sections
MORE

കോവിഡ് നൽകുന്ന കൃഷിപാഠങ്ങൾ

SHARE

ഭക്ഷ്യസുരക്ഷയെക്കുറിച്ചും കൃഷിയെക്കുറിച്ചും പതിവായി നടക്കുന്ന ആലോചനകൾ മതിയാകില്ലെന്നാണു കോവിഡ് കാലം നൽകുന്ന മുന്നറിയിപ്പ്. 

കോവിഡ് അനന്തര പുതിയ ലോകത്തു കേരളത്തിലെ കൃഷിയും പുതിയ വഴികൾ തേടണമെന്ന ചിന്തയാണ് മലയാള മനോരമ നടത്തിയ വെബ് ചർച്ചയിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും വിദഗ്ധരും പങ്കുവച്ചതും. വയൽ മുതൽ വിപണി വരെ ഏകോപിപ്പിക്കുന്നതാകണം പുതിയ കാർഷിക സംസ്കാരം. കർഷകൻ ഉൽപാദകൻ മാത്രമായി ഒതുങ്ങാതെ കാർഷിക സംരംഭകനായി മാറണം എന്നതായിരുന്നു ചർച്ചയിൽ ഉയർന്ന പ്രധാന ആശയം. 

മടങ്ങിവരുന്ന പ്രവാസികളിൽ കൃഷിയോടു താൽപര്യമുള്ളവർക്കു വലിയ സാധ്യതകളാണു കാർഷിക സംരംഭങ്ങൾ തുറന്നുവയ്ക്കുന്നത്. ഒറ്റയ്ക്കൊറ്റയ്ക്കുള്ള കർഷകരെ സംഘടിപ്പിച്ച് പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിച്ചു മൂല്യവർധനയിലൂടെ മികച്ച വരുമാനം ഉറപ്പാക്കാം. നമ്മുടെ തോട്ടങ്ങളിൽ വിളയുന്ന റബറും കൊക്കോയും പൈനാപ്പിളും മാങ്ങയും ചക്കയുമെല്ലാം മൂല്യവർധിത ഉൽപന്നങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സൂപ്പർ മാർക്കറ്റുകളിൽ എത്തിക്കാം. പുതിയ കാലത്തു കേരളത്തിനു ലഭിച്ച സ്വീകാര്യതയും വിശ്വാസ്യതയും കേരള ബ്രാൻഡ് എന്ന ശക്തിയിലേക്കു പരിവർത്തനം ചെയ്യാൻ നമുക്കു സാധിക്കണം. 

പാലക്കാട് ചിറ്റൂരിൽ ഒരു കർഷകൻ മതിയായ വില കിട്ടാത്തതിനാൽ മൂന്നേക്കറിലെ വഴുതന ഉഴുതു മറിച്ചു നശിപ്പിച്ചു കളഞ്ഞെന്ന ദുഃഖകരമായ വാർത്ത ഈ ദിവസങ്ങളിലാണു പുറത്തു വന്നത്. കാർഷിക വിപണിയിൽ നേട്ടം കൊയ്യുന്നത് കർഷകനോ ഉപഭോക്താവോ അല്ല, ഇടനിലക്കാരനാണെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. പെട്ടെന്നു ചീത്തയാകും എന്നുള്ളതു കൊണ്ടാണു കിട്ടിയ വിലയ്ക്കു വിൽക്കാൻ കർഷകൻ നിർബന്ധിതനാവുന്നത്. പച്ചക്കറി, പഴങ്ങൾ എന്നിവയുടെ സംഭരണത്തിനും സംസ്കരണത്തിനും ശീതികരണികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും വിപണനത്തിന് ഓൺലൈൻ സൗകര്യങ്ങളും വേണമെന്നാണു വിലത്തകർച്ചകൾ  നമ്മോടു പറയുന്നത്. ഇടനിലക്കാരനു മുന്നിൽ വില പേശുന്നതിനു പകരം കർഷകൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച വിലയും വിപണിയും കണ്ടെത്താൻ കർഷകനു കഴിയണം. ഈ കോവിഡ് കാലത്ത് മുതലമടയിലെ മാങ്ങയും വാഴക്കുളത്തെ പൈനാപ്പിളും ഓൺലൈൻ വഴി വിൽപന നടത്തിയതിന്റെ മാതൃക നമ്മുടെ മുന്നിലുണ്ട്. 

പ്ലാന്റേഷനുകളിൽ ചിലതരം പഴവർഗങ്ങൾ കൃഷി ചെയ്യാൻ അനുമതി നൽകണമെന്നാണു തന്റെ അഭിപ്രായമെന്നു കൃഷി മന്ത്രി തുറന്നു പറയുന്നു. പഴവർഗങ്ങൾ കൂടുതലായി ഉൽപാദിപ്പിക്കാനും മൂല്യവർധന നടത്താനും സഹായിക്കുന്ന തീരുമാനമാണ് അത്. തോട്ടം മേഖലയിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഇത് ഒരു പരിധി വരെ പരിഹാരവുമാണ്.  സർക്കാർതലത്തിൽ കൂടുതൽ ചർച്ചകളിലൂടെ വ്യക്തത വരുത്തി തോട്ടം മേഖലയെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നു കരകയറ്റണം.

തരിശു കിടക്കുന്ന സ്ഥലങ്ങളിൽ കൃഷിയിറക്കാൻ പാട്ടക്കൃഷി പ്രോൽസാഹിപ്പിക്കുന്ന പദ്ധതിക്കു സുഭിക്ഷ കേരളം പരിപാടിയിലൂടെ സർക്കാർ തുടക്കമിടുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കർഷകർ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇതിനു നിയമത്തിന്റെ പിൻബലം നൽകേണ്ടതുണ്ട്. കൃഷി ചെയ്യുന്നവർക്കു പുറമേ ഭൂമി നൽകുന്നവർക്കും പ്രോൽസാഹനവും കരുതലും ലഭ്യമാകണം. അതേ സമയം, കേന്ദ്ര സർക്കാർ നിർദേശിക്കുന്ന കരാർ കൃഷിക്കു കേരളമില്ലെന്ന നിലപാട് മന്ത്രി വീണ്ടും വ്യക്തമാക്കുകയും ചെയ്തു. കരാർ കൃഷി  കേരളത്തിനു പറ്റിയതല്ലെന്നും അതു കൃഷിയെ കോർപറേറ്റുകളുടെ കൈയിലെത്തിക്കുമെന്നുമാണു ന്യായം. അതേ സമയം, കാർഷികോൽപന്നങ്ങൾ ഒടുവിൽ എത്തുന്നതു വൻകിടക്കാരുടെ കൈയിലായതിനാൽ സർക്കാർ ഒരു റഫറിയുടെ റോളിൽ നിന്നുകൊണ്ടു കരാർ കൃഷി അനുവദിക്കുന്നതിൽ എന്താണു തെറ്റെന്ന മറുചോദ്യമുണ്ട്. നയം എന്തു തന്നെയായാലും കർഷകന് ഗുണം ലഭിക്കുമെങ്കിൽ എന്തിനു മടിച്ചു നിൽക്കണം? 

കൃഷി ഉദ്യോഗസ്ഥരുടെയും ശാസ്ത്രജ്ഞരുടെയും വർധിച്ച പിന്തുണയും കർഷകർ ആവശ്യപ്പെടുന്നുണ്ട്. കൃഷി ഉദ്യോഗസ്ഥരെ ഫയലിൽ നിന്നു വയലിലേക്കു നയിക്കുമെന്നും ഓരോ കൃഷി ശാസ്ത്രജ്ഞനും രണ്ടു പഞ്ചായത്തുകളുടെ വീതം ചുമതല നൽകുമെന്നും കൃഷി മന്ത്രി പ്രഖ്യാപിച്ചു. കൈയടി കിട്ടുന്ന പ്രഖ്യാപനമാണെങ്കിലും, കൃഷിയിൽ താൽപര്യമുള്ള ഉദ്യോഗസ്ഥർ പോലും ഓഫിസിലെ ഫയലുകൾക്കിടയിൽ തളച്ചിടപ്പെടുന്നത് എന്തുകൊണ്ടാണെന്നു സർക്കാർ ചിന്തിക്കണം. അതിനു പരിഹാരം കാണാതെ അവരെ വയലിലേക്കു നയിക്കാനാവില്ല. 

കൃഷി ചെയ്യുന്ന കർഷകന് എന്നും  നഷ്ടത്തിന്റെ കണക്കു പറയാനാണു വിധി. ഇതു മാറിയാലേ പുതിയ തലമുറ കൃഷിയിലേക്കു വരൂ; അതിനായി ഉറച്ച തീരുമാനങ്ങളും അതു യാഥാർഥ്യമാക്കാനുള്ള ഇച്ഛാശക്തിയുമാണ് ഇനി വേണ്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA