ADVERTISEMENT

ഒ.വി.വിജയൻ നോവലുകളും കഥകളുമെഴുതിയും കാർട്ടൂണുകൾ വരച്ചും അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. അധികമാരും അറിയാത്ത മൂന്നാമതൊരു വിജയനുണ്ടായിരുന്നു: കോളം എഴുത്തുകാരൻ. മൂർച്ചയേറിയ നിരീക്ഷണങ്ങളും മിന്നൽശോഭയാർന്ന ഉൾക്കാഴ്ചകളും ഒരു ലുബ്ധുമില്ലാതെ വിതറിക്കൊണ്ട് ‘വീക്‌ലി സ്പെഷൽ’ എന്ന പേരിൽ ഒരു കോളം ‘ദ് ഇലസ്ട്രേറ്റഡ് വീക്‌ലി ഓഫ് ഇന്ത്യ’യിൽ 1980കളിൽ അദ്ദേഹം എഴുതാറുണ്ടായിരുന്നു.

പെട്ടെന്നു വിജയനെ ഓർക്കാൻ കാരണം മേനക ഗാന്ധിയാണ്. 1980കൾ അവർ ഇന്ത്യയുടെ ഭാവനയെ കീഴ്പ്പെടുത്തിത്തുടങ്ങിയ കാലം കൂടിയായിരുന്നു. ആദ്യമായാണ് ഒരാൾ ഇത്ര ശക്തമായി മൃഗങ്ങൾക്കു വേണ്ടി ശബ്ദിച്ചു തുടങ്ങുന്നത്. അനാഥനായ്ക്കൾക്കും അറവുമൃഗങ്ങൾക്കുമായി യാതൊരു കൂസലുമില്ലാതെ അവർ തെരുവുകളിലും കോടതികളിലും പോരാടി. പരിസ്ഥിതിയും മിണ്ടാപ്രാണികളോടുള്ള അനുകമ്പയും ശക്തമായി വേരോടാൻ തുടങ്ങിയിരുന്ന അക്കാലത്തെ ചെറുപ്പക്കാരുടെ ആത്മാവിനെ അവർ സ്പർശിച്ചു.

വിജയന്റെ കോളത്തിൽ മേനക ഗാന്ധി പ്രത്യക്ഷപ്പെടുന്നതു കഥയുടെ ഈ ഘട്ടത്തിലല്ല; അവരുടെ ജീവിതത്തിലെ തൊട്ടുമുൻപത്തെ അധ്യായത്തിലേക്കാണ് വിജയൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോയത്. ആയിരക്കണക്കിന് ആളുകളെ ജയിലിലടയ്ക്കുകയും ജീവനാശം വരുത്തുകയും ചെയ്ത അടിയന്തരാവസ്ഥ നടപ്പാക്കുന്നതിൽ, ഇന്ദിരാ ഗാന്ധിയുടെ ‘അടുക്കള കാബിനറ്റിൽ’ മേനകയും അവരുടെ ഭർത്താവായ സഞ്ജയ് ഗാന്ധിയും സജീവാംഗങ്ങളായിരുന്നു എന്ന് വിജയൻ ഓർമിപ്പിക്കുന്നു. ഡൽഹിയിലെ തുർക്മാൻ ഗേറ്റിൽ ചേരിനിർമാർജനത്തിനിടെ നടന്ന ന്യൂനപക്ഷ കൂട്ടക്കൊലയിലും പതിനായിരക്കണക്കിന് ആളുകളുടെ നിർബന്ധിത വന്ധ്യംകരണത്തിലും, മേനക ഗാന്ധി, ഭർത്താവിന്റെ തോളോടുതോൾ ചേർന്നുനിന്നു. അത്തരമൊരു വ്യക്തിയാണ് ഭൂതദയയുടെ പ്രതീകമായി അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നതെന്ന് വിജയൻ ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലൊരു രൂപപരിണാമം അപൂർവമായേ ചരിത്രത്തിൽ നടന്നിട്ടുള്ളൂ എന്നും അദ്ദേഹം എഴുതി.

തോട്ട പൊട്ടിത്തെറിച്ച് പിടിയാന ചെരിഞ്ഞ സംഭവം ലോകമെമ്പാടും കണ്ണിൽചോരയുള്ളവരുടെ ഉള്ളുലച്ചു. ആന ചെരിഞ്ഞതു പാലക്കാട് ജില്ലയിലായിരുന്നെങ്കിലും മേനക ഗാന്ധി ആ അവസരം ഉപയോഗിച്ചത് മലപ്പുറം ജില്ലയെ കുറ്റപ്പെടുത്താനാണ്. മൃഗസ്നേഹം എന്ന ട്രോജൻ കുതിരയുടെ ഉള്ളിൽ അവർ കുത്തിനിറച്ചതു വർഗീയതയായിരുന്നു. മേക്ക് ഓവറുകൾക്ക് – രൂപമാറ്റത്തിന് ഈ പദമാണ് ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്നത് – എന്നും അൽപായുസ്സേ ഉണ്ടായിട്ടുള്ളൂ. അതിനൊരു പഴയ ഉദാഹരണമാണ് കലാമണ്ഡലം കൃഷ്ണൻനായരെ പ്രസിദ്ധനാക്കിയ, അദ്ദേഹം അവതരിപ്പിച്ചിരുന്ന പൂതനാമോക്ഷം കഥകളി. മുലപ്പാലിന്റെ നറുമധുരം പകരാനെത്തുന്ന ലളിതയെ, വിഷം ചീറ്റുന്ന രാക്ഷസിയാക്കാൻ ആ അതുല്യ കലാകാരന് ഒരു നിമിഷം ഏറെയായിരുന്നു.

ഡിജിറ്റൽ വിഭജനം സൃഷ്ടിക്കുന്ന മുറിവ്

മലപ്പുറം ജില്ലയിലെ ദേവികയുടെ ആത്മഹത്യയുടെ കാരണമായി ആ വിദ്യാർഥിനിയുടെ പിതാവു പറഞ്ഞത് ടിവി ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റാത്ത നൈരാശ്യം ആണെന്നാണ്. ഇന്റർനെറ്റ് വന്ന നാൾ മുതൽ, ലോകമെമ്പാടുമുള്ള പ്രശ്നമാണു വിവരസാങ്കേതികവിദ്യ ഉള്ളവരും ഇല്ലാത്തവരും (information haves and havenots) തമ്മിലുള്ള വിടവ്. ഡിജിറ്റൽ വിഭജനം ആഗോള പ്രതിഭാസമാണ്. 

സ്വിറ്റ്സർലൻഡ്, നോർവേ, ഓസ്ട്രിയ തുടങ്ങിയ വികസിത രാജ്യങ്ങളിൽപോലും ഇന്റർനെറ്റ് ലഭിക്കാത്ത 5% വിദ്യാർഥികളുണ്ട്. യുഎസിൽ 25% കറുത്ത വർഗക്കാർക്കും പാവപ്പെട്ടവർക്കും ഓൺലൈൻ പഠനം സാധ്യമല്ല. ഇംഗ്ലണ്ടിൽ ഇത്തരം വിദ്യാർഥികൾ 15% ഉണ്ട്. വികസ്വര രാജ്യങ്ങളിൽപെട്ട ഇന്തൊനീഷ്യയിൽ വെറും 34% കുട്ടികൾക്കേ നെറ്റ് ഉപലബ്ധമായിട്ടുള്ളൂ. കോവിഡ് ഡിജിറ്റൽ വിള്ളലിനെ കൂടുതൽ വലുതാക്കി എന്നതാണു സത്യം.

കേരളത്തിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 41 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും അവരിൽ 2.6 ലക്ഷം പേർക്ക് ഇന്റർനെറ്റ് സൗകര്യമില്ല എന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. കണക്കു ശരിയായിരിക്കാം, പക്ഷേ അതിൽ വലിയൊരു തെറ്റ് ഒളിഞ്ഞു കിടക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ ഒരു സ്കൂളിലെ ഹെഡ്മാസ്റ്റർ പറഞ്ഞതു പോലെ, “വർക് ഫ്രം ഹോം ചെയ്യുന്ന മാതാപിതാക്കളുടെ കയ്യിൽനിന്ന് ഓൺലൈൻ പഠനത്തിനായി കുട്ടിക്കു കംപ്യൂട്ടർ ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൂടാ.” ഇതു തന്നെയാണു കേരളത്തിലെ വീടുകളിലെ ഒറ്റ മൊബൈൽ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും സ്ഥിതി. ഓൺലൈൻ പഠനം എത്രകാലം നീണ്ടുനിൽക്കുമെന്നു പറഞ്ഞുകൂടാ. കോവിഡ് തീർന്നാൽത്തന്നെ പഠനം പഴയ രീതിയിലാകാൻ സാധ്യതയില്ല; ഓൺലൈനുമായി ബന്ധിപ്പിച്ച് പുതിയൊരു പഠനമാർഗം തന്നെ തുറന്നേക്കാം. അതുകൊണ്ട് ഡിജിറ്റൽ വിഭജനത്തിന്റെ മറവിൽ ഇനി എത്രകാലം ഒളിക്കാൻ പറ്റും? അതു കേരളത്തിൽ അവസാനിപ്പിച്ചേ പറ്റൂ.

കേരളം പഠനത്തിനായി ടിവിയെ ആശ്രയിക്കുന്നതു വളരെ നന്നായി (സാങ്കേതികമായി ടിവി ഉപയോഗിച്ചുള്ള പഠനത്തെ വിദൂരവിദ്യാഭ്യാസം എന്നാണു വിളിക്കുക). അതോടൊപ്പം തന്നെ, ഇന്റർനെറ്റും ഉപയോഗിക്കുന്നു. പഠിപ്പിച്ച പാഠങ്ങൾ യുട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനു പകരം വ്യാപകമായി ഓഫ്‌ലൈൻ ആയി – ഇപ്പോൾത്തന്നെ ആദിവാസി മേഖലയിൽ ചിലയിടങ്ങളിൽ ചെയ്യുന്നതു പോലെ – ലഭിക്കണം. ഓൺലൈൻ പഠനം എന്നു പറഞ്ഞാൽ വെറും സ്മാർട്ഫോൺ കൊണ്ടു പരിഹരിക്കാവുന്ന പ്രശ്നമല്ല, അതു ദിനംപ്രതി പല ജിബി ഡേറ്റയും ഉപയോഗിക്കും. ഈ ദിവസച്ചെലവ് പാവപ്പെട്ടവർക്കു താങ്ങാവുന്നതിനും അപ്പുറമാണ്. 

പടിഞ്ഞാറൻ രാജ്യങ്ങളിൽ വിദ്യാർഥികളെ മുഖാമുഖം കണ്ടു പഠിപ്പിക്കാൻ വളരെ ചെലവുവരുന്ന വിഡിയോ കോൺഫറൻസിങ് ആപ്പുകളാണ് ഉപയോഗിക്കുന്നത് (ദക്ഷിണ കൊറിയയിൽ ഹാജർ വിളിക്കാനും!). വിദ്യാഭ്യാസത്തിന്റെ സാമൂഹികവശം നിലനിർത്താൻ നമ്മുടെ അധ്യാപകർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും പിടിഎ, കുടുംബശ്രീ തുടങ്ങിയ സുശക്തമായ സംഘടനകൾക്കും സാധിക്കണം. തീർച്ചയായും, നമ്മുടെ സമൂഹത്തിനും വിദ്യാഭ്യാസമേഖലയിലെ അധികൃതർക്കും ഡിജിറ്റൽ വിഭജനത്തെ ഫലപ്രദമായും ചെലവുകുറച്ചും മറികടക്കാവുന്ന ഒരു ‘കേരള മോഡൽ’ സൃഷ്ടിക്കാനാവും. അതായിരിക്കും വീടുകൾ തോറും ഹാർഡ്‌വെയർ (ടിവി, മൊബൈൽ) എത്തിക്കാൻ ശ്രമിക്കുന്നതിനെക്കാൾ കൂടുതൽ പ്രായോഗികവും.

സ്കോർപ്പിയൺ കിക്ക്:  പ്രധാനമന്ത്രി മോദി, ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി വെർച്വൽ ഉച്ചകോടി നടത്തി.

ഇതൊരു കീഴ്‌വഴക്കമായാൽ വിദേശയാത്രകൾ നിലയ്ക്കുമല്ലോ!

English Summary: Thalsamayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com