ADVERTISEMENT

പ്രഭാഷകൻ തന്റെ പ്രസംഗത്തിനിടയ്‌ക്ക് ആളുകളോടു ചോദിച്ചു. ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലമേതാണ്. ആളുകൾ വിവിധ രാജ്യങ്ങളുടെയും പ്രവിശ്യകളുടെയും പേരുകൾ കാര്യകാരണ സഹിതം നിരത്തി. അവയെല്ലാം നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സെമിത്തേരിയാണ് ഏറ്റവും സമ്പന്നമായ സ്ഥലം. ആൾക്കൂട്ടം ഒന്നടങ്കം എതിർത്തു. നിർജീവമായ അസ്ഥികൂടങ്ങൾ മാത്രമുള്ള സ്ഥലം എങ്ങനെയാണു സമ്പന്ന സ്ഥലമാകുന്നത്. പ്രഭാഷകൻ വിശദീകരിച്ചു. എല്ലാ ആളുകളുടെയും നടക്കാതെപോയ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പദ്ധതികളും അന്തിയുറങ്ങുന്ന സെമിത്തേരി തന്നെയാണ് ഏറ്റവും സമ്പന്ന സ്ഥലം. 

 ജീവിത വിലയിരുത്തലിന്റെ പ്രാഥമിക മാനദണ്ഡം, നേടിയ ബഹുമതികളോ അലങ്കരിച്ച സ്ഥാനങ്ങളോ അല്ല; പിന്തുടർന്ന അഭിലാഷങ്ങളും പൂർത്തീകരിച്ച പദ്ധതികളുമാണ്. ഉപേക്ഷിക്കപ്പെട്ട സ്വപ്‌നങ്ങൾക്കിടയിൽ കാലത്തെ പുനർനിർവചിക്കുന്ന പല സംരംഭങ്ങളും ഉൾപ്പെട്ടിരുന്നിരിക്കും. അഭീഷ്‌ടങ്ങൾക്കുമുന്നിൽ തോറ്റവരെല്ലാം സ്വന്തം കഴിവിനെ പരിഹസിച്ചവരാണ്; ആഗ്രഹങ്ങളെ സാക്ഷാത്‌കരിച്ചവർ സ്വന്തം ജീവിതത്തിനു സ്വയം വിലയിട്ടവരും. കല്ലറയിൽ അന്തിയുറങ്ങുകയാണോ കാലത്തോടൊപ്പം പുനർജനിക്കുകയാണോ എന്നതാണ് ജീവിതമേന്മയുടെ അളവുകോൽ.

ഓരോ വ്യക്തിയും അവന്റെയുള്ളിൽ രൂപംകൊള്ളുന്ന ഒരാശയത്തിനോ സങ്കല്‌പത്തിനോ വേണ്ടി ആത്മവിശ്വാസത്തോടെയും സ്ഥിരോത്സാഹത്തോടെയും നിലകൊണ്ടിരുന്നെങ്കിൽ എല്ലാവർക്കും കുറച്ചുകൂടി മികച്ച ലോകവും ആസ്വാദ്യകരമായ ജീവിതവും ലഭിച്ചേനെ. 

സ്വന്തമായ സ്വപ്‌നങ്ങൾ ഉണ്ടാകുക, അവയ്‌ക്കുവേണ്ടി നിലകൊള്ളുക, എന്തുവിലകൊടുത്തും അവ സാക്ഷാത്‌കരിക്കുക .. ഇവയൊക്കെയല്ലേ ജീവിതത്തെ സൗന്ദര്യപൂർണമാക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com