ADVERTISEMENT

ഓരോ വ്യക്തിയും പ്രകൃതിയുടെ കാവലാളാണെന്ന തിരിച്ചറിവാണ് ഈ പരിസ്ഥിതിദിനത്തിൽ നാം ഭൂമിക്കായി സമർപ്പിക്കേണ്ട ഹരിതപ്രാർഥന. മനുഷ്യനു മൃഗങ്ങളോടും സസ്യജാലങ്ങളോടുമുള്ള പാരസ്പര്യമാണു പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ആധാരമെന്ന അടിസ്ഥാനപാഠം മറക്കുന്ന കാഴ്ച ഈ ദിനത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്നു. മണ്ണാർക്കാട് തിരുവിഴാംകുന്ന് വനമേഖലയിൽ അമ്പലപ്പാറ വെള്ളിയാറിൽ 15 വയസ്സുള്ള പിടിയാനയുടെയും ഉദരത്തിലെ കുട്ടിയുടെയും അന്ത്യം രാജ്യത്തിന്റെതന്നെ വേദനയാകുന്നത്, നമുക്കുണ്ടെന്നു നാം കരുതുന്ന മനുഷ്യത്വത്തെക്കൂടി അവിടെ കൊന്നുകളഞ്ഞതുകൊണ്ടാണ്.

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാൻ മനുഷ്യനൊരുക്കിയ കെണിയാണ് ആനമരണത്തിനു കാരണമെന്നാണു വനംവകുപ്പിന്റെ നിഗമനം. മനഃപൂർവം കൊല്ലാൻ വേണ്ടിയല്ലെന്ന ന്യായം പറയുന്നവരുണ്ടെങ്കിൽപോലും, സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു മേൽത്താടിയും കീഴ്ത്താടിയും തകർന്ന്, ദിവസങ്ങളോളം കഠിനവേദന അനുഭവിച്ചു ചെരിഞ്ഞ ആ കാട്ടാന മനുഷ്യന്റെ ക്രൂരതയുടെ നേർപാഠവും പ്രതീകവുമാവുന്നുണ്ട്; ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ ഓർമപ്പെടുത്തൽതന്നെ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചാണെന്നിരിക്കെ, വിശേഷിച്ചും.

‘സഹ്യന്റെ മകൾ’ക്കൊപ്പം ഉദരത്തിൽ വളരാൻ തുടങ്ങിയ കുട്ടിയാനയെയും ഈ ലോകം കാണാതെ മടക്കിയതോടെ ക്രൂരതയുടെ മറ്റൊരു അധ്യായമാണ് എഴുതപ്പെട്ടത്. രോഗതീവ്രതയുടെ കാലത്ത് അതിജീവനത്തിനായി പോരാടുന്ന കേരളത്തിനുമേൽ ഈ സംഭവം കളങ്കമായി എന്നും ശേഷിക്കുമെന്നു തീർച്ച.

എല്ലാവർക്കുമായുള്ള വീടാണ് ഈ ഭൂമിയെന്നു കരുതാമെങ്കിൽ ആ വീടിനെ വരുംതലമുറകൾക്കുവേണ്ടി ഭദ്രമായി പരിരക്ഷിക്കേണ്ട ചുമതലകൂടി നമുക്കുണ്ട്. നമ്മുടെ മനുഷ്യത്വംകൊണ്ടു വേണം ഭൂമിയെയും ഭൂമിയിലുള്ളവയെയും സ്‌നേഹിക്കേണ്ടതും ആദരിക്കേണ്ടതും. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണു ഭൂമിയുടെ നിലനിൽപെന്നതു മറന്നുകൂടാ. ആ ഇടപെടൽ മനുഷ്യത്വം മറന്നാകുമ്പോൾ നാം പഠിച്ച പ്രകൃതിപാഠങ്ങളൊക്ക വൃഥാവിലായിപ്പോകുന്നു. തിരുവിഴാംകുന്ന് വനമേഖലയിലുണ്ടായത് അതാണ്.

അമ്മഭൂമിയെ ആദരിക്കേണ്ട ദിവസമാണിന്ന്; പ്രകൃതിപാഠങ്ങൾ ഓർമിക്കേണ്ട ദിവസവും. ആഗോള താപനിലയിലെ വർധനയും കാലാവസ്ഥാ വ്യതിയാനങ്ങളുംമൂലം ക്രമേണ ആവാസയോഗ്യമല്ലാതായിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ പ്രിയപ്പെട്ട സ്വപ്നം ഇതാണ്: സ്വച്ഛവും ശുദ്ധവുമായ കാറ്റ്, എങ്ങും പുഞ്ചിരിക്കുന്ന പൂക്കളും പാറിനടക്കുന്ന പൂമ്പാറ്റകളും, തെളിനീരുറവകൾ, അതിൽ മുഖം നോക്കുന്ന പക്ഷിക്കൂട്ടങ്ങൾ, നേർത്ത തണുപ്പ്... ജൈവവൈവിധ്യത്തിന്റെ അമൂല്യനിധികളാണ് ഈ സ്വപ്നത്തിലുള്ളത്. ഏതു പരിസ്ഥിതിദിനവും ഓർമപ്പെടുത്തുന്നതാവട്ടെ, പ്രകൃതിയുടെ ഈ നിധിശേഖരം കാത്തുസൂക്ഷിക്കണമെന്ന പാഠവും.

പ്രകൃതിവിഭവങ്ങൾ ധൂർത്തടിച്ചു പാഴാക്കാതെ, വേണ്ട അളവിൽ മാത്രം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ നമ്മെ കാത്തിരിക്കുന്ന ദുരന്തം വളരെ വലുതാണ്. ഒരു പരിധി കഴിയുമ്പോൾ മനുഷ്യനു തരാൻ ഭൂമിയുടെ കയ്യിൽ ഒന്നും ബാക്കിയില്ലാതാകും. വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുമ്പോൾ ഭൂമി തിരിച്ചടി തുടങ്ങുകയും ചെയ്യും. 41,415 തരം ജീവജാലങ്ങൾ കടുത്ത വംശനാശ ഭീഷണി നേരിടുമ്പോൾ, പ്രതിവർഷം 15,000,000,000 മരങ്ങൾ വെട്ടിനശിപ്പിക്കപ്പെടുമ്പോൾ, ഓരോ മിനിറ്റിലും ലോകത്തിലെ 50 ഏക്കറിലേറെ വനം മനുഷ്യന്റെ കൈകൊണ്ടു നാമാവശേഷമാകുമ്പോൾ, പരിസ്ഥിതിസംരക്ഷണം ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും അടിയന്തര പ്രശ്നമായി മാറുന്നു.

ഹരിതകേരളത്തെ രോഗഗ്രസ്‌തമാക്കിയ ശീലക്കേടുകൾക്കും അലംഭാവത്തിനുമെതിരെ ഉണർത്തുപാട്ടുയരാൻ ഇനിയും വൈകിക്കൂടാ. ജലസംരക്ഷണം മുതൽ മാലിന്യസംസ്കരണം വരെ മലയാളിയുടെ ജീവിതശൈലിയാവുകയും വേണം. ആരോഗ്യ, വിദ്യാഭ്യാസ, മാനവശേഷി മേഖലകളിലെന്നപോലെ പരിസ്ഥിതിരംഗത്തും പുതിയ കേരള മാതൃക സൃഷ്ടിക്കണമെന്ന് മലയാള മനോരമ പരിസ്ഥിതിദിന വെബ് ചർച്ചയിലുയർന്ന അഭിപ്രായത്തിന്റെ ദിശാസൂചി വ്യക്തമാണ്: പരിസ്ഥിതിസംരക്ഷണം അതീവ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നാം നിർവഹിച്ചേതീരൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com