ADVERTISEMENT

എല്ലാവരും തണ്ണിമത്തൻ കഴിക്കുന്നത് കണ്ടപ്പോൾ അയാൾക്കും തോന്നി ഒരെണ്ണം വാങ്ങണമെന്ന്. പക്ഷേ അപ്പോഴേക്കും ട്രെയിൻ സ്റ്റേഷനിൽനിന്നു ചലിക്കാൻ തുടങ്ങിയിരുന്നു. പെട്ടെന്നാണ് പുറത്തുനിൽക്കുന്ന തണ്ണിമത്തൻ കച്ചവടക്കാരനെ അയാൾ കാണുന്നത്. കൈകൊട്ടി അയാളെ വിളിച്ച് ജനലിലൂടെ പണം പുറത്തേക്കു നീട്ടി.

അയാൾ പണം വാങ്ങി കയ്യിൽ ഒരു തണ്ണിമത്തൻ വച്ചുകൊടുത്തു. അപ്പോഴേക്കും ട്രെയിൻ നല്ല സ്‌പീഡിൽ എത്തിയിരുന്നു. ഒരു കുഴപ്പം പറ്റി. ജനാലയ്‌ക്കകത്തുകൂടി തണ്ണിമത്തൻ അകത്തേക്ക് എടുക്കാൻ പറ്റുന്നില്ല. പണം കൊടുത്തു വാങ്ങിയതുകൊണ്ട് താഴേയ്‌ക്കു കളയാനും മടി. നൂറ് കിലോമീറ്റർ അപ്പുറത്തുള്ള അടുത്ത സ്റ്റേഷൻ വരെ തണ്ണിമത്തനും പിടിച്ച് അയാൾ യാത്ര തുടർന്നു. 

സ്വന്തമാക്കിയിട്ടും ആസ്വദിക്കാൻ കഴിയാത്ത സന്തോഷങ്ങളെക്കാൾ ദുഃഖകരമായി മറ്റെന്താണുള്ളത്. ആഗ്രഹിച്ച് കൈവശമാക്കിയതൊന്നും ആർക്കും ഉപകാരപ്പെടാതെ പ്രദർശനവസ്തുവായി അവശേഷിക്കുമ്പോൾ പേറുന്ന വസ്തുവിനേക്കാൾ ഭാരം മനസ്സിന്റെ കുറ്റബോധത്തിനായിരിക്കും. 

സ്വന്തമാക്കിയതിന്റെ പിടിയിലമരുമ്പോഴാണ് സ്വാതന്ത്ര്യം നഷ്‌ടമാകുന്നത്. ആഘോഷപൂർണവും ആവേശഭരിതവുമാകേണ്ട യാത്രകൾ പ്രലോഭനങ്ങളിൽ തട്ടിയാൽ പിന്നെ ശരീരം മാത്രമേ സഞ്ചരിക്കൂ; മനസ്സ് നിശ്ചലമാകും. വിട്ടുകളയണം വിനാശകാരിയായവയെ; അവ എത്രവില കൊടുത്തു വാങ്ങിയതാണെങ്കിലും. പ്രദർശനഭംഗികൊണ്ടും പരപ്രേരണകൊണ്ടും സ്വന്തമാക്കിയവയെയും കൂട്ടുപിടിച്ച് ആയുഷ്‌കാലം മുഴുവൻ നടക്കുന്നവർ ആയുസ്സ് എത്തിയതുപോലും അറിയില്ല. 

വേണ്ടതിനെ മാത്രം സ്വന്തമാക്കാൻ അറിയാത്തവർക്ക് വേണ്ടാത്തതിനെ  ഉപേക്ഷിക്കാനും അറിയാതെ വരും. വലിയ നേട്ടങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ചെറിയ ഇഷ്‌ടങ്ങളെ വേണ്ടെന്നു വയ്‌ക്കുന്നിടത്തുനിന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com