sections
MORE

മലമുകളിൽ ടാങ്കിനു മുകളിൽ ഇന്ത്യൻ ജനറൽ; ചൈനയെ പ്രകോപിപ്പിച്ച ആ ചിത്രം

china-border
ടാങ്കിനു മുകളിലിരുന്ന് ലഡാക്കിലെ സൈനിക അഭ്യാസം വീക്ഷിക്കുന്ന ലഫ്റ്റനന്റ് ജനറൽ രൺബീർ സിങ്ങിന്റെ ചിത്രം ഇന്ത്യൻ സൈന്യം പുറത്തുവിട്ടത് കഴിഞ്ഞ സെപ്റ്റംബറിൽ. അതൊരു പ്രഖ്യാപനമായിരുന്നു...
SHARE

കഴിഞ്ഞ സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ഒരു ഫോട്ടോ, ഒക്ടോബറിൽ പൂർത്തിയാക്കിയ ഒരു പാലം – ഇവ രണ്ടുമാണ് ലഡാക്കിൽ സൈനികഭീഷണി ഉയർത്താൻ ചൈനയെ പ്രകോപിപ്പിച്ചതെന്നു പറയാം. ടാങ്കിനു മുകളിലിരുന്ന് ലഡാക്കിലെ സൈനികാഭ്യാസം വീക്ഷിക്കുന്ന അന്നത്തെ വടക്കൻ സൈനിക കമാൻഡർ ലഫ്റ്റനന്റ് ജനറൽ രൺബീർ സിങ്ങിന്റെ ചിത്രം ഇന്ത്യൻ സൈന്യം മാധ്യമങ്ങൾക്കു നൽകിയിരുന്നു. മലമുകളിൽ ടാങ്കുകൾ വിന്യസിക്കുക എളുപ്പമല്ല, പ്രത്യേകിച്ചു മഞ്ഞുമലകളിൽ. ഇവ അവിടെ എത്തിക്കണമെങ്കിൽ അതിനുതക്ക റോഡുകളും പാലങ്ങളുമുണ്ടാകണം. ടാങ്കിന് അവയുടെ എൻജിനും മറ്റും ചൂടായി ഇരിക്കാനുള്ള പ്രത്യേക സാങ്കേതികസംവിധാനവും ആവശ്യമാണ്. 

അതൊരു നാഴികക്കല്ല്

ഏതാണ്ട് ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യ അതിർത്തിയിൽ റോഡുകളും പാലങ്ങളും നിർമിച്ചുവരികയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഷ്യോക് നദിക്കു കുറുകെ പാലം കൂടി പൂർത്തിയായത് ഈ നിർമാണ പദ്ധതിയിലെ നാഴികക്കല്ലായാണു കണക്കാക്കപ്പെടുന്നത്. ഇതോടെ, ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖ വരെ താരതമ്യേന വൻ പീരങ്കികളും മറ്റും എത്തിക്കാനാകും. ഈ ആത്മവിശ്വാസമാണ് ടാങ്ക് ഉപയോഗിച്ചുള്ള സൈനികാഭ്യാസത്തെക്കുറിച്ചു വിളിച്ചോതാൻ സൈന്യത്തെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ഇന്ത്യൻ സൈന്യം പരീക്ഷണാർഥം ടാങ്കുകളും പീരങ്കികളും ലഡാക്കിൽ എത്തിച്ചിരുന്നു എന്നതു രഹസ്യമൊന്നുമല്ല. എന്നാൽ, സൈനിക കമാൻഡർ ടാങ്കിനു മുകളിലിരുന്ന് അഭ്യാസം വീക്ഷിക്കുന്ന ചിത്രം ഒരു ഔദ്യോഗിക പ്രഖ്യാപനമായിരുന്നു.

ഉരസാൻ കാത്തിരുന്ന ചൈന

ചൈനീസ് സൈന്യത്തിന് ഇതു പുതുമയല്ല. ഇന്ത്യയ്ക്കെതിരെ ലഡാക്കിലെ ചില മേഖലകളിൽ ടാങ്കുകളും മറ്റും വിന്യസിക്കാനുള്ള കഴിവ് അവർ നേരത്തേ നേടിയെടുത്തിരുന്നതാണ്. ഈ കഴിവു മൂലം ലഡാക്ക് സെക്ടറിൽ ഉണ്ടായിരുന്ന മേൽക്കൈ ഇപ്പോൾ നഷ്ടപ്പടുന്നുവെന്നതാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. അതിർത്തിയുടെ കിഴക്കൻ മേഖലയിൽ ഇന്ത്യൻ സൈന്യത്തിനാണു മേൽക്കൈയെങ്കിൽ പടിഞ്ഞാറൻ സെക്ടറിൽ തങ്ങൾക്കു മേൽക്കൈ ഉണ്ടായിരിക്കണം എന്നാണു ചൈനീസ് സൈന്യത്തിന്റെ തന്ത്രപരമായ വീക്ഷണം. അതിനാൽ പടിഞ്ഞാറൻ സെക്ടറിൽ ടാങ്കുകൾ വിന്യസിപ്പിക്കാൻ ഉതകുന്ന റോഡുകളും പാലങ്ങളും ഇന്ത്യ നിർമിക്കുന്നത് അവസാനിപ്പിക്കുക – ഇതാണു ചൈനീസ് സൈന്യത്തിന്റെ ആവശ്യം. സെപ്റ്റംബർ – ഒക്ടോബറിലെ സംഭവത്തിനു ശേഷം ചൈന ഇത്രയും കാത്തിരുന്നതെന്ത്? ഒരു കാരണമേ സൈനിക ഉദ്യോഗസ്ഥർ കാണുന്നുള്ളൂ – മലമുകളിലെ മഞ്ഞുരുകി ഇപ്പോഴാണ് സൈനികനടപടികൾ സുഗമമായി നടത്താറായത്. 

tank

‘പതിവു തെറ്റിച്ച്’ ചൈനീസ് കുതന്ത്രം 

ഇന്ത്യ – ചൈന അതിർത്തിയിലെ തർക്കമേഖലകളിൽ ഇടയ്ക്കിടെ ഉയരാറുള്ള പ്രശ്നങ്ങളിൽനിന്നു വ്യത്യസ്തമാണ് ഇപ്പോൾ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിലും പാംഗോങ് ട്സോ തടാകക്കരയിലും ഉയർന്നിരിക്കുന്നത്. ആരുടെ ഭൂമിയാണ് എന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന പ്രദേശത്ത് ഏതെങ്കിലുമൊരു സൈന്യം പട്രോളിങ് നടത്തുമ്പോഴാണു സാധാരണ പ്രശ്നങ്ങളുണ്ടാവാറുള്ളത്. അവർ തമ്പടിച്ചിരിക്കാറില്ല. ഇത്തരം പട്രോളിങ് പ്രശ്നങ്ങൾ പ്രാദേശിക കമാൻഡർമാരുടെ തലത്തിൽ ചർച്ചചെയ്തു പരിഹരിക്കുകയാണു പതിവ്. ഇപ്പോൾ അതല്ല സംഭവിച്ചിരിക്കുന്നത്. ഗൽവാനിലെയും പാംഗോംങ് തീരത്തെയും തർക്കഭൂമികളിൽ ചൈനീസ് സൈന്യം കയറിവന്നു തമ്പടിച്ചിരിക്കുകയാണ്.

കാര്യമായ ആയുധങ്ങൾ അവരുടെ പക്കലില്ല എന്നതു ശരിതന്നെ. എന്നാൽ, അവർക്കു പിന്തുണ നൽകിക്കൊണ്ട് 3000 മുതൽ 4000 വരെ സൈനികർ വൻ ആയുധങ്ങളുമായി തൊട്ടുപിന്നിലുള്ള ചൈനീസ് ഭൂമിയിൽ നിലയുറപ്പിച്ചിരിക്കുകയാണ് (സായുധ കടന്നുകയറ്റം നടന്നെന്നും ഇല്ലെന്നും പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ വരുന്നത് ഇക്കാരണത്താലാണ്. അതായത്, കടന്നുവന്നു തമ്പടിച്ചിരിക്കുന്ന സൈനികർ സായുധരല്ല. എന്നാൽ, ‘അവരെ തൊട്ടുപോകരുത്’ എന്ന വ്യംഗ്യമായ മുന്നറിയിപ്പുമായി ഒരു സൈനികസന്നാഹമാണ് അവർക്കു പിന്നിൽ ചൈന നിരത്തിയിരിക്കുന്നത്).

നിർമാണ വിരോധത്തിന്റെ ചരിത്രം

അതിർത്തിയിലെ ഓരോ നിർമാണ പ്രവർത്തനവും വികസന നടപടിയും ഇരുരാജ്യങ്ങളും ആശങ്കയോടെയാണു വീക്ഷിക്കുന്നത്. ഇതിനു ചരിത്രപരമായ കാരണങ്ങളുണ്ട്. 1962ലെ യുദ്ധത്തിൽ ഗൽവാൻ  താഴ്‌വരയിൽ കനത്ത പോരാട്ടം നടന്നിരുന്നു. എന്നാൽ, പിടിച്ചെടുത്ത ശേഷം ചൈനീസ് സൈന്യം അവിടെനിന്നു പിൻവാങ്ങി. കാരണം, റോഡുകളോ പാലങ്ങളോ ഇല്ലാത്ത അവിടെ ശക്തമായൊരു സൈനികവ്യൂഹത്തെ നിലനിർത്താനാവില്ലെന്ന് അവർക്ക്  അന്നു ബോധ്യമായി.

ഈ പിൻമാറ്റം ഇന്ത്യയിൽ നയപരമായൊരു തീരുമാനത്തിനു വഴിതെളിച്ചു. ചൈനയെ പ്രഹരിക്കാനുള്ള കഴിവ് ഇല്ലാത്തിടത്തോളം കാലം അതിർത്തി പ്രദേശങ്ങളിൽ വികസനപ്രവർത്തനം നടത്തേണ്ടതില്ല. ഇന്ത്യൻ സൈനികനീക്കത്തിനു വേണ്ടി റോഡുകളും പാലങ്ങളും നിർമിച്ചാൽ കൂടുതൽ ശക്തനായ ശത്രു അവ ഉപയോഗിച്ച് എളുപ്പത്തിൽ കടന്നുവന്നാലോ? 

1970കളിൽ ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് സൈന്യത്തെ ആധുനികവൽക്കരിച്ചതോടെ ഈ നയത്തിൽ പുനർ‌വിചിന്തനം ഉണ്ടായി. ചൈനയെ ഭയന്നു കഴിയേണ്ടതില്ലെന്നും അതിർത്തിപ്രദേശങ്ങളിൽ ഇന്ത്യൻ സൈനികനീക്കത്തിന് ഉതകുന്ന നിർമാണം നടത്തണമെന്നും 1980കളുടെ ആദ്യം സൈന്യാധിപനായ ജനറൽ കൃഷ്ണറാവു പ്രധാനമന്ത്രി ഇന്ദിരയെ ബോധ്യപ്പെടുത്തി. അങ്ങനെ എൺപതുകളിൽ ‘ഓപ്പറേഷൻ ഫാൽക്കൺ’ എന്ന പേരിൽ വിപുലമായ വികസനപ്രവർത്തനങ്ങൾ ആരംഭിച്ചു.

ഇത് അൽപം കടന്ന ആത്മവിശ്വാസം നൽകിയതാണ് രാജീവ് ഗാന്ധിയുടെ കാലത്ത് സുംചുറോങ് ദൂ സംഭവത്തിൽ എത്തിച്ചതെന്നു പറയപ്പെടുന്നു. ഇരു സൈന്യവും ഒരു പോരാട്ടത്തിന്റെ വക്കുവരെ അന്ന് എത്തിയിരുന്നു.എൺപതുകളുടെ അവസാനം ഇന്ത്യ നേരിട്ട സാമ്പത്തികത്തകർച്ചയോടെ നിർമാണപ്രവർത്തനം മരവിച്ചു. തൊണ്ണൂറുകളുടെ ആദ്യം കശ്മീർ താഴ്‍വരയിൽ പാക്കിസ്ഥാന്റെ പിന്തുണയോടെ ഭീകരപ്രവർത്തനം ആരംഭിച്ചപ്പോൾ കൂടുതൽ സൈന്യത്തെ അവിടേക്കു നിയോഗിക്കേണ്ടിവരികയും ചെയ്തു. 

ഈ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ബുദ്ധിയിൽ ഒരാശയം ഉദിച്ചത് – അതിർത്തിയിൽ നിർമാണമോ സൈനികനീക്കമോ നടത്തില്ലെന്ന് ചൈനയുമായി ധാരണയിലെത്തുക. രണ്ട് ഉടമ്പടകളിലൂടെയാണ് ഈ ധാരണ അരക്കിട്ടുറപ്പിച്ചത്. ചൈന ഇതിനു സമ്മതിച്ചത് എന്തുകൊണ്ടെന്ന ചോദ്യമുയരാം. ഡെങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തിലുള്ള ആധുനികവൽക്കരണത്തിന്റെ കാലമായിരുന്നു അത്. അതിന്റെ ഭാഗമായി സൈന്യത്തെ ആധുനികവൽക്കരിക്കുംവരെ അതിർത്തിയിൽ സമാധാനം ചൈനയ്ക്കും ആവശ്യമായിരുന്നു.

PTI10_21_2019_000291B
കഴിഞ്ഞ ഒക്ടോബറിൽ ഷ്യോക് നദിക്കു കുറുകെയുള്ള പാലത്തിന്റെ പണി ഇന്ത്യ പൂർത്തിയാക്കി. ഇതോടെ, ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖ വരെ താരതമ്യേന വൻ പീരങ്കികളും മറ്റും എത്തിക്കാനാകും

ഒന്നര ദശകത്തോളം നീണ്ടുനിന്നു ചൈനയുടെ ആധുനികവൽക്കരണം. വികസിതരാജ്യവും സൈനികശക്തിയുമായി 21–ാം നൂറ്റാണ്ടിൽ അവതരിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. ഒപ്പം, 2008ലെ ബെയ്ജിങ് ഒളിംപിക്സ് വിജയിപ്പിച്ചെടുക്കുന്നതുവരെ അയൽരാജ്യങ്ങളുമായി സമാധാനവും ലോകരാജ്യങ്ങളുടെ സൗഹൃദവും അവർക്ക് ആവശ്യമായിരുന്നു.  ഈ ധാരണകളുടെ അടിസ്ഥാനത്തിൽ ഏതാനും ഡിവിഷൻ സൈന്യത്തെ ചൈനീസ് അതിർത്തിയിൽനിന്നു പിൻവലിച്ച് കശ്മീരിലെ ഭീകരവേട്ടയ്ക്കു നിയോഗിക്കാൻ നരസിംഹറാവുവിനു സാധിച്ചു. 

മാറുന്ന ചിത്രം

അതിർത്തിയിലെ ധാരണ അധികകാലം നിലനിൽക്കില്ലെന്ന് ഇന്ത്യയ്ക്കും അറിയാമായിരുന്നു. നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കേണ്ടിവരും. അപ്പോൾ വീണ്ടും പ്രശ്നങ്ങളുണ്ടായേക്കും എന്ന് വാജ്പേയിയുടെ കാലത്ത് ഭരണകൂടത്തിനു ബോധ്യമായി. അങ്ങനെയെങ്കിൽ രാഷ്ട്രീയ – നയതന്ത്രതലത്തിൽ ഒരു ചർച്ചാസംവിധാനം ആവശ്യമായി വരും. ആ ഉദ്ദേശ്യത്തോടെയാണ് പ്രത്യേക പ്രതിനിധിതലത്തിൽ അതിർത്തിചർച്ചകൾ ആരംഭിക്കാൻ ധാരണയുണ്ടാക്കിയത്. അതിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ നിർമാണം ആരംഭിക്കുകയും ചെയ്തു. തുടർന്നുവന്ന മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് ഇതു തുടരുകയും ചെയ്തു. 

എന്നാൽ, അപ്പോഴേക്കും ശാക്തികതന്ത്ര ചിത്രം മാറാൻ തുടങ്ങിയിരുന്നു. ആധുനികവൽക്കരിക്കപ്പെട്ട ചൈനീസ് സൈന്യം 

ടിബറ്റിൽ വൻ സന്നാഹങ്ങളും നിർമാണവും ആരംഭിച്ചു. മറുപടിയെന്നോണം ഇന്ത്യയും അതിർ

ത്തിയിലെ കാവലും സംവിധാനങ്ങളും ശക്തിപ്പടുത്താനാരംഭിച്ചു. അതനുസരിച്ചാണ് എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് അതിർത്തിക്കടുത്ത് ഒരു ഡസനോളം അഡ്വാൻസ് ലാൻഡിങ് ഗ്രൗണ്ടുകളും ഒട്ടേറെ റോഡുകളും നിർമിച്ചത്. ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്ന ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിലെ പഴയ എയർ ഫീൽഡ് നവീകരിച്ച് വൻ സൈനിക ചരക്കുവിമാനങ്ങൾക്ക് ഇറങ്ങാവുന്ന താവളമാക്കി. ചൈനീസ് അതിർത്തിക്കുവേണ്ടി മാത്രം പുതിയൊരു ഡിവിഷൻ സൈന്യത്തെത്തന്നെ നിയോഗിച്ചു. ഈ ഡിവിഷനും മറ്റു ബ്രിഗേഡുകൾക്കും വേണ്ടി വിമാനത്തിലെത്തിക്കാവുന്ന ഭാരം കുറഞ്ഞ പീരങ്കികളും മറ്റും നൽകി. ഒടുവിൽ ആദ്യമായി ഒരു പർവതപ്രഹര കോർ തന്നെ രൂപീകരിക്കാനും തീരുമാനമായി. ഒപ്പം, പീരങ്കികളും മറ്റു വൻ സൈനികസാമഗ്രികളും എത്തിക്കാൻ വേണ്ട റോഡുകളും പാലങ്ങളും നിർമിക്കാനും തുടങ്ങി. തുടർന്നു വന്ന മോദി സർക്കാരും അതിർത്തി ശക്തിപ്പെടുത്തൽ നയം പിന്തുടർന്നു. വൻ പർവത പ്രഹരകോറിനു പകരം ദ്രുഗഗതിയിൽ വിന്യസിക്കാവുന്ന ഒട്ടേറെ ചെറിയ ബ്രിഗേഡുകൾ രൂപീകരിക്കൽ തുടങ്ങി, മാറുന്ന സൈനികസിദ്ധാന്തമനുസരിച്ചു ചില മാറ്റങ്ങൾ വരുത്തിയെന്നു മാത്രം. ഈ അതിർത്തി ശക്തപ്പെടുത്തലിന്റെ ഭാഗമായാണ് ഇപ്പോൾ ലഡാക്കിൽ ടാങ്കുകൾ വിന്യസിച്ചതും ദൗലത് ബേഗ് ഓൾഡിയിലേക്കുള്ള റോഡിൽ ടാങ്കുകൾ വഹിക്കാവുന്ന പാലം നിർമിച്ചതും. 

ചൈനയുടെ വാദം ഇതാണ്: പടിഞ്ഞാറൻ സെക്ടറിൽ അവരുടെ പക്കലുള്ള ഭൂമിക്കുമേൽ ഇന്ത്യയാണ് അവകാശവാദം ഉന്നയിക്കുന്നത്. ഈ സെക്ടറിൽ ഭൂമി പ്രതിരോധിക്കുകയാണു ചൈന. തങ്ങൾക്ക് ഇവിടെ മേൽക്കൈ ഉള്ളതുകൊണ്ടാണു സമാധാനം നിലനിൽക്കുന്നത്. ഈ മേൽക്കൈ നിലനിർത്തണം. 

കിഴക്കൻ സെക്ടറിൽ മറിച്ചാണു കാര്യങ്ങൾ. ഇന്ത്യയുടെ അരുണാചൽ പ്രദേശിനു മേൽ ചൈനയാണ് അവകാശം ഉന്നയിക്കുന്നത്. ഈ സെക്ടറിൽ പ്രതിരോധിക്കുകയാണ് ഇന്ത്യ. അതിനാൽ, ഈ സെക്ടറിൽ ഇന്ത്യ മേൽക്കൈ നിലനിർത്തുകയും ചെയ്യുന്നു. ‍അതായത് ഇരു സെക്ടറും ഒത്തുനോക്കുമ്പോൾ പരസ്പരപൂരകമായ സന്തുലിതാവസ്ഥ (പൊതുവേ തർക്കം കുറഞ്ഞ പ്രദേശമായതിനാൽ മധ്യസെക്ടർ പരിഗണിക്കുന്നില്ല).

ഇന്ത്യയുടെ വാദം: എല്ലാ സെക്ടറുകളും ചേർന്ന് പരസ്പരപൂരകമായ സന്തുലിതാവസ്ഥയല്ല അഭികാമ്യം. ഓരോ സെക്ടറിനും അതിന്റേതായ സൈനിക പ്രാധാന്യവും ഘടകങ്ങളുമുണ്ട്. അതിനാൽ ഓരോ സെക്ടറിലും സന്തുലിതാവസ്ഥ ആവശ്യമാണ്.ഇന്നു നടക്കാനിരിക്കുന്ന കോർ കമാൻഡർ തലത്തിലുള്ള ചർച്ചകളിൽ ഈ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയാവും ആശയവിനിമയം നടക്കുക. താൽക്കാലിക പ്രശ്നമൊഴിവാക്കൽ നടപടികളേ ഇതിൽ പ്രതീക്ഷിക്കേണ്ടതുള്ളൂ. കാതലായ കാര്യങ്ങൾ കൂടുതൽ ഉയർന്നതലത്തിലുള്ള സൈനിക ചർച്ചകളിലോ നയതന്ത്രതലത്തിലോ അതുമല്ലെങ്കിൽ, രാഷ്ട്രീയതലത്തിലോ ആവും നടക്കുക. 

English Summary: India - China Border

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA