sections
MORE

ഇത് കാസർകോടിന്റെ അടിസ്ഥാന ആവശ്യം

SHARE

കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 300 കടന്നെങ്കിലും ഇതുമൂലം ഒരാൾക്കുപോലും ജീവഹാനി ഉണ്ടായില്ലെന്നത് ആശ്വാസകരമാണ്. പക്ഷേ, ഈ കാലയളവിൽ വിദഗ്ധചികിത്സ വേണ്ട സമയത്തു ലഭിക്കാതെ പതിനേഴു ജീവനാണു ജില്ലയിൽ പൊലിഞ്ഞത്. എൻഡോസൾഫാൻ മേഖല കൂടിയായിട്ടും ആരോഗ്യരംഗത്തെ പരിമിതികൾ കാരണം വിദഗ്ധചികിത്സ കിട്ടാതെ മരിക്കുന്നവരുടെയും ആജീവനാന്തം ചികിത്സ തുടരേണ്ടിവരുന്നവരുടെയും എണ്ണം കാസർകോട് ജില്ലയിൽ അനുദിനം കൂടുകയാണ്. 

സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള മുറവിളിയുമായി എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളിലുള്ളവർ നാലായിരത്തിലേറെ പേരാണ്. രണ്ടു ദശകങ്ങളിലായി എൻഡോസൾഫാൻ ദുരിതമേഖലയിൽ മാത്രം ആയിരത്തോളം പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം.‌ 2006ൽ സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം തന്നെ എൻഡോസൾഫാൻ ദുരിതബാധിതരായി മരിച്ചവരുടെ എണ്ണം 178 എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. വേണ്ട സമയത്തു ജില്ലയിൽത്തന്നെ വിദഗ്ധചികിത്സ ലഭിച്ചിരുന്നുവെങ്കിൽ ഇവരുടെ എണ്ണം കുറയ്ക്കാമായിരുന്നു എന്നതിൽ സംശയമില്ല.

കോവിഡ്കാലത്ത് കർണാടക അതിർത്തി അടച്ചതിനാൽ മംഗളൂരുവിലേക്കും മറ്റും വിദഗ്ധചികിത്സയ്ക്കു കൊണ്ടുപോകാൻ കഴിയാതെ കേരള – കർണാടക അതിർത്തിയിലുൾപ്പെടെ ഒന്നര മാസത്തിനിടയിൽ സ്ത്രീകളും കുട്ടികളുമടക്കം പതിനേഴു പേർ മരിച്ചത് അതീവഗൗരവമുള്ള കാര്യമാണ്. ആതുരശുശ്രൂഷാ മേഖലയിൽ അത്യുത്തര കേരളം അനുഭവിക്കുന്ന കടുത്ത അവഗണനയുടെ നിർഭാഗ്യ അടയാളംകൂടിയാവുന്നു ഇത്. അതിർത്തിക്കപ്പുറത്തുള്ള  മികച്ച ആശുപത്രികളിലെ ചികിത്സയാണ് ഈ ഹതഭാഗ്യർക്കു നിഷേധിക്കപ്പെട്ടത്. 

ഒരു ന്യൂറോളജിസ്റ്റ് പോലും ഇല്ലാത്ത കാസർകോട് ജില്ലയിൽ ആതുരശുശ്രൂഷാ മേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന തീരാദുരിതത്തിനു ശാശ്വതപരിഹാരം തേടിയുള്ള മുറവിളിക്കു മുന്നിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കണ്ണു തുറക്കാത്തതു പ്രധാന വെല്ലുവിളിയാണ്. സമീപകാലത്ത് ഇത്രയും പേർ വിദഗ്ധചികിത്സ കിട്ടാതെ മരിച്ചതിനെത്തുടർന്ന് വീണ്ടും ശക്തമായിരിക്കുകയാണ് ഈ മുറവിളി. കേന്ദ്രസർക്കാർ ഇനി അനുവദിക്കാനിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കാസർകോട് ജില്ലയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബഹുജന സംഘടനകൾ രംഗത്തിറങ്ങിയിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്.

ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിൽ നിർമാണത്തിലുള്ള സംസ്ഥാന സർക്കാർ മെഡിക്കൽ കോളജ് കൊണ്ടു പരിഹരിക്കാനാവുന്നതല്ല, എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങൾ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ. എൻഡോസൾഫാൻ മൂലം ജനിതകവൈകല്യങ്ങൾ ബാധിച്ചവരടക്കം പരിയാരം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗളൂരു, മണിപ്പാൽ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഇപ്പോൾ വിദഗ്ധചികിത്സയ്ക്കു പോകുന്നത്.  

എൻഡോസൾഫാൻ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ, വിദഗ്ധചികിത്സ ലഭിക്കുന്നതിനുള്ള മൾട്ടി സ്പെഷ്യൽറ്റി സൗകര്യങ്ങളോടെയുള്ള ആതുരാലയം കാസർകോട് ജില്ലയിൽ സ്ഥാപിക്കാൻ 2011ൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് ദേശീയ മനുഷ്യാവകാശ കമ്മിഷനും സുപ്രീം കോടതിയും ആവശ്യപ്പെട്ടതാണ്. കേന്ദ്ര സർവകലാശാല മെഡിക്കൽ കോളജിനുവേണ്ടി, ജില്ലയിൽനിന്നുള്ള സർവകക്ഷിസംഘം കേന്ദ്ര സർക്കാരിനെ  പിൽക്കാലത്തു സമീപിച്ചപ്പോൾ കേന്ദ്ര സർവകലാശാലയ്ക്കു കീഴിൽ മെഡിക്കൽ കോളജ് അനുവദിക്കുന്ന കീഴ്‌വഴക്കം നിർത്തിയെന്നായിരുന്നു മറുപടി. കേരളത്തിന് അനുവദിക്കുന്ന എയിംസ് ഈ ജില്ലയിൽ വേണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തിറങ്ങിയിട്ടുള്ളത് ഈ സാഹചര്യത്തിലാണ്. വരുംതലമുറയിലെങ്കിലും വിദഗ്ധചികിത്സ കിട്ടാതെ ഒരു ജീവൻപോലും പൊലിയാതിരിക്കാൻ എയിംസ് സ്ഥാപിച്ചു വിദഗ്ധചികിത്സ – ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാണ് ആവശ്യം.  

ജീവൻ രക്ഷിക്കാനുള്ള വിദഗ്ധചികിത്സാ സൗകര്യങ്ങൾ ലഭ്യമാകേണ്ടത് കാസർകോടിന്റെ അടിസ്ഥാന ആവശ്യമാണെന്ന് കേരളവും എല്ലാ രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും  തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ഒരു ജില്ല അനുഭവിച്ചുപോരുന്ന പരാശ്രയത്വം അവസാനിപ്പിക്കാനായി ശക്തമായ ഇടപെടൽ ഉണ്ടാവാൻ ഇനിയും വൈകിക്കൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA