ADVERTISEMENT

കേരളത്തിൽനിന്നുള്ള ബിജെപിയുടെ ഏക കേന്ദ്രമന്ത്രി വി. മുരളീധരനുമായി കൊമ്പുകോർക്കാനുള്ള ഒരവസരവും മുഖ്യമന്ത്രിയും മന്ത്രിമാരും ഈ കോവിഡ്കാലത്തു വിട്ടുകളയുന്നില്ല. അതേ നാണയത്തിൽ മുരളീധരൻ മറുപടി നൽകാറുമുണ്ട്. അപ്പോഴെല്ലാം മുരളിയെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്തുണ്ട്. പക്ഷേ, അടുത്തകാലം വരെ ബിജെപിയുടെ നാവായി തിളങ്ങിയ ആരും ഈ പോരിൽ കക്ഷിചേരുന്നില്ല; എല്ലാവരും കാഴ്ചക്കാർ മാത്രം. 

പി.എസ്.ശ്രീധരൻപിള്ളയുടെ പിൻഗാമിയായി കേന്ദ്രനേതൃത്വം സുരേന്ദ്രനെ അവരോധിച്ച ശേഷം സംസ്ഥാന നേതൃത്വത്തിൽ രൂപപ്പെട്ട ശീതസമരത്തിന് മൂന്നുമാസം കഴിഞ്ഞും അയവില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. കേന്ദ്രനേതൃത്വത്തിനു മുരളിയെയും സുരേന്ദ്രനെയും മാത്രം മതിയെങ്കിൽ അവർ നടത്തട്ടെ എന്നാണു മറുപക്ഷത്തെ പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും എം.ടി.രമേശും ശോഭ സുരേന്ദ്രനും നിശ്ശബ്ദം പറയുന്നത്. കുമ്മനം രാജശേഖരൻ പോലും മൗനത്തിലാണ്. 

മുൻനിരയിലിറങ്ങി കളിക്കാനും ആക്രമിക്കാനും ഗോളടിക്കാനും ഉത്സാഹമുള്ള ഫോർവേഡാണ് സുരേന്ദ്രൻ. പക്ഷേ, കോവിഡും ലോക്ഡൗണും വന്നതോടെ അദ്ദേഹത്തിനു കളം തന്നെയില്ലാതായി. അമരം കയ്യാളി സംസ്ഥാന ബിജെപിയെ ഇളക്കിമറിക്കണമെന്ന് ആഗ്രഹിച്ച നേതാവും പുതിയ നേതൃത്വവും ‘ടേക്ക് ഓഫ്’ ചെയ്യാനാകാതെ  കുടുങ്ങിക്കിടക്കുന്നു. 

ഈ ‘ലോക്ഡ് ഇൻ’ അവസ്ഥയ്ക്കു പരിഹാരമായിക്കൂടിയാണ് ‘ഡിജിറ്റൽ മോഡി’ലേക്കു സംസ്ഥാന ഘടകം അതിവേഗം പ്രവേശിച്ചത്. കേന്ദ്രമന്ത്രിപദത്തിന്റെ തിരക്കുകൾക്കിടയിൽ സംസ്ഥാന നേതാക്കളുടെ വിഡിയോ കോൺഫറൻസുകളിൽ മുരളീധരൻ പങ്കെടുക്കുന്നുണ്ടെങ്കിലും രാധാകൃഷ്ണനോ രമേശോ ശോഭയോ മുഖം കാണിക്കാറില്ല. തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്തേക്കും അവർ എത്തിനോക്കാറില്ല. സംസ്ഥാന പ്രസിഡന്റാകാൻ യോഗ്യതയുണ്ടായിരുന്ന, മുൻ ജനറൽ സെക്രട്ടറിമാരായ തങ്ങളെ വൈസ് പ്രസിഡന്റുമാരായി ബോധപൂർവം തരംതാഴ്ത്തിയെന്നു രാധാകൃഷ്ണനും ശോഭയും വിശ്വസിക്കുന്നു. ജനറൽ സെക്രട്ടറി പദത്തിൽ നിലനിർത്തിയെങ്കിലും സുരേന്ദ്രനു പകരം താനാണു പാർട്ടിയെ നയിക്കേണ്ടിയിരുന്നതെന്നു രമേശ് കരുതുന്നു. ബിജെപിയിൽ തന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ സ്വാധീനത്തിന് ആനുപാതികമായല്ല, പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്നു പി.കെ.കൃഷ്ണദാസും വിചാരിക്കുന്നു. 50 വയസ്സു മാത്രം പിന്നിട്ട ഒരാൾ പ്രസിഡന്റാകുമ്പോഴെങ്കിലും ഭാരവാഹിനിരയിൽ തലമുറമാറ്റം പ്രതിഫലിക്കണ്ടേ എന്നാണ് സുരേന്ദ്രന്റെ മറുചോദ്യം. ഐക്യത്തിനു വേണ്ടി നിലകൊള്ളുന്നുവെന്നു പുതിയ പ്രസിഡന്റ് ആവർത്തിക്കുമ്പോഴും, അകന്നുപോയവരെ ലോക്ഡൗൺ കൂടുതൽ അകറ്റിയിരിക്കുന്നു. 

യന്ത്രം പോലെ സംഘടന 

ഈ ഗ്രൂപ്പ് കലഹം ബിജെപിയെ കെട്ടിയിട്ടിരിക്കുകയാണെന്ന് സിപിഎമ്മും കോൺഗ്രസും കരുതിയെങ്കിൽ തെറ്റി. തദ്ദേശ തിരഞ്ഞെടുപ്പു പരിപാടികൾക്ക് ഈ രണ്ടു പാർട്ടികളെക്കാൾ ശക്തമായ ആസൂത്രണത്തോടെ തുടക്കം കുറിച്ചതു ബിജെപിയാണ്. ഭൂരിപക്ഷം വാർഡുകളിലും 17 അംഗ മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചുകഴിഞ്ഞു. ഓരോ കമ്മിറ്റിക്കും പാർട്ടിയിൽനിന്നും ആർഎസ്എസിൽ നിന്നും രണ്ടു വീതം ചുമതലക്കാർ. 50 വീതം വീടുകളുടെ മേൽനോട്ടത്തിനായി രണ്ടുപേർ വേറെ. വാർഡുകൾ നാലു ഗണങ്ങളായി തിരിച്ചാണു മുന്നൊരുക്കം. എ) ജയിച്ചത്, ബി) 50 വോട്ടിൽ താഴെ തോറ്റത്, സി) കുറച്ചുകൂടി മോശമെങ്കിലും ശ്രമിച്ചുനോക്കാവുന്നത്, ഡി) ജയിക്കാനിടയില്ല പക്ഷേ, പരമാവധി വോട്ട്. 

ജയിക്കാൻ വേണ്ടി മാത്രം ഇറങ്ങുക എന്നതാണ് ആഹ്വാനം. നിലവിലെ 1300 വാർഡ്, കുറഞ്ഞത് മൂവായിരമാക്കി വർധിപ്പിക്കാൻ ബിജെപി ലക്ഷ്യമിടുന്നു. വാർഡ് സമിതികളിൽ ന്യൂനപക്ഷത്തിനടക്കം പ്രാതിനിധ്യം കൊടുത്തും പാർട്ടിക്കു പുറത്തുള്ള സ്വീകാര്യരെ സ്ഥാനാർഥികളായി തിരഞ്ഞും മനോഭാവത്തിലെ മാറ്റം നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. 

സ്വപ്നതുല്യമായ ലക്ഷ്യം തിരുവനന്തപുരത്തു ബിജെപി മേയർ എന്നതു തന്നെ. നിലവിൽ പാർട്ടിക്ക് 35 അംഗങ്ങളുള്ള കോർപറേഷനിൽ ജയിക്കാൻ സാധിക്കുന്ന 60 വാർഡുകൾ തിരഞ്ഞെടുത്ത് ഓരോന്നിന്റെയും മേൽനോട്ടം പ്രധാന നേതാക്കളെ ഏൽപിച്ചിരിക്കുന്നു. കോർപറേഷൻ പിടിച്ചാൽ അത് അടിത്തറയാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു കുതിക്കാമെന്നാണു പ്രതീക്ഷ.

ഈ ലക്ഷ്യങ്ങൾക്ക് നേതൃത്വത്തിലെ അനൈക്യം വിലങ്ങുതടിയാകുമോ? പുതിയ പാർട്ടി ആസ്ഥാനമന്ദിരത്തിന്റെ നിർമാണം വൈകുന്നതിനാൽ, അടുത്തയാഴ്ച നിലവിലെ വാടകക്കെട്ടിടത്തിൽനിന്നു മറ്റൊന്നിലേക്ക് ഓഫിസിന്റെ പ്രവർത്തനം ബിജെപി മാറ്റുകയാണ്. പുതിയ കെട്ടിടത്തിലേക്കു വലതുകാൽ വച്ചു കയറുമ്പോൾ ഗൃഹപ്രവേശവേളയിൽ ഏതൊരു ഗൃഹനാഥനുമുണ്ടാകാവുന്ന ശുഭപ്രതീക്ഷകളും സ്വപ്നങ്ങളും കെ. സുരേന്ദ്രനുമുണ്ടാകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com