ADVERTISEMENT

കേരളത്തിലെ കൃഷിമേഖലയെ സ്മാർട്ടാക്കാൻ വഴി തേടിയുള്ള മനോരമ വെബിനാറിൽ വിദഗ്ധർ മുന്നോട്ടുവച്ച ആശയങ്ങളും നിർദേശങ്ങളും..

കാർഷിക നയപ്രഖ്യാപനം

കേരളത്തിന്റെ നയപ്രഖ്യാപനമായി വെബിനാറിൽ  ഉയർന്ന നിർദേശങ്ങൾ

1. കോവിഡ് പ്രതിരോധത്തിൽ കേരളത്തിനുണ്ടായ നേട്ടം കൃഷിയിൽ കേരള ബ്രാൻഡ് എന്ന ആശയത്തിലേക്കു നയിക്കണം.

2. കാർഷികോൽപന്നങ്ങളുടെ വിപണനത്തിന്

ഓൺലൈൻ സാധ്യതകൾ തേടണം.

3. വിളകൾ മൂല്യവർധന നടത്തി വിപണനം ചെയ്യുന്നതിനു പഞ്ചായത്തുതലത്തിൽ കർഷകരുടെ ഉൽപാദന കമ്പനികൾ.

4. പ്ലാന്റേഷനുകളിൽ പഴവർഗങ്ങൾ കൃഷി ചെയ്യാൻ അനുവാദം.

5. പാട്ടക്കൃഷിക്കു നയപരമായും നിയമപരമായും അംഗീകാരം.

6. കൃഷി ഉദ്യോഗസ്ഥർ ഫയലിൽ നിന്നു വയലിലേക്കിറങ്ങണം.

കർഷകൻ വയൽ നിറയെ വിളവുണ്ടാക്കി ഇടനിലക്കാരന്റെ കനിവു കാത്തുനിൽക്കേണ്ട ആളല്ലെന്നും കർഷകൻതന്നെ സംരംഭകനാകണമെന്നും മലയാള മനോരമ സംഘടിപ്പിച്ച കൃഷി വെബിനാറിൽ നിർദേശം. വിപണനത്തിന് ഓൺലൈൻ സാധ്യത തേടണം. കൃഷിശാസ്ത്രജ്ഞർ വയലുകളെ നൂറുമേനി കൊയ്യുന്ന പരീക്ഷണശാലകളാക്കണം.

കേരളത്തിലെ കൃഷിമേഖലയെ അടിമുടി മാറ്റാനുള്ള നിർദേശങ്ങളാണു വെബിനാറിൽ വിദഗ്ധരിൽ നിന്നും കർഷകരിൽ നിന്നും വായനക്കാരിൽനിന്നും ഉയർന്നത്. പ്രമുഖ ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ആയിരുന്നു മുഖ്യപ്രായോജകർ.

ലക്ഷ്യം മിൽമ മാതൃകയിൽ വിപണന ശൃംഖല: മന്ത്രി വി.എസ്.സുനിൽകുമാർ

∙ ആരോഗ്യരംഗത്താണു കേരളം ഇപ്പോൾ ഒന്നാമതെങ്കിൽ, കോവിഡിനു ശേഷം ഭക്ഷ്യസുരക്ഷയിലും മുൻപിലെത്തും.

∙ കേരളത്തിലെ പ്ലാന്റേഷൻ വിളകളിൽ റബർ, തേയില, കാപ്പി, ഏലം എന്നിവ മാത്രം പോരാ; മാങ്കോസ്റ്റിൻ, അവക്കാഡോ തുടങ്ങിയ പഴവർഗങ്ങളും ഉൾപ്പെടുത്തണം.

∙ കൃഷിവിളകളുടെ വിപണനം ലക്ഷ്യമിട്ടുള്ള ഇ–മാർക്കറ്റിങ് പ്ലാറ്റ്ഫോം രൂപീകരണത്തിന്റെ അന്തിമഘട്ടത്തിലാണ്.

∙ ഓരോ വിളയും അടിസ്ഥാനമാക്കി കർഷകരുടെ കൂട്ടായ്മയായ ഫാം പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്പിഒ) രൂപീകരിക്കും. വിപണനം അവരുടെ നിയന്ത്രണത്തിലാക്കും. മിൽമ മാതൃകയിൽ സ്ഥിരമായ ശൃംഖലയിലൂടെ വിപണനം ലക്ഷ്യം.

∙ നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതു നെല്ലിന്റെയും അരിയുടെയും ആവശ്യത്തിനുവേണ്ടി മാത്രമല്ല, ഭൂഗർഭജലം നിലനിർത്താൻ കൂടിയാണ്.

∙ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവരെക്കൂടി ഉൾക്കൊള്ളുന്നതാകും സർക്കാരിന്റെ നടപടികൾ. എന്നാൽ കേന്ദ്ര സർക്കാരിന്റെ കരാർ കൃഷി നയം അംഗീകരിക്കാനാകില്ല. കോർപറേറ്റ് മേഖലയെ സഹകരിപ്പിച്ചുള്ള കൃഷി വിപ്ലവം കേരളത്തിൽ പ്രായോഗികമല്ല. ഇതു പ്രത്യയശാസ്ത്ര കടുംപിടിത്തമല്ല, നിലപാടാണ്.

ക്ലസ്റ്റർ രീതിയിൽ വിള ആസൂത്രണം: പി.എച്ച്. കുര്യൻ (വെബിനാർ മോഡറേറ്റർ)

∙ കൃഷി വികസനം സാധ്യമാകണമെങ്കിൽ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച അടിസ്ഥാന നയത്തിൽ മാറ്റം വരണം. കരാർ പ്രകാരം കൃഷി ചെയ്യുന്നവരെയും ഉൾക്കൊള്ളുന്ന നയം ആവശ്യം. വ്യക്തികൾക്കും അഗ്രി പ്രൊഡ്യൂസ് കമ്പനികൾക്കും പാട്ടക്കൃഷി അനുവദിക്കണം.

‍∙ മൂല്യവർധിത ഉൽപന്നങ്ങളിലൂടെ മാത്രമേ ഉയർന്ന വില ലഭിക്കൂ. പണം മുടക്കാൻ കർഷകർക്കു കഴിയാത്തതിനാൽ കാർഷിക ഉൽപന്ന നിർമാണ കമ്പനികൾ വേണം.

∙ പോൾട്രി, കാലിവളർത്തൽ എന്നിവ കൂടി ഉൾപ്പെടുത്തി ഇന്റഗ്രേറ്റഡ് ഫാമുകളായി മാറ്റണം.

∙ ദൂരസ്ഥലങ്ങളിൽ നിന്നു സാധനങ്ങൾ എത്തിക്കുന്നതിന്റെ ലോജിസ്റ്റിക് ചെലവു കുറയ്ക്കാൻ ക്ലസ്റ്റർ രീതിയിൽ വിള ആസൂത്രണം ചെയ്യണം.

∙ മയിലും പന്നിയും വിളകൾ നശിപ്പിക്കുന്നതു കുറയ്ക്കാൻ നടപടി സ്വീകരിക്കണം.

(മുൻ അഡീഷനൽ ചീഫ് സെക്രട്ടറി)

തോട്ടവിളയ്ക്കപ്പുറം നീങ്ങണം: ഡോ. കെ.എൻ.ഹരിലാൽ

∙ കൃഷിയിടങ്ങളിലേക്കു മൂലധനത്തിനൊപ്പം കർഷകനെയും തൊഴിലാളികളെയും എത്തിക്കണം. ഇതാണു തരിശുഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ കാതൽ. ഭൂവുടമകളുടെ ഉടമസ്ഥാവകാശം നിലനിർത്തി സർക്കാർ മധ്യസ്ഥതയിൽ കൈമാറണം.

∙ സംഘകൃഷി വരുന്നതോടെ വിപണനവും മൂല്യവർധനവും എളുപ്പമാകും. കൂടുതൽ പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിക്കണം. തൊഴിലാളികൾ പോലും യന്ത്രവൽക്കരണത്തെ പിന്തുണയ്ക്കുന്നതു നേട്ടം.

∙ തോട്ടവിളാനന്തര സമൂഹത്തിലേക്കു കേരളം മാറണം.

(പ്രഫസർ, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്;സംസ്ഥാന ആസൂത്രണ ബോർഡ് അംഗം)

ബഹുവിള കൃഷി ഉത്തമം: പി.സി.സിറിയക്

∙ റബറിൽ നിന്നു മാറിച്ചിന്തിക്കുന്നതാണു നല്ലത്. തെങ്ങും കൊക്കോയും കുരുമുളകും ചേർന്ന ബഹുവിള കൃഷിയാകാം. എണ്ണപ്പനയും കൊക്കോയും കുരുമുളകുമാകാം. മാവും പ്ലാവും സപ്പോട്ടയും മാങ്കോസ്റ്റിനുമൊക്കെ ചേർന്ന ഫലവർഗ തോട്ടങ്ങളാകാം.

∙ കൊക്കോക്കുരുവിൽനിന്നു ചോക്ലേറ്റ് ഉണ്ടാക്കാൻ വലിയ മുതൽമുടക്കു വേണ്ട. നാളികേരത്തിൽ നിന്നു കൊപ്രയും വെളിച്ചെണ്ണയും ‌എണ്ണപ്പനയിൽ നിന്നു പാമോയിലുമുണ്ടാക്കി ‌വിൽക്കാം. ഇവിടെയൊക്കെ പൈനാപ്പിൾ ഇടവിളയായി കൃഷി ചെയ്യാം. അതിൽ നിന്നു വൈനും ജാമും ഉണ്ടാക്കാം. കർഷക കൂട്ടായ്മകളിലൂടെ ഇതിനു കഴിയും.

∙ കൃഷിയിൽ വ്യക്തിഗത സംരംഭകത്വം വരണമെങ്കിൽ പാട്ടക്കൃഷി നിയമം മൂലം അനുവദിക്കണം. കർഷകനിൽനിന്ന് ഇടനിലക്കാരൻ ഉൽപന്നം വാങ്ങി ബഹുരാഷ്ട്ര കുത്തകകൾക്കു നൽകുന്നതിനു പകരം സർക്കാരിനുതന്നെ ഇടനില നിൽക്കാം. പാട്ടക്കൃഷി അനുവദിച്ചാൽ ബഹുരാഷ്ട്ര കുത്തകകൾ കടന്നുവരുമെന്ന ആശങ്കയിൽ കഴമ്പില്ല.

(റബർ ബോർഡ് മുൻ ചെയർമാൻ)

കൃഷിയിലും വേണം സ്റ്റാർട്ടപ്: പി.എസ്.പ്രദീപ്

∙ ഗ്രാമീണ മേഖലയിലെ ഉൽപാ‍ദകരെ നഗരത്തിലെ ഗുണഭോക്താക്കളുമായി ബന്ധിപ്പിക്കണം. വിളകളുടെ വിപണന സാധ്യത കൂട്ടാനായി കൃഷി സ്റ്റാർട്ടപ് സംരംഭങ്ങൾ കൂടുതലായി വരണം.

∙ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ കൂടുതൽ ഇടപെടലുകൾ കൃഷിയിടം മുതൽ വിപണി വരെ വേണം. ഒപ്പം യന്ത്രവൽക്കരണത്തിലൂടെ ഉൽപാദനച്ചെലവു കുറയ്ക്കാനുമാകണം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പോലെ കൃഷിമേഖലയിലും നടപടി സുഗമമാകണം.

(സിഇഒ, ഫാർമേഴ്സ് ഫ്രഷ് സോൺ)

വേരുപിടിക്കണം കേരള ബ്രാൻഡ്: ഡോ. ജെ.തോമസ്

∙ കൃഷിയുൽപന്നങ്ങളുടെ ബ്രാൻഡിങ് വളരെ പ്രധാനം. കേരളം എന്ന ബ്രാൻഡിനോടു ലോകത്തിനുള്ള പ്രത്യേക താൽപര്യം ഗുണകരമാണ്. ചക്ക എങ്ങനെ ആഗോള ബ്രാൻഡായി മാറി എന്നു കണ്ടുപഠിക്കണം. അളവിനെക്കാളുപരി ഗുണമേന്മയ്ക്കു പ്രാധാന്യം നൽകിയാലേ വിപണി പിടിക്കാനാകൂ.

∙ കേരളത്തിന്റെ തനതായ കൃഷിക്കൊപ്പം മൂല്യവർധിത നയം കൂടി പ്രോത്സാഹിപ്പിക്കണം; ഒപ്പം കൃഷി ടൂറിസവും.

∙ കൃഷിക്കാരെ സംരംഭകരാക്കി മാറ്റണം. ഇതിനായി പദ്ധതികൾ അടിച്ചേൽപിക്കുകയല്ല, കൃഷിക്കാർക്കുവേണ്ട പദ്ധതി രൂപീകരിച്ച് അവരുടെ അറിവുകൾ കൂടി ഏകോപിപ്പിച്ചു നടപ്പാക്കുകയാണു വേണ്ടത്.

(മുൻ റബർ പ്രൊഡക്‌ഷൻ കമ്മിഷണർ)

ഓൺലൈനിൽ വിപണനം: ഡോ. സ്ഥാണു ആർ.നായർ

∙ ഐടി പോലെയുള്ള മേഖലകളിൽ വിജയകഥകൾ മാത്രം കേൾക്കുമ്പോൾ കൃഷിയിൽ നിന്നു ലോകം അറിയുന്നതു പരാജയകഥ മാത്രം. എല്ലായിടത്തും പരാജയമുണ്ട്. കൃഷിയിലെ വിജയകഥകളും പുറത്തറിയണം.

∙ വിലക്കുറവും വിലസ്ഥിരതയില്ലായ്മയുമാണു കൃഷിക്കാർ നേരിടുന്ന പ്രധാന പ്രശ്നം. ഇടനിലക്കാരെ കുറയ്ക്കണം. വിപണനത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം വികസിപ്പിക്കണം.

∙ ഇപ്പോഴത്തെ അവസ്ഥയിൽ മൂല്യവർധന തുടങ്ങുന്നതു ഉൽപന്നം വിറ്റ ശേഷമായതിനാൽ കർഷകനു ഗുണം ലഭിക്കുന്നില്ല. കർഷകന് ഒറ്റയ്ക്കു കഴിയില്ലെങ്കിൽ സംഘമായി ചേർന്നു മൂല്യവർധന നടപ്പാക്കണം. വിപണനം, വിതരണം തുടങ്ങിയവയും മൂല്യവർധനയിൽ ഉൾപ്പെടും.

(അസോഷ്യേറ്റ് പ്രഫസർ, കോഴിക്കോട് ഐഐഎം)

താങ്ങുവില, വിപണി ഉറപ്പാക്കണം: ജയിംസ് ജോർജ് തോട്ടുമാലിക്കൽ

∙ കൃഷിക്കൊപ്പം തൊഴിൽദിനങ്ങളും വർധിക്കുന്നു എന്നത് ആരും ശ്രദ്ധിക്കുന്നില്ല. പൈനാപ്പിൾ മേഖല ഓരോ വർഷവും വലിയ തോതിലാണു തൊഴിൽ നൽകുന്നത്.

∙ കൃഷിയെ അഗ്രിബിസിനസ് ആയി കാണണം. ഇഷ്ടവിള തിരഞ്ഞെടുക്കാനാകണം. ഉൽപാദിപ്പിക്കുന്നതിനു സഹായവില വേണം.

∙ കൃഷിവിളകൾക്കു താങ്ങുവില പരമപ്രധാനം. ഒപ്പം ആഭ്യന്തര വിപണി കൂടി ഉറപ്പാക്കണം. കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു കൃഷിക്കാർക്കു വായ്പ പലിശ ഇളവും ഒപ്പം നാമമാത്ര പലിശയ്ക്കു വായ്പയും ലഭ്യമാക്കണം.

(പ്രസിഡന്റ്, ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ)

കേരളം മുഴുവൻ ഒരേ വില: കെ.കൃഷ്ണനുണ്ണി

∙ സ്വന്തം കൃഷിയിലെ തൊഴിലിനു വർഷത്തിൽ 100 തൊഴിൽ ദിനമായി കണക്കാക്കി വേതനം നൽകണം.

∙ ആനുകൂല്യം നൽകാൻ കൃഷിയിടത്തിന്റെ വിസ്തീർണം വച്ചുള്ള വേർതിരിവു പാടില്ല. എല്ലാ കൃഷിക്കാർക്കും വിത്തു മുതൽ വിളവെടുപ്പുവരെ സർക്കാർ സഹായം ഉണ്ടാകണം. 

∙ കൃഷി ഓഫിസർമാരും കൃഷി അസിസ്റ്റന്റുമാരും ഓഫിസിൽനിന്നു പാടത്തേക്കിറങ്ങണം. അരിക്കും പഞ്ചസാരയ്ക്കും പാലിനും കേരളം മുഴുവൻ ഒരേ വില എന്നതു പോലെ പച്ചക്കറികൾക്കും ഒരേ വില ഉറപ്പാക്കുക. ഉൽപാദനത്തിന് ആനുപാതികമായി കൃഷി സബ്സിഡി നൽകുക. കേരളത്തിനു യോജ്യമല്ലാത്ത പോളിഹൗസ് സബ്സിഡികൾ കുറയ്ക്കുക.

(മലയാള മനോരമ കർഷകശ്രീ പുരസ്കാര ജേതാവ്)

പാട്ടക്കൃഷിയും കരാർകൃഷിയും

കൃഷിമേഖലയിൽ പ്രഖ്യാപിച്ച 1.6 ലക്ഷം കോടി രൂപയുടെ വിഹിതം, കൃഷി മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങൾ നടപ്പാക്കിയ സംസ്ഥാനങ്ങൾക്കു മാത്രം അനുവദിക്കുമെന്നാണു കേന്ദ്ര സർക്കാർ നിലപാട്. ഇതിൽ പ്രധാനമാണു കരാർ കൃഷി. എന്നാൽ കേന്ദ്രം നിർദേശിക്കുന്ന കൃഷിഭൂമി പാട്ടവ്യവസ്ഥാ ചട്ടം, അഗ്രികൾചറൽ പ്രൊഡ്യൂസ് ആൻഡ് ലൈവ്‌സ്റ്റോക്ക് മാർക്കറ്റിങ് ആക്ട്, അഗ്രികൾചറൽ പ്രൊഡ്യൂസ് ആൻഡ് ലൈവ് സ്റ്റോക്ക് കോൺ‍ട്രാക്ട് ഫാമിങ് ആക്ട് എന്നിവയ്ക്ക് അനുകൂലമല്ല സംസ്ഥാന സർക്കാർ. കോൺട്രാക്ട് ഫാമിങ് നിയമം കോർപറേറ്റ് പാട്ടക്കൃഷിയെ സഹായിക്കുന്നതാണെന്നു വാദം.

അതേസമയം, ആത്യന്തികമായി കർഷകന്റെ ഉൽപന്നങ്ങൾ എത്തുന്നതു വൻകിടക്കാരുടെ കയ്യിലാണെന്നും ഇതിലൂടെ ഇടനിലക്കാർ ലാഭമുണ്ടാക്കുന്നുവെന്നും അതിനു പകരം കർഷകനും വൻകിട കമ്പനികൾക്കുമിടയിൽ സർക്കാരിനു മധ്യസ്ഥത വഹിക്കാം എന്നു വാദിക്കുന്നവരുണ്ട്.

തരിശു കിടക്കുന്ന ഭൂമി കർഷകരോ കർഷകക്കൂട്ടായ്മകളോ പാട്ടത്തിനെടുത്തു കൃഷി നടത്തുന്ന രീതിക്കു നിയമപരിരക്ഷ നൽകുകയും കർഷകനും ഭൂവുടമയ്ക്കും ആനുകൂല്യം ലഭ്യമാക്കുകയുമാണു സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത്.

വെബിനാറിൽ കൃഷിമന്ത്രിയും വിദഗ്ധരും ഉന്നയിച്ച  വിഷയങ്ങളുടെ വിശദാംശങ്ങളിലേക്ക്

പ്ലാന്റേഷൻ ഭൂമിയിൽ പഴവർഗങ്ങൾ കൃഷി ചെയ്താൽ  ഗുണമെന്ത്? എങ്ങനെ നടപ്പാക്കാം?

കേരളത്തിൽ ഒരാൾക്കു കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. പ്ലാന്റേഷന് ഇതിൽ ഇളവുണ്ട്. തെങ്ങ്, മാവ്, പ്ലാവ്, മാങ്കോസ്റ്റിൻ, റമ്പുട്ടാൻ എന്നിവ പ്ലാന്റേഷൻ പട്ടികയിൽ ഇടംപിടിച്ചാൽ കൂടുതൽ ഭൂമിയിൽ ഇവ കൃഷി ചെയ്യാം. കൂടുതൽ ആദായകരമാകും. കൃഷിയുടെ വിസ്തൃതി വർധിക്കും തോറും മൂല്യവർധന സാധ്യത കൂടും. സംസ്ഥാന സർക്കാരാണു പട്ടികയിൽ മാറ്റം വരുത്തേണ്ടത്.

ഉദ്യോഗസ്ഥരെ ഫയലിൽനിന്നു വയലിലേക്കു കൊണ്ടുവരും എന്നു മന്ത്രി പറയുന്നു. എന്താണ് ഇപ്പോൾ അതിനു തടസ്സം?

ഒരു പഞ്ചായത്തിലെ കൃഷിയുമായി ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥനാണു കൃഷി ഓഫിസർ. സഹായിക്കാൻ ക്ലാർക്ക് ഇല്ല. പല വകുപ്പുകളിലും ഓൺലൈൻ പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ഉണ്ടെങ്കിലും കൃഷി വകുപ്പിൽ പല കാര്യങ്ങളും കടലാസിൽത്തന്നെ. സബ്സിഡിക്കും മറ്റുമുള്ള അപേക്ഷ സ്വീകരിക്കുക, പരിശോധിക്കുക, പട്ടിക തയാറാക്കുക എന്നിവയെല്ലാം കൃഷി ഓഫിസർ ചെയ്യണം.

കൃഷി ഓഫിസർ വയലിൽ പോയാൽ ഈ നടപടികളൊക്കെ മുടങ്ങും എന്നതു യാഥാർഥ്യമാണ്. ഈ പ്രശ്നത്തിനു പരിഹാരം കാണാതെ പ്രഖ്യാപനം യാഥാർഥ്യമാക്കാനാകില്ല.

പരിചയപ്പെടാം ‘ഇ’ വാക്കുകൾ

  ഇ–പ്ലാറ്റ്ഫോം: ഇലക്ട്രോണിക്സ് അധിഷ്ഠിത വിശാലമായ ചന്ത. പ്രാദേശിക ചന്തയിൽ വില പേശുന്നതിനു പകരം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഉൽപന്നം രാജ്യത്ത് എവിടെയും വിൽക്കാം. നാഷനൽ അഗ്രികൾചർ മാർക്കറ്റ് (ഇ നാം) കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക് ട്രേഡിങ് പോർട്ടലാണ്. മൊബൈൽ ആപ്പും ഉണ്ട്.

  ഓൺലൈൻ മാർക്കറ്റിങ്: സമൂഹമാധ്യമങ്ങളെ ഉൽപന്നം വിൽക്കാൻ തിരഞ്ഞെടുക്കുന്നു. എവിടെയും വിൽക്കാം, വില ഉറപ്പാക്കാം. കോവിഡ്, പ്രളയം പോലുള്ള പ്രതിസന്ധികളിൽ വാഴക്കുളത്തെ പൈനാപ്പിളും മുതലമടയിലെ മാങ്ങയും വിൽപന നടത്തിയത് ഓൺലൈൻ മാർക്കറ്റിങ് മാതൃകയിലാണ്.

  എഫ്പിഒ: കർഷകരുടെ കൂട്ടായ്മകളാണ് എഫ്പിഒ അഥവാ ഫാം പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ. പരമ്പരാഗത കൂട്ടായ്മകൾക്കു പകരം നിയമാനുസൃതമായി റജിസ്റ്റർ ചെയ്യുന്നതാണ് എഫ്പിഒ. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, കമ്പനി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത എഫ്പിഒ ആണ്. ഇവയ്ക്കു കമ്പനിയുടെ ചട്ടക്കൂടാണ്. സിഇഒ ഉണ്ടാകും. കർഷകർ മാത്രമല്ല ശാസ്ത്രജ്ഞർ, സാങ്കേതിക – സാമ്പത്തിക വിദഗ്ധർ എന്നിവർ ഭരണസമിതിയിൽ ഉണ്ടാകാം. നേരിട്ടുള്ള കൃഷി മാത്രമല്ല വിപണനം, മൂല്യവർധന എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ എഫ്പിഒ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com