sections
MORE

‘ഫസ്റ്റ് ബെൽ’ മുഴങ്ങുമ്പോൾ

SHARE

സ്കൂളുകൾ തുറക്കാതെയുളള ഈ അധ്യയനവർഷാരംഭം സംസ്ഥാനം ഇതുവരെ കാണാത്തവിധം, അസാധാരണമായ സാഹചര്യത്തിലാണ്. ഓൺലൈൻ പഠനം കോവിഡ്കാല പ്രതിസന്ധി മറികടക്കാനുള്ള അനിവാര്യതയാണെങ്കിലും  ഇത് എല്ലാ വിദ്യാർഥികൾക്കും സാധ്യമാകുമോ എന്ന ആശങ്ക ഗൗരവമുള്ളതാണ്.

കേന്ദ്ര തീരുമാനം വന്നശേഷമേ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കൂവെങ്കിലും, പഠനം മുടങ്ങാതിരിക്കാനാണ് ഇന്നുമുതൽ സ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നത്. ‘ഫസ്റ്റ് ബെൽ’എന്നു പേരിട്ട പ്രത്യേക ക്ലാസുകൾ പരീക്ഷണാടിസ്ഥാനത്തിലാണ്. വിക്ടേഴ്സ് ടിവി ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളെ പൂർണ അർഥത്തിൽ ഓൺലൈൻ എന്നു പറയാനുമാകില്ല. കോളജുകളിലാകട്ടെ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ തന്നെ ഇന്ന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണ്. 

ഓൺലൈൻ പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് സ്കൂൾ, കോളജ് അധികൃതർ ബദൽ സംവിധാനം ഒരുക്കണമെന്നാണു സർക്കാർ നിർദേശം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം വിദ്യാർഥികൾക്കു വീട്ടിൽ ടിവി, ഇന്റർനെറ്റ്, സ്മാർട് ഫോൺ സൗകര്യങ്ങളില്ലെന്നാണ് ഇതുസംബന്ധിച്ച് കേരള സർക്കാരിനു വേണ്ടി നടത്തിയ ‘സമഗ്ര ശിക്ഷ കേരള’ സർവേയിൽ വ്യക്തമായത്. കോളജുകളിലാകട്ടെ, ഇത്തരമൊരു കണക്കെടുപ്പു നടന്നതായിത്തന്നെ വിവരമില്ല. 

സാങ്കേതികവിദ്യാ സൗകര്യങ്ങളിലെ അന്തരം മൂലമുള്ള ‘ഡിജിറ്റൽ ഡിവൈഡ്’ ഇപ്പോൾ കേരളത്തിനുമുന്നിൽ അതീവഗൗരവമുള്ള വിഷയംതന്നെയായി മാറിക്കഴിഞ്ഞു. ഓൺലൈൻ പഠനത്തിനു വേണ്ട സൗകര്യങ്ങളിൽ  ഉൾപ്പെട്ട സ്മാർട് ഫോൺ പോലുമില്ലാത്ത എത്രയോ കുടുംബങ്ങളാണ് ഇവിടെയുള്ളത്. ജീവിതത്തിന്റെ സർവതാളവും തെറ്റിച്ച ലോക്ഡൗൺ കാലത്ത് നിത്യക്കൂലി ഇല്ലാതായ, പട്ടിണിയാവാതിരിക്കാൻ പാടുപെടുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും സർക്കാർ ഉദ്ദേശിക്കുന്നതുപോലെ ‘സ്മാർട്’ ആവാൻ വഴിയൊരുക്കിയേതീരൂ. നമ്മുടെ പൊതുവിദ്യാലയങ്ങളിലെങ്കിലും രണ്ടുതരം കുട്ടികൾ ഉണ്ടായിക്കൂടാ. 

ഇല്ലാത്തവർക്കെല്ലാം കംപ്യൂട്ടറോ സ്മാർട് ഫോണോ വാങ്ങിനൽകാനുള്ള സാമ്പത്തികശേഷി വിദ്യാഭ്യാസ വകുപ്പിനില്ലെന്നും എന്നാൽ എല്ലാവർക്കും സൗകര്യമുണ്ടെന്ന് ഉറപ്പാക്കിയേ മുന്നോട്ടുള്ളൂവെന്നും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറയുന്നുണ്ട്. കുട്ടികൾ പഠിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് വാർഡ് അംഗങ്ങളടക്കം ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറയുന്നു. ഇന്റർനെറ്റ് കണക്ടിവിറ്റിയിലും മറ്റും പരിമിതികളോടെ ജീവിക്കുന്ന നിർധനകുടുംബങ്ങളിലെ  കുട്ടികളടക്കം ഒരാൾപോലും ഈ ‘ഫസ്റ്റ് ബെൽ’ കേൾക്കാതിരുന്നുകൂടാ. അതുറപ്പാക്കേണ്ടതു സർക്കാരിന്റെ മുഖ്യ ഉത്തരവാദിത്തംതന്നെയാണ്. 

ഓൺലൈൻ പഠനം അധ്യാപകരുടെ ഉത്തരവാദിത്തവും വർധിപ്പിക്കുന്നുണ്ട്. നേരിട്ടു കാണാതെതന്നെ അറിവിന്റെ വഴിത്താരകളിലേക്കു കുട്ടികളെ കൈപിടിച്ചുകൊണ്ടുപോകുക എന്നതു ഭാരിച്ച ചുമതലതന്നെയാണ്. അത് അവർ നന്നായി നിറവേറ്റുമെന്നു വിശ്വസിക്കാം. വീട്ടിൽനിന്നു സ്കൂളിലേക്കുള്ള വഴി മുതൽ തുടങ്ങുന്ന അനുഭവങ്ങളിലൂടെയും സ്കൂളിലെ സജീവ ഇടപെടലുകളിലൂടെയുമാണു കുട്ടികളിൽ സാമൂഹികാവബോധം വളരുന്നത്. അധ്യാപകരുടെ ഓൺലൈൻ ക്ലാസുകളിലും രക്ഷിതാക്കളുടെ സംസാരങ്ങളിലും ഇതുകൂടി ഉൾപ്പെടേണ്ടതുണ്ട്. സ്കൂളുകളിലെ കായികപരിശീലനത്തിനുള്ള അവസരംകൂടി ഇല്ലാതാവുന്നതു ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തുകയും വേണം. അച്ഛനും അമ്മയും ജോലിക്കു പോകുന്ന വീടുകളിലെ ചെറിയ കുട്ടികളുടെ ഓൺലൈൻ പഠനം മറ്റൊരു ആശങ്കയാണ്.

നമ്മുടെ വിദ്യാഭ്യാസ ചരിത്രത്തിൽതന്നെ വേറിട്ടുനിൽക്കുന്നതാണ് ഈ അധ്യയനവർഷാരംഭം. കോവിഡിനെതിരായ കേരളത്തിന്റെ അതിജീവനത്തിന്റെ മറ്റൊരു മുദ്രയായിത്തന്നെ ഇതിനെക്കണ്ട് രാജ്യത്തിനുതന്നെ മാതൃകയാകുംവിധം ഈ ഓൺലൈൻ വിദ്യാഭ്യാസ ദൗത്യം കുറ്റമറ്റതാക്കാൻ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും എല്ലാ പിന്തുണയും ഉണ്ടാവേണ്ടതുണ്ട്. അറിവുകളിലേക്കു പദമൂന്നുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ.    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA