sections
MORE

ജി7 പൊളിച്ചെഴുതാൻ ട്രംപ്

US-POLITICS-TRUMP
SHARE

ആഗോളക്രമം ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുറപ്പാട്. 7 വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ലേക്ക് ഇന്ത്യ അടക്കം നാലു രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി വികസിപ്പിക്കണമെന്നാണു ട്രംപിന്റെ പുതിയ പ്രഖ്യാപനം. ട്രംപിന്റെ വിദേശനയത്തിൽ തലവേദനയായ ചൈന ഇക്കൂട്ടത്തിലില്ലെന്നതാണു രസകരമായ കാര്യം. അതേസമയം 2016 ൽ യുക്രെയ്നിലെ ക്രൈമിയ പിടിച്ചെടുത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട റഷ്യയെ തിരിച്ചുകൊണ്ടുവരാനാണു ട്രംപിന്റെ ശുപാർശ. ജി7ലെ മറ്റ് 6 അംഗങ്ങളോടും (ജർമനി, കാനഡ, യുകെ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ) ആലോചിക്കാതെയാണു ട്രംപിന്റെ തീരുമാനങ്ങൾ.

സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും മേധാവിത്വമുളള കമ്യൂണിസ്റ്റ് ലോകത്തിനു ബദലായി മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മ എന്ന നിലയിലാണ് ജി 7 രൂപം കൊണ്ടത്. സോവിയറ്റ് യൂണിയൻ ഇല്ലാതാകുകയും ചൈനീസ് സ്വഭാവത്തിലുള്ള മുതലാളിത്ത സമ്പദ്ഘടന രൂപമെടുക്കുകയും ചെയ്തതോടെ ജി7 ഒരു ചർച്ചാവേദി മാത്രമായി ചുരുങ്ങി. യൂറോപ്യൻ യൂണിയൻ കൂടി ശക്തമായതോടെ അതിന്റെ പ്രാധാന്യം പിന്നെയും കുറഞ്ഞു.

മുതലാളിത്ത പാതയിലേക്ക് വന്ന റഷ്യ എണ്ണ,വാതക കയറ്റുമതിയിലൂടെ സാമ്പത്തികശക്തിയായ വളർന്നപ്പോഴാണു ഗ്രൂപ്പിലെ എട്ടാമത്തെ അംഗമായി ചേർത്തത്. ഗ്രൂപ്പിലെ യൂറോപ്യൻ അംഗങ്ങളായ ജർമനിയും ഇറ്റലിയും ഊർജമേഖലയിൽ റഷ്യയെയാണ് ആശ്രയിക്കുന്നത്. ജപ്പാൻ ഒഴികെയുള്ളവർ സൈനിക സഖ്യമായ നാറ്റോയിൽ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) കൂടി അംഗങ്ങളാണ്. ശീതയുദ്ധകാലത്ത് റഷ്യയുടെ മേധാവിത്വത്തിനു കീഴിലായിരുന്ന മധ്യ, കിഴക്കൻ യൂറോപ്പിനെതിരെയാണു നാറ്റോ രൂപം കൊണ്ടത്.

ഈ മാസം വാഷിങ്ടനിൽ നടക്കേണ്ട ജി7 ഉച്ചകോടിയിൽ കോവിഡ് സാഹചര്യമായതിനാൽ നേരിട്ടു പങ്കെടുക്കാൻ ജർമൻ ചാൻസലർ അംഗല മെർക്കലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും വിസ്സമ്മതം പ്രകടിപ്പിച്ചിരുന്നു. ഈ വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് അടുത്ത തീയതിയിലേക്ക് ജി7 ഉച്ചകോടി മാറ്റിവയ്ക്കണമെന്ന അവരുടെ നിർദേശം ട്രംപിനു നീരസമായി. 2008 ൽ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായപ്പോൾ ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഓസ്ട്രേലിയ, ബ്രസീൽ, മെക്സിക്കോ, അർജന്റീന തുടങ്ങി ഡസനോളം രാജ്യങ്ങളെ ചേർത്ത് ജി20 രൂപീകരിച്ചിരുന്നു. എന്നാൽ ഇതിനിടെ, യുകെ യൂറോപ്യൻ യൂണിയൻ വിട്ടു. ലോക വ്യാപാര സംഘടന ശക്തമായ സമ്മർദത്തിലുമാണ്. ജി20യും ഫലപ്രദമല്ലാത്ത കൂട്ടായ്മയായി തീർന്നിട്ടുണ്ട്.

ജി7 വികസിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യത്തിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണു കൂടുതൽ. വ്യാപാരയുദ്ധത്തിൽ ട്രംപിനു ചൈന കീഴടങ്ങിയില്ല. ഇപ്പോൾ കോവിഡ് പരത്തിയെന്നാരോപിച്ച് ചൈനയെ ഒറ്റപ്പെടുത്തി ശിക്ഷിക്കുകയാണു ലക്ഷ്യം. രണ്ടാമതായി, ഇന്ത്യയെയും ഓസ്ട്രേലിയയെയും യുഎസിനോടു ചേർത്തുനിർത്തുക. പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും സ്കോട് മോറിസണും തന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് പറയാറുള്ളത്. റഷ്യയെ പോക്കറ്റിലാക്കുന്നതിലൂടെ ചൈനയെയും റഷ്യയെയും തമ്മിൽ അകറ്റുകയാണു മൂന്നാമത്തെ താൽപര്യം.

ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ജി7 ഗ്രൂപ്പിലേക്കു വരുന്നതു സ്വാഭാവികമാണെങ്കിലും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനാവും പ്രധാന വേഷം. റഷ്യയുടെ വിദേശ താൽപര്യങ്ങളെ പുഷ്ടിപ്പെടുത്താനുള്ള പദ്ധതികളാവും ഗ്രൂപ്പിൽ തിരിച്ചെത്തിയാൽ പുടിൻ ആദ്യം ചെയ്യുക. ഊർജമേഖലയിൽ ചൈന–റഷ്യ വൻകരാറുകളാണുള്ളത്. റഷ്യൻ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാർ ചൈനയാണ്.

വൻകിട സാമ്പത്തിക ശക്തികളുമായി ബന്ധം വിപുലീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കിടെ ലഭിച്ച സുവർണാവസരമായാണു നരേന്ദ്ര മോദി ജി7 അംഗത്വ വാഗ്ദാനത്തെ കാണുന്നത്. ചൈനയുമായി അതിർത്തി, വ്യാപാര പ്രശ്നങ്ങളിൽ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതിനാൽ ചൈനാവിരുദ്ധ ബ്ലോക്കുമായി സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കുന്നതു ഗുണം ചെയ്യുമെന്നു കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി മറ്റ് അംഗങ്ങൾക്കു വ്യത്യസ്തതരത്തിലുള്ള ബന്ധങ്ങളായതിനാൽ, ട്രംപിന്റെ ശുപാർശയോടു ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നു ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ് ഇന്ത്യ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA