ADVERTISEMENT

പുതിയ മാനേജരെ കണ്ടെത്തുന്നതിന് ഒരു പരീക്ഷണം നടത്താൻ കമ്പനി മേധാവി തീരുമാനിച്ചു. എല്ലാവർക്കും ഓരോ വിത്തു വീതം നൽകി. ഒരു മാസം കഴിയുമ്പോൾ ഏറ്റവും മികച്ച ചെടിയായി വളർത്തിയെടുക്കുന്ന ആളായിരിക്കും പുതിയ മാനേജർ. 

നിർദേശിക്കപ്പെട്ട ദിവസം തങ്ങൾ വളർത്തിയ ചെടികളുമായി എല്ലാവരും ഓഫിസിലെത്തി. എല്ലാ ചെടികളും ഒന്നിനൊന്നു മെച്ചം. പക്ഷേ, ഒരാൾക്കു നൽകിയ വിത്തു മാത്രം മുളച്ചിട്ടില്ല. നിസ്സഹായതയോടെ നിന്ന അയാളെ നോക്കി മേധാവി പറഞ്ഞു – താങ്കളാണ് പുതിയ മാനേജർ. എല്ലാവരും അദ്ഭുതത്തോടെ പരസ്പരം നോക്കുന്നതിനിടെ അദ്ദേഹം തുടർന്നു – ഞാൻ നിങ്ങൾക്കു നൽകിയത് ഒരിക്കലും മുളയ്ക്കാത്ത വേവിച്ച വിത്താണ്. നിങ്ങളെല്ലാം വേറെ വിത്തു വാങ്ങി മുളപ്പിച്ചതാണ്. ഇദ്ദേഹം മാത്രമാണു സത്യസന്ധമായി പെരുമാറിയത്. 

നീതിയും നൈപുണ്യവും പ്രസക്തമാകുന്നിടത്ത് അർഹതയുള്ളവർ മാത്രമേ അകത്തുകടക്കൂ. പ്രവർത്തനമികവും പ്രവർത്തന വൈകല്യവും വേർതിരിക്കാൻ കഴിയുമ്പോഴാണ്‌ എല്ലാ നേതൃസ്ഥാനവും മികവുറ്റതും പ്രയോജനപ്രദവുമാകുന്നത്. പ്രീണിപ്പിക്കുന്നവരെക്കാൾ, പ്രാപ്തിയുള്ളവരെ കണ്ടെത്തുന്നതാകും അധികാരികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാര്യമാത്രപ്രസക്തമായ കാര്യങ്ങളിൽ മാത്രം ഇടപെടുകയും കഴിവില്ലായ്മ അംഗീകരിക്കുകയും ചെയ്യുന്നവരിൽനിന്നാണ് പുതിയ നേതൃസംവിധാനം രൂപംകൊള്ളേണ്ടത്. 

തൊട്ടതെല്ലാം പൊന്നാക്കാൻ ആർക്കും കഴിയില്ല. അതിന്റെ ആവശ്യവുമില്ല. കഴിവുകളുടെയും പോരായ്മകളുടെയും മിശ്രിതമാണ് ഓരോ വ്യക്തിയും. സ്വന്തം പരിമിതികൾക്കുള്ളിൽനിന്നു പ്രവർത്തിക്കാനുള്ള ക്ഷമയും മനഃസാന്നിധ്യവുമാണ് പ്രവർത്തനവേദികളെ വിശിഷ്ടമാക്കുന്നത്. 

എല്ലാ കാര്യങ്ങളും താരതമ്യങ്ങൾകൊണ്ട് അളന്നെടുക്കാനാകില്ല. ചിലതു തനിമയിലൂടെ മാത്രം പ്രകടമാകുന്നതാണ്. എല്ലാവരും ചെയ്യുന്നതുകൊണ്ട് ഒരു കാര്യം ശരിയാവുകയോ, മറ്റാരും ചെയ്യാത്തതുകൊണ്ട് ഒന്ന് തെറ്റാവുകയോ ഇല്ല. എല്ലാ പരീക്ഷണങ്ങളും വിജയിക്കാൻ വേണ്ടി നടത്തുന്നതാകില്ല. ചിലതെല്ലാം തോൽക്കാനുള്ള മനസ്സ് അളക്കുന്നതിനു വേണ്ടിയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com