sections
MORE

കോവിഡ് പ്രതിരോധ മികവ് കേരളത്തിനു നേട്ടം; അവസരങ്ങൾ തുറക്കും

viswas-mehta
വിശ്വാസ് മേത്ത
SHARE

കോവിഡിനെ നേരിടുന്നത് വലിയ വെല്ലുവിളിയാണെങ്കിലും ജനകീയപങ്കാളിത്തത്തോടെ കേരളത്തിന് അതീജിവിക്കാൻ കഴിയുമെന്ന് പുതിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾ മറികടക്കേണ്ടതുണ്ട്. മെഡിക്കൽ ഉപകരണനിർമാണത്തിൽ ഉൾപ്പെടെ കേരളത്തിന് പുതിയ അവസരങ്ങൾ തുറന്നു കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.  വിശ്വാസ് മേത്തയുമായുള്ള  അഭിമുഖത്തിൽ നിന്ന്.....

∙ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികൾക്കിടയിലാണ് ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്? 

ലോകം ഒന്നാകെ കോവിഡിനെതിരെ പൊരുതുകയാണ്. കേരളം ഇതുവരെ നല്ല രീതിയിലാണ് കോവിഡിനെ പ്രതിരോധിച്ചത്. ഇതുവരെ കേരളത്തിലെ രോഗികളിൽ 85 ശതമാനം പേരും വിദേശത്തു നിന്നോ ഇതരസംസ്ഥാനങ്ങളിൽ നിന്നോ എത്തിയവരാണ്. നമ്മുടെ നാട്ടിലെത്തിയ ശേഷം രോഗം പകർന്നവരുടെ എണ്ണം കുറവാണ് എന്നതിന്റെ അർഥം ജനങ്ങൾ ജാഗ്രതയോടെയാണ് കോവിഡിനെ പ്രതിരോധിക്കുന്നത് എന്നാണ്. 

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ കണക്കുപ്രകാരമായിരുന്നെങ്കിൽ കേരളത്തിലെ രോഗികളുടെ എണ്ണം ഇപ്പോൾ 20000 എത്തിയേനെ. സമൂഹത്തിന്റെ താഴേത്തട്ടുമുതൽ കൃത്യമായ ധാരണയുണ്ട്. മറ്റു സംസ്ഥാനങ്ങളിലൊന്നും കാണാത്ത സവിശേഷതയാണിത്. നമുക്കു ചുറ്റുമുള്ളവരുടെ ആരോഗ്യസ്ഥിതി കൂടി നാട്ടുകാർ പരിഗണിക്കുന്നു. നമ്മുടെ ആരോഗ്യസംവിധാനങ്ങൾ മാതൃകാപരമായ കാര്യക്ഷമതയോടെയാണു പ്രവർത്തിക്കുന്നത്. 

പക്ഷേ, കേരളത്തിലേയ്ക്കു വരുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് രോഗികളുടെ എണ്ണം കൂടിയാൽ നമുക്ക് എത്രത്തോളം പരിചരണം ലഭ്യമാക്കാൻ കഴിയും എന്നതു വലിയ ആശങ്കയാണ്. 42 ലക്ഷത്തോളം വയോധികർ കേരളത്തിലുണ്ട്. രോഗം വരാനും ഗുരുതരമായോ ഇതിൽ തന്നെ 70 വയസിനു മുകളിലുള്ളവരുടെ കാര്യത്തിൽ നമ്മൾ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട്. 

∙ കേരളത്തിൽ സർവീസ് തുടങ്ങി 33–ാം വർഷം ചീഫ് സെക്രട്ടറി പദവിയിൽ. ഒട്ടേറെ വകുപ്പുകളുടെ മേധാവിയായിരുന്നു. എന്താണ് ഏറ്റവും വലിയ നേട്ടം? 

ഐഎഎസ് ഉദ്യോഗസ്ഥന് പ്രവർത്തനമികവിന് പത്മ പുരസ്കാരങ്ങളോ രാഷ്ട്രപതിയുടെ മെഡലുകളോ ഇല്ലല്ലോ. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലുത്. പതിറ്റാണ്ടുകൾക്ക് മുൻപാണ് ഞാൻ വയനാട്ടിൽ ജോലി ചെയ്തത്. 

ആദ്യം സബ് കലക്ടറായും പിന്നീടു കലക്ടറായും നാലര വർഷം. വയനാടിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ അക്കാലത്തു ചെയ്തു. ഇപ്പോഴും വയനാട്ടുകാർ എന്നെ മറന്നിട്ടില്ല. പതിവായി എന്നെ വിളിച്ച് സുഖവിവരങ്ങൾ തിരക്കുന്നവരുണ്ട്. അതിനേക്കാൾ വലിയ സംതൃപ്തി വേറെ എന്തുണ്ട്? 

 ∙ വെല്ലുവിളികൾക്കൊപ്പം അവസരങ്ങൾ കൂടി ലഭിക്കുമോ? 

തീർച്ചയായും. കേരളം കോവിഡിനെ നേരിട്ട രീതി ലോകമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. തീർച്ചയായും കേരളത്തിലേയ്ക്കു പുതിയ സംരംഭങ്ങൾ വരാനും പുതിയ നിക്ഷേപങ്ങളെത്താനുമുള്ള സാധ്യത ഇതു വർധിപ്പിക്കും. കോവിഡിനു ശേഷം മെഡിക്കൽ ഉപകരണരംഗത്ത് വലിയ ആവശ്യകത ലോകം മുഴുവനുണ്ടാകും. 3 മാസം മുൻപ് വേണ്ടത്ര മാസ്കുകൾ പോലുമില്ലാതിരുന്ന കേരളം ഇപ്പോൾ അവ കയറ്റിയയ്ക്കുന്ന രീതിയിലേയ്ക്കു വളർന്നു. 

കുടുംബശ്രീ പ്രവർത്തകർ ഫെയ്സ് ഷീൽഡ് വരെ ഉണ്ടാക്കാൻ പഠിച്ചു. കൊച്ചിയിലെ വാക്സിൻ ലബോറട്ടറിയിൽ കോവിഡ് വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ നടക്കുന്നു. സർക്കാരിന്റെ എല്ലാ സഹായവും അവർക്കു ഞാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന് ഈ രംഗത്ത് വലിയ സാധ്യതകളുണ്ട്. അത് പ്രയോജനപ്പെടുത്താൻ പ്രത്യേക ശ്രദ്ധ നൽകും. 

∙ 2 വർഷത്തെ പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തെ കോവിഡ് പ്രതികൂലമായി ബാധിക്കില്ലേ? 

പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാൻ കേരളം പഠിച്ചുകഴിഞ്ഞു എന്നാണ് എന്റെ വിലയിരുത്തൽ. 

2018ൽ പ്രളയം എന്നു പറഞ്ഞാൽ നമുക്ക് അവിശ്വസനീയമായിരുന്നു. പക്ഷേ, ജനങ്ങൾ ഒറ്റക്കെട്ടായാണ് അതിനെ നേരിട്ടത്. കഴിഞ്ഞ വർഷം പ്രളയം വന്നപ്പോഴേയ്ക്കും നമ്മൾ കുറച്ചൊക്കെ തയാറെടുത്തിരുന്നു. റീബിൽഡ് കേരള പദ്ധതികൾ അതിവേഗം മുന്നോട്ടുപോകുന്നുണ്ട്. കാര്യമായ തടസങ്ങളില്ലാതെ അവ പൂർത്തിയാക്കാനാകുമെന്നാണ് വിശ്വാസം. 

∙ കേന്ദ്രസർവീസിലിരിക്കെ രാജസ്ഥാനിലെ പുരാതനമായ കോട്ടകളിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിച്ചത് പിന്നീട് വലിയ വിനോദസഞ്ചാര ആകർഷണമായി എന്നു കേട്ടിട്ടുണ്ട്. കേരളത്തിൽ അത്തരത്തിലുള്ള പുതിയ പദ്ധതികൾ മനസിലുണ്ടോ? 

എനിക്ക് അടുത്ത ഫെബ്രുവരി വരെ മാത്രമെ കാലാവധിയുള്ളൂ. സർക്കാർ നിലവിൽ തുടങ്ങിവച്ച പദ്ധതികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാണ് ഊന്നൽ നൽകുന്നത്. 5 പദ്ധതികൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കുമ്പോൾ അക്കാര്യം പറയാം. 

∙ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നതോടെ കൂടെയുള്ള സംഗീതം മാറ്റിവയ്ക്കേണ്ടിവരുമോ? 

ഒരിക്കലുമില്ല. സംഗീതം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. നേരത്തെ പൊതുവേദികളിൽ പാടുമായിരുന്നു. ഹിന്ദി ഗായകൻ മുകേഷിന്റെ പാട്ടുകളാണ് കൂടുതലും ആലപിക്കാറുള്ളത്. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. അറിയാവുന്ന രീതിയിൽ പാടുമ്പോൾ കിട്ടുന്ന അംഗീകാരമാണ് വലിയ പ്രോൽസാഹനം. പാട്ടു വിടില്ല. കൂടെത്തന്നെയുണ്ട്. പൊതുവേദികളിൽ തൽക്കാലം ഇല്ലെന്നു മാത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA