sections
MORE

സസ്പെൻസ് ഒഴിയാതെ; കോവിഡിനു ശേഷം ഷൂട്ടിങ് അനിശ്ചിതത്വത്തിൽ

malayala-cineme-editorial
SHARE

കോവിഡിനു ശേഷമുള്ള ഷൂട്ടിങ് ഇപ്പോഴും അനിശ്ചിതത്വത്തിൽ തന്നെയാണ്. വിദേശ ലൊക്കേഷനുകളിലടക്കം ചിത്രീകരണം ലക്ഷ്യമിട്ട സിനിമകളുടെ ഭാവിയെന്ത് ? റിലീസുകളെ എങ്ങനെ ബാധിക്കും?

സീൻ ഒന്ന്: എറണാകുളം മാർക്കറ്റ് (പകൽ)

വലിയ ആൾക്കൂട്ടം. കടകളുടെ രണ്ടാം നിലയിൽവരെ ജനത്തിരക്ക്. ഒരു സംഘട്ടനം കണ്ട് ജനം പകച്ചുനിൽക്കുന്നു.

കോവിഡിനു ശേഷം ഷൂട്ടിങ് തുടങ്ങുമ്പോൾ ഇത്തരമൊരു സീൻ തിരക്കഥയിൽ എഴുതാൻ തിരക്കഥാകൃത്തിനു കഴിയുമോ?

ഈ ചോദ്യത്തിനു മറുപടി പറഞ്ഞത് സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണനാണ്: ‘സിനിമ ഭീരുക്കളുടെ കലയല്ല. അത് ആവശ്യപ്പെടുന്ന വ്യാപ്തിയും വലുപ്പവും അതിനു വേണം. ആൾക്കൂട്ടവും നഗരവും ഗ്രാമവുമൊക്കെ ദൃശ്യപരമായ പൊലിമയ്ക്കായി ചിത്രീകരിക്കേണ്ടി വരും. അതിനു പറ്റിയൊരു ആരോഗ്യപരിസ്ഥിതി വരണമെന്നു മാത്രം. കോവിഡിനു ശേഷം ഗ്രീൻമാറ്റിൽ ഷൂട്ട് ചെയ്ത് മുറിക്കുള്ളിലൊതുങ്ങുന്ന സിനിമ വരുമെന്ന ധാരണ വേണ്ട.’

ഒരു സിനിമയുടെ സെറ്റിൽ 110 മുതൽ 150 വരെ ആളുകളുണ്ടാകുന്നതു പതിവാണ്. ചെറിയ സിനിമയാണെങ്കിൽ 80 പേർ. ഈ ആൾക്കൂട്ടത്തെ അത്ര എളുപ്പം ചെറുതാക്കാനാകില്ല. ഇതിൽ ക്യാമറയുൾപ്പെടെ പലതും വരുന്നത് ചെന്നൈയിൽനിന്നും മുംബൈയിൽനിന്നുമാണ്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളാണിവ. ആക്‌ഷൻ, ഡാൻസ് തുടങ്ങിയ കാര്യങ്ങൾക്കും ഇവിടങ്ങളിൽ നിന്നുള്ളവരെയാണ് മലയാള സിനിമ പൂർണമായും ആശ്രയിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഈ നഗരങ്ങളിൽനിന്ന് എത്രപേർക്കു വന്നു ജോലി ചെയ്യാൻ കഴിയും എന്നതു കണ്ടറിയണം. കേരളത്തിലെ സാഹചര്യങ്ങൾ അനുകൂലമായാലും ചിത്രീകരണങ്ങൾക്കു കാലതാമസം വന്നേക്കും.

‘ചെലവു കുറഞ്ഞ സിനിമ എക്കാലത്തും ചെലവുകുറഞ്ഞവ തന്നെയാണ്. ഒരു ഷൂട്ടിങ് യൂണിറ്റിൽ പരമാവധി കുറയ്ക്കുന്നത് 20% ആളുകളെയാണ്. ലൈറ്റുകളുടെ എണ്ണം കുറയ്ക്കാമെന്നു തീരുമാനിച്ചാൽ, പുറത്തുവരുന്നതിന്റെ ക്വാളിറ്റിയും അത്രയേ ഉണ്ടാകൂ എന്നോർക്കണം. ലൈറ്റും സംവിധാനവും കുറയ്ക്കുമ്പോൾ ഷൂട്ട് ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം കൂടും. അപ്പോൾ വീണ്ടും ചെലവു കൂടും. അതായത്, വലിയ സിനിമ ചെറുതായി എടുക്കാനാകില്ലെന്നുറപ്പാണ്’– ലോക്ഡൗൺ സിനിമയിൽ ഘടനാപരമായ മാറ്റങ്ങൾ വരുമെന്ന വാദം തള്ളുന്നു സംവിധായകൻ പ്രിയദർശൻ.

mammootty-22g

ന്യൂയോർക്ക്  വേണമെങ്കിൽ ഇങ്ങോ‌ട്ടു വരട്ടെ

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ ‘ന്യൂയോർക്കി’ന്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു. ചിത്രം ഇതേ പേരിൽ കഥയിൽ ഒരു മാറ്റവും വരുത്താതെ ചിത്രീകരിക്കാമെന്നു തന്നെയാണ് സംവിധായകന്റെ പ്രതീക്ഷ. ന്യൂയോർക്കിൽ പോയി ഷൂട്ട് ചെയ്യാൻ പറ്റുമോ എന്നതുമാത്രമാണ് ചോദ്യം.

‘ന്യൂയോർക്കിൽ നടക്കുന്ന ഒരു കഥ ന്യൂയോർക്കിൽ പോയി ഷൂട്ട് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. കംപ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ ഇന്ത്യയിൽത്തന്നെ അതു നിഷ്പ്രയാസം ചിത്രീകരിച്ചെടുക്കാവുന്നതാണ്. സാങ്കേതികവിദ്യ അത്രമാത്രം വളർന്നിട്ടുണ്ട്.’– വൈശാഖ് ചൂണ്ടിക്കാട്ടി.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനായ ‘റാം’ എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ബ്രിട്ടനായിരുന്നു. ഇസ്താംബുളും ഉസ്ബക്കിസ്ഥാനും മറ്റു ലൊക്കേഷനുകളാണ്. യുകെ യാത്ര ഇനി എന്നാണെന്നു നിശ്ചയിക്കാനാകില്ല.ഷൂട്ടിങ് അനുമതിക്കായുള്ള പ്രശ്നങ്ങൾ വേറെ. കോവിഡ് അവസ്ഥ നോക്കിയിരിക്കുകയാണ് സംവിധായകനും അണിയറക്കാരും. 40 ദിവസമെങ്കിലും വിദേശത്തു ചിത്രീകരിച്ചാലേ ഇതു പൂർത്തിയാക്കാനാകൂ.

മമ്മൂട്ടിയുടെ അടുത്ത ചിത്രമായ ‘ബിലാൽ’ കൊൽക്കത്തയുൾപ്പെടെയുള്ള നഗരങ്ങളിൽ ഷൂട്ട് ചെയ്യേണ്ടതാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രത്തിനും കേരളത്തിനു പുറത്തു ചിത്രീകരണമുള്ളതാണ്. ഗോവയിൽ ചിത്രീകരണം തുടങ്ങുന്നതിനു തൊട്ടുമുൻപാണു കോവിഡ് വന്നത്. കേരളത്തിൽ വളരെ കുറച്ചു ദിവസമേ ഈ സിനിമ ചിത്രീകരിക്കുന്നുള്ളൂ. ഏറെക്കുറെ പൂർണമായും വിദേശത്തു ചിത്രീകരിക്കേണ്ട മോഹൻലാൽ ചിത്രമായ ‘എംപുരാൻ’ അടുത്ത വർഷം തുടങ്ങേണ്ടതാണ്. പുതിയ സാഹചര്യത്തിൽ ഇത്ര വലിയ നിക്ഷേപമുള്ള സിനിമകൾ എങ്ങനെ മാർക്കറ്റ് ചെയ്യുമെന്നു കണ്ടറിയണം.

കോവിഡ്കാലത്തിനു മുൻപ് എഴുതിവച്ച ഒരു തിരക്കഥ അതേപോലെ ചിത്രീകരിക്കുന്നതിനെപ്പറ്റി ഇനി ചിന്തിക്കാനാവില്ല എന്നാണ് ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ കരൺ ജോഹർ പറയുന്നത്. മാസ്ക്കും സാനിറ്റൈസറും ക്വാറന്റീനും വിജനമായ തെരുവുകളുമില്ലാത്ത സിനിമ പുതിയ കാലത്തോടു സംവദിക്കില്ല എന്ന് അദ്ദേഹം പറയുമ്പോൾ, തിരക്കഥകൾ പൊളിച്ചെഴുതുമോ എന്നാണു കണ്ടറിയേണ്ടത്.

mohanlal-new-2

സിനിമ ഓടില്ല, ജീവിതം ഓടിക്കണം

മാർച്ച് പത്താം തീയതി സെക്കൻഡ് ഷോ കഴിഞ്ഞ് തിയറ്റർ പൂട്ടി ഇറങ്ങിയതാണ് കോഴിക്കോട് അപ്സര തിയറ്ററിന്റെ മാനേജിങ് പാർട്നറായ ജോസ് ജോസഫ്. 1005 സീറ്റുകളുള്ള കേരളത്തിലെ വമ്പൻ തിയറ്ററുകളിലൊന്നായ അപ്സരയിൽ ഒരു ഹൗസ്ഫുൾ ഷോ കളിച്ചാൽ കിട്ടുന്നത് 1,24,000 രൂപയാണ്. ഇങ്ങനെ നാലു ഷോകളാണ് ദിവസേന കളിച്ചിരുന്നത്. എത്ര കലക്‌ഷൻ കുറഞ്ഞാലും നാലു ഷോകൾക്കും കൂടി അരലക്ഷം രൂപയെങ്കിലും വരുമുണ്ടായിരുന്നു. ഇതിൽനിന്ന് ടാക്സും പ്രൊഡ്യൂസർ ഷെയറും പോയിട്ട് ബാക്കി ഏതാണ്ടു മൂന്നിലൊന്നു തുകയാണ് തിയറ്റർ ഉടമയ്ക്കു കിട്ടിയിരുന്നത്. കുറച്ചുകാലമായി അതുതന്നെ തികയാത്ത അവസ്ഥയായിരുന്നുവെന്ന് ജോസ് ജോസഫ് പറയുന്നു.

‘രണ്ടുമാസമായിട്ട് ഒരു വരുമാനവുമില്ല. എന്നാൽ, ചെലവിൽ കാര്യമായ കുറവു വന്നിട്ടുമില്ല. ജോലിക്കാർക്കു ശമ്പളം കൊടുക്കാതിരിക്കാനാവില്ല. തൽക്കാലം ശമ്പളം പകുതിയാക്കി കുറച്ചിരിക്കുകയാണ്. അവർ വേറെ വരുമാനമാർഗമില്ലാത്തവരാണ്. ഓരോ ടിക്കറ്റിലും മൂന്നു രൂപവച്ചു തൊഴിലാളി ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നുണ്ട്. കോടിക്കണക്കിനു തുകയാണ് ഈയിനത്തിൽ സ്വരൂപിച്ചിട്ടുള്ളത്. തിയറ്റർ ജീവനക്കാർ, ഫിലിം റപ്രസന്റേറ്റീവുമാർ തുടങ്ങിയവർക്ക് ഇതിൽനിന്ന് ഒരു നിശ്ചിത തുക സഹായമായി നൽകിയാൽ വലിയ ഉപകാരമായിരുന്നു’– ജോസ് ചൂണ്ടിക്കാട്ടി.

അടച്ചിട്ടുവെങ്കിലും തിയറ്റർ കേടുവരാതെ സൂക്ഷിക്കാൻ വലിയ തുകയാണു ചെലവാക്കുന്നത്. വൈദ്യുതി ബിൽ അടക്കം ചുരുങ്ങിയത് 5 ലക്ഷം രൂപയാണു വലിയ തിയറ്ററുകളുടെ ഒരു മാസത്തെ കുറഞ്ഞ ബാധ്യത. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഈ തുക അടയ്ക്കാൻ ആറുമാസത്തെ സാവകാശം നൽകിയിട്ടുണ്ട്. 12% പലിശ അടയ്ക്കണമെന്നു മാത്രം. ഈ ഫിക്സഡ് ചാർജ് പൂർണമായും ഒഴിവാക്കിയാൽ മാത്രമേ, ഈ വ്യവസായത്തിനു നടുനിവർത്തി നിൽക്കാനാകൂ.

കേരളത്തിലെ തിയറ്ററുകളുടെ മൊത്തം വരുമാനത്തിന്റെ 30% വരെ വിവിധ നികുതിയായി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ചെലവുമില്ലാതെ സർക്കാരിനു കിട്ടുന്ന വരുമാനമായ ഈ തുക തുടർന്നും കിട്ടണമെങ്കിൽ തിയറ്ററുകൾക്കു സർക്കാർ പ്രത്യേക സഹായം നൽകേണ്ടിവരും.

കടൽ കടന്നൊരു കച്ചവടം വൈകും

മലയാള സിനിമയുടെ പ്രധാന വരുമാന സ്രോതസ്സാണ് ‘ഓവർസീസ് അവകാശ’ത്തിലൂടെ ലഭിക്കുന്നത്. ഒരു സൂപ്പർതാര ചിത്രത്തിനു ശരാശരി 3 കോടിയോളം രൂപയാണ് ഓവർസീസ് ലഭിക്കുന്നത്. യുവനായകർക്ക് രണ്ടു കോടിയോളം രൂപ ഇങ്ങനെ ലഭിക്കും. റിലീസിനു മുൻപു തന്നെ ലഭിക്കുന്ന ഈ വരുമാനം നിർമാതാവിന് വലിയ ആശ്വാസമാണ്. കേരളത്തിൽ കോവിഡ് പ്രതിസന്ധി മാറി തിയറ്ററുകൾ തുറന്നാലും വിദേശത്തെ തിയറ്ററുകൾ തുറക്കാൻ കാലതാമസം നേരിട്ടേക്കും. ഗൾഫിൽ തൊഴിൽ പ്രതിസന്ധികൂടി ഉള്ളതിനാൽ പഴയ ‘ബൂം ബൂം ’ പ്രതീക്ഷിക്കാനും വയ്യ.

കേരളത്തിലേക്കുള്ള ഗൾഫ് വിമാനങ്ങളിൽ മലയാളി ക്യൂ നിൽക്കുമ്പോൾ ഗൾഫിലെ തിയറ്ററുകളിലേക്ക് ഇനി എന്നു സിനിമ തിരിച്ചുവരുമെന്നത് പ്രസക്തമായ ചോദ്യം. ദുബായിലും അബുദാബിയിലും ചില തിയറ്ററുകൾ ഭാഗികമായി തുറന്നെങ്കിലും പ്രേക്ഷകർ കുറവാണ്. മലയാള സിനിമയുടെ നിർമാണച്ചെലവ് പൂർണമായും കേരളത്തിൽനിന്നു തിരിച്ചുപിടിക്കണമെങ്കിൽ ചെലവു കുറയ്ക്കേണ്ടിവരുമെന്നു ചുരുക്കം. 

നിലവിൽ മലയാള സിനിമയുടെ നിർമാണച്ചെലവിന്റെ 60% പ്രതിഫലത്തിനാണു വിനിയോഗിക്കുന്നത്. 40 ശതമാനമാണു ബാക്കി കാര്യങ്ങൾക്കു ചെലവഴിക്കുക. 50 പേരെ ഉൾപ്പെടുത്തി ഷൂട്ടിങ് തുടങ്ങുമ്പോൾ 50% ചെലവു കുറയ്ക്കാൻ കഴിയുമോ എന്ന ചർച്ചയും സജീവം. 

joy-mathew
ജോയ് മാത്യു

നിർമാണത്തിലിരിക്കുന്ന 50 സിനിമകളുടെ നിർമാതാക്കളോട് അവരുടെ സിനിമകൾ ഒടിടി റിലീസ് വഴി വിൽക്കാൻ താൽപര്യമുണ്ടോ എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അന്വേഷണം നടത്തി. ഇതിൽ 5 പേർ മാത്രമാണു താൽപര്യം അറിയിച്ചത്. 45 പേർക്കും തിയറ്റർ വഴി തന്നെ പടം റിലീസ് ചെയ്യുന്നതിനാണു താൽപര്യം. കഴിഞ്ഞ വർഷം 200 സിനിമകൾ റിലീസ് ചെയ്തതിൽ 65 എണ്ണത്തിനു മാത്രമാണ് ടെലിവിഷൻ സാറ്റലൈറ്റ് അവകാശം വിൽക്കാനായത്.

വരുന്നത് വെബ് സീരീസ് തരംഗം: ജോയ് മാത്യു

(നടൻ, സംവിധായകൻ)

മനുഷ്യർക്കിടയിലെ ഭീതി മാറാതെ ഒന്നും പഴയപടി ആകില്ല. ഇതിനിടയിൽ കലാരൂപങ്ങൾക്കു മാറ്റം വരും. സിനിമയുടെ ഫോർമാറ്റ് മാറും. ഭാവിയിലെ സിനിമയിൽ താരങ്ങൾക്കായിരിക്കില്ല പ്രാധാന്യം; ഉള്ളടക്കമായിരിക്കും താരം. ഉള്ളടക്കത്തിന്റെ പുതുമയും ക്രാഫ്റ്റും കൊണ്ടായിരിക്കും ആ കലാരൂപം നിലനിൽക്കുക. അതു നിലവിലുള്ള സിനിമ ആയിക്കൊള്ളണമെന്നുമില്ല. 

ഓവർ ദ് ടോപ് (ഒടിടി) പ്ലാറ്റ്ഫോം വഴിയായിരിക്കും സിനിമ പ്രേക്ഷകർക്കു മുന്നിലെത്തുക. ഇത്തരം പ്ലാറ്റ്ഫോമുകൾ മലയാള സിനിമയ്ക്ക് ആഗോള വിപണിയാണു തുറന്നുതരിക. അപ്പോൾ നമ്മൾ ചെലവുചുരുക്കലുമായി ആഗോള വിപണിയോടു മത്സരിക്കേണ്ടി വരും. സ്വാഭാവികമായും ഹോളിവുഡിനെ വെല്ലുന്ന ഉള്ളടക്കം കൊണ്ടായിരിക്കണം നമ്മുടെ മത്സരം.

പുതിയ തലമുറ സിനിമയെക്കാൾ കാണുന്നതു വെബ് സീരീസുകളാണ്. സിനിമയിലെ നടീനടന്മാർ തന്നെ വെബ് സീരീസിന്റെ ഭാഗമാകും. 45 മിനിറ്റ് നേരം പിടിച്ചിരുത്തുന്ന വെബ് സീരീസുകളാണ് മാറിയ കാലത്തിന്റെ കലാരൂപം. നമുക്ക് ഇപ്പോൾ വിഭാവനം ചെയ്യാനാകാത്ത സിനിമയുടെ ലോക നിലവാരമുള്ള പുതിയ രൂപങ്ങളായിരിക്കും ഇനി വരിക. വെബ് സീരീസ് ആകുമ്പോൾ സെൻസർ ബോർഡിന്റെ പണി ഇല്ലാതാകും എന്നതിൽ ഞാനേറെ സന്തോഷവാനാണ്. കലാകാരന്റെ സർഗാത്മകതയ്ക്കു വിലങ്ങുവയ്ക്കലാണ് സെൻസർ ബോർഡ് ഇപ്പോൾ ചെയ്യുന്നത്. വെബ് സീരീസിൽ സെൻസറിങ് ഇല്ല. സ്വാഭാവികമായും സിനിമയിലെ പ്രണയത്തിന്റെയും മറ്റും ഭാഷ മാറും. മൊത്തം ജീവിതം പുതുക്കിപ്പണിയുമ്പോൾ അതിന്റെ മാറ്റം സിനിമയിലുമുണ്ടാകും. 

b-unnikrishnan-2
ബി. ഉണ്ണിക്കൃഷ്ണൻ

ചെറിയ സിനിമകളുടെ‌ സാധ്യത: ബി. ഉണ്ണിക്കൃഷ്ണൻ

(ഫെഫ്ക ജനറൽ സെക്രട്ടറി)

മലയാള സിനിമ ചെറിയ കഥകൾ തേടുന്നുണ്ട് എന്നതു വാസ്തവമാണ്. നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുതന്നെ ചിത്രീകരിക്കാം എന്നതാണ് അതിന്റെ ഇപ്പോഴത്തെ സാധ്യത. എന്നുകരുതി അതൊരു പൊതുരീതിയൊന്നുമല്ല. വലിയ താരങ്ങൾ നേരത്തേ ഒപ്പുവച്ച പ്രോജക്ടുകൾ അവർ എങ്ങനെയാണോ പ്ലാൻ ചെയ്തത് അങ്ങനെ തന്നെ നടക്കാനാണു സാധ്യത.

ഒടിടി റിലീസിനുവേണ്ടി മാത്രം സിനിമ നിർമിക്കുന്ന രീതി ഇതുവരെ ഇവിടെ തുടങ്ങിയിട്ടില്ല. അത്തരം കമ്പനികൾ മലയാളത്തോടു വലിയ താൽപര്യം കാണിച്ചു തുടങ്ങിയിട്ടുമില്ല. എന്നാൽ, നാളെയതു സംഭവിക്കും. കോവിഡ് വന്നതുകൊണ്ട് കുറച്ചു നേരത്തേയാകുമെന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA