sections
MORE

പരിസ്ഥിതിയെ കാക്കുക; ഇളവ് അടിത്തറയിളക്കും

webinar-environment
SHARE

പരിസ്ഥിതി ആഘാത പഠന (ഇഐഎ) വ്യവസ്ഥകൾ ലഘൂകരിക്കാനുള്ള നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മലയാള മനോരമ സംഘടിപ്പിച്ച പരിസ്ഥിതി വെബിനാറിൽ വിദഗ്ധർ. പോരായ്മകൾ ചൂണ്ടിക്കാട്ടാമെങ്കിലും രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനുള്ള മികച്ച കവചമാണ് ഇഐഎ.

നിലവിലെ വ്യവസ്ഥകൾതന്നെ പാലിക്കുന്നതിൽ വീഴ്ചകൾ സംഭവിക്കുന്നതിനിടെയാണ് കൂടുതൽ ഇളവുകൾക്കുള്ള നീക്കം. നിലവിൽ അഴിമതി വ്യാപകമാണ്. അനുമതി നൽകുക മാത്രമാണു ചെയ്യുന്നത്; സൂക്ഷ്മ പരിശോധനകളില്ല. വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമായി നടപ്പാക്കുന്നുമില്ല. ഇനിയും ഇളവുകൾ നൽകിയാൽ നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടും.

മൂന്നു നിർദേശങ്ങൾ

തിരക്കു കൂട്ടരുത്: മാർച്ച് 12നാണ് നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ജൂൺ 30 വരെ പൊതുസമൂഹത്തിന് അഭിപ്രായം അറിയിക്കാം. എന്നാൽ, കോവിഡിനിടെ വിഷയം വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. അഭിപ്രായം അറിയിക്കാനുള്ള സമയം നീട്ടിനൽകണം. എല്ലാ ഭാഗത്തുനിന്നുമുള്ളവരുടെ അഭിപ്രായങ്ങൾ കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാവൂ. 

പിഴയിൽ ഒതുക്കരുത്: പരിസ്ഥിതി നിയമലംഘനങ്ങൾക്കു പിഴ മാത്രം ശിക്ഷയെന്ന ഇളവ് സ്വീകാര്യമല്ല. ഗുരുതര നിയമലംഘനങ്ങൾ പോലും പണമുണ്ടെങ്കിൽ സാധൂകരിച്ചെടുക്കും. പരിസ്ഥിതിനാശം ക്രിമിനൽ കുറ്റമായിത്തന്നെ കാണണം. 

ഇളവല്ല വേണ്ടത്: പരിസ്ഥിതിനിയമങ്ങളിൽ കൂടുതൽ ഇളവുകളല്ല ആലോചിക്കേണ്ടത്; നിലവിലുള്ളവ കാര്യക്ഷമമായി നടപ്പാക്കുകയും പുതിയ സംരക്ഷണ നിർദേശങ്ങൾ കൂട്ടിച്ചേർക്കുകയുമാണു വേണ്ടത്. 

പരിസ്ഥിതിയിലെ കേരള മോഡൽ സ്മോൾ ഈസ് ബ്യൂട്ടിഫുൾ!  

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെന്നപോലെ പരിസ്ഥിതിയിലും കേരള മോഡൽ വേണം. ‘വികസനം’ എന്ന വാക്കിനു പകരം പുരോഗതി എന്നാണു വേണ്ടത്‌. സാക്ഷരതാ പ്രസ്ഥാനമെന്ന പോലെ പൊതുജനം ഏറ്റെടുത്തുള്ള പരിസ്ഥിതി സാക്ഷരതാ പ്രസ്ഥാനമാണു വേണ്ടത്. പരിസ്ഥിതിസൗഹാർദം ജീവിതശൈലിയായി മാറാനുള്ള അവബോധം വേണം. 

സ്മോൾ ഈസ് ബ്യൂട്ടിഫുൾ: കേരളത്തിന് ഇനി വേണ്ടത് ‘സ്മോൾ ഈസ് ബ്യൂട്ടിഫുൾ’ എന്ന നയമാണ്. വൻ വ്യവസായങ്ങൾ നമ്മുടെ പരിസ്ഥിതിക്കു പറ്റില്ല. എംഎസ്എംഇകൾ (മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസ്) ആകാം. ചെറിയ സംസ്ഥാനത്തിനു താങ്ങാനാവുന്നതിലേറെ പരിസ്ഥിതി കടന്നുകയറ്റം സംഭവിച്ചുകഴിഞ്ഞു. ജൈവവൈവിധ്യം സംരക്ഷിക്കാത്ത വികസനം സുസ്ഥിരമല്ല. 

വിഭവ ഭൂപടം: ഓരോ പ്രദേശത്തിനും വിഭവ ഭൂപടം വേണം. എത്രത്തോളം ജൈവവിഭവങ്ങൾ ഉണ്ടായിരുന്നു, ഇനിയെത്ര ബാക്കി, നഷ്ടപ്പെട്ടത് എങ്ങനെ വീണ്ടെടുക്കാം എന്നെല്ലാം മനസ്സിലാക്കാം. തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായത്തോടെ ഇതു സാധ്യമാക്കാം. കാലാവസ്ഥാ മാറ്റങ്ങളും വരൾച്ചയും പ്രളയസാധ്യതകളും മുന്നറിയിപ്പുകളും ജനങ്ങളെ കാലേകൂട്ടി അറിയിക്കണം. 

വേണം സാങ്കേതികവിദ്യയും: പരിസ്ഥിതിസംരക്ഷണ സാങ്കേതികവിദ്യകളിൽ വൻ മുതൽമുടക്കിനു നമുക്കിപ്പോഴും മടിയാണ്. അതേസമയം, പരിസ്ഥിതിയിലെ താളംതെറ്റലുകൾ മൂലം രോഗം വന്നാൽ എത്ര വലിയ തുകയ്ക്കും മരുന്നു കഴിക്കാൻ മടിയില്ല താനും. രോഗം വന്നിട്ടു ചികിത്സയ്ക്കു പണം മുടക്കുന്നതിലും നല്ലതല്ലേ, രോഗം വരാതെ കാക്കാൻ അതിലൊരു പങ്ക് പണം മുടക്കുന്നത്. 

ഉദാ: മാലിന്യസംസ്കരണത്തിനു വൻതുക ചെലവിട്ടു നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതു വിമർശിക്കപ്പെടാം. എന്നാൽ, അതുവഴി രോഗപ്രതിരോധ രംഗത്തുണ്ടായേക്കാവുന്ന നേട്ടങ്ങൾ കണക്കിലെടുത്താൽ മറിച്ചു ചിന്തിക്കേണ്ടി വരും.

വിജയമാതൃകകൾ: കൃഷിയിലെയും പരിസ്ഥിതി സംരക്ഷണത്തിലെയും വിജയമാതൃകകൾ മറ്റിടങ്ങളിൽക്കൂടി നടപ്പാക്കാൻ ഏകോപിത ശ്രമം ആവശ്യമാണ്. ഹരിതനികുതിയും ഉത്തരവാദ ടൂറിസവുമൊക്കെ ഇതോടു ചേർന്നു വരണം. 

കോവിഡിന്റെ പാഠം: പരിസ്ഥിതിയെ കാക്കുക

മൃഗങ്ങളിൽനിന്നും പക്ഷിജാലങ്ങളിൽനിന്നും വൈറസുകൾ കൂടുതലായി മനുഷ്യനിലേക്കെത്തുന്നു. നിപ്പയും കോവിഡുമെല്ലാം ഇതാണു പഠിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷിച്ച് മനുഷ്യനും ജന്തുജീവിജാലങ്ങളും തമ്മിലുള്ള സംഘർഷം പരമാവധി കുറയ്ക്കണം. ഇല്ലെങ്കിൽ വൈറസുകൾ കൂടുതൽ ഭീഷണി ഉയർത്തും. വ്യാവസായിക അടിസ്ഥാനത്തിലുള്ള ജന്തുപരിപാലന രീതികളിൽ മാറ്റം വരണം. അനാരോഗ്യകരമായ സാഹചര്യത്തിൽ വളർത്തുന്നത് മൃഗങ്ങളുടെ രോഗപ്രതിരോധശേഷി കൂടുതൽ ദുർബലമാക്കും. അതു മൃഗങ്ങൾ വഴിയുള്ള രോഗപ്പകർച്ചകൾക്കു സാധ്യത കൂട്ടും. കാലാവസ്ഥാമാറ്റവും പ്രളയവും ചുഴലിക്കാറ്റുകളും പകർച്ചവ്യാധികളുമൊക്കെ പ്രകൃതിയുടെ മറുപടിയാണ്. 

പശ്ചിമഘട്ടം: നഷ്ടമായത് വീണ്ടെടുക്കണം 

കൃഷി നിലനിൽക്കണമെങ്കിൽ പശ്ചിമഘട്ടം വേണം. പശ്ചിമഘട്ടം നമ്മുടെ ശ്വാസകോശമാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളൊക്കെ വന്നെങ്കിലും പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ നാം ഇനിയും മുന്നോട്ടു പോകണം. ഉള്ളതു നിലനിർത്തിയാൽ മാത്രം പോരാ, നഷ്ടമായതു തിരിച്ചുപിടിക്കുകയും വേണം.

പരിസ്ഥിതിസംരക്ഷണം, ജലസംരക്ഷണം, തോട്ടം മേഖലയിൽ ഉൾപ്പെടെയുള്ള തൊഴിൽസംരക്ഷണം തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ടു പശ്ചിമഘട്ട സംരക്ഷണം നടപ്പാക്കാൻ നാം വഴികൾ കണ്ടെത്തണം. അതെക്കുറിച്ചു വിശദ ചർച്ചകൾ നടക്കണം. രണ്ടു പ്രളയങ്ങളുണ്ടായപ്പോൾ പലർക്കും പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം മനസ്സിലായിത്തുടങ്ങി. മലനിരകളിലെ അണക്കെട്ടുകളും അവിടെനിന്നു കടലിലേക്കുള്ള കുറഞ്ഞ ദൂരവുമൊക്കെ ഭീഷണിയായി.

സ്വയംപര്യാപ്തമാകുക, ഓരോ വീടും ഗ്രാമവും

ഓരോ വീടും പഞ്ചായത്തും സ്വയംപര്യാപ്തമാകണം. രണ്ടു മാസം വീട്ടിൽ അടച്ചിരുന്നപ്പോൾ പ്രകൃതിയിലുണ്ടായ നല്ല മാറ്റങ്ങൾ പറയുന്നത് തിരുത്താനും തിരിച്ചുപോകാനുമാണ്. ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രത്തിലേക്കു തിരികെ നടക്കാം.

മണ്ണിന്റെ ഘടനയും ജലലഭ്യതയും ശാസ്ത്രീയമായി പഠിച്ചു ലാഭകരമായി കൃഷി ചെയ്യാം. കൃഷി വിജ്ഞാന കേന്ദ്രങ്ങളും വിഎഫ്പിസികെയും മറ്റ് ഏജൻസികളുമെല്ലാം ചേർന്നാൽ പല കാര്യങ്ങളും ചെയ്യാനാകും.

അടഞ്ഞ മുറികളിലെ കമ്മിറ്റികളാണു പരിസ്ഥിതികാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. പശ്ചിമഘട്ട വി‍ജ്ഞാപനത്തിൽ വെള്ളം ചേർക്കാനാണ് എല്ലാ സംസ്ഥാനങ്ങളും ശ്രമിച്ചത്. രണ്ടു പ്രളയങ്ങളുണ്ടായപ്പോൾ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം പലർക്കും മനസ്സിലായി.

∙ സുനിത നാരായൺ

പ്ലാസ്റ്റിക് നിരോധനം ആദ്യമാസങ്ങളിൽ വിജയമായത് നിയമം നടപ്പാക്കുന്നതിലെ ശ്രദ്ധ കൊണ്ടാണ്. ഇതുപോലെ പരിസ്ഥിതിനിയമലംഘനങ്ങൾ തടയുന്നതിലും കുറ്റമറ്റ ഇടപെടൽ വേണം.

∙ ഡോ. സി.ടി.അരവിന്ദകുമാർ

പരിസ്ഥിതി ആഘാത പഠനങ്ങളിൽ 3 കാര്യങ്ങൾ ഉറപ്പാക്കണം. ഉത്തരവാദിത്തം, സുതാര്യത, ശാസ്ത്രീയത. ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള റിപ്പോർട്ടിൽ ആ ഭാഗത്തുള്ള ചെടികളുടെ പേരിനു പകരമുണ്ടായിരുന്നത് മധുരയിലുള്ള ചെടികളുടെ പേരാണ്. പഠനം നടത്തിയവർ സ്ഥലം കാണാൻ പോലും വന്നില്ലെന്നല്ലേ അർഥം?

∙ ഡോ. വി.എസ്.വിജയൻ

കേരളത്തിൽ ജൈവവൈവിധ്യം സംരക്ഷിക്കാത്ത വികസനം സുസ്ഥിരമല്ല. വെള്ളം, വായു, ജൈവവൈവിധ്യം എന്നിങ്ങനെ ആവാസവ്യവസ്ഥയുടെ മൂല്യം കൂടി കണക്കിലെടുത്തു വേണം ബജറ്റും മറ്റും അവതരിപ്പിക്കാൻ.

∙ ഡോ. ഉമ്മൻ വി.ഉമ്മൻ

മനുഷ്യന്റെ ആഗ്രഹങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ നയങ്ങൾ രൂപീകരിക്കുന്നത്; പ്രകൃതിയെ മനസ്സിലാക്കിയല്ല. നിയമങ്ങളുടെ ലഘൂകരണമല്ല, ശക്തിപ്പെടുത്തലാണു വേണ്ടത്. കേരളത്തിൽ കാടു മുതൽ കടലു വരെ 44 പുഴകളെയും സംരക്ഷിക്കാനുള്ള നടപടികൾ വേണം.

∙ എസ്.പി.രവി

കൃഷിയിലേക്കും പരിസ്ഥിതിയിലേക്കും ചുവടുമാറ്റാൻ കേരളം ഒരുങ്ങിനിൽക്കുന്ന സമയമാണിത്. ഈ മാറ്റത്തിനു നേതൃത്വം നൽകാൻ കാർഷിക സർവകലാശാലയും കൃഷിവകുപ്പും മുന്നോട്ടു വരണം.

∙ ഡോ. മനോജ് പി.സാമുവൽ

ഇ–വേസ്റ്റിന്റെ കാര്യത്തിൽ പ്രായോഗിക സമീപനം കൂടി വേണം. പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾ എന്തുകൊണ്ട് പഴയ ഫോണുകൾ ആവശ്യമുള്ള മറ്റുള്ളവർക്കു നൽകിക്കൂടാ? ഡിജിറ്റൽ ഡിവൈഡ് പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ പോലുമാകും.

∙ ര‍ഞ്ജിത് ദേവരാജ്

∙ പരിസ്ഥിതി ശാസ്ത്രജ്ഞനും എംജി സർവകലാശാല പ്രോ വൈസ് ചാൻസലറുമായ ഡോ. സി.ടി.അരവിന്ദകുമാർ ആയിരുന്നു മോഡറേറ്റർ. ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഡയറക്ടർ ജനറൽ സുനിത നാരായൺ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ അധ്യക്ഷരായ ഡോ. വി.എസ്.വിജയൻ, ഡോ. ഉമ്മൻ വി.ഉമ്മൻ, കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. മനോജ് വി.സാമുവൽ, ചാലക്കുടി പുഴസംരക്ഷണ സമിതി സെക്രട്ടറി എസ്.പി.രവി, ഓക്സ്ഫഡ് സയൻസ് ആൻഡ് ഡവലപ്മെന്റ് നെറ്റ്‌വർക് കൺസൽറ്റന്റ് രഞ്ജിത് ദേവരാജ് എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്. പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ആയിരുന്നു മുഖ്യ പ്രായോജകർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA