി വെർച്വൽ സഭ ചേരുന്നത്. അല്ലെങ്കിൽ അതിന്റെ പേരിലും പ്രതിപക്ഷ നേതാവ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകാൻ സാധ്യതയുണ്ട്.

സ്റ്റോപ് പ്രസ്: മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പങ്കെടുത്തെന്നും ഇല്ലെന്നും. 

വെർച്വൽ കാലത്ത് എല്ലാം മായ !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA